SignIn
Kerala Kaumudi Online
Sunday, 26 July 2026 4.22 AM IST

ശരീരം പറയുന്ന മൂന്നാം കഥ

brihannala

അജ്ഞാതവാസക്കാലത്ത് ബ്രിഹന്നളയായി ജീവിച്ച അർജുനന്റെ ഭാവം എന്തായിരുന്നു? പുരുഷനോ? സ്ത്രീയോ? അതോ രണ്ടിന്റെയും അതിരുകൾ അലിഞ്ഞുചേർന്ന മറ്റൊരു അവസ്ഥയോ?ദീപാലങ്കാരങ്ങളുടെ നടുവിലൊരുക്കിയ വേദിയിൽ മൂന്നു ശരീരങ്ങളേയും ഭാവങ്ങളേയും ഒന്നിലേയ്ക്ക് ആവാഹിക്കുകയായിരുന്നു ഒഡീസി നർത്തകി ബിജയിനി സത്പതി. നൃത്തം ശ്വസിച്ച് നൃത്തത്തിൽ ജീവിച്ച് നൃത്തത്തിൽ അലിഞ്ഞ നാട്യശരീരത്തിന്റെ ഭാവങ്ങളോരോന്നും പ്രേക്ഷകർ സ്വയം വ്യാഖ്യാനിച്ചു. 57-ാം വയസിലും നൃത്തം ജീവനായി കണ്ട് ലിംഗഭേദങ്ങളെ പര്യവേക്ഷണം ചെയ്ത് ചിട്ടപ്പെടുത്തിയ 'ത്രികായ' രൂപം ലോകമനസിലേയ്ക്ക് പ്രതിഫലിച്ചു.

ത്രികായമെന്നാൽ മൂന്ന് ശരീരങ്ങളെന്നർത്ഥം. ബുദ്ധമത തത്വചിന്തയിലെ പ്രധാന ആശയം. നാട്യശാസ്ത്രത്തിൽ ഭരതമുനി വ്യാഖ്യാനിക്കുന്ന മൂന്ന് ശരീരങ്ങളെന്ന സങ്കൽപ്പം. ജാപ്പനീസ് തത്വശാസ്ത്രത്തിലാകട്ടെ, സ്വഭാവവും വ്യക്തിത്വവും അനുസരിച്ച് ഓരോ മനുഷ്യനും മൂന്ന് മുഖങ്ങളുണ്ടെന്ന വ്യാഖ്യാനം. ഒന്ന് ലോകത്തിനുമുമ്പിലുള്ളത്, രണ്ട് നമ്മുടെ പ്രിയപ്പെട്ടവരുടെ മുമ്പിലുള്ളത്. മറ്റേതാകട്ടെ, നമുക്ക് മാത്രം അറിയാവുന്നത്. അങ്ങനെ, അതിരുകളില്ലാത്ത തത്വചിന്തകളുടെ കനവും ആഴവുമുള്ള കടലുപോലൊരു വാക്കാണ് ത്രികായം.

ത്രികായയുടെ ഭംഗി

ചലിക്കുന്ന ശില്പമാണ് ഒഡീസി നൃത്തം. ത്രിഭംഗി-ശരീരം, തല, നെഞ്ച് എന്നിവ ഒരു പ്രത്യേക അളവിൽ വളച്ച് കാലുകൾ അല്പം അകത്തി കൈകൾ ഇരു വശങ്ങളിലേക്കും പിടിച്ച് ചതുരാകൃതിയിൽ നിൽപ്പ്. കാലുകൾ അനായാസേന ചവിട്ടി ഭക്തിസാന്ദ്രമായ ഒരു കഥ അവതരിപ്പിക്കും. ആ ഒഡീസി നൃത്തത്തിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് ബിജയിനി സത്പതി. ലോകം മുഴുവൻ ഒഡീസിയുടെ പെരുമ കേൾപ്പിച്ച അവർ അടുത്തിടെ മുംബയിലെ ഒരു പരിപാടിയിൽ തന്റെ പുതിയ നൃത്താവിഷ്കാരം അവതരിപ്പിച്ചു, 'ത്രികായ'. ഒരു നൃത്തത്തിനപ്പുറം നമ്മുടെ ശരീര സങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന ആവിഷ്കാരം. സ്ത്രീ, പുരുഷൻ എന്നിങ്ങനെ മാത്രം ശരീരത്തെയും മനസിനെയും പഠിപ്പിച്ച ലോകത്ത്, ത്രികായ കൊടുങ്കാറ്റായി. മഹാഭാരതമെന്ന ഇതിഹാസത്തിന്റെ ശക്തിയിലും ആഴത്തിലും ഒഡീസി നൃത്തത്തിന്റെ ചടുലതയിൽ ത്രികായ നിറഞ്ഞുനിന്നു.

 ചട്ടക്കൂടുകളെ പൊട്ടിച്ചെറിഞ്ഞു

പെണ്ണിന് ദേഷ്യം വരരുത്. വന്നാൽ തന്നെ അത് ആരും അറിയരുത്. ഒച്ചവയ്ക്കുകയോ അലറുകയോ ചെയ്യരുത് എന്നൊക്കെ പറഞ്ഞുപഠിപ്പിച്ച ചുറ്റുപാടിലായിരുന്നു ബിജയിനിയുടെ ജനനം. ഒരിക്കൽ വേദിയിൽ രാവണ ഭാവം അവതരിപ്പിക്കുന്നതിനിടെ ബിജയിനി അലറി. രാവണനായി നിറഞ്ഞാടുമ്പോഴത് സ്വാഭാവികം. എന്നാൽ അവളെ സംബന്ധിച്ച് അലറുക എന്നത് ആദ്യ അനുഭവം മാത്രമായിരുന്നില്ല, വേദിയിൽ കഥാപാത്രത്തിന് വികാരവും ചിന്തയും പ്രകടിപ്പിക്കാനും വ്യത്യസ്തമായ ശാരീരികവും വൈകാരികവുമായ തലങ്ങൾ അനുഭവിക്കാനും പൂർണ സ്വാതന്ത്ര്യമുണ്ടെന്നുള്ള തിരിച്ചറിവുകൂടിയായിരുന്നു. ആ ചിന്ത എത്തിനിന്നത് മറ്റനേകം ചോദ്യങ്ങളിലേയ്ക്കാണ്. ആണ് -പെണ്ണ്, കറുപ്പ് -വെളുപ്പ് , ഇങ്ങനെ സമൂഹം അനേകം ദ്വന്ദങ്ങളെ നിർമ്മിച്ചുവച്ചിട്ടുണ്ട്. ഇതിലാണ് എല്ലാത്തിന്റെയും ചട്ടക്കൂടുകൾ ഒരുക്കിയിരിക്കുന്നത്. ഒരു പരിധിവരെ കലയും ആ ചട്ടക്കൂടിൽ വാർത്തവയാണ്. അത് പൊളിച്ചെഴുതാൻ ആകുമോ എന്ന അന്വേഷണത്തിന്റെ , പരീക്ഷണത്തിന്റെ ഫലമായിരുന്നു ഇന്നത്തെ ബിജയിനി.

പരീക്ഷണങ്ങളുടെ ഫലം

വിദേശീയർ കേരളത്തിലെത്തുമ്പോൾ അവർ കഥകളി കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, എന്താണ് കഥകളിയെന്നോ ഏത് കഥയാണ് അവതരിപ്പിക്കുന്നതെന്നോ അറിയണമെന്നില്ല. പ്രേക്ഷകർ എന്താണ് കാണുന്നത്?അവർക്ക് ശരിക്കും എന്താണ് ലഭിക്കുന്നത്? ബിജയിനി സ്വയം ചോദിച്ചു. പുരാണങ്ങളും ഭാഷയും കലകളും അറിയാത്തവരും അവ ആസ്വദിക്കുന്നു. അവതരണം എന്നത് കഥയ്ക്കും മറ്റ് ചട്ടക്കൂടുകൾക്കും അതീതമായ ഒന്നാണെന്ന തിരിച്ചറിവാണ് പുത്തൻ പരീക്ഷണങ്ങൾക്ക് ചിലങ്ക കെട്ടാൻ ബിജയിനിക്ക് പ്രചോദനമായത്. വേഷവിധാനത്തിലോ രൂപത്തിലോ മാറ്റം വരുത്താതെ പലപ്പോഴും ഒരേസമയം ഒന്നിലധികം കഥാപാത്രങ്ങളെ ഒരാൾ അവതരിപ്പിക്കാറുണ്ട്. എന്നാൽ പരമ്പരാഗതമായ സ്ത്രീ-പുരുഷ വിഭജനങ്ങൾക്ക് അതീതമായ ശരീരത്തിന്റെ ഭാഷ എന്തായിരിക്കുമെന്നായിരുന്നു ബിജയിനിയുടെ ചിന്ത. സെൻസിറ്റീവായ, വെല്ലുവിളിയുയർത്തുന്ന വിഷയമാണ് ലിംഗഭേദവും കഥാപാത്ര അവതരണവും. ഒഡീസിയിൽ ത്രിഭംഗി, ചൗക്ക തുടങ്ങിയ രണ്ട് അടിസ്ഥാന രീതികൾ വന്നു. ത്രിഭംഗി ശരീര സ്ത്രൈണതയുള്ള വടിവാണെങ്കിൽ ചൗക്ക പുരുഷന്റെ ഭാവവുമായി ബന്ധപ്പെട്ടതായിരുന്നു. പഴയ പല ചിത്രങ്ങളിലും ശില്പങ്ങളിലും ശിവനെയും ശ്രീ കൃഷ്ണനെയുമൊക്കെ അവതരിപ്പിച്ചിരിക്കുന്നത് ത്രിഭംഗി രീതികളും ചേർത്താണ്. ഭദ്രകാളിയെപ്പോലുള്ള കഥാപത്രങ്ങൾക്ക് ചൗക്ക രീതിയും നൽകിയിട്ടുണ്ട്. എന്നാൽ ആണുംപെണ്ണുമല്ലാതെ മറ്റൊരു അവസ്ഥയെ കാണിക്കണമെങ്കിൽ അവിടെ മറ്റ് മാർഗങ്ങളില്ല. അതായിരുന്നു വെല്ലുവിളിയും. അതിനുള്ള മാർഗവും ഉത്തരവുമായിരുന്നു ബ്രിഹന്നള.

ആശ്വാസമായി മഹാഭാരതം

പുരുഷ സ്ത്രീ ഭാവങ്ങളുടെയും ചലനരീതികളുടെയും കൃത്യമായ ചട്ടക്കൂടുകളാൽ നിർവചിക്കപ്പെട്ട ശാസ്ത്രീയ നൃത്തരൂപമായ ഒഡീസിയിൽ, മൂന്നാമതൊരു സങ്കൽപ്പത്തെ എങ്ങനെ അവതരിപ്പിക്കും? അങ്ങനെയൊരു വെല്ലുവിളി ബിജയിനി സ്വയം ഏറ്റെടുത്തു. ലിംഗപരമായ വ്യത്യാസത്തെക്കുറിച്ചുള്ള ഒരു ശാസ്ത്രജ്ഞയുടെ കണ്ണുകൾ എങ്ങുമലഞ്ഞു.

അന്വേഷണ പരീക്ഷണങ്ങൾക്കൊടുവിൽ അവ‌ർക്ക് വഴി തുറന്നുകൊടുത്തത് മഹാഭാരതമാണ്. ആണിലും പെണ്ണിലുമല്ലാത്ത ഒരു ഭാവത്തെ അവതരിപ്പിക്കാൻ മഹാഭാരതത്തിലെ നിർണായകമായ മൂന്ന് സന്ദർഭങ്ങൾ ബിജയിനി തിര‌ഞ്ഞെടുത്തു. പരമ്പരാഗത ഒഡീസിയിലെ ഭാവ, ചലന, ആംഗ്യങ്ങൾക്ക് അവ‌ർ ഒരു ബാലൻസ്ഡ് രൂപം കൊടുത്തു. പുരുഷന്മാ‌ർക്കും സ്ത്രീകൾക്കും പറഞ്ഞിട്ടുള്ളതിനും ഇടയിൽ വളരെ സൂക്ഷ്മമായും മനോഹരമായും മറ്റൊന്നിനെ അവർ മെനഞ്ഞു. അങ്ങനെ ത്രികായ ഒരുങ്ങി. അത് പുതിയ കാഴ്ചാനുഭവം എന്നതിനപ്പുറം ഒരു വലിയ വിഭാഗത്തിന്റെയും കാഴ്ചപ്പാട് തന്നെ മാറ്റുന്നതായിരുന്നു.

ഉർവശീശാപം ഉപകാരം

ദിവ്യാസ്ത്രങ്ങൾ നേടാൻ സ്വർഗത്തിലെത്തിയ അർജുനനോട് അപ്സരസായിരുന്ന ഉർവശിക്ക് പ്രണയം തോന്നുകയും അത് നിരസിച്ച അർജുനനെ ഉർവശി ശപിക്കുകയും ചെയ്തു. എന്നെങ്കിലും സ്ത്രീയുടെ രൂപത്തിൽ ജീവിക്കട്ടെയെന്ന ശാപവാക്ക് ഉപകാരപ്പെട്ടത് അജ്ഞാതവാസക്കാലത്താണ്. വിരാട രാജ്യത്തെത്തിയ അർജുനൻ 'ബ്രിഹന്നള' എന്ന പേരിൽ സ്ത്രീയായി ജീവിച്ചു. ഉർവശീശാപം ഉപകാരമായ കഥ. ഇതാണ് ഒഡീസി നൃത്തത്തിലെ ലിംഗപരമായ അന്വേഷണത്തിനായി ബിജയിനിക്കും ഉപകാരപ്പെട്ടത്.

 വേദിയിലെ നിറഞ്ഞാട്ടം

യുദ്ധത്തിനൊരുങ്ങുന്ന അർജുനൻ, പ്രണയം നിരസിക്കപ്പെടുമ്പോൾ ഉർവശിയുടെ ശാപം, യുദ്ധക്കളത്തിലേയ്ക്കുപോകും മുമ്പ് അർജുനൻ ബ്രിഹന്നളയായപ്പോഴുള്ള ഭാഗം എന്നിങ്ങനെ കഥയെ മൂന്ന് സന്ദർഭങ്ങളാക്കി. ഇവിടെ ഇതിഹാസം കേവലം വിവരണങ്ങളല്ല, മറിച്ച് വ്യക്തിത്വം, ആഗ്രഹം, ദുർബലത എന്നിവ പരിശോധിക്കാനുള്ള ഉപാധികൾ കൂടിയായി. അർജുനൻ പുരുഷനും ഉർവശി സ്ത്രീയുമാകുമ്പോൾ നർത്തകിക്ക് അവിടെ വെല്ലുവിളി കുറവാണ്. എന്നാൽ അ‌ർജുനൻ ബ്രിഹന്നളയായി മാറുമ്പോൾ നർത്തകി എങ്ങനെ ഭാവത്തെ, രീതിയെ, ആംഗ്യത്തെ അടയാളപ്പെടുത്തും. അതാണ് ബിജയിനി കണ്ടെത്തിയ രീതി. അവിടെ ആണിനും പെണ്ണിനും പറഞ്ഞുവച്ചിട്ടുള്ളതിനൊപ്പം മറ്റൊരു ഭാവം, മറ്റൊരു രീതി അവർ ആവിഷ്കരിച്ചു. എന്നാൽ ബിജയിനിയുടെ അന്വേഷണത്തിന്റെ കാഠിന്യം ആസ്വാദകരിലേയ്ക്കെത്തില്ല. അവർ ബ്രിഹന്നളയെ മാത്രമേ അവിടെ കാണൂ. അവിടെയാണ് ബിജയിനിയുടെ വിജയം.

ഉത്തരമാകുന്ന ബ്രിഹന്നള

അർജുനൻ, ഉർവശി, ബ്രിഹന്നള എന്നീ കഥാപാത്രങ്ങളെ വ്യക്തിത്വങ്ങളായി അവതരിപ്പിക്കുന്നതിന് പകരം നൃത്തത്തിലെ ഊർജ്ജം, താളം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളിലൂടെ വികസിപ്പിച്ചെടുക്കാനാണ് ബിജയിനി ശ്രമിച്ചത്. നമ്മളെപ്പോഴും ചിന്തിക്കാറുണ്ട്, ശരിക്കും ഞാനുണ്ടോ, എന്റെ സ്വപ്നമാണെങ്കിലോ ഇത്. ഞാൻ ദൃശ്യനാണോ? ഞാൻ സ്‌നേഹിക്കപ്പെടുന്നുണ്ടോ? ഞാൻ ഒറ്റപ്പെട്ടവനാണോ? കഥാപാത്രങ്ങൾ നമ്മുടെ ഉള്ളിലെ വളരെ ആഴത്തിലുള്ള ഇത്തരം പല ആശയങ്ങളെയും പുറത്തെത്തിക്കാനുള്ള മാർഗമായി മാറുന്നു. ഒരുപക്ഷേ, അതായിരിക്കാം ത്രികായയുടെ ശാശ്വതമായ ആംഗ്യം.

പുരാണങ്ങളെ ആധുനികവത്കരിക്കുകയായിരുന്നില്ല ബിജയിനി. ഒരു ക്ലാസിക്കൽ രൂപം എങ്ങനെയൊക്കെ പരിണമിക്കാമെന്ന് പ്രകടമാക്കി. കലാകാരിയുടെ, കലയുടെ അതിരില്ലാത്ത സ്വാതന്ത്ര്യം കാട്ടിത്തന്നു. ദ്വന്ദ്വങ്ങളെ മറികടന്ന് ത്രികായയിലൂടെ ഒഡീസിയുൾപ്പെടെയുള്ള ക്ലാസിക്കൽ കലാരൂപങ്ങൾ എങ്ങനെയെല്ലാം ഇനിയും പരിണമിക്കാമെന്നത് വരച്ചു കാട്ടി. ഒരു ആശയത്തിന്റെയും പ്രചാരണത്തിനായല്ല താൻ നൃത്തസംവിധാനം ചെയ്യുന്നതെന്നും തന്റെ കൗതുകവും ആഗ്രഹവുമാണ് ഇതിനെല്ലാം പിന്നിലെന്നു പറയുമ്പോഴും ബിജയിനിയുടേതൊരു വിപ്ലവം കൂടിയാകുന്നു... ബിജയിനി എന്നാൽ ജയം അറിഞ്ഞവൾ എന്നാണർത്ഥം,​ മകൾ,​ കലകൊണ്ട് പോരാടി വിജയിക്കുമെന്ന് മാതാപിതാക്കൾ മുൻകൂട്ടി അറിഞ്ഞിട്ട പേര്!

നാലുപതിറ്റാണ്ടിന്റെ സപര്യ (ബോക്സ്)​

ലോകത്തിന് ബിജയിനി ഒഡീസി നൃത്തത്തിലെ മാസ്റ്ററാണ്. ഭുവനേശ്വറിൽ ജനിച്ച് നാല് പതിറ്റാണ്ടായി നൃത്തരംഗത്ത് നിറഞ്ഞുനിൽക്കുകയാണവർ. ഏഴാം വയസിലാണ് ഒഡീസി നൃത്തം അഭ്യസിച്ചു തുടങ്ങിയത്. 1993ൽ അവർ കർണാടകയിലെ പ്രശസ്തമായ - നൃത്യഗ്രാം എന്ന നൃത്തഗ്രാമത്തിൽ ചേർന്നു. താമസവും അദ്ധ്യാപനവുമൊക്കെയായി അവിടെത്തന്നെ. 25 വർഷത്തോളം നർത്തകിയായും പരിശീലകയായും പ്രവർത്തിച്ചു. നൃത്യഗ്രാം എൻസെമ്പിളിന്റെ പ്രധാന നർത്തകിയായി 20 വർഷം സേവനമനുഷ്ഠിച്ചു. 2019ൽ നൃത്യഗ്രാമിൽ നിന്ന് മാറി സ്വന്തം നിലയിൽ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. പാരമ്പര്യ നൃത്തത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പുതിയ ചുവടുകളും ആശയങ്ങളും പരീക്ഷിച്ചു. 2019ൽ അമ്പതാം വയസിൽ, സ്വന്തം നൃത്തസംവിധാനത്തിലൂടെ പരമ്പാരഗത ചട്ടക്കൂടുകളെ പൊളിച്ചു. സോളോ നൃത്ത രീതിയിലൂടെ നൂതന ആശയങ്ങൾ അവതരിപ്പിച്ചു. 2021ൽ "അഭിപ്സ - എ സീക്കിംഗി" ലൂടെ ആഗോള പ്രശംസ നേടി. ലോകത്തിന്റെ പല ഭാഗങ്ങളിലും അത് അവതരിപ്പിച്ചു. ഒരു നൃത്ത സംവിധായിക എന്ന രീതിയിൽ അവരുടെ ഗ്രാഫ് ഉയ‌ർന്നു. ലോകമെമ്പാടുനിന്നും പരിപാടികൾ, അംഗീകാരങ്ങൾ. സംഗീത നാടക അക്കാദമിയുടെ 'ബിസ്മില്ലാഹ് ഖാൻ യുവ പുരസ്കാരം' (2006).'ഡാൻസ് മാഗസിൻ അവാർഡ്' (2019) തുടങ്ങി രാജ്യം വിവിധ ബഹുമതികൾ നൽകി ആദരിച്ചു.

ഒഡീസി അദ്ധ്യാപനത്തെക്കുറിച്ചുള്ള ഗവേഷണത്തിനും വികസനത്തിനും വേണ്ടി റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെ 'ബെല്ലാജിയോ റെസിഡൻസി 2024'ലേയ്ക്ക് ക്ഷണിക്കപ്പെട്ടു. 2021-22ൽ മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ ലൈവ് ആർട്‌സ് വകുപ്പിൽ ആർട്ടിസ്റ്റായി സേവനമനുഷ്ഠിച്ച സമയത്ത് വാസ്തുവിദ്യ, പൈതൃകം, ആഖ്യാനങ്ങൾ, പുരാണങ്ങൾ, സൗന്ദര്യാത്മക ഘടകങ്ങൾ എന്നിവയിൽ ഗവേഷണം നടത്തി. ഒഡീസിക്ക് നൽകിയ സംഭാവനകൾക്ക് 2023ൽ ഡാൻസ് മാഗസിൻ അവാർഡ് ലഭിച്ചു. 2020ൽ ന്യൂയോർക്ക് ഡാൻസ് ആൻഡ് പെർഫോമൻസ് ബെസ്സി അവാർഡ്. 2019ൽ ഡാൻസ് മാഗസിൻ മികച്ച സോളോ നർത്തകിയായി പ്രഖ്യാപിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫർ മഹേഷ് ഭട്ടാണ് ഭർത്താവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRIKAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY