SignIn
Kerala Kaumudi Online
Sunday, 26 July 2026 3.32 AM IST

വിദ്യാർത്ഥികളുടെ  വിജയം

1

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ധർമേന്ദ്ര പ്രധാൻ രാജിവച്ച നടപടി തികച്ചും സ്വാഗതാർഹമാണ്. കോക്രോച്ച് ജനതാ

പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർമന്ദറിൽ വിദ്യാർത്ഥികൾ നടത്തിയ സമരം ആവേശകരമായ മുപ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് അവർ ഉന്നയിച്ച ആവശ്യങ്ങളിലെ പ്രധാന ഇനമായ മന്ത്രിയുടെ രാജി ഉണ്ടായതെങ്കിലും പ്രശ്നം കൂടുതൽ വഷളാകാതെ പര്യവസാനിക്കാൻ അത് വഴിതെളിച്ചത് ആശ്വാസകരമാണ്.എല്ലാ അർത്ഥത്തിലും ഇത് വിദ്യാർത്ഥികളുടെ വിജയമാണ്. കുറെക്കൂടി നേരത്തെ രാജി ആകാമായിരുന്നുവെന്നു പറയുമ്പോഴും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിലെല്ലാം

ഏറെക്കുറെ പരിഹാരമുണ്ടാക്കിയ ശേഷമാണ് മന്ത്രിയുടെ രാജിയെന്നത് കാണാതിരിക്കാൻ

കഴിയില്ല.

ചോദ്യപേപ്പർ ചോർച്ചയിലെ കുറ്റക്കാർക്ക് പത്തുവർഷം തടവും പത്ത് കോടിരൂപ പിഴയുംശിക്ഷ നൽകുന്ന നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഡൽഹിയിൽ പ്രത്യേക കോടതിയും രൂപീകരിച്ചു.മാത്രമല്ല,​ നീറ്റ് പരീക്ഷ നടത്തുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ 47 ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇക്കഴിഞ്ഞ മേയ് മാസം മൂന്നാം തിയതി നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ചോദ്യപേപ്പറാണ് ചോർന്നത്.രാജ്യത്തൊട്ടാകെ ഇരുപത് ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയായിരുന്നു ഇത്. തുടർന്ന് ജൂൺ 21നു വീണ്ടും പരീക്ഷ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. അടുത്ത വർഷം മുതൽ ഈ പരീക്ഷ കമ്പ്യൂട്ട‌ർ ബേസ്‌ഡ് ടെസ്റ്റ് (സി.ബി.ടി) രീതിയിൽ നടത്താനും തീരുമാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് പ്രശ്നങ്ങളിൽ പലതിനും വേഗത്തിൽ പരിഹാരമുണ്ടായി തുടങ്ങിയത്.ഇപ്പോൾ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിലും പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുള്ള സംവിധാനങ്ങൾ ആവിഷ്കരിക്കുന്നതിലുമെല്ലാം ആ ഇടപെടൽ പ്രകടമാണ്. കഠിനാദ്ധ്വാനം നടത്തി പരീക്ഷയെഴുതിയിട്ടും ചോദ്യപേപ്പർ ചോർന്നതോടെ വീണ്ടും പരീക്ഷയെഴുതേണ്ടി വന്നതിന്റെ സമ്മർദ്ദത്തിൽ ഇരുപതോളം വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്. ഈ സമരത്തിന്റെ വിജയം അവരുടെ ഓർമ്മകൾക്കു മുന്നിലാണ് സമർപ്പിച്ചിട്ടുള്ളത്. അവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തികച്ചും ന്യായമാണ്.പരമാവധി സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിൽ ഉദ്യോഗസ്ഥരും ഉത്തരേന്ത്യയിലെ ചില കോച്ചിംഗ് സെന്ററുകളും ചില രാഷ്ട്രീയക്കാരുമൊക്കെ അടങ്ങിയ വൻ ലോബിയാണ് പ്രവർത്തിച്ചത്.

പാവപ്പെട്ട വിദ്യാർത്ഥികൾ നന്നായി പഠിച്ചു പരീക്ഷയെഴുതിയാലും ഉന്നത വിദ്യാഭ്യാസ രംഗം അപ്രാപ്യമാകുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നത് ഒരു രാഷ്ട്രത്തിന്റെ ഭാവിക്ക് ഒട്ടും ചേർന്നതല്ല.അത്തരം നീക്കങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സി.ജെ.പിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരം ഇടയാക്കിയെങ്കിൽ അതാണ് ആ സമരത്തിന്റെ ഏറ്റവും വലിയ വിജയമായി മാറുക. രാജ്യം ഇതുവരെ കാണാത്തവിധം സമാനതകളില്ലാത്ത സമരജ്വാലയാണ് തലസ്ഥാനമായ ഡൽഹിയിൽ അരങ്ങേറിയത്. രാഷ്ട്രീയകക്ഷി ഭേദമന്യേ വലിയ പിന്തുണയാണ് സമരത്തിനു ലഭിച്ചത്. സമരക്കാർക്ക് ഭക്ഷണമെത്തിക്കാൻ രാജ്യമെമ്പാടുനിന്നും ജനങ്ങൾ മുൻകൈയെടുത്തു. അതേസമയം ഈ സമരത്തെ മുതലെടുത്ത് രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ചില ശ്രമങ്ങൾ ബാഹ്യശക്തികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.അത്യന്തം ദൗർഭാഗ്യകരമായ ഈ ഇടപടലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞത് സംഭവങ്ങൾ കൈവിട്ടുപോകാതിരിക്കാൻ ഇടയാക്കി. വിദ്യാർത്ഥികളാണ് ഏതൊരു രാജ്യത്തിന്റെയും ഭാവി ഭാഗധേയം നിർണയിക്കുന്നത്. അത് തിരിച്ചറിഞ്ഞ് അവരുടെവികാരം ഉൾക്കൊള്ളാൻ ഭരണാധികാരികൾ തയ്യാറായത് ഏറ്റവും ഉചിതമായെന്നേ പറയേണ്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY