SignIn
Kerala Kaumudi Online
Sunday, 28 June 2026 3.43 AM IST

രാജധാനി എക്സ്‌പ്രസിലെ വൻ തീപിടിത്തം

d

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്‌പ്രസിൽ വൻ തീപിടിത്തം ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നതും ട്രെയിൻ യാത്രയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉണർത്തുന്നതുമാണ്. തീ പടർന്നത് അറിഞ്ഞ ഉടൻ ട്രെയിൻ നിറുത്തുകയും അഗ്നിബാധ ഉണ്ടായ ബി- 1 കോച്ചിലെ 68 യാത്രക്കാരെയും പുറത്തിറക്കുകയും ചെയ്തതുകൊണ്ടാണ് ആളപായം ഒഴിവായത്. മദ്ധ്യപ്രദേശിലെ വിക്രംഗഡ് സ്റ്റേഷന് സമീപം വച്ച് ഞായറാഴ്ച പുലർച്ചെയാണ് ട്രെയിനിന്റെ എൻജിനിലും അതിനോടു ചേർന്നുള്ള എ.സി കോച്ചിലും തീപിടിത്തം ഉണ്ടായത്. ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ. കത്തിനശിച്ച സാധനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും റെയിൽവേ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം അപകടങ്ങളുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കുമെങ്കിലും റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ പലപ്പോഴും പുറത്തുവരാറില്ല.

രാജധാനിയിൽ എൻജിനിൽ നിന്നാണ് ആദ്യം തീ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നുപിടിച്ച എൻജിനും കോച്ചും ട്രെയിനിൽ നിന്നും ഉടൻതന്നെ വേർപെടുത്തുകയും ഓവർഹെഡ് ഇലക്ട്രിക് ലൈനിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തതാണ് മറ്റ് കോച്ചുകളിലേക്ക് തീ പടരാതിരിക്കാൻ ഇടയാക്കിയത്. ഡൽഹിയിൽ പോകാൻ നിരവധി മലയാളികൾ സ്ഥിരം യാത്രചെയ്യുന്ന പ്രധാനപ്പെട്ട ട്രെയിനുകളിലൊന്നാണ് രാജധാനി എക്സ്‌പ്രസ്. ദീർഘദൂര ട്രെയിനുകളിലെ സുരക്ഷാപരിശോധന ശക്തിപ്പെടുത്തേണ്ടതിലേക്ക് കൂടിയാണ് ഈ അപകടം വിരൽചൂണ്ടുന്നത്. ഈ വർഷം തുടക്കത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സെന്ററിൽ വെളുപ്പിന് ഉണ്ടായ തീപിടിത്തത്തിൽ അറുപതിലേറെ ബൈക്കുകളാണ് കത്തിനശിച്ചത്. അഗ്നിബാധ തടയുന്നതിനുള്ള യാതൊരു സുരക്ഷാമാർഗങ്ങളും സ്വീകരിക്കാതെയാണ് റെയിൽവേ സ്റ്റേഷനുകളുടെ സമീപത്ത് റെയിൽവേയുടെ തന്നെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളതെന്ന് അന്ന് പരാതി ഉയർന്നിരുന്നതാണ്. പാർക്കിംഗ് ഫീസ് ഉയർത്തുന്നതിൽ മാത്രമാണ് റെയിൽവേ അധികൃതർ ഇതുവരെ യാതൊരു അലംഭാവവും കാണിക്കാത്തത്.

റെയിൽവേയിലെ അപകടങ്ങൾ ആവർത്തിക്കുന്നതിന്റെ ഒരു പ്രധാന കാരണം അന്വേഷണ റിപ്പോർട്ടിലെ സുരക്ഷാ നടപടികളെക്കുറിച്ചുള്ള ശുപാർശകൾ അവഗണിക്കുന്നതാണ്. പല അപകടങ്ങളിലും കാരണം തന്നെ കണ്ടെത്താതെ പോകുകയും ചെയ്യും. രാജധാനി എക്സ്‌പ്രസിലെ തീപിടിത്തത്തിന് പിന്നാലെ ബീഹാറിലെ സസാറാം റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ട പാസഞ്ചർ ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവവും ഉണ്ടായി. കോച്ചിൽ ആ സമയത്ത് ആരും ഉണ്ടാകാതിരുന്നതിനാൽ ആളപായം ഒഴിവാകുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ ഞെട്ടിച്ച ഏറ്റവും വലിയ ട്രെയിനപകടമായ പെരുമൺ ദുരന്തത്തിൽ 105 പേരാണ് മരണമടഞ്ഞത്. 1988 ജൂലായ് എട്ടിന് ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്‌പ്രസ് പെരുമണിൽ അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു.

ഈ അപകടത്തിനിടയാക്കിയ യഥാർത്ഥ കാരണം ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് തന്നെ പറയണം. 'ടൊർണാഡോ' ചുഴലിക്കാറ്റിൽപ്പെട്ട് ട്രെയിൻ പെരുമൺ പാലത്തിൽനിന്ന് പതിച്ചെന്നായിരുന്നു റെയിൽവേയുടെ ആദ്യ റിപ്പോർട്ട്. ഒരു ചെറിയ കാറ്റ് പോലും ഈ സമയത്ത് ഇല്ലാതിരുന്നത് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ ടൊർണാഡോ കഥ പിൻവലിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ആ അപകടത്തിന്റെ യഥാർത്ഥ കാരണം ഇന്നും അജ്ഞാതമാണ്. ഇന്ത്യൻ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് എല്ലാവരും ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന കേരളത്തിന്റെ സ്ഥാനം. രാജധാനി എക്‌സ്‌പ്രസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകളുടെ സുരക്ഷാ പരിശോധന കർശനമാക്കാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJADHANI EXPRESS, FIRE ACCIDENT, PRECAUTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY