
''ജീവിതത്തിൽ എല്ലാവരും വിജയിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാ വിജയങ്ങളും മഹത്തായതല്ല എന്നുകൂടി നമ്മൾ മനസിലാക്കണം; അതുപോലെ, എല്ലാ തോൽവികളും നാണക്കേടുമല്ല. ചില തോൽവികൾ മനുഷ്യനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് പറയുന്നത്: ചില കാര്യങ്ങളിൽ തോൽവിയാണ് വിജയമെന്ന്! അഹങ്കാരത്തോട് തോൽക്കാതെ, അഹങ്കാരത്തെ തോൽപ്പിക്കാൻ സ്വന്തം വാശി ഉപേക്ഷിക്കുന്നവനാണ് യഥാർത്ഥ വിജയി. സ്വന്തം തെറ്റ് മനസിലാക്കി അത് സമ്മതിക്കുന്നത് പുറമേ ഒരു തോൽവിയായി തോന്നാം, എന്നാൽ, സത്യത്തിന്റെയും ധാർമ്മികതയുടെയും മുന്നിൽ അത് വലിയ വിജയമാണെന്ന സത്യം പിന്നീടാണ് മനസിലാവുക. കുടുംബബന്ധങ്ങളിലെ തർക്കത്തിൽ ജയിക്കണമെന്ന വാശി ബന്ധങ്ങളെ അകറ്റില്ലേ? എന്നാൽ, സ്‌നേഹത്തിന് വേണ്ടി സ്വന്തം വാശി ഉപേക്ഷിക്കുന്നവൻ തോറ്റതല്ല; കുടുംബത്തിന്റെ സമാധാനവും സന്തോഷവും നേടിയവനാണ്. അതേസമയം, അനീതിയുടെയും അഴിമതിയുടെയും മുമ്പിൽ തോൽക്കുന്നത് വിജയമല്ലെന്നും തിരിച്ചറിയണം. അവിടെ ധൈര്യത്തോടെ പോരാടണം. ജീവിതത്തിന്റെ യഥാർത്ഥ വിജയം മറ്റുള്ളവരെ തോൽപ്പിക്കുന്നതിലല്ല; സ്വന്തം അഹങ്കാരത്തെയും കോപത്തെയും സ്വാർത്ഥതയേയും തോൽപ്പിക്കുന്നതിലാണ്. ഭാര്യാഭർത്താക്കന്മാർ അന്യോന്യം മത്സരിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മിൽ മത്സരിക്കുന്നു. സഹോദരങ്ങൾ പരസ്പരം മത്സരിക്കുന്നു. അങ്ങനെ മത്സരത്തോടു മത്സരം! പക്ഷെ, ആരും തോൽക്കാൻ തയ്യാറല്ലാത്തൊരു മാനസികാവസ്ഥയിൽ എങ്ങനെ ജീവിതം മുന്നോട്ടുപോകും?'' എല്ലാവരെയും പുഞ്ചിരിയോടെ നോക്കിക്കൊണ്ട് പ്രഭാഷകൻ തുടർന്നു:
''ശ്രീബുദ്ധനെ അപമാനിക്കാൻ ശ്രമിച്ച ഒരാളുടെ കഥ പറയാം: ഒരിക്കൽ ഗൗതമബുദ്ധൻ ശിഷ്യന്മാരോടൊപ്പം ഗ്രാമത്തിലൂടെ നടന്നു പോവുകയായിരുന്നു. അപ്പോൾ ഒരാൾ ബുദ്ധന്റെ അടുത്തുവന്ന് അദ്ദേഹത്തെ അപമാനിക്കുകയും കഠിനവാക്കുകൾ പറയുകയും ചെയ്തു. എന്നാൽ, ബുദ്ധൻ ഒരുവാക്കുപോലും തിരിച്ചു പറഞ്ഞില്ല. അദ്ദേഹം ശാന്തനായി നിന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ബുദ്ധൻ അയാളോട് ചോദിച്ചു: ഒരു മനുഷ്യൻ മറ്റൊരാൾക്ക് ഒരു സമ്മാനം നൽകാൻ ശ്രമിച്ചാൽ, അത് സ്വീകരിക്കാൻ അയാൾ തയ്യാറാകുന്നില്ലെങ്കിൽ ആ സമ്മാനം ആരുടെ കൈയിലാണ് അവശേഷിക്കുന്നത്? ആ മനുഷ്യൻ മറുപടി പറഞ്ഞു: സമ്മാനം നൽകിയവന്റെ കൈയിൽ തന്നെ. അപ്പോൾ ബുദ്ധൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അതുപോലെ, നിങ്ങൾ എനിക്ക് അപമാനവും കോപവും സമ്മാനിക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ അത് സ്വീകരിച്ചില്ല. അതുകൊണ്ട് അത് നിങ്ങളുടെ കൈയിൽ തന്നെ തുടരുന്നു. ആ മനുഷ്യൻ തന്റെ തെറ്റ് മനസിലാക്കി ലജ്ജിച്ചു.
പുറമേ നോക്കുമ്പോൾ ബുദ്ധൻ മറുപടി പറയാതെ 'തോറ്റു'എന്ന് തോന്നാം. എന്നാൽ യഥാർത്ഥത്തിൽ ജയിച്ചത് ബുദ്ധനാണ്. അദ്ദേഹം തന്റെ മനസമാധാനം നഷ്ടപ്പെടുത്തിയില്ല; കോപത്തെ ക്ഷമയും വിവേകവും കൊണ്ട് അതിജീവിച്ചു. ഇവിടെ തോൽവിപോലെ തോന്നിയത് യഥാർത്ഥ വിജയമായിരുന്നു. എല്ലാ വെല്ലുവിളികൾക്കും തിരിച്ചടിയാണ് മറുപടി എന്നില്ല. ചിലപ്പോൾ മൗനവും ക്ഷമയും ആത്മസംയമനവുമാണ് വലിയ വിജയം. സ്വന്തം അഹങ്കാരത്തെ ജയിക്കുന്നവനാണ് ലോകത്തെ ജയിക്കുന്നതിലും വലിയ വിജയി!'' ഇപ്രകാരം പ്രഭാഷകൻ നിറുത്തിയപ്പോൾ മിക്ക മനസുകളും സംഘർഷരഹിതമായ പോലെയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |