SignIn
Kerala Kaumudi Online
Sunday, 14 June 2026 5.08 AM IST

പ്രാണൻ നിലനിറുത്താൻ പണക്കൂമ്പാരങ്ങൾക്ക് കഴിയുമോ?

sa

''നമ്മുടെ ജീവിതത്തിൽ ഏറ്റവും അമൂല്യമായത് എന്താണ്? ആശ്രമത്തിലെ അന്നത്തെക്ലാസ് കഴിഞ്ഞപ്പോൾ ഗുരു ശിഷ്യന്മാരോടു ചോദിച്ചു. ഉത്തരത്തിനുള്ള ഒരു 'ക്ലൂ'കുമാരന്മാർക്ക്‌ കൊടുക്കുന്നു എന്ന ഭാവത്തിൽ ഗുരു ചില അത്ഭുതകാഴ്ചകളും കാണിച്ചു കൊടുത്തു. ആശ്രമം കാണാൻ കഴിയാത്ത നിലയിൽ കറൻസിനോട്ടുകളുടെ കെട്ടുകൾ കോട്ടമതിൽ പോലെ അടുക്കിവച്ചു. അദ്ദേഹംചോദിച്ചു, ഇതുപോലുള്ള നോട്ടുകെട്ടുകളാണോ ജീവിതത്തിൽ അമൂല്യമായത്, അതോ ഇപ്പോൾ കാണുന്ന ആശ്രമത്തിന്റെ ഭിത്തിയിലാകെ പതിപ്പിച്ചിരിക്കുന്ന സ്വർണ്ണപ്പാളികളാണോ?​ ഇതിപ്പോൾ, നാലഞ്ച് ജ്വല്ലറികളിൽ സ്റ്റോക്കുചെയ്തിട്ടുള്ള സ്വർണ്ണാഭരണങ്ങളേക്കാൾ എത്രയോ ഇരട്ടി സ്വർണ്ണമില്ലേ?​ ഇതായിരിക്കുമോ ഏറ്റവും അമൂല്യമായത്? അവിടെ ഉണ്ടായിരുന്ന മുഴുവൻ സ്വർണ്ണവും ആഭരണ രൂപങ്ങളിൽ തന്റെ മായാജാലത്തിലൂടെ ഒരുവലിയ അലമാരയിൽ ഭംഗിയായി പ്രദർശിപ്പിച്ച് ജാലവിദ്യക്കാഴ്ചകൂടി ഗുരു അനുഭവേദ്യമാക്കി. അടുത്ത നിമിഷം അവിടെ നോട്ടുകെട്ടുകളുടെ കോട്ടമതിലുമില്ല, ചുമരിൽ പതിപ്പിച്ചിരുന്ന സ്വർണ്ണപ്പാളികളുമില്ല. പ്രദർശന അലമാരയോ സ്വർണ്ണാഭരണങ്ങളോയില്ല. ഗുരുവിന്റെ ചോദ്യത്തിനുള്ള ശരിയുത്തരം പറയാനാകാതെ ശിഷ്യൻമാർ ആശയക്കുഴപ്പത്തിലായി. ഗുരുതുടർന്നു,​ '' ആശയക്കുഴപ്പങ്ങളിൽ നിന്നുകൊണ്ട് ഒരു തീരുമാനവും എടുക്കരുത്. നമ്മൾ ആശയക്കുഴപ്പത്തിലായിയെന്നു കണ്ടാൽ നമ്മളെകുഴപ്പങ്ങളിൽ നിന്ന് കുഴപ്പങ്ങളിലേയ്ക്ക് തള്ളിയിട്ട് ആനന്ദനിർവൃതിയടയുന്നവരും സമൂഹത്തിലുണ്ടെന്ന് തിരിച്ചറിയണം'' - പ്രഭാഷകൻ സദസ്യരെ നോക്കിയപ്പോൾ മിക്കവരും കറൻസി കോട്ടമതിലും കണ്ണഞ്ചിപ്പിച്ച സ്വർണ്ണത്തിളക്കമുണ്ടാക്കിയ ആശയക്കുഴപ്പങ്ങളും വിട്ടിറങ്ങാൻ ബുദ്ധിമുട്ടുന്നതുപോലെ.

എല്ലാവരേയും നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ തുടർന്നു,​ ''ജീവിതത്തിൽ ഏറ്റവും അമൂല്യമായത് എന്താണ് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമില്ലെന്നാണ് പണ്ഡിതമതം. ഓരോരുത്തരുടെയും കാഴ്ചപ്പാടനുസരിച്ച് മാറാം. പലരും ഏറ്റവും അമൂല്യമായി കരുതുന്നചില കാര്യങ്ങൾ ഇവയാണ്.

1)സമയം: നഷ്ടപ്പെട്ടസമയം തിരിച്ചുകിട്ടുകയില്ല. 2)ആരോഗ്യം: ആരോഗ്യമില്ലെങ്കിൽ, മറ്റു നേട്ടങ്ങളുടെ മൂല്യംകുറയുന്നു. 3)സ്നേഹവും ബന്ധങ്ങളും:കുടുംബം, സുഹൃത്തുക്കൾ, മനുഷ്യബന്ധങ്ങൾ എന്നിവ ജീവിതത്തിന് അർത്ഥം നൽകുന്നു. 4)​ മനസ്സമാധാനം: സമ്പത്തിനേക്കാളും സ്ഥാനമാനങ്ങളേക്കാളും വിലപ്പെട്ടതായി പലരും കരുതുന്നു. അതുകൊണ്ട്, പലതത്വ ചിന്തകരുടെയും കാഴ്ചപ്പാടിൽ സമയവും ആരോഗ്യവും സ്‌നേഹം നിറഞ്ഞ ബന്ധങ്ങളും ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്പത്തുകളാണ്. അപ്പോൾ, അതൊക്കെ അവരുടെ അഭിപ്രായങ്ങളാണ്. എന്റെ കുമാരന്മാർക്ക്, ഇക്കാര്യത്തിൽ സ്വന്തം അഭിപ്രായമില്ലേ, ഇപ്പോഴും ആശയക്കുഴപ്പമുണ്ടോ? നന്നായി ചിന്തിച്ചുമാത്രം പറഞ്ഞാൽമതി. എന്തായാലും ഞാനെന്റെ അഭിപ്രായം പറഞ്ഞേക്കാം ''മനുഷ്യജീവനാണ് ഭൂമിയിൽ ഏറ്റവും അമൂല്യമായത്. അത്, ഒരിക്കൽ നഷ്ടപ്പെട്ടാൽ എല്ലാംകഴിഞ്ഞു. മരിച്ചവരാരെങ്കിലും മടങ്ങിവന്നിട്ടുണ്ടോ? കെട്ടുകഥകളിലല്ലാതെ. അപ്പോൾ, നിങ്ങളുടെ ഉത്തരം കണ്ടുപിടിക്കൂ. നന്നായിചിന്തിച്ചുമതി. പിന്നെയൊരുകാര്യം,​ പ്രാണൻ നിലനിറുത്താൻ പ്രാണവായുവിനല്ലാതെ പണത്തിന്റെ കൂമ്പാരങ്ങൾക്ക് കഴിയുമോ''?​- പ്രഭാഷകൻ സദസ്യരെ നോക്കുമ്പോൾ പലരും ആശയക്കുഴപ്പങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY