SignIn
Kerala Kaumudi Online
Friday, 24 July 2026 3.46 AM IST

നിയമംകൊണ്ടു മാത്രം എല്ലാമാകുമോ?​

1

കലാലയങ്ങളിൽ റാഗിംഗ് തടയുന്നതിന് നിയമം കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹവും ആശ്വാസജനകവുമാണ്. വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അതിക്രൂരമായ റാഗിംഗിന് ഇരയാവുകയും,​ അതിന്റെ ശാരീരിക ക്ഷതങ്ങളും മാനസികാഘാതവും താങ്ങവയ്യാതെ ജീവനൊടുക്കുകയും ചെയ്ത ജെ.എസ്. സിദ്ധാർത്ഥിന്റെ പേര് പുതിയ നിയമത്തിനു നല്കാനുള്ള തീരുമാനവും ഉചിതം തന്നെ. റാഗിംഗുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുവാൻ സജ്ജമാക്കുന്ന ആപ്പിന് 'സിദ്ധാർത്ഥ് ‌ഡിസ്ട്രസ് ആപ്പ്' എന്നായിരിക്കും പേര്. ഇതൊന്നും ആ പാവം വിദ്യാർത്ഥിയോട് മരണാനന്തരം പുലർത്തുന്ന നീതിയായി വിചാരിക്കാനോ വ്യാഖ്യാനിക്കാനോ ആവില്ലെങ്കിലും,​ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് കാടത്തത്തിന് അറുതിവരുത്തുവാനുള്ള ഒരുക്കങ്ങൾക്ക് സിദ്ധാർത്ഥിന്റെ ജീവൻ ഒരു കാരണമായി പരിണമിച്ചുവെന്ന് കരുതാം.

കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ്,​ കോളേജിൽ ചില അദ്ധ്യാപകർ ഉൾപ്പെടെ നടത്തിയ ജാതീയ അധിക്ഷേപത്തിലും മാനസിക പീഡനത്തിലും മനംനൊന്ത് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഒളിച്ചുകളിയുടെ വിവരങ്ങൾ വിവാദമാകുന്നതിനിടെയാണ്,​ നേരത്തേ റാഗിംഗിന് ഇരയായി ജീവനൊടുക്കിയ സിദ്ധാർത്ഥിന്റെ പേരിൽ നിയമത്തിന് വഴിയൊരുങ്ങുന്നത്. നിതിൻ രാജിന്റെ ആത്മഹത്യയിൽ മുഖ്യപ്രതിയായ അദ്ധ്യാപകൻ ഡോ. റാമിനെ നൂറു ദിവസം കഴിഞ്ഞ് പൊലീസ് അറസ്റ്ര് ചെയ്തെങ്കിലും, രക്ഷപ്പെടാൻ അതിനു പിന്നാലെ തന്നെ പഴുതൊരുക്കിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുധീർ കല്ലന് എതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം അതിരൂക്ഷമായ പരാമർശങ്ങളാണ് നടത്തിയത്. പ്രതിയായ അദ്ധ്യാപകനെ രക്ഷിക്കാൻ പൊലീസ് തലപ്പത്ത് ഗൂഢാലോചന ഉണ്ടായെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു.

കലാലയങ്ങളിൽ അദ്ധ്യാപകർ കൂടി അംഗങ്ങളായ റാഗിംഗ് വിരുദ്ധ സമിതികളുണ്ട്. നിതിൻരാജിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മുഖ്യപ്രതിയായ അദ്ധ്യാപകൻ ഡോ. എം.കെ. റാം ആ കോളേജിലെ റാഗിംഗ് വിരുദ്ധ സെല്ലിന്റെ മേധാവിയായിരുന്നു എന്നതാണ് വിചിത്രം. റാഗിംഗിന് ഇരകളാകുന്ന ജൂനിയർ വിദ്യാർത്ഥികളുടെ പരാതികൾ കേൾക്കാൻ ചുമതലപ്പെട്ട സമിതിയുടെയും,​ വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കേണ്ട അദ്ധ്യാപകരുടെയും,​ ഇരകൾക്ക് നീതി ഉറപ്പാക്കാൻ ബാദ്ധ്യസ്ഥരായ അന്വേഷണ ഉദ്യോഗസ്ഥരുടെയും മനോഭാവവും ചെയ്തികളും ഏതു വിധത്തിലാണെന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. നിയമം കണ്ണടയ്ക്കുന്നിടത്തെല്ലാം,​ നീതിയുടെ ശബ്ദമായി കോടതികൾക്ക് ഇടപെടേണ്ടിവരുന്നത് നിയമസംവിധാനത്തിന്റെ പോരായ്ക തന്നെയാണ്. എന്തിനാണ് ഇവിടെ പൊലീസ് എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചത്,​ സാധാരണജനങ്ങളുടെ ശബ്ദം തന്നെയാണ്. റാഗിംഗ് വിരുദ്ധ നിയമം കൊണ്ടുവരാനിരിക്കെ,​ ഇവിടെ നിയമമില്ലേ എന്ന് ജനങ്ങൾക്ക് ചോദിക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണകർത്താക്കളാണ്.

നിയമം വരികയും ഇരകൾക്ക് നീതിയും കുറ്റവാളികൾക്ക് ശിക്ഷയും ഉറപ്പാവുകയും ചെയ്യട്ടെ. പക്ഷേ,​ വേദനിപ്പിക്കുന്നതിലൂടെ ആനന്ദം കണ്ടെത്തുന്ന,​ സമൂഹത്തിലെ ഒരു കൂട്ടരുടെ മനോരോഗത്തിന് എന്താണ് പരിഹാരം?​ സ്വന്തം സഹോദരങ്ങളായി കരുതി ഒപ്പം നിറുത്തേണ്ട ജൂനിയർ വിദ്യാർത്ഥികളെ പുറത്തു പറയാനാവാത്തത്ര മ്ളേച്ഛവും ക്രൂരവുമായ പീഡനമുറകൾകൊണ്ട് മരണത്തിന് വിട്ടുകൊടുക്കുന്ന 'ജ്യേഷ്ഠന്മാരെ' എങ്ങനെയാണ് ചികിത്സിക്കേണ്ടത്?​ കുട്ടികളെ നേർവഴിക്ക് നയിക്കേണ്ടവരും അവർക്ക് രക്ഷയുടെ കൈത്തലമൊരുക്കി ചേർത്തുപിടിക്കേണ്ടവരുമായ അദ്ധ്യാപകർക്ക് എന്താണ് സംഭവിക്കുന്നത്?​ കുറ്റവാളികളുമായി കൂട്ടുചേർന്നും,​ അവരുടെ ഔദാര്യം പറ്റിയും രക്ഷയ്ക്ക് പഴുതൊരുക്കുന്ന പൊലീസിന് എന്താണ് പറ്റിയത്?​ നിയമംകൊണ്ട് ഒരു കുറ്റകൃത്യവും അവസാനിക്കുകയില്ല. അതിന്റെ നടത്തിപ്പ് നീതിപൂർവകമാകുന്നു എന്നാണ് ഉറപ്പുവരുത്തേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY