SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.04 AM IST

പുതിയ ജയിലുകൾ നിർമ്മിക്കപ്പെടണം

1

ജയിലുകളിലെ സംഘർഷങ്ങൾ വർദ്ധിക്കാനുള്ള ഒരു പ്രധാന കാരണമായി പാർലമെന്ററി കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് തടവുകാരുടെ എണ്ണം കൂടിയതാണെന്നാണ്. 2024 അവസാനത്തെ ഔദ്യോഗിക കണക്ക് പ്രകാരം ഇന്ത്യയിൽ മൊത്തം 1,333 ജയിലുകളാണ് ഉള്ളത്. ഇവിടങ്ങളിലായി ഇപ്പോൾ 5.11 ലക്ഷം തടവുകാരെ പാർപ്പിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടവരെക്കാൾ കൂടുതൽ വിചാരണ തടവുകാരാണ്. ഇന്ത്യയിലെ ജയിലുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാരുടെ ശതമാനം 2016ൽ 32 ആയിരുന്നത് 2024ൽ 26.6 ശതമാനമായി കുറയുകയാണ് ചെയ്തത്. എന്നാൽ വിചാരണ തടവുകാരുടെ എണ്ണം പതിൻമടങ്ങ് വർദ്ധിക്കുകയും ചെയ്തു. കേസുകൾ തീർപ്പാകാതെ അനന്തമായി നീണ്ടു പോകുന്നതാണ് ഇതിന് ഇടയാക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ ജയിലുകളിൽ അധികവും ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചവയാണ്. അനുബന്ധ കെട്ടിടങ്ങൾ വന്നിട്ടുണ്ടെങ്കിലും ആധുനിക കാലത്തിന് യോജിച്ച സുരക്ഷാ സംവിധാനങ്ങൾ ഉള്ള പുതിയ ജയിലുകൾ നിർമ്മിക്കണമെന്നാണ് പാർലമെന്ററി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിരുന്നത്.

കേരളത്തിലും പഴയ ജയിലുകൾ അല്ലാതെ പുതിയ ജയിലുകൾ വന്നിട്ടില്ല. പാശ്ചാത്യ മാതൃകയിലുള്ള പുതിയ ജയിലുകൾ ഇവിടെയും നിർമ്മിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ തോട്ടങ്ങൾ ഏറ്റെടുത്ത് പത്തനംതിട്ടയിൽ പുതിയ ജയിൽ സ്ഥാപിക്കണമെന്ന ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. പൂജപ്പുര, കണ്ണൂർ ജയിലുകൾ നഗരത്തിൽ നിന്ന് മാറ്റണമെന്നും സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്. ലാഭകരമല്ലാത്തതോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ തോട്ടങ്ങൾ ഇതിനായി ഏറ്റെടുക്കാമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. തോട്ടഭൂമി കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്ന നിയമം വളരെ മുമ്പ് ഉണ്ടാക്കിയതാണ്. പ്രധാനമായും തോട്ടം തൊഴിലാളികളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചായിരുന്നു ഈ നിയമം. ഇന്ന് പല തോട്ടങ്ങളിലും കൃഷി നടക്കുന്നില്ല. അതിനാൽ തന്നെ തൊഴിലാളികളുമില്ല.

ഈ മാറിയ കാലഘട്ടത്തിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി നിർമ്മാണങ്ങൾ അനുവദിക്കാവുന്നതാണ്. പ്ളാന്റേഷൻ കോർപ്പറേഷന്റെ ലാഭകരമല്ലാത്ത തോട്ടങ്ങൾ ജയിൽ നിർമ്മാണത്തിനായി പരിഗണിച്ചാൽ സ്വകാര്യ ഭൂമി ഏറ്റെടുക്കാതെ തന്നെ സർക്കാരിന് ജയിൽ നിർമ്മാണം സാദ്ധ്യമാക്കാവുന്നതാണെന്നും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ ജയിലുകളിലും തടവുകാരുടെ എണ്ണം 20 ശതമാനത്തിലേറെ കൂടുതലാണെന്നും സമിതി കണ്ടെത്തി.

പൂജപ്പുര സെൻട്രൽ ജയിൽ മാറ്റിയാൽ തലസ്ഥാന നഗരത്തിന്റെ മദ്ധ്യഭാഗത്ത് ഏതാണ്ട് 40 ഏക്കർ ഭൂമിയാവും ലഭിക്കുക. പുതിയ സെക്രട്ടേറിയറ്റ് നിർമ്മിക്കുകയാണെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ ഇടമായി അതു മാറുകയും ചെയ്യും.

നെട്ടുകാൽത്തേരിയിൽ 400 ഏക്കർ സ്ഥലമാണുള്ളത്. അവിടെ പുതിയ ജയിൽ നിർമ്മിക്കുകയുമാവാം. പഴയ കാലമല്ലിത്. നിർമ്മാണവും മറ്റും വളരെ വേഗത്തിൽ നടത്താനാവും. പുതിയ ജയിൽ നിർമ്മിക്കാൻ കേന്ദ്ര സഹായവും നേടിയെടുക്കാവുന്നതാണ്. ഇപ്പോൾ നടപടികൾ തുടങ്ങിയാൽ പരമാവധി 5 വർഷത്തിനുള്ളിൽ പുതിയ ജയിലുകൾ പൂർത്തീകരിക്കാനാവും. ജയിലിൽ ഒഴിവ് വരുന്ന സ്റ്റാഫുകളുടെ എണ്ണം നികത്താത്തതും സംഘർഷങ്ങൾ കൂടുന്നതിന് മറ്റൊരു കാരണമാണ്. അതിനാൽ ജയിലുകളിൽ ആവശ്യത്തിന് ജീവനക്കാരെയും വാർഡൻമാരെയും മറ്റും നിയമിക്കാനും നടപടി ഉണ്ടാകേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY