
കൊച്ചി: വിനോദസഞ്ചാര മേഖലയ്‌ക്ക് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച വ്യവസായ പദവി സർക്കാരിന്റെ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി നൂറു ദിവസത്തിനകം നടപ്പാക്കുമെന്ന് ടൂറിസം, സാംസ്കാരിക വകുപ്പുമന്ത്രി പി.സി. വിഷ്‌ണുനാഥ് പറഞ്ഞു. ഇതിനുള്ള കരടുരൂപം തയ്യാറായെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഹോംസ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (കേരള ഹാറ്റ്സ് ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് വ്യവസായ പദവി നൽകാനാവശ്യമായ നടപടികൾ സ്വീകരിച്ചു. ഹോംസ്റ്റേകൾ സേവനങ്ങൾക്ക് അടിസ്ഥാന ഗുണനിലവാരം ഉറപ്പാക്കണം. വിളമ്പുന്ന ഭക്ഷണം മുതൽ ഉപയോഗിക്കുന്ന കർട്ടൺ വരെ ഏറ്റവും മികച്ചതാകണം. ഹോംസ്റ്റേകളിൽ പൊതുനിലവാരം ഒരുക്കാൻ സർക്കാർ പരിശീലനം നൽകും.
മുഴുവൻ ഹോംസ്‌റ്റേകളും ക്ളാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടണം. ഇതുവരെ 1,200 ലേറെ ഹോംസ്‌റ്റേകളാണ് ക്ളാസിഫിക്കേഷൻ നേടിയത്. ലൈസൻസുകളുമായി ബന്ധപ്പെട്ട് കെ സ്‌മാർട്ടിലെ പ്രശ്‌നങ്ങൾ തദ്ദേശ സ്ഥാപന വകുപ്പുമായി ചേർന്ന് പരിഹരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ കേരള ഹാറ്റ്സ് ചെയർമാൻ എം.പി. ശിവദത്തൻ അദ്ധ്യക്ഷത വഹിച്ചു. മേയർ വി.കെ. മിനിമോൾ, എം.എൽ.എമാരായ ടി.ജെ. വിനോദ്, ടോണി ചമ്മണി, ദീപക് ജോയ്, കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ വിമല വിജയകൃഷ്‌ണൻ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി സെക്രട്ടറി ജോസ് പ്രദീപ്, ടൂറിസം ജോയിന്റ് ഡയറക്‌ടർമാരായ സന്തോഷ് ടോം, ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |