SignIn
Kerala Kaumudi Online
Sunday, 26 July 2026 3.57 AM IST

വിനാശങ്ങളുടെ വടവൃക്ഷങ്ങൾ

s

''തലമുറകളായി മനുഷ്യരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുന്ന രണ്ടു വിഷവൃക്ഷങ്ങളാണ്‌ സംശയവും തെറ്റിദ്ധാരണയും! മനുഷ്യമനസിൽ ഇവ കൂട്ടത്തോടെ വളർന്ന്, ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ച്, ജീവിതം നശിപ്പിക്കും. എന്നാൽ, ഇവയിൽ ഏതാണ് കൂടുതൽ അപകടകാരിയെന്നു ചോദിച്ചാൽ ഏതിനെ ചൂണ്ടിക്കാണിക്കും? അങ്ങനെ നോക്കുമ്പോൾ, സാധാരണയായി തെറ്റിദ്ധാരണയാണ് കൂടുതൽ പ്രശ്‌നമാവുന്നത്. സംശയം, സത്യമെന്തെന്ന് അന്വേഷിക്കാൻ പ്രേരിക്കും! ശരിയായ ആശയവിനിമയത്തിലൂടെയോ, തെളിവുകളിലൂടെയോ അത് മാറാൻ സാദ്ധ്യതയുണ്ട്. എന്നാൽ, തെറ്റിദ്ധാരണ തെറ്റായ വിശ്വാസമാണ്. അത് ശരിയാണന്ന് ഉറച്ചുവിശ്വസിക്കുന്നതിനാൽ, തിരുത്താൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ബന്ധങ്ങൾ തകരാനും അനാവശ്യ വൈരാഗ്യമുണ്ടാകാനും തെറ്റായ തീരുമാനങ്ങളെടുക്കാനും ഇടയാകും. ഒരു പഴമൊഴി ഇതിന്റെ സാരം വ്യക്തമാക്കുന്നു. 'സംശയം, ചോദിച്ചാൽ തീരും; തെറ്റിദ്ധാരണ സംസാരിച്ചാൽ മാത്രമേ തീരൂ'. അതിനാൽ, ജീവിതത്തിൽ സംശയങ്ങളുണ്ടായാൽ തുറന്ന്‌ ചോദിക്കുക. കേട്ടതോ, കണ്ടതോ മാത്രം വിശ്വസിക്കാതെ വസ്തുത പരിശോധിക്കുക. മറ്റുള്ളവരുടെ നിലപാട് മനസിലാക്കാൻ ശ്രമിക്കുക. ആശയവിനിമയം തുറന്നതും സത്യസന്ധവുമാക്കുക. ഒരു സംഭവകഥ പറയാം: അവിവാഹിതയായ മകൾ വൈകിയാണ് വീട്ടിലെത്തിയത്. ''എന്താണ് മോൾ വൈകിയത്?"- അച്ഛൻ ചോദിച്ചു. ''ഓഫീസിൽ വച്ച്‌ പെട്ടെന്നുണ്ടായ നെഞ്ചുവേദനമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഹൃത്തിനൊപ്പം അവളുടെ ഭർത്താവ് വരുന്നതുവരെ ആശുപത്രിയിൽ നിൽക്കുകയായിരുന്നു'' മറുപടിയിൽ മാതാപിതാക്കളുടെ സംശയം മാറി. പക്ഷേ, അച്ഛൻ വിവരം മകളോടു ചോദിക്കാതെ, 'അവൾ തെറ്റായ കൂട്ടുകെട്ടിലാണ്' എന്ന തെറ്റിദ്ധാരണ മനസിൽ ഉറപ്പിച്ചിരുന്നെങ്കിൽ, കുടുംബത്തിൽ അനാവശ്യ വഴക്കും അകൽച്ചയും ഉണ്ടാകുമായിരുന്നില്ലേ? അപ്പോൾ, സംശയം അറിവിലേക്കുള്ള വാതിലാണ്; തെറ്റിദ്ധാരണ ബന്ധങ്ങളെ തകർക്കുന്ന വൻമതിലാണ്. സംശയത്തെ സത്യാന്വേഷണത്തിലൂടെ മാറ്റാം; എന്നാൽ, തെറ്റിദ്ധാരണയെ തുറന്ന ആശയവിനിമയവും പരസ്പര വിശ്വാസവും കൊണ്ടുമാത്രമേ മാറ്റാനാകൂ''- എല്ലാവരേയും കൗതുകത്തോടെ നോക്കികൊണ്ട്, പ്രഭാഷകൻ തുടർന്നു.

''കണ്ടത് മുഴുവൻ സത്യമാകണമെന്നില്ല; കേട്ടത് മുഴുവൻ ശരിയാകണമെന്നുമില്ല. ചോദിച്ച് മനസിലാക്കുന്നതാണ് ജ്ഞാനം സംശയം മനസിൽ സൂക്ഷിച്ചാൽ ബന്ധങ്ങൾ തകരും; സ്‌നേഹത്തോടെ സംസാരിച്ചാൽ തെറ്റിദ്ധാരണകൾ അകലും. സംശയം, ചോദ്യങ്ങളിലൂടെ തീരും; തെറ്റിദ്ധാരണ സംഭാഷണത്തിലൂടെ തീരും. എന്നാൽ മൗനം പാലിച്ചാൽ രണ്ടും വളരും. വിശ്വാസം, തുറന്ന ആശയവിനിമയം, സഹാനുഭൂതി എന്നിവയാണ് ആരോഗ്യകരമായ വ്യക്തിബന്ധങ്ങളുടെയും സമാധാനപരമായ സാമൂഹിക ജീവിതത്തിന്റെയും അടിത്തറ. വാൾ ഉണ്ടാക്കുന്ന മുറിവ് കാലം മായ്ക്കും; എന്നാൽ, വാക്കുകൾ ഉണ്ടാക്കുന്ന മുറിവ് പലപ്പോഴും മായില്ല. ചിലപ്പോഴത് അടുത്ത തലമുറകളിലും ചില വിപരീത അടയാളപ്പെടുത്തലുകളുണ്ടാക്കിയേക്കാം''- പ്രഭാഷകൻ നിറുത്തിയിട്ടും, സദസ്യരിൽ പലരും സംശയങ്ങളിൽ നിന്നും, തെറ്റിധാരണകളിൽ നിന്നും പൂർണ്ണമായി വിട്ടുവരാൻ വിമുഖരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY