SignIn
Kerala Kaumudi Online
Sunday, 02 August 2026 4.02 AM IST

അച്ഛനമ്മമാർക്ക് സ്‌നേഹസാന്ത്വനമേകുക

as

രാമു ഓഫീസിൽ പോകും വഴിക്കാണ് അടുത്തദിവസം അമ്മയുടെ പിറന്നാളാണെന്ന കാര്യം ഓർത്തത്. പൂക്കടയുടെ മുമ്പിൽ കാർ നിറുത്തി, നാട്ടിൽ താമസിക്കുന്ന അമ്മയുടെ പേരിൽ പൂച്ചെണ്ടും അതിനൊപ്പം ആശംസാകാർഡും അയയ്ക്കാനുള്ള ഏർപ്പാട് ചെയ്തു. അപ്പോഴാണ് തൊട്ടടുത്തുള്ള കോൺക്രീറ്റ് ബെഞ്ചിലിരുന്ന് കൊച്ചുപെൺകുട്ടി വിങ്ങിക്കരയുന്നത് കണ്ടത്. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി പറഞ്ഞു, ''എന്റെ അമ്മയ്ക്കുവേണ്ടി കുറച്ചു ചുവന്ന റോസാപ്പൂക്കൾ വാങ്ങാൻ വന്നതാണ്. പക്ഷേ, കയ്യിലുള്ള പണം മതിയാകില്ല''. അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ''വരൂ, ബാക്കി പണം ഞാൻ തരാം''. രാമു നൽകിയ പണവും കൂട്ടിച്ചേർത്ത് പെൺകുട്ടി തന്റെ അമ്മയ്ക്കുള്ള പൂക്കൾ വാങ്ങി. തിരിച്ചുപോകുമ്പോൾ തന്റെ കാറിൽ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുചെന്നാക്കാമെന്ന് അയാൾ പറഞ്ഞു. അവൾ സന്തോഷത്തോടെ പറഞ്ഞു, ''എന്നെ എന്റെ അമ്മയുടെ അടുത്ത് കൊണ്ടുപോയാൽ മതി''. അവൾ പറഞ്ഞവഴിയിലൂടെ യാത്രചെയ്ത് അവർ ഒരു സെമിത്തേരിയുടെ അടുത്തെത്തി. പെൺകുട്ടി അയാളോട് നന്ദി പറഞ്ഞശേഷം അവിടെ ഇറങ്ങി. അവൾ ആ റോസാപുഷ്പങ്ങൾ ഒരു ശവകുടീരത്തിൽ വച്ചശേഷം മുൻപിലിരുന്ന് പ്രാർത്ഥിച്ചുതുടങ്ങി. ഈ ദൃശ്യം രാമുവിനെ ആഴത്തിൽ സ്പർശിച്ചു. അയാൾ ചിന്തിച്ചു, ''മരിച്ചുപോയ അമ്മയോട് ഈ കുട്ടിക്ക് എത്ര സ്‌നേഹമാണ്. അമ്മയ്ക്കുവേണ്ടി എത്ര ക്ലേശം സഹിക്കാനും അവൾ തയ്യാറാവുന്നു. ഞാനോ? അമ്മ ജീവിച്ചിരുന്നിട്ടുപോലും വേണ്ടത്ര ശ്രദ്ധയോ സ്‌നേഹമോ നൽകുന്നില്ല''. അയാൾ ഉടനെ പൂക്കടയിൽച്ചെന്ന് അമ്മയ്ക്ക് പുഷ്പങ്ങൾ അയയ്ക്കാനുള്ള ഓർഡർ കാൻസൽ ചെയ്ത്, നല്ലൊരു പൂച്ചെണ്ട് വാങ്ങി. ഓഫീസിൽ വിളിച്ച് അന്ന് താൻ ജോലിക്ക് വരില്ലെന്ന് അറിയിച്ചശേഷം, നാട്ടിലുള്ള തന്റെ അമ്മയുടെ അടുത്തേക്ക് യാത്രയായി.

അവഗണിക്കപ്പെടുകയും അനാദരിക്കപ്പെടുകയും ചെയ്യുന്ന വൃദ്ധ മാതാപിതാക്കൾ ഇന്നത്തെ സമൂഹത്തിന്റെ വലിയൊരു പ്രശ്നമാണ്. വാർദ്ധക്യം സൃഷ്ടിക്കുന്ന അവശതകൾ നിരവധിയാണ്. അതിന്റെകൂടെ മക്കളുടെ അവഗണന കൂടിയാകുമ്പോൾ അതുണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാൻ പ്രയാസം. മിക്ക അച്ഛനമ്മമാരും മക്കൾക്കുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടുകൾ വളരെ വലുതാണ്. മക്കളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുമൊക്കെയായി അവർ എത്രയോ കഷ്ടപ്പെടുന്നു. പല അച്ഛനമ്മമാർക്കും മക്കളെച്ചൊല്ലി തീരാത്ത ആധിയാണ്. അങ്ങനെയെല്ലാം മക്കൾക്കുവേണ്ടി കഷ്ടപ്പെടുന്ന അച്ഛനമ്മമാർ പിന്നീട് പ്രായാകുമ്പോൾ അവഗണിക്കപ്പെടുന്നത് എത്ര ദയനീയമാണ്, എത്ര നിർഭാഗ്യകരമാണ്.
മാതാപിതാക്കളോടുള്ള കടമ വേണ്ടപോലെ നിർവ്വഹിക്കാൻ ഇന്നത്തെ തലമുറ തയ്യാറാകണം. വൃദ്ധരായ അച്ഛനമ്മമാരുടെ കൂടെ കഴിയുന്നത്ര സമയം ചെലവഴിക്കണം. അവർക്ക് വേണ്ടത്ര സ്‌നേഹവും ആദരവും പരിഗണനയും നൽകണം. മാസങ്ങൾ കൂടുമ്പോൾ കുറച്ചുനേരം ഫോൺ ചെയ്ത് സംസാരിച്ചതുകൊണ്ടോ, പിറന്നാൾ ആശംസിച്ചതുകൊണ്ടോ മക്കളുടെ കടമ പൂർത്തിയാകുന്നില്ല. ദാഹിക്കുന്ന ഒരാൾക്ക് ശുദ്ധജലത്തിന് പകരം ഐസുകട്ട നൽകുന്നതു പോലെയാണത്. വൃദ്ധരായ മാതാപിതാക്കളുടെ ഹൃദയമറിഞ്ഞ് അവരോട് പെരുമാറണം. പണത്തേക്കാളും സമ്മാനങ്ങളേക്കാളും മക്കളുടെ സ്‌നേഹവും സാമീപ്യവുമാണ് അവർ കൊതിക്കുന്നത്. മാതാപിതാക്കളുടെ വാർദ്ധക്യ ദു:ഖങ്ങൾ മക്കളുടെ സ്‌നേഹത്തിൽ അലിഞ്ഞില്ലാതാകട്ടെ. അതിനോളം പുണ്യവും ചാരിതാർത്ഥ്യവും മറ്റൊന്നിലുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMRITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY