
ഫെബ്രുവരി അവസാനം ഹോർമുസ് കടലിടുക്ക് അടച്ചപ്പോൾ, ഭാരതസർക്കാർ ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടു. അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമത്തിൽനിന്നും പ്രതിസന്ധി മൂലമുണ്ടാകാനിടയുള്ള വിലക്കയറ്റത്തിൽനിന്നും ഇന്ത്യയിലെ ജനങ്ങളെ, പ്രത്യേകിച്ച് ദുർബലജനവിഭാഗങ്ങളെ, സംരക്ഷിക്കുന്നതിന് മുൻഗണന നൽകുക എന്നതായിരുന്നു ആ തീരുമാനം. പൗരന്മാരുടെ സുരക്ഷയും ക്ഷേമവുമാണ് പ്രധാനമെന്ന് വിശ്വസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിന് നേതൃത്വം നൽകിയത്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ വിതരണ പ്രതിസന്ധിയെ ലോകം അഭിമുഖീകരിച്ചിട്ടും, കഴിഞ്ഞ നാല് മാസവും ഈ മുൻഗണന മാറ്റമില്ലാതെ തുടർന്നു.
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് പലരും പ്രവചിച്ചു. ഇന്ത്യ അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണെന്നതും ആഗോള എണ്ണ ഇറക്കുമതിയുടെ 20-30 ശതമാനം ഹോർമുസിനെ ആശ്രയിക്കുന്നു എന്നതുമായിരുന്നു കാരണം. ഇന്ധന സ്റ്റേഷനുകൾ ഇന്ധനക്ഷാമം നേരിടുമെന്നും വില കുത്തനെ ഉയരുമെന്നും സമ്പദ്‌വ്യവസ്ഥ തകരുമെന്നും വിമർശകർ പ്രവചിച്ചു. എന്നാൽ, ഈ പ്രവചനങ്ങൾ യാഥാർത്ഥ്യമായില്ല.
പകരം, ഇന്ത്യ ആവശ്യാനുസരണമുള്ള ഇന്ധന വിതരണം നിലനിറുത്തി. പെട്രോൾ പമ്പുകൾ തടസരഹിതമായി പ്രവർത്തിച്ചു. മറ്റ് പല രാജ്യങ്ങളേക്കാൾ കുറഞ്ഞ വിലയ്ക്ക് ഊർജ്ജ ലഭ്യത ഉറപ്പുവരുത്തി. ഇന്ത്യ ഈ വിജയം എങ്ങനെ നേടിയെന്ന് വിശദീകരിക്കുകയും പ്രതിസന്ധി ഘട്ടത്തിൽ പ്രചരിച്ച തെറ്റിദ്ധാരണകൾ തിരുത്തുകയും ചെയ്യുകയെന്നത് പ്രധാനമാണ്.
ഫെബ്രുവരി 28ന് ഇറാനിൽ നടന്ന സൈനിക ആക്രമണത്തിനുശേഷം, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, പ്രകൃതിവാതക ഗതാഗത മാർഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്ക് അടച്ചത് വലിയൊരു ഊർജ്ജ പ്രതിസന്ധി സൃഷ്ടിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി എൽ.പി.ജി വിതരണമായിരുന്നു. അമേരിക്കയും മദ്ധ്യേഷ്യയുമാണ് ലോകത്തിലെ പ്രധാന എൽ.പി.ജി കയറ്റുമതിക്കാർ.
ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതിയുടെ ഏകദേശം 60ശതമാനം മദ്ധ്യേഷ്യയിൽ നിന്നായിരുന്നു. ഈ വിതരണം പെട്ടെന്ന് തടസപ്പെട്ടപ്പോൾ, കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. എൽ.പി.ജിയുടെ വിതരണവും ആവശ്യകതയും കൈകാര്യം ചെയ്യുന്നതിനായി എൽ.പി.ജി കയറ്റുമതി, റിഫൈനറി, ബോട്ടിലിംഗ് പ്ലാന്റ്, വിതരണ പ്രക്രിയ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള വാർ റൂം പ്രവർത്തനം ആരംഭിച്ചു.
മാർച്ച് 8ന്, എല്ലാ എണ്ണ ശുദ്ധീകരണശാലകളും എൽ.പി.ജിയുടെ ഉത്പാദനം പരമാവധിയാക്കുന്നതിന് അവയുടെ ഉത്പാദന പ്രക്രിയകളായ സി3-സി4 കാർബൺ സ്ട്രീമുകൾ വഴിതിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ എൽ.പി.ജി നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചു. പാചകവാതകം ഒരിക്കലും ഉത്പാദിപ്പിച്ചിട്ടില്ലാത്ത ചില ശുദ്ധീകരണശാലകൾ വേഗത്തിൽ പരിഷ്കരിച്ചു, ദൈനംദിന എൽ.പി.ജി ഉത്പാദനം 35 ടി.എം.ടിയിൽ നിന്ന് 54 ആയി ഉയർത്തി.
സംഘർഷത്തിന്റെ ഉച്ചസ്ഥായിയിൽ, ഹോർമുസിലൂടെ കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയാഞ്ഞപ്പോൾപോലും, ഇന്ത്യ 12ലധികം എൽ.പി.ജി കപ്പലുകൾ ട്രാൻസിറ്റ് ടോളുകൾ നൽകാതെ വിജയകരമായി പുറത്തേക്കുനീക്കി. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലായിരുന്നു ഇത്. ചെങ്കടൽവഴി യാൻബു, ഫുജൈറ തുറമുഖങ്ങളിൽ ഷിപ്പ്-ടു-ഷിപ്പ് കൈമാറ്റങ്ങളും സർക്കാർ ക്രമീകരിച്ചു.
അൾജീരിയ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പുതിയ വിതരണ സ്രോതസുകൾ കണ്ടെത്തി. ഗൾഫിനകത്തും പുറത്തും ഇതുവരെ ഇടപെട്ടിട്ടുള്ള എല്ലാ ഉത്പാദകരും പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയെ പിന്തുണച്ചു.
എൽ.പി.ജി വിതരണം
എൽ.പി.ജി വിതരണം വർദ്ധിപ്പിച്ചതിനുപുറമേ, പ്രതിസന്ധിഘട്ടത്തിൽ ന്യായമായ വിതരണം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ ശ്രദ്ധാപൂർവം കൈകാര്യം ചെയ്തു. വീടുകളിലേക്കുള്ള പാചകവാതക വിതരണം ഉറപ്പാക്കി. കരിഞ്ചന്തയും സിലിണ്ടറുകളുടെ നിയമവിരുദ്ധമായ വഴിതിരിച്ചുവിടലും തടയാൻ ഡിജിറ്റൽ ഓതന്റിക്കേഷൻ കോഡ് (ഡി.എ.സി) നിർബന്ധമാക്കി.
ആവശ്യമുള്ളപ്പോൾ ഓരോ പൗരനും സിലിണ്ടർ ലഭിക്കുന്നതിന് 25, 45 ദിവസത്തെ പരിധികൾ ഏർപ്പെടുത്തി. അധിക സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നത് തടഞ്ഞു. പൈപ്പ് മുഖേനയുള്ള പ്രകൃതിവാതകത്തിലേക്ക് മാറാൻ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചു, വൻതോതിലുള്ള പാചകത്തിന് സാദ്ധ്യമാകുന്നിടത്തെല്ലാം ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചു.
ഫെബ്രുവരി മുതൽ ജൂൺവരെയുള്ള കാലയളവിൽ, പാചക വാതകത്തിന്റെ അന്താരാഷ്ട്ര വില (സൗദി കരാർ വില -സൗദി സി.പി) ഏകദേശം 50% വർദ്ധിച്ചു. ഒരു സിലിണ്ടറിന്റെ ഇറക്കുമതി-ബന്ധിത ചെലവ് 1,600 രൂപയിൽ കൂടുതലാകുമായിരുന്നിട്ടും, പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് 642രൂപയ്ക്ക് സിലിണ്ടറുകൾ നൽകുന്നത് തുടർന്നു. ഓരോ ഉജ്ജ്വല സിലിണ്ടറിനും ഏകദേശം 900 രൂപയും മറ്റ് വീടുകൾക്ക് ഓരോ സിലിണ്ടറിനും ഏകദേശം 600രൂപയും സബ്‌സിഡിയായി സർക്കാർ വഹിച്ചു. ആഗോള എണ്ണവില ഉയരുന്നതിന്റെ ആഘാതം ഉപഭോക്താക്കളെ ബാധിക്കാതിരിക്കാനായി കഴിഞ്ഞ മാർച്ചിൽ ഇന്ധനത്തിന്റെ കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചു.
സുസജ്ജം ഇന്ത്യ ഇന്ത്യയുടെ ഊർജ്ജ സംവിധാനത്തിന്റെ യഥാർത്ഥ അളവുകോൽ വിമർശകർ നടത്തിയ പ്രവചനങ്ങളല്ല, മറിച്ച് പ്രതിസന്ധിഘട്ടത്തിൽ അത് എത്രത്തോളം മികച്ച പ്രകടനം കാഴ്ചവച്ചു എന്നതാണ്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി നേരിട്ട് നാല് മാസത്തിന് ശേഷവും, ഇന്ത്യയ്ക്ക് ഇന്ധനത്തിന് റേഷൻ ഏർപ്പെടുത്തേണ്ടി വന്നില്ല.
അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം (27ൽ നിന്ന് 41 ആയി) വർദ്ധിപ്പിച്ചതിലൂടെയും ഇറക്കുമതി ടെർമിനലുകൾ വികസിപ്പിക്കുന്നതിലൂടെയും കൂടുതൽ പൈപ്പ്‌ലൈനുകളും ഇന്ധനശേഖരണവും നിർമ്മിച്ചതിലൂടെയും, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ഇന്ത്യ സുസജ്ജമായിരുന്നു. പ്രതിസന്ധിഘട്ടത്തിൽ സാധാരണ ഊർജ്ജ വിതരണം നിലനിറുത്താൻ രാജ്യത്തിന് കഴിഞ്ഞതിന്റെ പ്രധാന കാരണം ഈ ദീർഘകാല നിക്ഷേപങ്ങളാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, ഭാവി മുന്നിൽക്കണ്ട്, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ സ്വന്തം ഊർജ്ജ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |