
വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് ഏറ്റവും കൂടുതൽ ഇരകളാകുന്നവർ സീസൺ സമയത്ത് ഗൾഫിൽ നിന്ന് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികളാണ്. ഈ സമയത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമാണ് വർദ്ധിപ്പിക്കാറുള്ളത്. ഓരോ വർഷവും പ്രവാസി സംഘടനകളും മറ്റും ഇതിനെതിരെ ശബ്ദമുയർത്താറുണ്ടെങ്കിലും അതെല്ലാം വനരോദനമായി കലാശിച്ചിട്ടേ ഉള്ളൂ. നേരത്തേയുള്ള നിയമപ്രകാരം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് 24 മണിക്കൂറിനുള്ളിൽ നിരക്കുകളിൽ മാറ്റംവരുത്താൻ അനുവാദമുണ്ടായിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് ഇന്ധനത്തിന്റെ നിരക്ക് കുറയുന്ന വേളയിൽപോലും സീസൺ യാത്രക്കാരെ പോക്കറ്റടിക്കാൻ നിരക്ക് രണ്ടും മൂന്നും ഇരട്ടിയായി കൂട്ടുന്നത്. എന്നാൽ ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനയാത്രാ നിരക്ക് കുത്തനെ കൂട്ടിയ വിമാനക്കമ്പനികളുടെ നടപടി ഇന്ത്യയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതിന് മൂക്കുകയറിടാൻ ഉയർന്ന യാതാക്കൂലിക്ക് പരിധിയും മറ്റും നിശ്ചയിച്ച് കേന്ദ്രം ചട്ടങ്ങൾക്ക് അന്തിമരൂപം നൽകിയിരുന്നെങ്കിലും പാർലമെന്റിൽ പാസാക്കി നിയമമാക്കിയിരുന്നില്ല. ഇത് വിമാനക്കമ്പനികളുടെ സമ്മർദ്ദം മൂലമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ പ്രശ്നത്തിലാണ് ഇപ്പോൾ സുപ്രീംകോടതി ഇടപെട്ടിരിക്കുന്നത്. ചട്ടങ്ങൾക്ക് രൂപംനൽകി ഒന്നര വർഷമായിട്ടും നിയമമാകാൻ വൈകുന്നതെന്താണെന്ന് ഇതുസംബന്ധിച്ച ഹർജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. ഇതിന് മറുപടിയായി ഈ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ (ജൂലായ് 20 മുതൽ ആഗസ്റ്റ് 13വരെ) ബിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിക്കുകയുണ്ടായി. അനിയന്ത്രിതമായ നിരക്ക് വർദ്ധന ജനങ്ങളോടുള്ള ചൂഷണമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി, കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കേസ് വീണ്ടും ആഗസ്റ്റ് 3ന് പരിഗണിക്കും.
പുതിയ ചട്ടങ്ങൾ നിയമമായാൽ കമ്പനികൾക്ക് തോന്നിയപോലെ പെട്ടെന്ന് നിരക്ക് കൂട്ടാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകും. മുൻപ് ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ട പ്രതിസന്ധി ഘട്ടത്തിൽ, കിലോമീറ്റർ ദൂരപരിധി അനുസരിച്ച് ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്ര സർക്കാർ താത്‌കാലികമായി ഉയർന്ന പരിധി നിശ്ചയിച്ച് നിയന്ത്രിച്ചിരുന്നു. സാമൂഹ്യപ്രവർത്തകനായ എസ്. ലക്ഷ്‌മീനാരായണനാണ് ഇതുസംബന്ധിച്ച ഹർജി സുപ്രീംകോടതിയിൽ നൽകിയത്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു സ്വതന്ത്ര നിയന്ത്രണ അതോറിട്ടി രൂപീകരിക്കണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. സ്വകാര്യ വിമാനക്കമ്പനികൾ ഇക്കോണമി ക്ളാസ് യാത്രക്കാർക്ക് സൗജന്യമായി അനുവദിച്ചിരുന്ന 25 കിലോഗ്രാം ചെക്ക് ഇൻ ബാഗേജ് പരിധി 15 കിലോഗ്രാമായി കുറച്ചതും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
ടിക്കറ്റിന്റെ ഭാഗമായിരുന്ന സേവനത്തെ പുതിയ വരുമാന മാർഗമായി മാറ്റിയതാണെന്നും ചെക്ക് ഇൻ ബാഗേജ് ഉപയോഗിക്കാത്ത യാത്രക്കാർക്ക് യാതൊരു ഇളവോ ആനുകൂല്യമോ നൽകുന്നില്ലെന്നും ഇത് വിവേചനപരമാണെന്നും ഹർജിയിൽ പറയുന്നുണ്ട്. കേസ് അന്തിമമായി തീർപ്പാക്കുമ്പോൾ ഇക്കാര്യങ്ങളിലൊക്കെ സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളടക്കമുള്ള യാത്രക്കാർ. ഇൻഡിഗോ പ്രതിസന്ധി ഉണ്ടായപ്പോൾ വിമാന ടിക്കറ്റിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയ പരിധി 500 കിലോമീറ്റർ വരെ 7500 രൂപയും 1000 കിലോമീറ്റർ മുതൽ 1500 കിലോമീറ്റർവരെ 15,000 രൂപയുമാണ് നിശ്ചയിച്ചിരുന്നത്. 1500 കിലോമീറ്ററിന് മുകളിൽ 18,000 രൂപയും. ഇതിൽനിന്ന് നിരക്കുകളിൽ വ്യത്യാസം ഉണ്ടാകുമോ എന്നത് പുതിയ നിയമം പാർലമെന്റ് പാസാക്കുമ്പോൾ മാത്രമേ അറിയാനാകൂ. എന്തായാലും ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയും നാലിരട്ടിയും കൂട്ടുന്ന ഏർപ്പാട് നിയമം വന്നാൽ തടയപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |