
ടൂറിസം രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം വളരെ വലുതാണ്. റസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും മുതൽ മുടക്കേണ്ടത് സർക്കാരിന്റെ ചുമതലയിലുള്ളതല്ല. സ്വകാര്യ മേഖലകൾ കടന്നുവരാൻ പറ്റിയ സാഹചര്യം ഇവിടെ ഉണ്ടോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. യഥേഷ്ടം ഇവിടെ മത്സരിച്ച് പ്രവർത്തിക്കാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചാൽ മാത്രമേ ടൂറിസ്റ്റുകളെ ഇങ്ങോട്ട് കൊണ്ടുവരുന്നതിൽ നമ്മുടെ ഹോട്ടലുകളിലെ ഇന്നത്തെ നിലവാരം മെച്ചപ്പെടുത്തുവാനും ഉയർന്ന നിരക്കുകൾ കുറയ്ക്കുവാനും സാധിക്കൂ.
നിലവിലുള്ള എക്സൈസ് നയങ്ങൾ ടൂറിസത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനെക്കാൾ മുന്തിയ പ്രശ്നം നമ്മുടെ തൊഴിൽ നയമാണ്. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താൻ ഒരു പരിധിവരെ ടൂറിസം മേഖലയ്ക്ക് കഴിയും. ടൂറിസം മേഖല വളർന്ന് വേരുറച്ചാൽ നികുതി ഇനത്തിൽ ഏറെ വരുമാനം സർക്കാരിന് ലഭിക്കും. കൂടാതെ ജനങ്ങൾക്കും വരുമാനം ഉണ്ടാക്കാനാകും. കലാ-സാംസ്കാരിക പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും ടൂറിസത്തിന് കഴിയും. കേരളത്തെ സംബന്ധിച്ചിടത്തോളം വളരെയേറെ അനുകൂല ഘടകങ്ങൾ ഉള്ള ഒരു മേഖലയാണ് ടൂറിസം.
നമ്മുടെ ജലസംസ്കാരം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. നമ്മുടെ നിത്യഹരിത വനങ്ങളും വന്യമൃഗ സങ്കേതങ്ങളും ടൂറിസത്തിന്റെ സാദ്ധ്യതകൾക്ക് മാറ്റ് കൂട്ടുന്നു. കായലും കടലും കൈകോർക്കുന്ന അഴിമുഖങ്ങളുമുള്ള ബീച്ചുകൾ ബീച്ച് ടൂറിസത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.
കേരളത്തിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് അനുയോജ്യമായ പ്രദേശങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. മുൻകാലങ്ങളിൽ കേരള ടൂറിസത്തിന്റെ വാതായനം കോവളം എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് കൊച്ചി, ആലപ്പുഴ, ബേക്കൽ, ഇടുക്കി, കൊല്ലം, കോട്ടയം തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, പത്തനംതിട്ട മുതലായ ജില്ലകൾ ടൂറിസത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദമായി കേരള സർക്കാർ ടൂറിസം വികസനത്തിനായി പല പദ്ധതികളും നടപ്പിലാക്കിവരുന്നു. ദേശീയ തലത്തിലും അന്തർദ്ദേശീയ തലത്തിലും നമുക്ക് പലതിലും മുന്നേറാൻ സാധിക്കുന്നുണ്ട്.
സ്വകാര്യമേഖലകളുടെ പങ്ക്
ടൂറിസം വികസനത്തിന് സ്വകാര്യമേഖലകളുടെ പങ്ക് അനിവാര്യമാണ്. ഹോട്ടൽ വ്യവസായത്തിന്റെ വളർച്ച നമ്മുടെ ആതിഥേയത്വത്തിന് പിൻബലം നൽകുന്നു. അവയെ പ്രോത്സാഹിപ്പിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. എക്സൈസ്, മറ്റ് സർക്കാർ നികുതികൾ എല്ലാം ലഘൂകരിക്കേണ്ടതാണ്. യഥാവസരങ്ങളിൽ നൽകുന്ന ഇളവുകൾ ആതിഥേയരുടെ മേഖലയെ സമ്പുഷ്ടമാക്കും. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ വേണ്ട നടപടികളും സ്വീകരിക്കണം. ഗസ്റ്റ് ഹൗസുകളുടെ പുനരുദ്ധാരണം, ശുചിത്വമുള്ള റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ഹോംസ്റ്റേകൾ, അനുയോജ്യമായ റോഡുകൾ എന്നിവയെല്ലാം അത്യന്താപേക്ഷിതമാണ്.
നമ്മുടെ കലാ-സാംസ്കാരിക രംഗങ്ങളെ പുനരുജ്ജീവിപ്പിക്കുവാൻ ടൂറിസം വഹിക്കുന്ന പങ്ക് പറഞ്ഞറിയിക്കാനാവില്ല. ആയുർവേദവും ബീച്ച് ടൂറിസവും മറ്റും നാടിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും അതുവഴി ടൂറിസം മേഖലയിലെ വളർച്ചയ്ക്കും വികാസത്തിനും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ടൂറിസത്തിന്, ഒരു കാതലായ നയം രൂപപ്പെടുത്തുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വളരെ ബുദ്ധിപൂർവ്വം പ്രവർത്തിക്കേണ്ട മേഖലയാണ് വിനോദ സഞ്ചാരം. ഇത് സംസ്ഥാനത്തിന്റെ കെട്ടുറപ്പിനും ഉന്നതിക്കും സഫലീകൃതമാകും. 300ലക്ഷത്തിൽപ്പരം മാനവശേഷി വിനോദ സഞ്ചാര മേഖലയിൽ ചെലവഴിക്കുന്നുണ്ട്. നേരിട്ടും അല്ലാതെയും പണിയെടുക്കുന്നു.
ടൂറിസം മേഖലകളിൽ എത്തിച്ചേരുന്ന വിദേശ, ആഭ്യന്തര സഞ്ചാരികൾക്ക് ആസ്വദിക്കാൻ വിപുലമായ വിഭവങ്ങൾ ഓരോ ജില്ലയിലും പ്രകൃതിദത്തമായി ഒരുക്കിയിട്ടുണ്ട്. സർക്കാർ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ കേന്ദ്രീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാനും പ്രവർത്തിക്കുന്നുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് കേരളകൗമുദി പുറത്തിറക്കിയ 'ശ്രീപദ്മനാഭം' തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് നടപ്പാക്കാൻ ലക്ഷ്യമിട്ടാൽ സ്പിരിച്വൽ ടൂറിസത്തിന് മാറ്റ് കൂട്ടും.
ശ്രദ്ധയും വികസനവും
വേണ്ട കേന്ദ്രങ്ങൾ
കൂടുതലായി വികസനങ്ങൾ പ്രതീക്ഷിക്കുന്നതും സർക്കാരിന്റെ ശ്രദ്ധയും സഹകരണവും അടിയന്തരമായി ലഭ്യമാക്കേണ്ടതുമായ ടൂറിസം കേന്ദ്രങ്ങൾ:
ജടായു പാറ: ദിനംപ്രതി വളരെയധികം വിനോദ സഞ്ചാരികളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ജടായു പാറയ്ക്ക് ഇനിയും വികസനങ്ങൾ കിട്ടേണ്ടതായുണ്ട്.
പാലരുവി വെള്ളച്ചാട്ടം: വിദേശികളും സ്വദേശികളും വളരെയധികം എത്തിച്ചേരുന്ന ഇവിടെ കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ട്.
മൺട്രോത്തുരുത്ത്: കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെയും തെക്കുംഭാഗം തുരുത്തുകളുടെയും സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ ഒരു തുരുത്താണ് മൺട്രോതുരുത്ത്. ബ്രിട്ടീഷ് ഭരണകാലത്ത് കണ്ടുപിടിച്ച് വികസിപ്പിച്ചെടുത്ത തുരുത്താണിത്.
കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലും തലശ്ശേരി ഫോർട്ട്, ധർമ്മടം ബീച്ചിലുമൊക്കെ കൂടുതൽ വികസനം ഉണ്ടാകേണ്ടതുണ്ട്.
വയനാട്ടിലും ഇടുക്കിയിലും കൂടുതൽ ടൂറിസം വികസന പദ്ധതികൾ നടപ്പാക്കണം.
ടൂറിസം വളർച്ചയ്ക്ക് വേണ്ടത്
ആതിഥേയത്വ മേഖലയെ ശക്തിപ്പെടുത്തുക. മുന്തിയയിനം ഹോട്ടലുകൾ ഹോം സ്റ്റേ, റിസോർട്ടുകൾ, റസ്റ്റോറന്റുകൾ മുതലായവ സ്ഥാപിക്കുക. കലാപരിപാടികൾ കാണുവാനും കേൾക്കുവാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക. ബീച്ചുകൾ, കായലുകൾ, നദികൾ, കുന്നിൻചരിവുകൾ, വെള്ളച്ചാട്ടങ്ങൾ, തോടുകൾ എന്നിവയെ സംരക്ഷിക്കുക.
സർക്കാർ ചുമത്തുന്ന ബിൽഡിംഗ് ടാക്സ് ഹോട്ടലുകൾക്ക് ഭാരിച്ച നികുതിയായി മാറിയാൽ വൻതോതിൽ ടൂറിസത്തിന്റെ വളർച്ചയെ ബാധിക്കും. സ്വകാര്യ മേഖലയെ പരമാവധി പ്രോത്സാഹിപ്പിക്കുക. പരസ്പരം മത്സരിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക. അതിലൂടെ ടൂറിസ്റ്റുകളെ ആകർഷിക്കാനാവും. എക്സൈസ് നയങ്ങൾ തിരുത്തണം. തൊഴിൽ നയങ്ങൾ കാലോചിതമായി പരിഷ്കരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |