SignIn
Kerala Kaumudi Online
Monday, 03 August 2026 1.20 PM IST

'ഏതൊരു  നടിയും  ആഗ്രഹിക്കുന്ന  സ്വപ്‌നതുല്യമായ  വേഷം, പക്ഷേ...'; സീതയാകാത്തതിന്റെ കാരണം പറഞ്ഞ് ശ്രീനിധി

-srinidhi-shetty
ശ്രീനിധി ഷെട്ടി, സായ് പല്ലവി

രൺബീർ കപൂർ,​ സായ് പല്ലവി, യഷ് എന്നിവർ ഒന്നിക്കുന്ന രാമായണ: പാർട്ട് 1 എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ദൃശ്യങ്ങളുമായി ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലറിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് രാവണനായെത്തുന്ന യഷും വിമർശനം ഏറ്റുവാങ്ങുന്നത് സീതാദേവിയായെത്തുന്ന സായ് പല്ലവിയുമാണ്. സീതയായി സായ് യോജിക്കുന്നില്ലെന്നാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നത്. ഇതിനിടെ താൻ എന്തുകൊണ്ട് സീതയായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ശ്രീനിധി ഷെട്ടി.

സീതയാകാൻ ശ്രീനിധിയെ അണിയറപ്രവർത്തകർ സമീപിച്ചിരുന്നുവെന്നും എന്നാൽ നടി നിരസിച്ചുവെന്നും നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം. 'ഞാൻ ആ റോൾ നിരസിച്ചിട്ടില്ല. സീതയുടെ വേഷത്തിനായി ഓഡിഷന് പോയിരുന്നു. പക്ഷേ കിട്ടിയില്ല. ഞാൻ ആ വേഷം നിരസിച്ചെന്ന തരത്തിലാണ് വാർത്തകൾ വന്നത്.

ഓഡിഷന് കോൾ വന്നതുതന്നെ വലിയ കാര്യമായിട്ടാണ് ഞാൻ കാണുന്നത്. പിന്നെ ഞാനെന്തിന് ആ വേഷം നിരസിക്കണം. സീത വലിയൊരു കഥാപാത്രമാണ്. ഏതൊരു നടിയും ആഗ്രഹിക്കുന്ന സ്വപ്‌നതുല്യമായ വേഷമാണ്. അതൊരിക്കലും നിരസിച്ചിട്ടില്ല. സായ് പല്ലവി സീതയായെത്തുന്നതിൽ സന്തോഷമുണ്ട്'- ശ്രീനിധി പറഞ്ഞു. ഒരു തെലുങ്ക് അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

ജൂലായ് 30ന് ബ്രഹ്മ മുഹൂർത്തത്തിൽ പുലർച്ചെ 4.15നാണ് രാമായണ ട്രെയിലർ റിലീസ് ചെയ്തത്. രാജ്യമില്ലാത്ത രാജാവായാണ് യഷ് ട്രെയിലറിന്റെ തുടക്കത്തിൽ എത്തുന്നത്. തുടർന്ന് വളരെ പെട്ടെന്ന് മൂന്നു ലോകങ്ങളും കീഴടക്കുന്ന രാവണന്റെ രാജാവായുള്ള കിരീട ധാരണവും ട്രെയിലറിൽ കാണാം. ഒരു യോദ്ധാവ് എന്ന നിലയിൽ ശ്രീരാമന്റെ കരുത്ത്,​ സീതയുടെ സ്വയംവരം,​ ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും 14 വർഷത്തെ വനവാസത്തിലേക്ക് അയക്കാനായി കൈകേയി ആവശ്യപ്പെടുന്ന ദൃശ്യങ്ങളും ട്രെയിലറിലുണ്ട്. ദീപാവലി റിലീസ് ആയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

English Summary

Actress Srinidhi Shetty clarified that she did not reject the role of Sita in Ramayana: Part 1. She said she auditioned for the role but was not selected. Calling Sita a dream role for any actress, she added that she is happy Sai Pallavi was chosen to portray the character.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANA PART 1, SAI PALLAVI SITA, RAMAYANA MOVIE, SRINIDHI SHETTY, SRINIDHI SHETTY SITA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY