
ദേശീയപാത 66ന്റെ നിർമ്മാണം കേരളത്തിന്റെ മറ്റു ഭാഗങ്ങളിലൊക്കെ വളരെയേറെ പുരോഗമിച്ചിട്ടും കഴക്കൂട്ടം- കടമ്പാട്ടുകോണം റീച്ചിൽ അമ്പതു ശതമാനംപോലും പൂർത്തിയായിട്ടില്ല. അതേസമയം കടമ്പാട്ടുകോണം മുതൽ കൊല്ലം വരെയുള്ള 94 ശതമാനം പണി തീർന്നിരിക്കുകയാണ്. മറ്റെല്ലായിടത്തും പണി തീർന്നാലും തലസ്ഥാന നഗരിയുമായി മറ്റു ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കഴക്കൂട്ടം- കടമ്പാട്ടുകോണം റീച്ച് അടുത്ത ഒന്നര വർഷത്തിനുള്ളിലും തീരാൻ പോകുന്നില്ല. ഇതുകാരണം ഈ മേഖലയിലൂടെ സഞ്ചരിക്കേണ്ടി വരുന്ന യാത്രക്കാരടക്കം വർഷങ്ങളായി ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് അപകടങ്ങളും ഈ മേഖലയിൽ കൂടുതലായി സംഭവിക്കുന്നു.
ഈ റൂട്ടിലെ നിർമ്മാണം ആദ്യം ഏൽപ്പിച്ച കമ്പനിയിൽ നിന്ന് മാറ്റി പൂനെ ആസ്ഥാനമായ ആർ.കെ.സി ഇൻഫ്രാസ്ട്രക്ചറിന് ഉപകരാർ നൽകിയിരുന്നു. പുതിയ കമ്പനി ഏറ്റെടുത്തിട്ടും നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്. ആദ്യത്തെ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയാൽ നിയമക്കുരുക്കുകൾ ഉണ്ടാകുമെന്നതിനാൽ അവർക്ക് പിഴയിടുക മാത്രമാണ് ദേശീയപാതാ അതോറിട്ടി ചെയ്തത്. മണ്ണിന്റെ ലഭ്യതക്കുറവും മഴയുടെ തടസവും മറ്റുമാണ് നിർമ്മാണ ജോലികൾ വൈകുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ അതിനപ്പുറമുള്ള കടമ്പാട്ടുകോണം- കൊല്ലം റീച്ചിന്റെ നിർമ്മാണത്തിന് ഇതൊന്നും തടസമായില്ല എന്നതും വിലയിരുത്തപ്പെടേണ്ടതാണ്. നിലവിൽ കഴക്കൂട്ടം മുതൽ വെട്ടുറോഡ് വരെയും പള്ളിപ്പുറത്തും പണി നടക്കുന്നുണ്ട്. മറ്റുള്ള സ്ഥലങ്ങളിലെല്ലാം മെല്ലെപ്പോക്കാണ്. 2022ൽ ആരംഭിച്ച പദ്ധതി ഒരു ഘട്ടത്തിലും നിശ്ചിത വേഗത്തിൽ മുന്നോട്ടുപോയില്ല.
ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന ഈ പദ്ധതി അടുത്ത ഡിസംബറിലും തീരുന്ന മട്ടില്ല. ഇതിനോടൊപ്പം തുടങ്ങിയ 11.50 കിലോമീറ്റർ വരുന്ന ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമ്മാണവും പലയിടത്തും നിലച്ച രീതിയിലാണ്. മേൽപ്പാത, അടിപ്പാത, സർവീസ് റോഡുകൾ എന്നിവ തുടങ്ങിയിടത്തു തന്നെ നിൽക്കുന്നു. ബൈപ്പാസിന്റെ ചിലയിടങ്ങളിൽ റോഡിന്റെ സ്ട്രക്‌ചർ പോലും പൂർത്തിയായിട്ടില്ല. മുപ്പത് മീറ്ററിലേറെ മണ്ണ് നീക്കിയ ചില സ്ഥലങ്ങളിൽ മേൽപ്പാലം നിർമ്മിക്കാത്തതിനാൽ അപകട സാദ്ധ്യതയും വർദ്ധിച്ചിരിക്കുന്നു. ഇതിനിടെ കഴക്കൂട്ടം- കടമ്പാട്ടുകോണം റീച്ചിൽ 12 ഉയരപ്പാതകളുടെയും രണ്ട് കട്ട് ആൻഡ് കവർ ടണലുകളുടെയും ഒരു അടിപ്പാതയുടെയും നിർമ്മാണത്തിന് 959.25 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ഇതുതന്നെ നേരത്തേ ചെയ്യേണ്ടതായിരുന്നു. ഇനി ടെൻഡർ പൊട്ടിക്കുന്നത് അടുത്ത മാസം അവസാനത്തോടെയാകും. അതിനു ശേഷമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കരാർ ലഭിക്കുന്ന കമ്പനി നിർമ്മാണം തുടങ്ങുമ്പോഴേക്കും മാസങ്ങൾ വൈകാനാണിട.
കേരളത്തിലെ കനത്ത മഴയും മണ്ണിന്റെ ഘടനയും കണക്കിലെടുത്ത് ഹൈവേ രൂപരേഖയിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ ടെൻഡർ നടപടി. പുതിയ ടെൻഡർ അനുസരിച്ചുള്ള പണികൾ ദേശീയപാതാ നിർമ്മാണത്തെ ബാധിക്കില്ലെന്നാണ് ദേശീയപാതാ അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും അത് പൂർണമായും ശരിയാകാനിടയില്ല. പുതിയ ടെൻഡർ എടുക്കുന്ന കരാറുകാരന് അനുവദിച്ചിരിക്കുന്ന സമയം ഒന്നര വർഷമാണ്. അങ്ങനെ നോക്കിയാൽ പോലും പണി പൂർത്തിയാകുന്നത് 2028ൽ മാത്രമാകും. ടെക്‌നോപാർക്ക് ഫേസ് നാല്, സി.ആർ.പി.എഫ് ജംഗ്ഷൻ, മാമം എന്നിവിടങ്ങളിൽ ഉയരപ്പാതകൾ നിർമ്മിക്കും. ബൈപ്പാസിൽ വാമനപുരം നദിക്ക് സമീപവും മണ്ണിന് ഉറപ്പില്ലാത്ത ഇടങ്ങളിലും മേൽപ്പാലം നിർമ്മിക്കും. ഇതെല്ലാം പൂർത്തിയായി വരാൻ ഇനിയും സമയമെടുക്കും. അതിനകം ദേശീയപാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള ശ്രമമാണ് ദേശീയപാതാ അതോറിട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |