SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

നേതൃത്വവും തിരുത്തും

g

സി.പി.എമ്മിലെ തെറ്റുതിരുത്തൽ താഴെത്തലം മുതൽ നേതൃത്വംവരെ ഉണ്ടാകുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഒരു മാദ്ധ്യമത്തിന് നൽകുന്ന ആദ്യ അഭിമുഖത്തിൽ കെ.കെ.ശൈലജ കേരളകൗമുദിയോടു സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ:

?തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെത്തുടർന്ന് പാർട്ടി തെറ്റ് തിരുത്തുമെന്ന് പറയുന്നു. എന്താണ് തെറ്റ്. സംഘടനാ ദൗർബല്യമെന്ന് പറഞ്ഞ് സാമാന്യവത്‌കരിക്കലാണോ.

പാർട്ടി എന്തുകൊണ്ട് തോറ്റു

തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണുണ്ടായത്. അത് ഏതെങ്കിലും പാർട്ടി സഖാക്കൾ തെറ്റ് ചെയ്‌തതുകൊണ്ടെന്ന വിലയിരുത്തലിലല്ല എത്തിച്ചേർന്നത്. പരാജയ കാരണങ്ങളിൽ പാർട്ടിയുടെ ഭാഗത്തുള്ള പോരായ്മകൾ ഉണ്ട്. അത് പരിശോധിച്ചുവരികയാണ്. എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന ചോദ്യത്തിന്റെ ഉത്തരം രാഷ്ട്രീയപരമാണ്. കേരളത്തിൽ ഇടതുപക്ഷ ഭരണം തുടരുന്നതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പ്രതിലോമ രാഷ്ട്രീയം ഇവിടെയുണ്ട്. കോൺഗ്രസും ബി.ജെ.പിയും കൈയാളുന്ന രാഷ്ട്രീയം. പത്തുവർഷമായി തുടർച്ചയായി ഭരിക്കുന്ന ഇടതുപക്ഷം വീണ്ടും ഭരിക്കേണ്ടെന്നായിരുന്നു അവരുടെ മുദ്ര‌ാവാക്യം.

?രണ്ട് ടേം എൽ.ഡി.എഫിനെ വിജയിപ്പിച്ച ജനം ഇപ്പോൾ യു.ഡി.എഫിനെ ജയിപ്പിച്ചു.

അത് ജനം ചെയ്ത തെറ്റാണോ

തെറ്റ് ചെയ്‌തെന്ന് പറയാൻ കഴിയില്ല. പക്ഷേ ചില പ്രചാരണങ്ങൾക്ക് ജനം വശംവദരായി. ഇടതുപക്ഷം വീണ്ടും വന്നാൽ അത് ബി.ജെ.പിക്കു ഗുണകരമായി തീരുമെന്നായിരുന്നു ഒരു പ്രചാരണം.മതന്യൂനപക്ഷങ്ങൾക്കിടയിൽ അങ്ങനെയൊരു പ്രചാരണം വന്നു. ബി.ജെ.പി ആഗ്രഹിച്ചത് ഇടതുപക്ഷം വരരുതെന്നാണ്. എസ്.ഐ.ആർ കൊണ്ടുവന്നത് പിണറായി ആണെന്നുവരെ പ്രചരിപ്പിച്ചു.

?തിരുത്താൻ വേണ്ടിയുള്ള തെറ്റൊന്നും പാർട്ടി ചെയ്‌തിട്ടില്ലേ

തെറ്റ് ചെയ്‌തിട്ടുണ്ട്. പത്തു വർഷക്കാലമായി ഞങ്ങളുടെ സംഘടന കുറച്ചു

ദുർലബമായി. കുറച്ചല്ല നല്ലവണ്ണം.

?ആരുടെ കുഴപ്പം

ഞങ്ങളെല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു. പാർട്ടി സംഘടന ദുർബലമായത് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ആ ദൗർബല്യം പരിഹരിക്കുന്നതിനുള്ള നടപടികൾ താഴേത്തട്ടു മുതൽ നടത്തണം. പാർട്ടി സഖാക്കളുടെ ജീവിത രീതികളെക്കുറിച്ച് വലിയ വിമർശനമുണ്ടായി. പെരുമാറ്റം എല്ലാം വിമർശനവിധേയമായിട്ടുണ്ട്. അതെല്ലാം തിരുത്തി പോകണം. അതു മാത്രമാണ് പരാജയ കാരണമെന്നും പറയുന്നില്ല.

?തിരുത്തുമെന്ന് പറയുമ്പോൾ നേതൃത്വത്തിൽ തിരുത്തലില്ലല്ലോ

നേതൃത്വവും തിരുത്തും, താഴെത്തലം വരെ തിരുത്തും.

?നേതൃത്വം തിരുത്തുമെന്നാണോ, നേതൃത്വത്തെ തിരുത്തുമെന്നാണോ

രണ്ടർത്ഥത്തിലും അത് ശരിയാണ്. താഴെത്തലം വരെയുള്ള സഖാക്കൾ ചർച്ച ചെയ്യുന്നത് നേതൃത്വത്തെ തിരുത്താനാണ്. നേതൃത്വം ചർച്ചചെയ്യുന്നത് താഴെത്തലം വരെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടുപോകാൻ വേണ്ടിയാണ്. പാർട്ടിയിൽ വിമർശനവും സ്വയം വിമർശനവും കുറഞ്ഞുപോകുന്നു.

?നേതൃത്വത്തിൽ മാറ്റം വരുമെന്നാണോ. പാർട്ടി സംസ്ഥാന സെക്രട്ടറി തുടരുന്നു. മുൻമുഖ്യമന്ത്രി പ്രതിപക്ഷ നേതാവായി. മാറ്റമില്ലല്ലോ

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അങ്ങനെയൊരു രീതിയില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഉടൻ നേതാവിനെ മാറ്റുന്നത് ബൂർഷ്വാ പാർട്ടി ശൈലിയാണ്. ഇത് കൂട്ടുത്തരവാദിത്വമുള്ള പാർട്ടിയാണ്. ഏതെങ്കിലും ഒരു വ്യക്‌തിയെ ഒഴിവാക്കുക എന്നതല്ല. കൂട്ടായി കാര്യങ്ങൾ പരിഹരിക്കുകയെന്നതാണ്.

?പാർട്ടിയിൽ പ്രവർത്തിക്കുന്ന പല നേതാക്കളുടെയും ശൈലി ബൂർഷ്വാ ശൈലിയല്ലേ

ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കാൻ തുടങ്ങിയകാലം മുതൽ കേൾക്കുന്നതാണ്. ഒരു മുതലാളിത്ത സമൂഹത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്. വളരെ ആഡംബര ജീവിതം അതിലൊന്നാണ്. ചിലപ്പോൾ അത് ഇടതുപ്രവർത്തകരെയും പിടികൂടും. മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് നിരന്തരമായി പറയാറുണ്ട്.

?ഈ മൂല്യങ്ങളിൽ നിന്നകന്നുപോയ ഒരുപിടി ആൾക്കാരിലേക്ക് പാർട്ടിയും ഭരണവും ചുരുങ്ങിയില്ലേ

അങ്ങനെയൊരു വിലയിരുത്തൽ പാർട്ടിയിൽ നടന്നിട്ടില്ല. എല്ലാ വിഭാഗത്തിലുമുള്ള പോരായ്മകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കൈയിലേക്ക് പാർട്ടിക്കു ചുരുങ്ങാൻ സാധിക്കില്ല. ഏതെങ്കിലും ഒരു വ്യക്‌തിയെ കേന്ദ്രീകരിച്ച് അയാൾ മാറിനിന്നാൽ എല്ലാം ശരിയാകുമെന്നു പറയാൻ പാർട്ടിക്കു സാധിക്കുകയില്ല. തിരുത്തി മുന്നോട്ടുപോവുകയാണ്. തങ്ങൾക്ക് ഇതു ബാധകമല്ലെന്ന തരത്തിൽ പ്രവർത്തിച്ചാൽ അവർ പാർട്ടിയിൽ ഉണ്ടാവുകയില്ല. തിരുത്താത്തവർ കുറവാണ്.

?ആഡംബര ജീവിതമല്ലേ പലരും നയിക്കുന്നത്

മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടെന്നോ നല്ല കുപ്പായം ഇടേണ്ടയെന്നോ പറഞ്ഞിട്ടില്ല.

പക്ഷേ, ഇവ അവനവൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ടല്ലെങ്കിലേ ചോദ്യം വരൂ.

?അങ്ങനെ ചോദിക്കാവുന്ന ഒരുപിടി ആൾക്കാൻ ഇപ്പോഴുമില്ലേ.

ചോദിക്കേണ്ടതെല്ലാം ചോദിച്ചിട്ടുണ്ട്.

?മട്ടന്നൂരിൽ റെക്കാഡ് ഭൂരിപക്ഷത്തിൽ ജയിച്ച ടീച്ചറെ പേരാവൂർ

സീറ്റ് പിടിച്ചെടുക്കാനെന്നു പറഞ്ഞ് നിറുത്തി ഒതുക്കി തോൽപ്പിക്കുകയായിരുന്നില്ലേ

അങ്ങനെ പറയാൻ പറ്റുമോ? പാർട്ടി ഇത്തവണ ഒരു തീരുമാനം എടുത്തിരുന്നു. രണ്ടു ടേം തുടർച്ചയായി മത്സരിച്ചു ജയിച്ചവർ നന്നായി പാർട്ടിക്കു ജയിക്കാവുന്ന മണ്ഡലമാണെങ്കിൽ മത്സരിക്കേണ്ടതില്ല. എന്നാൽ ആ മണ്ഡലത്തിൽ ആ സ്ഥാനാർത്ഥി മത്സരിച്ചാലേ ജയിക്കുകയുള്ളുവെങ്കിൽ ടേം നോക്കേണ്ടതില്ല.

?പലർക്കും അത് ബാധകമായില്ല

ഞാനും എ.എൻ.ഷംസീറും കണ്ണൂരിൽ മത്സരിക്കേണ്ടതില്ലെന്ന ആലോചനയാണ് ആദ്യം വന്നത്.

?രണ്ടുപേരെയും ഒതുക്കുകയായിരുന്നില്ലേ

അങ്ങനെ പറയാൻ സാധിക്കുകയില്ല. പാർട്ടി തീരുമാനം ഞങ്ങൾ ശിരസാവഹിച്ചു. എന്നാൽ പാർട്ടി പാനലിൽ എന്നെക്കൂടി ഉൾപ്പെടുത്തി. അങ്ങനെ പേരാവൂർ സീറ്റ് പിടിച്ചെടുക്കാമെന്നു കരുതി. ഞങ്ങൾ തോൽക്കുമെന്ന് കണക്കുകൂട്ടിയിരുന്നില്ല.

?തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസവും 100 സീറ്റ് നേടുമെന്നാണ്

നേതാക്കൾ പറഞ്ഞത്

ജനങ്ങളുടെ പൾസ് തിരിച്ചറിയാൻ പാർട്ടിക്കു കഴിഞ്ഞില്ല. സ്‌ക്വാഡ് പ്രവർത്തനത്തിന്റെ ഭാഗമായി വീടുകയറുമ്പോൾ നിങ്ങൾ മോശമാണെന്നോ ഭരണം മോശമാണെന്നോ പ്രചാരണം ഉണ്ടായിട്ടില്ല.

?ജനങ്ങളിൽ നിന്നകന്നുപോയില്ലേ

വേണ്ടത്ര ജനങ്ങളിലേക്കെത്തുന്നതിൽ പരാജയപ്പെട്ടുവെന്നു പറയാം.

?ഒന്നാം പിണറായി സർക്കാരിൽ ഏറ്റവും തിളങ്ങിയ മന്ത്രിയായിട്ടും

ആരുടെയെങ്കിലും കണ്ണിലെ കരടായി മാറിയതുകൊണ്ടാണോ രണ്ടാംടേമിൽ മന്ത്രിയാകാതിരുന്നത്

അതൊന്നും അങ്ങനെ ചിന്തിക്കാൻ ഞാൻ ആളല്ല. അതൊരു ഗവൺമെന്റിന്റെഭാഗമായി ഞാൻ ചെയ്‌ത കാര്യമാണ്. എന്റെ ഉത്തരവാദിത്വം എന്റെ ടീമിനൊപ്പം നന്നായി നിറവേറ്റി. തിളങ്ങിയ എന്ന വാദം ഞാൻ ഉള്ളിലേക്കെടുക്കുന്നില്ല.

?മാഗ്‌സസെ അവാർഡ് വാങ്ങാതിരുന്നിൽ ഖേദമില്ലേ?

ഇല്ല. അത് തീരുമാനമായിരുന്നു.

?​ചിലരുടെ അനിഷ്ടം കൊണ്ടല്ലേ വാങ്ങാതിരുന്നത്

അങ്ങനെയൊന്നും വ്യാഖ്യാനിക്കാൻ സാധിക്കില്ല.

?​ടീച്ചറുടെ ജനപ്രീതി ആരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടോ

ആരെയെങ്കിലും ഭയപ്പെടുത്താൻ മാത്രം ജനപ്രീതി എനിക്കുണ്ടെന്ന് ഞാൻ

കരുതുന്നില്ല. ജനങ്ങളുടെ വിഷമസന്ധിയിൽ ഒപ്പം നിന്നതിനാൽ ചിലർക്ക് സ്‌നേഹം ഉണ്ടാകാം.

(കൂടുതൽ വിഷയങ്ങളിലുള്ള കെ.കെ. ശൈലജയുടെ പ്രതികരണം അറിയാൻ ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK SHAILAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY