
ലോൺ ആപ്പ് തട്ടിപ്പിലൂടെ അമേരിക്കക്കാരെ കൊള്ളയടിച്ച ആനക്കള്ളന്മാരെ കണ്ട് ഞെട്ടിയിരിക്കുകയാണ് തലസ്ഥാനം. തിരുവനന്തപുരത്ത് വ്യാജ കാൾസെന്ററൊരുക്കി, അമേരിക്കക്കാരെ ലോൺആപ്പ് തട്ടിപ്പിൽ കുരുക്കി കോടികൾ കൊള്ളയടിച്ചത് ഉത്തരേന്ത്യൻ സംഘമാണ്. പോങ്ങുംമൂട് ഐറിസ് ആശുപത്രിക്കടുത്ത് പവിഴം ഹോംസിന്റെ വാണിജ്യകെട്ടിടം വാടകയ്ക്കെടുത്ത് 50ഓളം കമ്പ്യൂട്ടറുകളുമായാണ് ഒന്നരമാസം മുൻപ് വ്യാജകാൾസെന്റർ സജ്ജമാക്കിയത്. ഇവിടെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഇരുപതോളം പേർ ജോലിക്കാരുണ്ടായിരുന്നു. അമേരിക്കക്കാർ വായ്പയ്ക്ക് സമീപിക്കുന്ന 'ലെൻഡ്-ജെറ്റ്' സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അവരെ അങ്ങോട്ട് വിളിച്ചായിരുന്നു തട്ടിപ്പ്. ഓപ്പേറഷണൽ ചാർജ് അടക്കം വിവിധയിനങ്ങളിലായി ഡോളറിൽ പണം അടിച്ചെടുക്കുകയായിരുന്നു തട്ടിപ്പ് രീതി.
ലോൺ ആപ്പ് തട്ടിപ്പുകൾക്ക് നിരന്തരം ഇരയാവുന്നവരാണ് മലയാളികൾ. എറണാകുളത്തും മലപ്പുറത്തുമാണ് സാമ്പത്തിക തട്ടിപ്പിന്റെ ഇരകളേറെയുമുള്ളത്. സൈബർ കുറ്റവാളികൾ തട്ടിയെടുത്ത 78കോടി രൂപ മരവിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ 5ശതമാനം തുക മാത്രമാണ് തിരിച്ചുകിട്ടിയതെന്നുമാണ് ഡി.ജി.പി റവാഡ ചന്ദ്രശേഖർ പറഞ്ഞത്. മലപ്പുറവും എറണാകുളവുമാണ് സൈബർ തട്ടിപ്പുകളുടെ ഹോട്ട്സ്പോട്ട്. അങ്ങനെയുള്ള കേരളത്തിലിരുന്ന് അമേരിക്കക്കാരെ സമാനമായ തട്ടിപ്പിൽ കുരുക്കിയ ആനക്കള്ളന്മാരിപ്പോൾ ജയിലിലാണ്. തട്ടിപ്പിന്റെ സൂത്രധാരനായ ഗുജറാത്ത് സ്വദേശി ആകാശ് സിംഗ് ചൗധരി പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു. കേരളത്തിൽ ആദ്യമായാണ് അമേരിക്കക്കാരെ കൊള്ളയടിക്കുന്ന ലോൺആപ്പ് തട്ടിപ്പ്.
അമേരിക്കക്കാരെ ലോൺആപ്പ് തട്ടിപ്പിൽ കുരുക്കിയതിന് സമാനമായി രാജ്യത്തെ വൻ നഗരങ്ങളിൽ തട്ടിപ്പ് നടത്തിയതായി സിറ്റി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലും മുംബായിലും സമാനമായ വ്യാജ കോൾ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരായ രണ്ടുപേരുടെ വിവരങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശികളെ ലോൺ ആപ്പ് തട്ടിപ്പിൽ കുരുക്കുന്ന ശൃംഖലയിലെ ഒരു ശാഖയാണ് തിരുവനന്തപുരത്ത് പ്രവർത്തിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേരളത്തിലെ ശാഖയുടെ മാനേജരാണ് പൊലീസിനെ വെട്ടിച്ച് കടന്ന ഉത്തർപ്രദേശ് സ്വദേശി ആശ്ദീപ് ചൗധരി.
തട്ടിച്ചത് വായ്പ തേടിയ
അമേരിക്കക്കാരെ
വായ്പ ആവശ്യമുള്ള അമേരിക്കക്കാരുടെ വിപുലമായ ഡേറ്രാബേസ് ഇവരുടെ പക്കലുണ്ടായിരുന്നു. ഇതിൽ നിന്നാണ് അമേരിക്കക്കാരെ അങ്ങോട്ട് വിളിച്ചും മെസേജ് അയച്ചും തട്ടിപ്പിന് ഇരയാക്കിയിരുന്നത്. രാജ്യത്ത് പലയിടങ്ങളിലായി പല പേരുകളിൽ സമാനമായ തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളുണ്ടെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പണമിടപാടുകൾ ബിറ്റ്കോയിനിൽ നടത്തിയതായും അമേരിക്കൻ അക്കൗണ്ടുകളിലൂടെ ഇടപാടുകൾ നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ ലോൺ ആപ്പിന്റെ പേരിലും വ്യാജ കോൾ സെന്റർ തുറന്നിരുന്നതായാണ് സൂചന. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡോളറിൽ തുടർച്ചയായ ഇടപാട് അമേരിക്കൻ ഏജൻസികളുടെ നിരീക്ഷണത്തിലായിരിക്കും. അതിനാൽ അവിടത്തെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറയുന്നു.
തട്ടിയെടുത്ത പണം
ഇപ്പോഴും അഞ്ജാതം
ഉത്തരേന്ത്യൻ സംഘം തട്ടിയെടുത്ത പണം എത്രയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വ്യാജ കാൾസെന്ററിന്റെ സെർവറായ കമ്പ്യൂട്ടർ ഇതുവരെ തുറക്കാനായിട്ടില്ല. തെറ്റായ പാസ്‌വേഡ് നൽകിയാൽ വിവരങ്ങൾ സ്വയം മാഞ്ഞുപോവുന്ന തരത്തിലാണ് ഇതിലെ സംവിധാനങ്ങളെന്നാണ് കരുതുന്നത്. സൈബർ പൊലീസ് സെർവറിലെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. തട്ടിപ്പിന്റെ സൂത്രധാരനായ ആശ്ദീപ് ചൗധരിയാണ് ഈ കമ്പ്യൂട്ടറുപയോഗിച്ചിരുന്നത്. പണമിടപാടുകൾ നടത്തുന്ന പ്രധാനസെർവറാണിത്.
ആദ്യം കരുതിയത്
ലഹരിക്കച്ചവടമെന്ന്
രാത്രിയിൽ മാത്രം ജോലിചെയ്യുന്ന ഉത്തരേന്ത്യക്കാർ കഞ്ചാവടക്കം ലഹരിവ്യാപാരം നടത്തുന്നതായി ഡാൻസാഫ് സംഘത്തിന് വിവരം കിട്ടിയിരുന്നു. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായുള്ള നിരീക്ഷണം അവിടെ നടത്തി. ഉത്തരേന്ത്യക്കാർ രാത്രിയിൽ ഈ കെട്ടിടത്തിലെത്തുന്നതും പകൽ കോവളമടക്കം പലേടത്തുമായി താമസിക്കുന്നതായും കണ്ടെത്തി. കഞ്ചാവുപയോഗിക്കുന്നെങ്കിലും വേറെന്തോ തട്ടിപ്പാണെന്ന് മനസിലാക്കി. ശുചീകരണതൊഴിലാളികളുടെ വേഷത്തിൽ പൊലീസ് അകത്തുകയറിയപ്പോഴാണ് അമ്പതോളം കമ്പ്യൂട്ടറുകളുള്ള കാൾസെന്റർ കണ്ടെത്തിയത്.
ഒരു കമ്പ്യൂട്ടറിൽ 'ഇത് ഓൺചെയ്യരുതെന്നും, ഓൺചെയ്താൽ വെടിവയ്ക്കുമെന്നും' ഇംഗ്ലീഷിൽ എഴുതിയിരുന്നു. അതോടെ പൊലീസിന് സംശയമായി. ഉത്തരേന്ത്യക്കാർ രക്ഷപെടാതിരിക്കാൻ സാഹസികമായ ഓപ്പറേഷനിലൂടെയാണ് പൊലീസ് അവരെ കീഴ്‌പ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |