SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

പിതൃതർപ്പണ മഹിമ

1

നാളെ കർക്കടക വാവ്. കറുത്തവാവിനാണ് വിശിഷ്ടമായ ബലിതർപ്പണം നടക്കുന്നത്. ബലിയിടുക എന്നാൽ ഭക്ഷണം നൽകുക എന്നാണ്. ഹൃദയശുദ്ധിയോടെയുള്ള ഈ സമർപ്പണം, അർപ്പണം എന്ന തൃപ്തിപ്പെടുത്തലിനോട് ചേർന്നു നിൽക്കുന്നു.

നാളെ കർക്കടക വാവ്. പിതൃതർപ്പണത്തിന്റെ മഹനീയത വിളിച്ചറിയിക്കുന്ന ജീവിതത്തിന്റെ കമനീയ മുഹൂർത്തം. ജീവിക്കുന്നവരും ജീവിതം കടന്നുപോയവരും തമ്മിലുള്ള ഐകരൂപ്യം അഥവാ ഹൃദയാർപ്പണം ചെയ്യുന്ന ധന്യവേള. ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും പിതൃപൂജകൾ മുറതെറ്റാതെ ചെയ്തു പോന്നിട്ടുണ്ട്. പിതൃക്കൾക്ക് ബലിയിടുന്നത് ശക്തിയുള്ള പുണ്യകർമ്മമായി കരുതുന്നു. ശുക്ലപക്ഷത്തിലെയും കൃഷ്ണപക്ഷത്തിലെയും പതിനഞ്ചാമത്തെ തിഥി സൂര്യനെ ചുറ്റിവരുമ്പോൾ സൂര്യനും ചന്ദ്രനും ഒരേ ബിന്ദുവിൽ വരുന്ന ദിവസമാണ് കറുത്തവാവ്. കറുത്തവാവിനെയാണ് അമാവാസിയെന്നു പറയുന്നത് (ചന്ദ്രൻ സൂര്യനിൽ നിന്നകലാൻ തുടങ്ങുമ്പോൾ വെളുത്തവാവ് തുടങ്ങുന്നു. സൂര്യനുനേരെ എതിരെ വരുമ്പോഴുള്ള വെളുത്തവാവിനെ പൗർണ്ണമി എന്നുപറയുന്നു).

കറുത്തവാവിനാണ് വിശിഷ്ടമായ ബലിതർപ്പണം നടക്കുന്നത്. ബലിയിടുക എന്നാൽ ഭക്ഷണം നൽകുക എന്നാണ്. ഹൃദയശുദ്ധിയോടെയുള്ള ഈ സമർപ്പണം, അർപ്പണം എന്ന തൃപ്തിപ്പെടുത്തലിനോട് ചേർന്നുനിൽക്കുന്നു. ഹൃദയബദ്ധമായ ഈ ഭക്ഷണാർപ്പണത്തിലെ പിണ്ഡം അഥവാ ക്രവ്യം ഏറെ പ്രാധാന്യമാണ്. ഭൗതിക ശരീരം (സ്ഥൂലശരീരം) വെടിഞ്ഞ ജീവൻ പിന്നീട് സൂക്ഷ്മ ശരീരത്തിൽ നിലകൊള്ളുന്നു. ആകാശം, വായു, അഗ്നി, ജലം,​ ഭൂമി എന്നിങ്ങനെയുള്ള പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ട ഭൗതികശരീരത്തെ പഞ്ചഭൂതങ്ങളിലേക്കുതന്നെ വിലയിപ്പിക്കുകയും തുടർന്ന് സൂക്ഷ്മശരീരത്തിലെ ജീവനെ പത്തുദിവസത്തെ ശുദ്ധമായ ബലിക്രിയാദികളിലൂടെ ഗാത്രസൃഷ്ടി നടത്തി തുടർന്നുള്ള രണ്ടുദിവസങ്ങളിൽ സപിണ്ഡീകരണവും ചെയ്തു പിതൃലോകത്തേക്കു യാത്രയയയ്ക്കുകയും ചെയ്യുന്ന സംസ്കാരത്തെ
‘അന്ത്യേഷ്ടി’എന്ന് പറയുന്നു.

പിതൃലോകത്തെത്തിയ പൂർവികന്മാരെ ചില നിശ്ചിത ദിവസങ്ങളിൽ അനുസ്മരിച്ച്, സമുദ്രത്തിലോ മറ്റു പുണ്യ തീർത്ഥങ്ങളിലോ, ജലാശയങ്ങളിലോ വച്ചു ചെയ്യുന്ന ബലിക്രിയയാണ് പിതൃതർപ്പണം. തീർത്ഥ സ്ഥലികളിൽപ്പോയി തർപ്പണം ചെയ്യാൻ കഴിയാത്തവർക്ക് ശുദ്ധമായ അന്തരീക്ഷത്തിൽ ഭവനങ്ങളിൽ വച്ചുതന്നെ ജലപാത്രത്തിന്റെ (ജലംനിറച്ച ഓട്ടുകിണ്ടി) മുന്നിലിരുന്ന് തർപ്പണം നടത്താവുന്നതാണ്.

കൃതയുഗത്തിൽ, തപസിലും ശീലഗുണങ്ങളിലും ഉത്തമനായ ഒരു മഹർഷി ജീവിച്ചിരുന്നു. അദ്ദേഹത്തിന് ഒരു പുത്രൻ ജനിച്ചു. പുത്രന്റെ ജനനത്തോടെതന്നെ ഋഷിപത്നി ഭൗതിക
ജീവിതത്തിൽ നിന്നും സാക്ഷാത്കാരം നേടി. അമ്മയില്ലാത്ത മകനെ മഹർഷിയാകട്ടെ തന്റെ പുത്രൻ ഒരു ഉത്തമ തപസ്വിയാകണമെന്ന പ്രാർത്ഥനയോടെ നിറയെ വാത്സല്യമേകി വളർത്തി. അങ്ങനെയിരിക്കെ അദ്ദേഹവും സാക്ഷാത്കൃതനായി മുക്തിനേടി. തപശ്ശക്തിയാൽ സൂര്യതേജസ്വിയായ മുനികുമാരൻ തന്റെ സ്നേഹധനനായ പിതാവിന്റെ വേർപാടിൽ അതിരറ്റ് വ്യാകുലചിത്തനായി വനാന്തരത്തിൽ കരഞ്ഞലഞ്ഞു. കോപത്താൽ ധർമ്മദേവനെയും യമലോകത്തെയാകെയും ഭസ്മമാക്കാൻ പുറപ്പെട്ടു.

ഇതുകണ്ട് സൂര്യദേവൻ പ്രത്യക്ഷപ്പെട്ടു. ജനിച്ചയാൾ എന്നെങ്കിലും ഒരുനാൾ ആത്മാവ് ശരീരത്തിൽനിന്നും വിട്ടുപോകേണ്ടതാണെന്നും കോപം വെടിയണമെന്നും ഉപദേശിച്ചു. എന്നാൽ,​ മുനികുമാരൻ തന്റെ പിതാവിനെ കാണണമെന്ന പിടിവാശിയോടെ കൈയിൽ പുണ്യതീർത്ഥമെടുത്തു മന്ത്രം ജപിച്ചു സൂര്യദേവനെയും യമധർമ്മനെയും ശപിക്കാൻ ഒരുമ്പെട്ടുനിന്നു. തൽക്ഷണം പിതൃദേവതകൾ പ്രത്യക്ഷപ്പെട്ട് സ്നേഹാതിരേകപൂർവം മുനികുമാരനെ ആശ്ലേഷിച്ചു. പിതൃലോകത്തുള്ള പിതാവിനെമാത്രം കാണിച്ചു തരാമെന്നും കോപം വെടിയണമെന്നും അരുളിചെയ്തു.


അച്ഛനെക്കാണാനുള്ള ആവേശത്താൽ മുനികുമാരൻ ശാന്തനായി. സൂര്യദേവന്റെയും പിതൃദേവതകളുടെയും ശക്തിയാൽ പിതാവ് ദർശനം നൽകി. തനിക്ക് വീണ്ടും ഭൂലോകത്തുവരാൻ കഴിയില്ലെന്നും ഇത്രമാത്രം ഭക്തിയും സ്‌നേഹവുമുള്ള നിനക്ക് എന്ത് വരം വേണമെങ്കിലും നൽകാമെന്നും പറഞ്ഞു. അച്ഛന്റെ മുന്നിൽ തൊഴുകൈയോടെ,​ നിറകണ്ണുകളുമായി നിന്ന മുനികുമാരൻ ഗദ്ഗദ കണ്ഠനായി: ''അമ്മയില്ലാതെ വളർന്ന എനിക്ക് എത്രയോതന്നെ സ്നേഹം ചൊരിഞ്ഞു വളർത്തിയ അങ്ങയ്ക്കുവേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല. അങ്ങയോട് ഒരിക്കൽപോലും ഊണ് കഴിച്ചോ എന്നുപോലും ചോദിച്ചിട്ടില്ല. എന്റെ എല്ലാ അറിവില്ലായ്മയ്ക്കും നന്ദികേടിനും അവിടുന്ന് പൊറുക്കണം. ഞാൻ ഈ നൽകുന്ന പഴങ്ങൾ അങ്ങ് സ്വീകരിച്ച് എന്നെ അനുഗ്രഹിക്കണം''.

സൂര്യഭഗവാന്റെയും പിതൃദേവതകളുടെയും അനുവാദപൂർവം മകൻ നൽകിയ കനികൾ സ്നേഹപൂർവം സ്വീകരിച്ചുകൊണ്ട് മഹർഷി പുത്രനെ അനുഗ്രഹിച്ചു. ഇനി നിന്റെ പിതാവ് പിതൃവായിക്കഴിഞ്ഞു. ഓരോ വർഷവും അദ്ദേഹത്തിന് മുക്തിലഭിച്ച ദിവസം നിന്റെ ആശ്രമത്തിൽ വന്നു നീ ഭക്തിപൂർവം നൽകുന്ന ഭക്ഷണം സന്തോഷപൂർവം സ്വീകരിച്ചു മടങ്ങി
ക്കൊള്ളും. അതിലൂടെ നിനക്കു സർവ ഐശ്വര്യങ്ങളും സിദ്ധിക്കുകയുംചെയ്യും എന്ന് അരുളി ചെയ്തു.

സൂര്യഭഗവാനും പിതൃദേവതമാരും അപ്രത്യക്ഷരായി. ഇതുമൂലമാണ്‌ അവർ ദേഹം വെടിഞ്ഞ ദിവസവും വാവ്, മാസപ്പിറവി, സൂര്യ-ചന്ദ്രഗ്രഹണ ദിനങ്ങൾ എന്നീ പുണ്യദിനങ്ങളിലെല്ലാം അർഘ്യ പാദ്യാദികളാൽ പൂജിച്ചും മന്ത്രതർപ്പണാദികളാൽ പ്രണമിച്ചും തൃപ്തരാകുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ വാവുബലി മുടങ്ങിയാൽ തുലാം, കുംഭം എന്നീ മാസങ്ങളിലെ കറുത്ത വാവുനാൾ ബലിതർപ്പണം നടത്താമെന്നുമുണ്ട്.

ബലിതർപ്പണം
അനുചിതമായതൊന്നും ആഹരിക്കാതെ ബാഹ്യവും ആന്തരികവുമായ ശുദ്ധിയോടെ,സൂര്യാസ്തമയത്തിനു ശേഷം പൂർണ ഭക്ഷണവർജ്യതയോടെയും തലേദിവസം ഒരിക്കൽ (ഒരുനേരത്തെ അരിയാഹാരം മാത്രം ) നോക്കി സമർപ്പിത മനസ്കരായി അർപ്പിക്കുന്ന ബലിതർപ്പണം നമ്മുടെ സംസ്കാരത്തിന്റെ- കുടുംബബന്ധങ്ങളുടെ- കെട്ടുറപ്പിന്റെയും കൂടി പ്രകടിത ഭാവമാണ്. യഥാർത്ഥ വ്രതാനുഷ്ഠാനം കൂടിയാണത്. വാവുബലി ദിവസം പ്രഭാതത്തിൽത്തന്നെ ബലിദാതാക്കൾ കുളിച്ചു ശുഭ്രവസ്ത്രം ധരിച്ചു കൈവിരലിൽ പവിത്രമിട്ട് കുശം,തിലം, അക്ഷതം എന്നിവയോടെ പിതൃക്കളെ കുശാസനത്തിലേക്കു
ആവാഹിക്കണം.

തുടർന്ന് പിതൃക്കൾക്ക് ഭക്തിപൂർവം തില മിശ്രിത ജലഅഞ്ജലി സമർപ്പിക്കണം. മാതാപിതാക്കൾവഴി, തന്റെ നാലു പൂർവപുരുഷാന്തരങ്ങളിലെ പിതൃക്കളുടെ അനുഗ്രഹത്തിനു വേണ്ടിയാണ് തർപ്പണം ചെയ്യുന്നത്. ശ്രദ്ധായുക്തരായി പിതൃയജ്ഞം ചെയ്തില്ലെങ്കിൽ മന:ക്ലേശമുണ്ടാകുമെന്നു ഗരുഡപുരാണത്തിലും മനുസ്മൃതിയിലും
പറയുന്നുണ്ട്.

പിതൃക്കളോടുള്ള കടം
മൂന്നുതരത്തിലുള്ള ഋണ ബാദ്ധ്യതയുമായിട്ടാണ് മനുഷ്യജന്മം വന്നുചേർന്നിരിക്കുന്നത്. തലമുറകളിലൂടെ കടം തീർക്കുന്ന മനുഷ്യജന്മം അവന്റെ കർമ്മശുദ്ധിയേയും ആചാരനിഷ്‌ഠയെയും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഋഷിഋണം, ദേവഋണം, പിതൃഋണം എന്നീ ഋണങ്ങൾ കർമ്മം കൊണ്ടല്ലാതെ ഒഴിവാക്കാനാവില്ല. കടംവീട്ടാതെ മനുഷ്യജന്മം പൂർണമാവുകയുമില്ല. മരണാനന്തര ക്രിയകൾ, ശ്രാദ്ധം,തർപ്പണം എന്നിവ കൃത്യമായി
ചെയ്‌താൽ മാത്രമേ മനുഷ്യന് തന്റെ പിതൃക്കളോടുള്ള കടം വീട്ടാൻ
സാധിക്കുകയുള്ളു.

മൺമറഞ്ഞുപോയ തലമുറകൾക്കു മുന്നിൽ, നമ്മെ സ്നേഹബന്ധങ്ങളാൽ എത്രയോ കാലം
പൊതിഞ്ഞു നിറുത്തിയ മഹാസ്‌മൃതികൾക്കു മുന്നിൽ ഭക്തിപൂർവം ആത്മബന്ധിതമായ വിധേയത്വത്തോടെ ആചാരാനുഷ്‌ഠയോടെ സർവോപരി ഹൃദയശുദ്ധിയോടെ പിതൃക്കൾക്കു മുന്നിൽ നമ്രശിരസ്കരാകാം !

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL