SignIn
Kerala Kaumudi Online
Friday, 24 July 2026 3.46 AM IST

ഇഴഞ്ഞു നീങ്ങുന്ന സ്ഥലമേറ്റെടുപ്പ്

READ ENGLISH VERSION
1

ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസമാണ് കേരളത്തിലെ റെയിൽവേ വികസനത്തിന് തടസമാകുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ആവർത്തിച്ചിരിക്കുന്നു. കേരളത്തിലെ റെയിൽവേ ശൃംഖല വികസനവും മൂന്നാം പാതയുടെ സർവേ നടപടികളും പുരോഗമിക്കുന്നുണ്ടെങ്കിലും സ്ഥലമേറ്റെടുക്കൽ ഇഴഞ്ഞുനീങ്ങുന്നുവെന്നാണ് മന്ത്രി ലോക്‌സഭയിൽ വെളിപ്പെടുത്തിയത്. കോഴിക്കോട് എം.പി എം.കെ.രാഘവന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് പുതിയ പാതകളും 6 പാത ഇരട്ടിപ്പിക്കലും ഉൾപ്പെടെ 11,650 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന 9 പദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ 618 ഹെക്ടർ ഭൂമിയിൽ 78 ഹെക്ടർ മാത്രമാണ് നിലവിൽ ഏറ്റെടുത്തിട്ടുള്ളത്. ഇത് ആവശ്യമായ സ്ഥലത്തിന്റെ 13 ശതമാനം മാത്രമാണ്.

ഇതേകാര്യം കഴിഞ്ഞ വർഷം രാജ്യസഭയിലും ജെബി മേത്തേർ എം.പിയുടെ ചോദ്യത്തിന് മറുപടിയായി അശ്വിനി വൈഷ്‌ണവ് ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമിയേറ്റെടുക്കുന്നതിന് 2111.83 കോടി സംസ്ഥാനത്തിന് കൈമാറിയെന്നും മന്ത്രി അന്ന് വെളിപ്പെടുത്തിയിരുന്നു. ശബരിപാതയ്ക്ക് 391.6 ഹെക്ടർ, എറണാകുളം- കുമ്പളം 2.61 ഹെക്ടർ, കുമ്പളം- തുറവൂർ 4.6 ഹെക്ടർ, തിരുവനന്തപുരം- കന്യാകുമാരി 7.8 ഹെക്ടർ, ഷൊർണൂർ- വള്ളത്തോൾ നഗർ 4.77 ഹെക്ടർ എന്നിങ്ങനെയാണ് ഭൂമി വേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കേന്ദ്ര അവഗണനയെക്കുറിച്ച് കുറ്റപ്പെടുത്തുന്നതിൽ കേരളത്തിന് നൂറ് നാവാണ്. എന്നാൽ ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമങ്ങൾ നടത്താതിരിക്കുന്നത് സംസ്ഥാനത്തിന്റെ മൊത്തം റെയിൽവേ വികസനത്തെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. അതിവേഗ റെയിലിനുള്ള ചർച്ചകൾക്ക് ലഭിക്കുന്ന പ്രാധാന്യം നിലവിലുള്ള പാതകൾ ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികൾക്ക് ലഭിക്കുന്നില്ല എന്നത് പരിതാപകരമാണ്.

അതിവേഗ റെയിൽ പദ്ധതി തടസങ്ങളെല്ലാം നീങ്ങി നടപ്പാകാൻ തുടങ്ങുന്നതിനു തന്നെ വർഷങ്ങൾ എടുക്കാം. പദ്ധതി തുടങ്ങിയാൽ പൂർത്തിയാകാൻ ഏഴ് വർഷമെങ്കിലും പിന്നെയും വേണ്ടിവരും. റെയിൽവേ യാത്രക്കാരുടെ ക്ളേശം അതുകഴിഞ്ഞ് പരിഹരിക്കേണ്ട ഒന്നല്ല. ഓരോ വർഷവും റെയിൽവേ യാത്രക്കാരുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റെയിൽവേയ്ക്ക് ടിക്കറ്റ് ഇനത്തിൽ ലഭിക്കുന്ന വരുമാനം ഏറ്റവും കൂടുതൽ നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നുകൂടിയാണ് കേരളം. നിലവിലുള്ള പാതകളുടെ വളവുകൾ ഒഴിവാക്കി നേരെ ആക്കുന്നതിനും സ്ഥലം ഏറ്റെടുക്കേണ്ടിവരും. വളവുകൾ ഒഴിവാക്കിയാൽ ട്രെയിനുകളുടെ വേഗം കൂട്ടാനും യാത്രാസമയം കുറയ്ക്കാനും കഴിയും. ഇതിനുവേണ്ട സ്ഥലമെടുപ്പും ഒരു കാരണവശാലും ഇഴയാൻ പാടില്ല. കേരളത്തിലെ റെയിൽവേ ഗതാഗതം ശക്തമാക്കാൻ ആറോളം പാതകളിൽ സർവേ നടപടികൾ പുരോ‌ഗമിച്ചു വരികയാണെന്നാണ് മന്ത്രി ലോക്‌സഭയിൽ പറഞ്ഞത്.

ഇതിൽ മംഗലാപുരം- ഷൊർണൂർ (307 കി.മീ), കായംകുളം- തിരുവനന്തപുരം (105), ഷൊർണൂർ- കോയമ്പത്തൂർ (99), ഷൊർണൂർ- എറണാകുളം (107) എന്നീ മൂന്നാം പാതകൾക്കായി സർവേകൾ പൂർത്തിയാക്കി ഡി.പി.ആർ തയ്യാറാക്കൽ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ഭൂമിയേറ്റെടുക്കൽ നടന്നില്ലെങ്കിൽ പണി തുടങ്ങാനാവില്ല. അതിനാൽ ഭൂമിയേറ്റെടുത്ത് നൽകുന്നതിന് സംസ്ഥാനം പ്രത്യേക സംഘത്തെ നിയോഗിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതി ഇതിന്റെ പുരോഗതി വിലയിരുത്തുകയും വേണം. ചെറിയ തടസങ്ങൾ വന്നാൽപോലും ദീർഘകാലത്തേക്ക് സ്ഥലമെടുപ്പ് നടപടി നിറുത്തിവയ്ക്കുന്ന പ്രവണതയാണ് ഉദ്യോഗസ്ഥന്മാർ പിന്തുടരുന്നത്. ഇത് ഇനി അനുവദിക്കാൻ പാടില്ല. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാതെ, റെയിൽവേ വികസനം മുരടിപ്പിക്കുന്നത് കേന്ദ്ര സർക്കാരാണെന്ന് കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെങ്കിലും ജനങ്ങൾക്ക് യാതൊരു പ്രയോജനവും ചെയ്യില്ല എന്നത് ഉത്തരവാദിത്വപ്പെട്ടവർ മറക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY