SignIn
Kerala Kaumudi Online
Thursday, 30 July 2026 4.33 AM IST

കരുതണം,​ കുട്ടികളിലെ ‌മൊബൈൽ ഉപയോഗം

kid-using-phone

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ആവാസ വ്യവസ്ഥയിലാണ് ഇന്നത്തെ കുട്ടികൾ ജനിക്കുന്നതും ജീവിക്കുന്നതും. 1989ൽ കുട്ടികൾക്കായുള്ള അവകാശ പത്രിക (യു.എൻ.സി.ആർ.സി) തയ്യാറാക്കുമ്പോൾ ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയൊന്നുമുണ്ടായിരുന്നില്ല. യു.എൻ.സി.ആർ.സിയിൽ നിഷ്കർഷിക്കപ്പെട്ട അവകാശങ്ങൾ ഉറപ്പുവരുത്തുക, കുട്ടികൾക്ക് ഡിജിറ്റൽ ലോകത്ത് സംരക്ഷണമുറപ്പാക്കുക, കുട്ടികളുടെ ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് 2021ലെ UNGC No-25 (United Nations General Comment No.25 on Children's rights in relation to the digital environment)​ ലക്ഷ്യം വച്ചിട്ടുള്ളത്.

കുട്ടികളേയും കൗമാരക്കാരേയും ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ബ്രിട്ടനിൽ 16 വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയാ നിരോധനമേർപ്പെടുത്തിയത് നിരവധി പഠനങ്ങൾക്കും ചർച്ചകൾക്കും വഴി തുറന്നിട്ടുണ്ട്. ശാസ്ത്രീയ വിശകലനമില്ലാതെ, ദേശീയ കൺസൾട്ടേഷനിലെ അഭിപ്രായങ്ങൾ പരിഗണിക്കാതെ, വൈകാരികമായെടുത്ത നിരോധനത്തിനെതിരെ വ്യാപകമായ വിമർശനങ്ങളാണുയർന്നത്.

16 വയസിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ച ലോകത്തെ ആദ്യ രാജ്യം ഓസ്‌ട്രേലിയയാണ്. ഇന്ത്യയിലാകട്ടെ പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനു പ്രത്യേക നിയമമില്ല. എന്നിരുന്നാലും ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് 2023 അനുസരിച്ച്, 18 വയസിനു താഴെയുള്ള കുട്ടികളുടെ ഡാറ്റ പ്രോസസ് ചെയ്യുന്നതിനു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ രക്ഷിതാവിൽ നിന്ന് സമ്മതം നേടേണ്ടതുണ്ട്.

ഗെയിമിംഗ് ഡിസോഡർ

ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഒഫ് ഡിസീസസ് 11-ാം റിവിഷനിൽ അഡിക്‌ഷനുകളോടൊപ്പം സ്ഥാനം പിടിച്ച പുതിയ രോഗമാണ് ഗെയിമിംഗ് ഡിസോഡർ. ഗെയിം ജീവിതത്തിലെ മറ്റെല്ലാത്തിനേക്കാളും പ്രധാനമായി തോന്നുന്ന, നിറുത്താൻ പറ്റാത്ത അവസ്ഥയാണിത്.


ഒരാളുടെ ശാരീരിക, മാനസിക സൗഖ്യത്തെ തകർക്കുന്ന രീതിയിൽ അമിതമായി ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് രോഗാവസ്ഥയായി തന്നെ കാണണം. നിയന്ത്രണമില്ലാത്ത ഗെയിമിംഗും അമിത മൊബൈൽ ഉപയോഗവും ചികിത്സിക്കപ്പെടേണ്ടതാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ഏതു പ്രായത്തിലുള്ളവരിലും മൊബൈൽ/ ഇന്റർനെറ്റ് അടിമത്തമുണ്ടാകാമെങ്കിലും കുട്ടികളെയാണ് ഇതേറെ അപകടകരമായി ബാധിക്കുന്നത്.


ശ്രദ്ധയും ഏകാഗ്രതയും കുറയുക, ഓർമ്മശേഷി മോശമാവുക തുടങ്ങിയ ബൗദ്ധീക പ്രശ്നങ്ങൾ, ഉറക്കം നഷ്ടപ്പെടുന്നതു മൂലമുള്ള ശാരീരിക,​ മാനസിക പ്രശ്നങ്ങൾ, കുനിഞ്ഞുകൂനിയിരുന്നുള്ള മൊബൈൽ ഉപയോഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ എന്നിങ്ങനെ ഒട്ടേറെ പ്രയാസങ്ങൾ കുട്ടികളിൽ കണ്ടുവരുന്നുണ്ട്.

പഠനത്തിൽ പിന്നാക്കം പോകുന്നതും വെർച്വൽ ലോകത്ത് അംഗീകാരം ലഭിക്കാതെ വരുമ്പോൾ വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും വീണുപോകുന്നതും കണ്ടുവരുന്നുണ്ട്.

നല്ലതും ചീത്തയും മനസിലാക്കണം

മൊബൈൽ ഫോൺ തിരിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനു പകരം ശാസ്ത്രീയവും സുരക്ഷിതവുമായ ഉപയോഗ രീതി പരിശീലിപ്പിക്കുകയാണ് അഭികാമ്യം. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് കുട്ടികൾ ആർജ്ജിക്കേണ്ടതുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുള്ള നൈപുണ്യം അത്യന്താപേക്ഷിതമാണ്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ വലിയ പ്രാധാന്യം നൽകണം. സാമൂഹിക മാദ്ധ്യമ സാക്ഷരത കൈവരിക്കാനുള്ള പദ്ധതികൾ പാഠ്യപദ്ധതിയോടൊപ്പം ഉൾപ്പെടുത്തേണ്ടതാണ്.

മൊബൈൽ അഡിക്ഷനുള്ള കുട്ടികളെ എങ്ങനെ മാനേജ് ചെയ്യണമെന്ന് ബഹുഭൂരിപക്ഷം അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കൃത്യമായ ധാരണയില്ല. മൊബൈൽ ഫോൺ തിരിച്ചു വാങ്ങാൻ ശ്രമിച്ചതിനെ തുടർന്ന് 41 കുട്ടികൾ ആത്മഹത്യ ചെയ്തു എന്ന ഔദ്യോഗിക കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.

പ്രശ്നം സോഷ്യൽ മീഡിയ ഡിസൈൻ

പഠനങ്ങളും വിവിധ രാജ്യങ്ങളിലെ അനുഭവങ്ങളും വ്യക്തമാക്കുന്ന പ്രധാന കാര്യം, പ്രശ്നം കുട്ടികളിലല്ല, സോഷ്യൽ മീഡിയയുടെ ഡിസൈനിലാണെന്നാണ്. അപകടകരമായ സോഷ്യൽ മീഡിയാ ഡിസൈനുകളെ മനസിലാക്കാതെ, യഥാർത്ഥ പ്രശ്നത്തെ ഉപരിപ്ലവമായി കാണുകയും വൈകാരികമായി പ്രതികരിച്ച് നിരോധനമേർപ്പെടുത്തുകയും ചെയ്യുന്നത് അപഹാസ്യവും അത്യന്തം അപകടകരവുമാണെന്ന തിരിച്ചറിവിലേക്ക് രക്ഷിതാക്കളും ഭരണ കൂടങ്ങളും എത്തിച്ചേരേണ്ടതുണ്ട്.

കേവല നിയന്ത്രണ, നിരോധനങ്ങൾക്കും കുട്ടികളുടെ ഡിജിറ്റൽ അവകാശ നിഷേധങ്ങൾക്കുമപ്പുറം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളെ നിയമം മൂലം നിയന്ത്രിക്കാനുള്ള ഇടപെടലുകളാണ് ഈ ഘട്ടത്തിൽ അത്യാവശ്യം.

കുട്ടികളുടെ ഡിജിറ്റൽ അവകാശങ്ങൾ
1.ഫോൺ, ഇന്റർനെറ്റ്, ഡിജിറ്റൽ ലിറ്ററസി ഉറപ്പുവരുത്തുന്നതിലൂടെ ഡിജിറ്റൽ അസമത്വം ഇല്ലാതാക്കുക
2.സൈബർ ബുള്ളിയിംഗ്, ഓൺലൈൻ ഗ്രൂമിംഗ്, ലൈംഗിക ചൂഷണം, തെറ്റായ വിവരങ്ങൾ, ദോഷകരമായ ഉള്ളടക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കാനുള്ള നിയമങ്ങളും സംവിധാനങ്ങളും രാഷ്ട്രം ഉറപ്പുവരുത്തണം
3. സ്വകാര്യതയും വ്യക്തിപരമായ വിവരങ്ങളും സംരക്ഷിക്കപ്പെടണം
4. ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ അഭിപ്രായം പറയുന്നതിനും സർക്കാർ നയരൂപീകരണത്തിൽ പങ്കെടുക്കുന്നതിനുമുള്ള അവകാശം ഉറപ്പുവരുത്തണം
5. ഡിജിറ്റൽ ലോകത്ത് സംരക്ഷിക്കുന്നതിന് സർക്കാരിനെന്നതുപോലെ സോഷ്യൽ മീഡിയാ പ്പാറ്റ് ഫോമുകൾക്കും ആപ്പുകളും വെബ്സൈറ്റുകളും ഉണ്ടാക്കുന്ന കമ്പനികൾക്കും ഉത്തരവാദിത്വമുണ്ട്


(ബാലാവകാശ കമ്മിഷൻ മുൻ അംഗവും സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ കോ- ഓർഡിനേറ്ററുമാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KID USING PHONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY