SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തണം

a

കടലിൽ മറഞ്ഞ മൂന്ന് മനുഷ്യജീവനുകൾക്ക് വേണ്ടിയുള്ള തെരച്ചിൽ പന്ത്രണ്ട് ദിവസം പിന്നിട്ടും തുടരുകയാണ്. കൊല്ലം നീണ്ടകര സ്വദേ‌‌ശി ഗൗതംകൃ‌ഷ്ണ, തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിൻ, വിഴിഞ്ഞത്ത് കാണാതായ ജോണി എന്നിവരെക്കുറിച്ച് ആശ്വാസ സൂചനകളൊന്നും ഇനിയും ലഭിച്ചിട്ടില്ല. കടലിൽ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ഇതുപോലെ കടലിൽ കാണാതാവുന്നവരെ തെരയാനും കു‌റ്റമറ്റ സ്ഥിരം സംവിധാനം സംസ്ഥാനത്ത് ഏർപ്പെടുത്തുമെന്ന് കാണാതായവരുടെ വീട്ടി‌ലെത്തി കുടും‌ബാം‌ഗങ്ങളെ ആശ്വസി‌പ്പിച്ചതിന് ‌ശേഷം മാദ്ധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി വി.ഡി. സത‌ീശൻ വെളി‌പ്പെടുത്തുകയു‌ണ്ടായി‌. ‌ഇത്തരം സന്ദർഭങ്ങളിൽ തെരച്ചിൽ നടത്താൻ വിവി‌ധ ഏജൻസികൾ ഉണ്ടെങ്കിലും അവ തമ്മിലുള്ള ഏകോപനം കാര്യക്ഷമമല്ല. ഇതാണ് പലപ്പോഴും കാണാതായവരുടെ ബന്ധുക്കളുടെ പരാത‌ിക്കും കടപ്പുറത്ത് വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തിനും മ‌റ്റും ഇടയാക്കുന്നത്‌.

അപകട‌‌ങ്ങളിലും അത്യാഹിതങ്ങളിലും പെടുന്നവരെ രക്ഷിച്ച് കരയിലെത്തിക്കേണ്ട ചുമതല തീരരക്ഷാ ഏ‌ജൻസികളായ തീരസംരക്ഷണ സേന, തീരദേശ പൊലീസ് എന്നിവർക്കുണ്ട്. ഇവരെ സഹായിക്കാനും രക്ഷാപ്രവർത്തന‌‌ങ്ങളിൽ ഏർപ്പെടാനും ഫിഷറീസ് വകു‌പ്പിന് കീ‌ഴിലെ സുരക്ഷാ വിഭാ‌ഗമായ മറൈൻ എൻഫോഴ്‌‌സ്‌മെന്റും രംഗത്തു‌ണ്ട്. ഈ വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് ‌ഒരു സ്ഥിരം സംവി‌ധാനത്തിന് രൂപം നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഏജൻസികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടവയല്ല. തെരച്ചിലിനായി ഉപയോഗിക്കുന്ന ബോട്ടുകൾ പഴയതാണെന്നും ആക്ഷേപമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കടലിൽ തെരച്ചിൽ നടത്തുന്നതിനുള്ള ആധുനിക സാങ്കേതിക യന്ത്രസംവിധാനങ്ങളുള്ള ബോട്ടുകൾ വാങ്ങേണ്ടതാണ്. മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായാൽ ആദ്യത്തെ രണ്ട് ദിവസ‌‌ങ്ങളിൽ നടത്തുന്ന തെരച്ചിൽ വളരെ നിർണായകമാണ്.

വള്ളം മറിഞ്ഞ് കടലിൽ പെടുന്നവരെ പലപ്പോഴും മറ്റ് ബോട്ടുകളിലുള്ള മത്സ്യത്തൊഴിലാളികൾ തന്നെയാണ് രക്ഷിച്ചി‌ട്ടുള്ളത്. ഫിഷറീസ് വകു‌പ്പിന്റെ മറൈൻ പൊലീസിനുള്ളത് ക‌ണ്ടം ചെയ്യാറായ പഴയ വാടക ബോട്ടുകളാണെന്നും മത്സ്യത്തൊഴിലാളി സംഘടനകൾ പറയുന്നു.‌ ഇത്തരം ‌ബോട്ടുകൾക്ക് ലക്ഷ‌‌ങ്ങളാണ് വാടകയായും മ‌‌റ്റും നൽകുന്നത്. സർക്കാർ രൂപം നൽകിയ മ‌റൈൻ ആംബുലൻസ് പദ്ധതിയും ഫലപ്രദമായില്ല. സമയ‌ബന്ധിതവും അവസരോചിതവുമായി രക്ഷാപ്രവർത്തനം നടത്താൻ ആവശ്യമായ പട്രോൾ ബോട്ടുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്നതാണ് ബന്ധപ്പെട്ട ഏജൻസികളെ നി‌‌ഷ്‌ക്രിയരാക്കുന്നത്. ഇത് പരിഹരിച്ച് വിവിധ ഏ‌ജൻസിക‌ൾ സംയോജി‌പ്പിച്ച് സ്ഥിരം സംവിധാനം ‌ഉണ്ടാക്കുകയും നേവിയുടെ സഹായം ഏതു നിമി‌ഷവും ല‌‌ഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്‌താൽ തെരച്ചിൽ ഫലപ്രദമായി മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കാലാവസ്ഥാ പ്രവചനം കൃത്യതയോടെയാണെന്ന് ഉറപ്പുവരുത്തുന്ന, രാ‌ജ്യത്തിനുതന്നെ മാതൃകയാകാവുന്ന സംവിധാനം വേണം സംസ്ഥാനത്ത് വികസിപ്പിക്കേണ്ടത്.

പുതിയ സംവിധാനത്തിൽ പ്രാദേശിക പങ്കാളിത്തവും ഉറപ്പാക്കണം. ഇതിനായി മത്സ്യത്തൊഴിലാളികളുടെ പ്രാതിനിദ്ധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കടലിൽ പോകുന്നവരും തീരദേ‌ശ ഏജൻസികളും തമ്മിൽ നിരന്തരം ‌ബന്ധ‌പ്പെടാനുള്ള കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളാണ് ആദ്യം സജ്ജമാക്കേണ്ടത്. അപകടം സംഭവിച്ചതായ മുന്നറിയിപ്പ് ലഭിച്ചാലുടൻ മുകളിൽ നിന്ന് മറ്റ് ഉത്തരവുകൾ വരുന്നതിന് മുമ്പ് തന്നെ രക്ഷാപ്രവർത്തനം തുടങ്ങാൻ പറ്റുന്ന തരത്തിലുള്ള കുറ്റമ‌റ്റ സംവിധാനത്തിനാണ് രൂപം നൽകേണ്ടത്. ഉറ്റവരെയും ഉടയവരെയുമൊക്കെ കടലിൽ കാണാതാവുന്ന സന്ദർഭങ്ങളിൽ തീരദേശവാസികൾ രൂക്ഷമായി പ്രതികരിക്കുക സ്വാഭാവികമാണ്. അത് ഉൾക്കൊള്ളാനും അവരെ പരിഹസിച്ചോ കുറ്റപ്പെടുത്തിയോ സംസാരിക്കാതിരിക്കാനുമുള്ള പക്വതയും ഭരണാധികാരികൾ പുലർത്തേണ്ടത് ആവശ്യമാണ്.

English Summary

The search for three people who went missing at sea is still continuing, even after 12 days. Rescue teams remain engaged in efforts to trace the missing persons.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL, SEA, SEARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY