
ലോകത്ത് രണ്ടു തരം ദാരിദ്ര്യമാണ്. ഒന്നാമത്തേത് സാമ്പത്തിക ദാരിദ്ര്യം. അതായത് അവശ്യം വേണ്ട ആഹാരവും വസ്ത്രവും കിടപ്പാടവും പോലും ഇല്ലാത്ത അവസ്ഥ. രണ്ടാമത്തേത് സ്‌നേഹ-കാരുണ്യത്തിന്റെ ദാരിദ്ര്യം. സമൂഹത്തിൽ മനുഷ്യർ തമ്മിൽ പരസ്പരമുള്ള സ്‌നേഹവും കാരുണ്യവും കുറഞ്ഞുവരുന്ന അവസ്ഥ. ഇവയിൽ രണ്ടാമത്തെ ദാരിദ്ര്യമാണ് ആദ്യത്തേതിനേക്കാൾ ഗൗരവമർഹിക്കുന്നത്. കാരണം രണ്ടാമത്തെ ദാരിദ്ര്യമാണ് ഒന്നാമത്തെ ദാരിദ്ര്യത്തിനു പോലും അടിസ്ഥാനമായിട്ടുള്ളത്. നമ്മുടെയുള്ളിൽ പരസ്പരസ്‌നേഹവും കാരുണ്യവും വളർന്നാൽ സാമ്പത്തിക ദാരിദ്ര്യംകൊണ്ട് മനുഷ്യർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് അറുതി വരുത്താം.
എന്നാൽ ഇന്ന് ഗ്രാമ-നഗരങ്ങളിലാകട്ടെ ഓരോ വ്യക്തിയും തന്നിലേയ്ക്ക് ചുരുങ്ങുകയാണ്. ഭാര്യാ ഭർത്താക്കന്മാരിൽ പോലും പങ്കുവയ്ക്കലിന്റെ സംസ്‌ക്കാരം നഷ്ടമായിക്കൊണ്ടിരിക്കുന്നു. ലോകത്തിൽ നിന്ന് എടുക്കുന്നതിലുപരി ലോകത്തിന് കൊടുക്കാനുള്ള ശ്രദ്ധ വന്നാലേ സമൂഹത്തിൽ സന്തുലനം സാദ്ധ്യമാകൂ. എന്നാൽ ഇന്ന് മിക്കവരും എടുക്കാൻ മാത്രം ആഗ്രഹിക്കുന്നവരാണ്.
എപ്പോഴും മറ്റുള്ളവരിൽനിന്ന് എടുക്കാൻ മാത്രം ആഗ്രഹിച്ചിരുന്ന ഒരാളുണ്ടായിരുന്നു. അയാൾ ഒരിക്കലും മറ്റുള്ളവരുമായി ഒന്നും പങ്കിടാറില്ല. വിലപ്പെട്ട പലതും വെട്ടിപ്പിക്കാനായി അയാൾ ജീവിതം ഉഴിഞ്ഞുവച്ചു. ഒരു ദിവസം നടക്കുന്നതിനിടെ കാൽ തെറ്റി വഴിയരികിലുള്ള ആഴമുള്ള കുഴിയിൽ വീണു. പുറത്തു കടക്കാൻ അയാൾ കഴിയുന്നത്ര ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിസഹായനായി ''എന്നെ രക്ഷിക്കണേ,എന്നെ രക്ഷിക്കണേ'' എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വഴിപോക്കൻ അടുത്തുവന്നു. അയാളുടെ നേരെ കൈ നീട്ടിക്കൊണ്ടു പറഞ്ഞു, ''നിങ്ങളുടെ കൈ തരൂ'', എന്നാൽ കുഴിയിൽ വീണയാൾ കൈ നീട്ടിയില്ല. ''കൈ തരൂ'' എന്ന് വഴിപോക്കൻ ആവർത്തിച്ചിട്ടും അയാൾ കൈ നീട്ടാൻ തയ്യാറായില്ല. ഒടുവിൽ വഴിപോക്കൻ തന്റെ കൈ നീട്ടിക്കൊണ്ടു പറഞ്ഞു, ''എന്റെ കൈയിൽ പിടിക്കൂ''. ഇതു കേട്ടയുടൻ അയാൾ വഴിപോക്കന്റെ കൈയിൽ എത്തിപ്പിടിച്ചു, പുറത്തേയ്ക്കു വരികയും ചെയ്തു .
കുഴിയിൽ വീണയാളെപ്പോലെയാണ് നമ്മളിൽ പലരും. മറ്റുള്ളവരിൽനിന്ന് 'എടുക്കാൻ' മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. ഈ മനോഭാവമാണ് എല്ലാ ദാരിദ്ര്യങ്ങൾക്കും ഉള്ള മൂലകാരണം.അതാണ് സമൂഹത്തെ അധ:പ്പതനത്തിലേയ്ക്ക് നയിക്കുന്നത്.
പരസ്പര ആശ്രയത്തിലാണ് നമ്മുടെ നിലനിൽപ്പ്. നമ്മുടെ ജീവിതം നമുക്കു വേണ്ടി മാത്രമാകരുത്. സ്‌നേഹമാകട്ടെ, വിഭവങ്ങളാകട്ടെ മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ നമ്മൾ നമ്മളെയും മറ്റുള്ളവരെയും ഒരേസമയം ഉദ്ധരിക്കുകയാണ്. ഈ ലോകത്ത് അൽപ്പസമയത്തേയ്ക്ക് മാത്രമേ നമുക്ക് ജീവിതമുള്ളൂ. ദിവസങ്ങൾ മാത്രം ആയുസുള്ള പൂമ്പാറ്റ എല്ലാവർക്കും ആനന്ദവും ഉന്മേഷവും പകരുന്നതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ലോകത്തിന് സന്തോഷം പകരുന്നതാകട്ടെ. അതിന്റെ സംതൃപ്തിയും സുഖവും അളവറ്റതാണ്. പരസ്പരാശ്രയത്തിൽ, സ്‌നേഹത്തിൽ, പങ്കുവയ്ക്കലിൽ ലോകം മുഴുവൻ ഒന്നാകണം. എല്ലാ ദാരിദ്ര്യങ്ങളും അപ്പോൾ അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |