SignIn
Kerala Kaumudi Online
Sunday, 27 September 2026 1.09 AM IST

പ്രവാസികളുടെ പ്ളാറ്റ് ഫോം

a

ഏറെ വർഷങ്ങളായി പല രാജ്യങ്ങളിലുമുള്ള ഇന്ത്യൻ ജനതയെ സാമ്പത്തികക്കണ്ണിലൂടെ മാത്രമാണ് നാം കണ്ടു കൊണ്ടിരുന്നത്. പ്രവാസികളായ ഇന്ത്യക്കാർ സ്വന്തം നാട്ടിലേക്ക് പണമയക്കാറുണ്ട്. ഇതു പയോഗിച്ച് നാട്ടിലുള്ള കുടുംബങ്ങൾ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. അവർ വീടു വയ്ക്കുകയും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക സമ്പദ് സ്ഥിതി തന്നെ നേട്ടമുണ്ടാക്കിയിട്ടുമുണ്ട്. ഇത് കേരളത്തെപ്പോലെ അറിയാവുന്നവർ അധികമുണ്ടാവില്ല.

എന്നാൽ, ഇപ്പോൾ ഈ ആഗോള ഇന്ത്യക്കാരൻ മാറിയിരിക്കുന്നു. ഇന്ന് സംരംഭകരും ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും, അക്കാദമിക പണ്ഡിതന്മാരും സാങ്കേതിക എക്സിക്യൂട്ടീവുകളും നിക്ഷേപകരും ബാങ്കർമാരും രാഷ്ടീയ നേതാക്കളും ഉൾപ്പെടെയുള്ളവരാണ് വിദേശങ്ങളിലുള്ളത്. അവർ പലരും ലോകത്തെ വൻകിട കമ്പനികളിലും മറ്റുമാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് പല വിദേശ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന ഇന്ത്യക്കാരെപ്പറ്റിയുള്ള സമീപനത്തിൽ ചില നവകരണങ്ങൾ അനിവാര്യമാണ്.
പണമയക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ വിദേശങ്ങളിലുള്ള ഇന്ത്യക്കാരുടെ യഥാർത്ഥ മൂല്യം അവരുടെ നെറ്റ് വർക്കുകളിലും വിജ്ഞാനത്തിലും നിക്ഷേപത്തിലും സ്വാധീനത്തിലുമൊക്കെയാണ്.

കേരളം വളരെ പ്രയോജനകരമായ ഒരു കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്നു. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഗൾഫിലും യൂറോപ്പിലും വടക്കേ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമൊക്കെ മലയാളികൾ അവരുടെ സമൂഹം കെട്ടിപ്പടുത്തിട്ടുണ്ട്. ഈ നെറ്റ് വർക്ക് മാസാമാസം അവരയക്കുന്ന പണത്തേക്കാൾ വിലപ്പെട്ടതാണ്. അവർ അന്താരാഷ്ട്ര അടിസ്ഥാന സൗകര്യ ബന്ധമാണ് സൃഷ്ടിക്കുന്നത് - ഇന്ത്യ ഇതെങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രശ്നം.

ബിസിനസിന്റെ കാര്യമെടുക്കുക. ദുബായിയിലോ ലണ്ടനിലോ സിംഗപ്പൂരിലോ ഉള്ള ഇന്ത്യക്കാരനായ ഒരു സംരംഭകന് ഇന്ത്യയെയും അവർ പ്രവർത്തിക്കുന്ന സ്ഥലത്തെ മാർക്കറ്റും നന്നായറിയാം. അത്തരമൊരാളിന് ഇന്ത്യൻ കമ്പനികളെ വിദേശ നിക്ഷേപകരും ഉപഭോക്താക്കളും സാങ്കേതിക വിദ്യകളും വിതരണ ശൃംഖലകളും ഒക്കെയായി ബന്ധിപ്പിക്കാൻ കഴിയും. കേരളത്തിൽ പരിശീലനം ലഭിച്ച് ബ്രിട്ടനിലോ ഗൾഫിലോ ജോലി ചെയ്യുന്ന ഒരു ഡോക്ടർക്ക് ആരോഗ്യ രംഗത്ത് പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികളെ സഹായിക്കാൻ കഴിയും. സിലിക്കൺ വാലിയിലെ ഒരു സാങ്കേതിക എക്സിക്യൂട്ടീവിന് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ആഗോള മൂലധനവുമായി ബന്ധിപ്പിക്കാൻ സാധിക്കും. വിദേശത്തുള്ള ഒരു അക്കാദമിക വിദഗ്‌ധന് ഇന്ത്യൻ സർവകലാശാലകളുമായി ഗവേഷണ പങ്കാളിത്തം ഉണ്ടാക്കാൻ കഴിയും. ഇത്തരം ബന്ധങ്ങൾ സർക്കാർ തല കരാറുകൾ കൊണ്ട് പെട്ടെന്ന് പുന:സൃഷ്ടിക്കാൻ കഴിഞ്ഞെന്നു വരില്ല. അന്താരാഷ്ട്ര വാണിജ്യ ഇടപാടുകളിൽ വിശ്വാസ്യത പ്രധാനമാണ്. വിദേശങ്ങളിൽ കിടക്കുന്ന ഇന്ത്യക്കാർക്ക് ഈ വിശ്വാസ്യതയുടെ പാലമാകാൻ സാധിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും, പ്രവാസികൾ കേവലം കൂടിച്ചേരലുകൾക്കു മാത്രമുള്ളവരല്ല എന്നു മനസ്സിലാക്കേണ്ടതുണ്ട്. ഈ ബന്ധം കൂടുതൽ സ്ഥാപനപരവും ഉൽപ്പാദനക്ഷമവും ആകണം. അടുത്ത തലമുറ വിദേശ ഇന്ത്യക്കാർ നെറ്റ് വർക്കുകളിൽ ഊന്നൽ നൽകണം.പ്രവാസികളായ ഇന്ത്യൻ പ്രൊഫഷണലുകളെയും ഇവിടെയുള്ള സർവകലാശാലകളും സ്റ്റാർട്ടപ്പുകളും ആശുപത്രികളും ഗവേഷണ സ്ഥാപനങ്ങളും സംസ്ഥാന ഗവൺമെന്റുകളും തമ്മിൽ ബന്ധിപ്പിക്കുന്ന കൃത്യമായ പ്ലാറ്റ്ഫോമുകൾ ഉണ്ടാക്കണം.

കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇതിലും മുന്നോട്ടു പോകാനാവും. പ്രവാസികളുടെ ഡാറ്റാബേസ് ഉണ്ടാക്കുന്നതിനു പകരം, കേരളത്തിന് ഓരോ മേഖലയിലും ഒരു ആഗോള മലയാളി പ്രൊഫഷണൽ നെറ്റ് വർക്കുണ്ടാക്കാൻ കഴിയും. മലയാളി ഡോക്ടർമാരെയും എഞ്ചിനീയർമാരെയും , നിക്ഷേപകരെയും, അക്കാദമിക പണ്ഡിതന്മാരെയും , സംരംഭകരെയും, സാങ്കേതിക വിദഗ്ധരെയും ലോകത്തെവിടെയും കണ്ടെത്താൻ കഴിയുന്ന ഒരു നെറ്റ് വർക്കിനെക്കുറിച്ച് ആലോചിച്ചു നോക്കുക.

കേരളത്തിലെ ഒരു സ്റ്റാർട്ടപ്പ് ബയോ ടെക്നോളജിയിലെ വൈദഗ്‌ധ്യം അന്വേഷിക്കുമ്പോൾ, വിദേശത്തുളള മലയാളി ശാസ്ത്രജ്ഞരുമായി ബന്ധപ്പെടാൻ കഴിയണം. അതുപോലെ, ഒരു സർവകലാശാലയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ഒരു ഗവേഷക പങ്കാളിത്തം ആവശ്യമായി വരുമ്പോൾ ഈ നെറ്റ് വർക്ക് അവരുടെ സഹായത്തിനെത്തണം. ടൂറിസത്തിലോ ആരോഗ്യ പരിപാലനത്തിലോ സമാനമായ ആവശ്യമുണ്ടാകുമ്പോഴും ഇത് സാദ്ധ്യമാകണം. ഇത് പ്രവാസ ജനതയുടെ ഇടപെടലുകൾക്ക് തന്ത്രപരമായ പ്രാധാന്യം ഉണ്ടാക്കും.

രണ്ടാമത്തെ അവസരം നിക്ഷേപത്തിന്റേതാണ്. ധാരാളം പ്രവാസികളായ ഇന്ത്യക്കാർ ഇന്ത്യയുമായി സാമ്പത്തിക ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ്. എന്നാൽ വിശ്വാസയോഗ്യമായ അവസരങ്ങൾ കണ്ടെത്തുന്നതിൽ പല പ്രയാസങ്ങളും ഉണ്ടാകാറുണ്ട്. അടിസ്ഥാന സൗകര്യം, സ്റ്റാർട്ടപ്പുകൾ, ടൂറിസം, ആരോഗ്യ പരിപാലനം, ചെറുകിട ബിസിനസ്സ് എന്നീ മേഖലകളിൽ പ്രവാസികളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തിട്ടുള്ള നിക്ഷേപക ചാനലുകൾ ദീർഘകാല മൂലധന നിക്ഷേപം ആകർഷിക്കുന്ന തരത്തിൽ മാറ്റിയെടുക്കണം. കേരളം ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ കേന്ദ്രീകരിക്കണം. പതിറ്റാണ്ടുകളായി കേരളത്തിലെ വീടു കളിലേക്ക് വൻതോതിൽ പണമെത്തുന്നുണ്ട്. ഇത് കൂടുതൽ ഉൽപ്പാദന ക്ഷമമാക്കുകയും തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നുറപ്പാക്കുകയാണ് വേണ്ടത്.

മൂന്നാമത്തെ കാര്യം വിജ്ഞാനമാണ്. ആധുനിക സമ്പദ് വ്യവസ്ഥകൾ മൂലധനം മാത്രമല്ല ലക്ഷ്യമിടുന്നത്. പുതിയ ആശയങ്ങളെയും പുതിയ പ്രതിഭകളെയുമാണ്. വിജയിച്ച പ്രവാസികൾ സ്ഥിരമായി തിരിച്ചു പോരണം എന്നല്ല ഇന്ത്യ ആഗ്രഹിക്കുന്നത്. ഒരു ശാസ്ത്രജ്ഞന് സംഭാവന നൽകാൻ തിരിച്ചു വരണമെന്നില്ല. ഒരു സംരംഭകന് വിദൂരത്തിലിരുന്നു കൊണ്ടു തന്നെ ഇന്ത്യൻ കമ്പനികൾക്ക് മാർഗ നിർദേശം നൽകാൻ കഴിയും. ഒരു പ്രൊഫസർക്ക് ഓരോ വർഷവും ഒരു ഷോർട്ട് കോഴ്സ് പഠിപ്പിക്കാൻ കഴിയും. ഒരു സർജന് മെഡിക്കൽ ടെയ്നിങ്ങ് പ്രോഗ്രാമുകളിൽ പങ്കാളിയാകാൻ സാധിക്കും. ഒരു ടെക്നോളജി എക്സിക്യൂട്ടീവിന് ഇന്ത്യൻ സ്ഥാപനങ്ങളെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കാൻ കഴിയും.
ഡിജിറ്റൽ കാലത്ത് മസ്തിഷ്ക ചോർച്ച സ്ഥിരമാകണമെന്നില്ല. ഇതിന് മസ്തിഷ്ക പ്രചാരണം ആകാൻ സാധിക്കും.

ചില ഉത്തരവാദിത്വങ്ങളുമുണ്ട്. സ്ഥാനപതി കാര്യാലയങ്ങളിൽ നിന്നുള്ള പിന്നുണ ഉറപ്പാക്കാൻ ഇന്ത്യക്കു കഴിയണം. അതുപോലെ കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാനും കഴിയണം. വിജയിച്ച ടെക്നോളജി എക്സിക്യൂട്ടീവും സാധാരണ ഒരു നിർമാണ തൊഴിലാളിയും തുല്യ പ്രാധാന്യമുള്ളവരാണ്. വരുമാനം മാത്രം നോക്കിയല്ല പ്രവാസികളുടെ മൂല്യം നിശ്ചയിക്കേണ്ടത്. ഇത് കേരളത്തിന് നന്നായറിയാം. കാരണം കേരള സമൂഹത്തിലെ ഓരോ തട്ടിലും കുടിയേറ്റം യാഥാർത്ഥ്യമാണ്.

ഈ അനുഭവം കേരളത്തിന് മററ്റാരു നേട്ടം കൂടി സമ്മാനിക്കുന്നുണ്ട്. ഇന്ത്യ രാജ്യാന്തര തലത്തിൽ സാമ്പത്തികമായി പ്രാധാന്യം നേടുമ്പോൾ പ്രവാസികളുടെ മൂല്യവും വർധിക്കുകയാണ്. അത് കേവലം പ്രവാസികൾ അയക്കുന്ന പണത്തിന്റെ മാത്രം കാര്യം കൊണ്ടല്ല. മറിച്ച് ലോകമെങ്ങും ഉണ്ടാക്കുന്ന ബന്ധം കൊണ്ടാണ്.
പഴയ ചോദ്യം പ്രവാസി ഇന്ത്യക്കാർ ഇങ്ങോട്ടേയ്ക്ക് എത്ര പണമയക്കുന്നു എന്നതായിരുന്നു. എന്നൽ, വരുന്ന പതിറ്റാണ്ടുകളിൽ എത്ര വിജ്ഞാനവും, എത്ര നിക്ഷേപവും, കണക്ടിവിറ്റിയും . ഗുഡ് വില്ലും അവരിലൂടെ ഇന്ത്യ യാഥാർത്ഥ്യമാക്കുന്നു എന്നതായിരിക്കും. ഇത് കൂടുതൽ വിപുലമായ ഒരവസരമാണ്. ഇന്ത്യക്ക് ലോകത്തെ ഏറ്റവും വിപുലമായ ഒരു മനുഷ്യനെറ്റ് വർക്കുണ്ട്. ഈ നെറ്റ് വർക്ക് തന്ത്രപരമായ ദേശീയ ആസ്തിയാക്കി പരിഗണിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY