
ലഹരി മാഫിയ സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്ര ആഴത്തിൽ വേരുകളാഴ്‌ത്തിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് പേരാമ്പ്രയിലെ മൂന്ന് അദ്ധ്യാപികമാരുടെ അറസ്റ്റ്. ഇവർ ലഹരിയുടെ ഇടനിലക്കാർ മാത്രമായിരുന്നില്ല, ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു എന്ന സൂചനയാണ് പൊലീസ് നൽകുന്നത്. മംഗളൂരുവിലുള്ള ഒരു അടുത്ത സുഹൃത്ത് വഴിയാണ് ഈ അദ്ധ്യാപികമാർ ലഹരി ഉപയോഗിച്ച് തുടങ്ങിയതെന്നാണ് വിവരം. പിന്നീട് എളുപ്പത്തിൽ പണം സമ്പാദിക്കാനാണ് ഇവർ എം.ഡി.എം.എ കച്ചവടത്തിലെ ഇടപാടുകാരായി മാറിയത്.
അറസ്റ്റിലായ കീർത്തന, കാവ്യ, നിഷ്‌മ എന്നിവർ അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്ന് പേരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി എം.ഡി.എം.എ കച്ചവടത്തിന്റെ വലിയൊരു തുക കൈമറിഞ്ഞതായാണ് പൊലീസ് കണ്ടെത്തൽ.
വടകരയിൽ ജൂൺ 28ന് സഫ്‌വാൻ എന്ന യുവാവ് രണ്ടുഗ്രാം എം.ഡി.എം.എയുമായി തൂഫാൻ റെയ്ഡിന്റെ ഭാഗമായി പിടിയിലായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ചാണ് ജൂലായ് 11ന് കീർത്തന എന്ന അദ്ധ്യാപിക അറസ്റ്റിലാകുന്നത്. അക്കൗണ്ടുകളിൽ ഓൺലൈൻ ഇടപാടിലൂടെ പണം കൈപ്പറ്റിയ ശേഷം മറ്റ് ചിലരിലൂടെ ലഹരിമരുന്ന് എത്തിക്കുന്ന രീതിയാണ് ഇവർ അവലംബിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇവരുടെ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളാണ് കൈമറിഞ്ഞത്. കീർത്തനയുടെ അക്കൗണ്ടിൽ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 5 മാസത്തിനിടെ 9 ലക്ഷം രൂപയുമാണ് ഇത്തരത്തിൽ എത്തിയത്.
ബ്ളോക്ക് റിസോഴ്സ് കേന്ദ്രത്തിൽ നിന്ന് പ്രതിമാസം 12,000 രൂപ മാത്രം ശമ്പളം ലഭിച്ചിരുന്ന ഇവർ ആഡംബര ജീവിതരീതിയാണ് നയിച്ചിരുന്നത്. കാവ്യയും കീർത്തനയും നടത്തിയ ചില ബംഗളൂരു യാത്രകളുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളിലൊരാളായ കാവ്യ അടുത്തിടെ ഒരു കാർ വാങ്ങിയിരുന്നു. വടകര, കുറ്റ്യാടി, നാദാപുരം മേഖലയിലെ ചില യുവാക്കളും വിദ്യാർത്ഥികളും ഇടപാടുകാരായുണ്ട് എന്ന സംശയത്തിലാണ് പൊലീസ്.
സാധാരണ ലഹരി കേസിനപ്പുറം അദ്ധ്യാപികമാരെ രംഗത്തിറക്കിയുള്ള ലഹരി വില്പന ഇതിനുമുമ്പ് കേട്ടുകേൾവി ഇല്ലാത്തതായതിനാൽ ഇതിനു പിന്നിൽ വലിയൊരു ലഹരി ശൃംഖല പ്രവർത്തിക്കുന്നതായി സംശയിക്കണം. ഈ അദ്ധ്യാപികമാർ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഒരു കാരണവശാലും ഇവരെ ആരും സംശയിക്കില്ല എന്ന സാഹചര്യമാണ് ലഹരിമാഫിയ മുതലെടുത്തിരിക്കുന്നത്. ഇത് പേരാമ്പ്രയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സംഭവമായി കാണാനാകില്ല. അതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന പ്രത്യേകസംഘം തന്നെ അന്വേഷണം നടത്തേണ്ടതാണ്. കാരണം അത്രമാത്രം ആസൂത്രിതമായാണ് ലഹരി മാഫിയ കേരളത്തിൽ വലവിരിച്ചിരിക്കുന്നത്. സമൂഹത്തിനു നേർവഴി കാട്ടുന്നവരും ആദരവുള്ള പദവി വഹിക്കുന്നവരുമായ അദ്ധ്യാപകരെ തന്നെ കരുക്കളാക്കിയത് അവരിലൂടെ വിദ്യാർത്ഥികളിലേക്ക് എത്താനുള്ള എളുപ്പവഴിയായി ലഹരിമാഫിയ കണക്കുകൂട്ടിയതു കൊണ്ടാകണം.
ലഹരി മാഫിയയിലെ ചെറുമീനുകളാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ഇവർക്ക് ലഹരി എത്തിക്കുന്ന മൊത്തക്കച്ചവടക്കാരായ തിമിംഗലങ്ങളിലേക്ക് അന്വേഷണം എത്തിയാൽ മാത്രമേ ലഹരിയുടെ വേരറുക്കാൻ കഴിഞ്ഞതായി പറയാനാകൂ. സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശാനുസരണം നടക്കുന്ന ഓപ്പറേഷൻ തൂഫാൻ അതിശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നതിനു അടിവരയിടുന്നതാണ് അദ്ധ്യാപികമാരുടെ അറസ്റ്റ്. കേരളത്തിലെ അദ്ധ്യാപക സമൂഹത്തിനാകമാനം നാണക്കേടുണ്ടാക്കുന്നതു കൂടിയാണ് ഈസംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |