SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.32 AM IST

നിയമസഭയും ബില്ലുകൾ പാസാക്കലും

d

നിയമവാഴ്ചയിൽ അധിഷ്ഠിതമായ ജനാധിപത്യഭരണ സംവിധാനത്തിൽ അധികാര വിനിയോഗം നിയമ വ്യവസ്ഥകളും ചട്ടങ്ങളുംമൂലം നിയന്ത്രിക്കപ്പെടുന്നു. നിയമനിർമ്മാണം നടത്താനുള്ള പരമാധികാരം ലെജിസ്ലേച്ചറിന് (ജനപ്രതിനിധിസഭ) മാത്രം സ്വന്തമായിട്ടുള്ളതാണ്. സമൂഹജീവിയായ മനുഷ്യന്റെ ജീവിതാവസ്ഥ സുരക്ഷിതമാക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനുമുള്ള ചട്ടങ്ങളാണ് നിയമങ്ങൾ.


നമ്മുടെ രാജ്യത്തെ നിയമനിർമ്മാണ സഭകളാണ് പാർലമെന്റും സംസ്ഥാന നിയമസഭകളും. എങ്ങനെയാണ് നിയമസഭ നിയമനിർമ്മാണങ്ങൾ നടത്തുന്നതെന്ന് പരിശോധിക്കാം. ഏതൊരു നിയമ നിർമ്മാണത്തിനും നിയമവകുപ്പിന്റെ ഉപദേശം തേടുകയാണ് ആദ്യപടി. ഗവൺമെന്റിന് ഏതെങ്കിലും ഒരുതലത്തിൽ ഒരു പ്രത്യേക കാര്യം സംബന്ധിച്ച് നിയമനിർമ്മാണം ആവശ്യമാണെന്ന്‌ ബോദ്ധ്യപ്പെട്ടാൽ അതുസംബന്ധിച്ച് ബന്ധപ്പെട്ട ഭരണവകുപ്പ് നിയമനിർമ്മാണ നിർദ്ദേശങ്ങളുടെ കരട് രൂപം തയ്യാറാക്കി Rules of Business-ലെ ചട്ടങ്ങൾ(44 മുതൽ 59 വരെ) അനുശാസിക്കും പ്രകാരം നിയമവകുപ്പിന്റെ ഉപദേശം തേടും.


ഭരണഘടനയുടെ അനുഛേദം 245 മുതൽ 255 വരെയുള്ള വ്യവസ്ഥകൾപ്രകാരം പുതുതായി നിർമ്മിക്കാനുദ്ദേശിക്കുന്ന നിയമനിർമ്മാണത്തിന് നിയമനിർമ്മാണ ക്ഷമതയുണ്ടോ, പ്രസ്തുത നിർദ്ദേശം ഭരണഘടനാനുസൃതമാണോ, നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നെല്ലാം പരിശോധിച്ച് കൺകറന്റ് ലിസ്റ്റിലെ നിയമനിർമ്മാണത്തിന് അനുഛേദം 254 പ്രകാരം കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി, രാഷ്ട്രപതി/ഗവർണറുടെ ശുപാർശകൾ എന്നീ കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ചട്ടം 45 പ്രകാരമുള്ള ഉപദേശത്തോടെ നിയമത്തിന്റെ കരടുനിർദ്ദേശം നിയമവകുപ്പ് ഭരണവകുപ്പിലേക്ക് തിരികെ നൽകുന്നത്.


നിയമ നിർമ്മാണത്തിന് ഉദ്ദേശിക്കുന്ന കാര്യം സംബന്ധിച്ച് കേന്ദ്ര നിയമമോ, സംസ്ഥാന നിയമമോ നിലവിലുണ്ടോ എന്നും ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തുന്നതിന് സംസ്ഥാന നിയമസഭയ്ക്ക് ഭരണഘടന അധികാരം നൽകുന്നുണ്ടോ എന്നും നിയമവകുപ്പ് പരിശോധിക്കും.

നിർദ്ദിഷ്ട നിയമത്തെ സംബന്ധിച്ച വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാൻ നിയമവകുപ്പ് ഉപദേശം നൽകും.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ നിയമത്തിന്റെ കരട് ഏതു രൂപത്തിൽ ആയിരിക്കണമെന്ന് നിഷ്കർഷിക്കുന്ന ഒരു Memorandum of Instructions ബന്ധപ്പെട്ട വകുപ്പ് തയ്യാറാക്കി നിയമവകുപ്പിന് അയയ്ക്കും. ഉദ്ദേശ കാരണങ്ങളുടെ വിവരണം, ധനകാര്യ മെമ്മോറാണ്ടം എന്നിവ സൂക്ഷ്മ പരിശോധന നടത്തി നിയമവകുപ്പ് കരടു ബിൽ തയ്യാറാക്കി ബന്ധപ്പെട്ട വകുപ്പിന് നൽകും. തുടർന്ന് ബന്ധപ്പെട്ട വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് ചുമതലയുള്ള മന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിക്കും.


വകുപ്പ് മന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ കരട് ബിൽ ക്യാബിനറ്റിൽ പരിഗണിക്കുന്നതിന് മുഖ്യമന്ത്രിയുടെ അനുമതിക്കായി നൽകും. അനുമതി ലഭിച്ചാൽ ബന്ധപ്പെട്ട വകുപ്പ് ക്യാബിനറ്റ് നോട്ട് തയ്യാറാക്കി ഫയൽ വീണ്ടും മുഖ്യമന്ത്രിക്ക് സമർപ്പിക്കും. തുടർന്ന് കരട് ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. തുടർന്ന് നിയമസയിൽ അവതരിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങും. എല്ലാ നിയമനിർമ്മാണങ്ങളും ബിൽ രൂപത്തിലാണ് നിയമസഭ മുമ്പാകെ വരുന്നത്.

ബില്ലുകൾ രണ്ടുതരം
ബില്ലുകളെ ഗവൺമെന്റ് ബിൽ (ഒഫീഷ്യൽ ബിൽ),അനൗദ്യോഗിക ബിൽ എന്ന് രണ്ടായി തരം തിരിച്ചിരിക്കുന്നു.

1.ഗവൺമെന്റ് ബിൽ: ഗവൺമെന്റിനു വേണ്ടി മന്ത്രിമാർ അവതരിപ്പിക്കുന്ന ബില്ലുകളാണ് ഔദ്യോഗിക ബിൽ അഥവാ ഗവൺമെന്റ് ബിൽ.

2.അനൗദ്യോഗിക ബിൽ (സ്വകാര്യ ബിൽ): മന്ത്രിമാർ അല്ലാത്ത നിയമസഭയിലെ ഒരംഗം പ്രത്യേക നിയമനിർമ്മാണ ഉദ്ദേശ്യത്തോടുകൂടി അവതരിപ്പിക്കുന്ന ബില്ലുകളാണിവ. നിയമസഭയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇത് അവതരിപ്പിക്കാനാവൂ.

ഉള്ളടക്കത്തെ ആസ്പദമാക്കി ഗവൺമെന്റ് ബില്ലുകളെ പത്തായി തരം തിരിച്ചിരിക്കുന്നു.

1.ഒറിജിനൽ ബിൽ: ഒരു വിഷയത്തെ ആസ്പദമാക്കി ആദ്യമായി നിയമനിർമ്മാണം നടത്താൻ ഉദ്ദേശിച്ചുള്ളത്

2.ഭേദഗതി ബിൽ: നിലവിലുള്ള ഏതെങ്കിലും നിയമത്തിൽ ഭേദഗതി ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ബില്ലുകൾ

3.ഏകീകൃത ബില്ലുകൾ: ഒരേ വിഷയത്തെക്കുറിച്ച് നിലവിലുള്ള ഒന്നിലധികം നിയമങ്ങളെ ഏകീകരിക്കാൻ ഉദ്ദേശിച്ചുള്ളവ

4.ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ: ഓർഡിനൻസ് പുറപ്പെടുവിച്ചത് മുതൽ ആറുമാസത്തിനകമോ,സഭാസമ്മേളനം തുടങ്ങി ആറാഴ്ചയ്ക്കകമോ ഓർഡിനൻസിന് പകരമുള്ള ബിൽ സഭയിൽ കൊണ്ടുവന്ന് പാസാക്കുന്നത്

5.എക്സ്പയറിംഗ് ലോസ്(കണ്ടിന്യൂവൺസ്) ബിൽ: ഒരു നിയമത്തിന് നേരത്തെ നിശ്ചയിച്ചിട്ടുള്ള കാലാവധി തീർന്നുപോവുകയും എന്നാൽ ആ നിയമം തുടർന്നു കൊണ്ടുപോകേണ്ട ആവശ്യമുണ്ടെന്ന് സർക്കാരിനു തോന്നുകയും ചെയ്താൽ, അതിന് പ്രാബല്യം നൽകുന്നതിനായി കൊണ്ടുവരുന്നവ

6.ഭരണഘടന ഭേദഗതി ബിൽ: ഭരണഘടനയിലെ വ്യവസ്ഥകൾ, കൂട്ടിച്ചേർക്കൽ, വ്യത്യാസപ്പെടുത്തൽ, റദ്ദാക്കൽവഴി ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലുകൾ. ഇവ പാർലമെന്റിലാണ് അവതരിപ്പിക്കേണ്ടത്.

7.റിപീലിംഗ് ബില്ലുകൾ: നിലവിലുള്ള ഒരു നിയമം ആവശ്യമില്ലെന്ന് ഗവൺമെന്റിന് ബോദ്ധ്യപ്പെടുന്നപക്ഷം അത് പിൻവലിക്കുന്നതിന് നിയമപ്രാബല്യം കൊണ്ടുവരാൻ ഉദ്ദേശിച്ചുകൊണ്ടുള്ളവ.

8.മണി ബിൽ: നികുതി ചുമത്തൽ,നികുതി നിറുത്തലാക്കൽ,നികുതി ഇളവുചെയ്യൽ, സഞ്ചിത നിധിയിൽ നിന്നും പണം എടുക്കൽ എന്നിവ സംബന്ധിച്ചുള്ളവ.

9.ധനകാര്യ ബിൽ: ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കുന്ന നികുതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് നിലവിലുള്ള പല നിയമങ്ങളും ഭേദഗതി ചെയ്യേണ്ടിവരും. കാലവിളംബം ഒഴിവാക്കുന്നതിനായി അപ്രകാരം ഭേദഗതി വരുത്തേണ്ട നിയമങ്ങളുടെ ഭേദഗതികളെല്ലാം ഒരു ബില്ലിൽ ഉൾപ്പെടുത്തി ബഡ്ജറ്റ് പാസാക്കുന്നതിന് തൊട്ടുപിന്നാലെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ.

10.ധനവിനിയോഗ ബിൽ: നിയമസഭ പാസാക്കുന്ന ധനാഭ്യർത്ഥനകൾ, ഉപധനാഭ്യർത്ഥനകൾ, വോട്ട് ഓൺ അക്കൗണ്ട് എന്നിവപ്രകാരമുള്ള തുകകൾ ഖജനാവിൽ നിന്നും എടുത്തു ചെലവാക്കാൻ സഭയുടെ അനുമതി ആവശ്യപ്പെടുന്നവ.

ബിൽ നിയമമാകുന്നത്

ഒരു ബിൽ നിയമമാകുന്നതിന് മുൻപ് ഒന്നാം വായന,രണ്ടാം വായന,മൂന്നാം വായന എന്നീ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്.

ഒന്നാം വായന: ബിൽ സഭയിൽ അവതരിപ്പിക്കുന്നതാണ് ഒന്നാം വായന.

രണ്ടാം വായന: ബിൽ സംബന്ധിച്ച് പൊതുചർച്ച,സബ്ജക്ട് കമ്മിറ്റി/സെലക്ട് കമ്മിറ്റിയുടെ പരിശോധന, കമ്മിറ്റിയുടെ റിപ്പോർട്ട് സമർപ്പണത്തിനു ശേഷമുള്ള പൊതുചർച്ച,വകുപ്പ് തിരിച്ചുള്ള പരിഗണന എന്നിവ

മൂന്നാം വായന: വകുപ്പ് തിരിച്ചുള്ള പരിഗണനയ്ക്കുശേഷം ബിൽ പാസാക്കണമെന്ന പ്രമേയം അവതരിപ്പിക്കും. ഇതോടുകൂടി മൂന്നാം വായന ആരംഭിക്കും.

ഗവർണറുടെ അംഗീകാരം

നിയമസഭ പാസാക്കുന്ന ബിൽ സ്പീക്കറുടെ കൈയ്യൊപ്പ് സഹിതം ഗവർണറുടെ അനുമതിക്കായി അയയ്ക്കുന്നു. ഗവർണർ, കേന്ദ്രത്തിലെങ്കിൽ രാഷ്ട്രപതി അനുമതി നൽകുന്നതോടെ ബിൽ നിയമമാകുന്നു. തുടർന്ന് ഗവർണറുടെ/ പ്രസിഡന്റിന്റെ അനുമതി ലഭിച്ച ബിൽ ആക്ടായി ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നു.

ഗവർണർ തിരിച്ചയയ്ക്കുന്ന ബില്ലുകളുടെ കാര്യത്തിൽ ഗവർണറുടെ സന്ദേശം സഭ സമ്മേളിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ സ്പീക്കർ സഭയിൽ വായിക്കേണ്ടതും, സഭ സമ്മേളിക്കാത്ത സാഹചര്യങ്ങളിൽ ഒരു ബുള്ളറ്റ് മുഖേന അംഗങ്ങളെ അറിയിക്കേണ്ടതുമാണ്. ബിൽ സഭയിൽ വീണ്ടും പരിഗണിക്കണമെന്ന അഭ്യർത്ഥന അടങ്ങിയ സന്ദേശത്തോടുകൂടി ഗവർണർ തിരിച്ചയയ്ക്കുന്ന ബിൽ വീണ്ടും പരിഗണിക്കണമെന്ന പ്രമേയം അവതരിപ്പിക്കുവാനുള്ള നോട്ടീസ് ബിൽ പൈലറ്റ് ചെയ്യുന്ന അംഗം നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY, BILLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY