SignIn
Kerala Kaumudi Online
Tuesday, 28 July 2026 11.43 PM IST

'കത്രികപ്പൂട്ടിൽ" വീണമന്ത്രി

s

പിച്ചവയ്ക്കുന്ന കുട്ടികൾ ഉരുണ്ടുവീഴുന്നത് സ്വാഭാവികമാണ്. സൈക്ലിംഗ് പഠിക്കുമ്പോഴും അങ്ങനെ തന്നെ. വീണുകൊണ്ടേയിരിക്കും. തുടർച്ചയായി വീഴുന്നവരെ വീണ എന്നു വിളിക്കാമോ എന്നാണ് രാഷ്ട്രീയരംഗത്തെ പുതിയ ചർച്ച. ശാർങ്ഗധരനെ 'സാബു" എന്നും ദൃഷ്ടദ്യുമ്നനെ 'ദാമു" എന്നും വിളിക്കാമെങ്കിൽ, വീണവരെ വീണയെന്നു വിളിക്കുന്നതിൽ തെറ്റില്ല. വീണ പൂവിനെക്കുറിച്ച് കവിതയെഴുതാൻ മഹാകവി കുമാരനാശാൻ ഉണ്ടായിരുന്നു. പക്ഷേ, വീണമന്ത്രിയെക്കുറിച്ച് രണ്ടുവരി എഴുതാൻ ആരുമില്ല. പകരം കുറ്റപ്പെടുത്തൽ മാത്രം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അപഖ്യാതികൾ പറഞ്ഞുപരത്തുന്നത്. വീണപൂവിനെ വിശ്വദർശന ചക്രവാളത്തിലെ ശുക്രനക്ഷത്രമായാണ് ആശാൻ വിശേ

പ്പിച്ചതെങ്കിൽ, വീണമന്ത്രിയെ തേഞ്ഞുപോയൊരു കൊച്ചു കത്രികയായാണ് കോൺഗ്രസുകാർ വിശേഷിപ്പിക്കുന്നത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീയുടെ വയറ്റിൽ ഒരു കത്രിക അഞ്ചുവർഷം ഭദ്രമായി സൂക്ഷിച്ച് ചീനന്മാരെ വരെ ഞെട്ടിച്ച ഡോക്ടർമാരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ആരോഗ്യമന്ത്രിയെയും ആക്ഷേപിക്കുന്നു. വലിയൊരു ശരീരത്തിൽ കിഡ്‌നിയും ലിവറുമൊക്കെ സൂക്ഷിക്കാമെങ്കിൽ ചെറിയൊരു കത്രികയുമാകാം. ഭാവിയിൽ അതേരോഗിക്ക് ശസ്ത്രക്രിയ വേണ്ടിവന്നാൽ കത്രിക അന്വേഷിച്ച് ഡോക്ടർമാർക്ക് നടക്കേണ്ടിവരില്ല.

പഞ്ഞിക്കെട്ടും കത്തിയുമൊക്കെ ഇതേരീതിയിൽ ഭാവിയിലേക്കു സൂക്ഷിച്ചുവച്ച ഡോക്ടർമാരുമുണ്ട്. പരീക്ഷണം, നിരീക്ഷണം, നിഗമനം എന്നതാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനം. മൂന്നാം ഘട്ടമായ നിഗമനത്തിൽ എത്തും മുൻപ് ഏതോ പഴഞ്ചൻ ഡോക്ടർ എക്‌സ്‌റേയിലൂടെ കത്രിക കണ്ടെത്തി വിളിച്ചുകൂവി നാട്ടുകാരെ അറിയിച്ച് സംഗതിയുടെ ഗുമ്മ് കളഞ്ഞു.
ശസ്ത്രക്രിയാ ഉപകരണങ്ങൾ രോഗിയുടെ ശരീരത്തിൽ സ്ഥിരമായി സൂക്ഷിക്കുന്ന ഹൈടെക് സാങ്കേതികവിദ്യയാണ് ഇതെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടും വിവരദോഷികൾക്കു മനസിലാകുന്നില്ല. കാര്യങ്ങൾ മനസിലാക്കി സംസാരിക്കുന്ന വി.ഡി. സതീശൻ പോലും മിടുക്കൻമാരായ ഡോക്ടർമാരെയും, അവർക്കു പ്രോത്സാഹനം നൽകുന്ന ആരോഗ്യമന്ത്രിയെയും കുറ്റപ്പെടുത്തുകയാണ്. മന്ത്രിയുടെ വീട്ടുപടിക്കൽ കോൺഗ്രസുകാർ റീത്ത് വയ്ക്കുകയും ചെയ്തു. സതീശൻ ഒരു കടയിൽനിന്ന് റീത്ത് വാങ്ങി വരുന്നത് വീണമന്ത്രിയുടെ ചാരന്മാർ കണ്ടെത്തിയെന്നാണ് വിവരം. പക്ഷേ, ഈ വിവരമറിഞ്ഞ് സതീശൻ ഞെട്ടിയിരിക്കയാണത്രേ. ഇത്രയും ധൈര്യമുള്ള കോൺഗ്രസുകാരോ? എന്നാണ് മൂപ്പരുടെ പ്രതികരണം. റീത്ത് വയ്ക്കുക, പ്രതീകാത്മകമായി ശവസംസ്‌കാരം നടത്തുക തുടങ്ങിയ വിദ്യകളിൽ പൊതുവേ സഖാക്കളാണ് അഗ്രഗണ്യൻമാർ. പ്രമുഖ കോളേജുകളിലെ കുട്ടിസഖാക്കൾ ഇതിൽ പരിശീലനം നേടിയവരാണ്. ആ നിലയിലേക്ക് യൂത്ത് കോൺഗ്രസുകാർ വളർന്നെങ്കിൽ അതൊരു വലിയ നേട്ടമാണ്. പക്ഷേ, അടി കൊടുക്കുന്നതിനേക്കാൾ വാങ്ങിക്കൂട്ടുന്നതിൽ ആനന്ദം കണ്ടെത്തുന്ന യൂത്ത് കോൺഗ്രസുകാർ റീത്ത് വയ്ക്കാൻ സാദ്ധ്യതയില്ലെന്നു തന്നെയാണ് നേതാക്കൾ പറയുന്നത്. മുഖ്യമന്ത്രിയുടെ നവകേരളയാത്ര തടഞ്ഞ യൂത്തന്മാരെ പൂച്ചട്ടികൾ കൊണ്ട് സഖാക്കൾ നേരിട്ടപ്പോൾ സ്വന്തം മുതുക് കൊണ്ടാണ് തടഞ്ഞത്. ഒരു ഈർക്കിലി പോലും കൈയിലെടുത്തില്ല. അവർ ഇപ്പോഴും തിരുമ്മലും ഉഴിച്ചിലും നിറുത്തിയിട്ടില്ല.

മന്ത്രിയുടെ വീട്ടിൽ റീത്ത് വയ്ക്കാനെത്തിയവർ അവിടെയുണ്ടായിരുന്നു പൊലീസുകാരെ നന്നായി കൈകാര്യം ചെയ്തെന്നാണ് വിവരം. അതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.

ഖദർ ധരിച്ചെത്തിയ സഖാക്കളാകാൻ സാദ്ധ്യതയുണ്ടെന്ന സംശയവും ബലപ്പെടുകയാണ്. സംഭവത്തിൽ ആദ്യം പൊട്ടിത്തെറിച്ച മന്ത്രി പിന്നെ മിണ്ടിയിട്ടില്ല. മന്ത്രിയോട് ഇഷ്ടമുള്ള ഒരുപാട് പേർ പാർട്ടിയിലുള്ളതിനാൽ അതിനു സാദ്ധ്യത ഇല്ലാതില്ലെന്നാണ് ചില സഖാക്കൾ നൽകുന്ന സൂചന. ചെയ്തത് സഖാക്കളല്ലെങ്കിലും യൂത്തന്മാർക്ക് വേണ്ട മാർഗനിർദ്ദേശം നൽകിയത് അവരായിരിക്കാനും സാദ്ധ്യതയുണ്ടത്രേ. വീണാ ജോർജിനെ കത്രിക്കപ്പൂട്ടിൽ കുരുക്കാനുള്ള നീക്കം വിജയിക്കില്ലെന്ന് ശിവൻകുട്ടി സഖാവ് ഉറപ്പുനൽകിയിട്ടുണ്ട്.

ഒക്കെ ശരിയാവും!
പകർച്ചവ്യാധികൾ ചുറ്റുംനിന്ന് ആക്രമിക്കുന്ന വകുപ്പാണ് ആരോഗ്യവകുപ്പ്. നിപ്പയും കൊവിഡുമൊക്കെ കേരളത്തെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ശൈലജ ടീച്ചർ എന്ന ടീച്ചറമ്മയായിരുന്നു ആരോഗ്യമന്ത്രി. അന്ന് സഖാക്കളോ കോൺഗ്രസുകാരോ സംഘികളോ റീത്ത് വാങ്ങിയില്ല. ടീച്ചറമ്മയുടെ നേട്ടങ്ങൾ പറയാൻ മുഖ്യമന്ത്രി ദിവസവും വാർത്താസമ്മേളനം നടത്തുമായിരുന്നു. സഖാക്കൾ രണ്ടാമതും അധികാരത്തിലെത്തിയപ്പോൾ അവസരം ലഭിച്ച വീണമന്ത്രി ശുഷ്കാന്തിയിൽ മുന്നിലാണെങ്കിലും തീരുമാനങ്ങ ളിൽ പിന്നിലാണെന്നാണ് പാർട്ടിക്കാരുടെ ഉൾപ്പെടെ ആരോപണം. വീണമന്ത്രി വിപ്ലവകരമായ മുന്നേറ്റം തന്നെയാണ് നടത്തിയത്. പക്ഷേ,​ വെട്ടിത്തുറന്നു പറഞ്ഞ ചില കാര്യങ്ങൾ ഗുലുമാലായി. ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപിടിച്ചപ്പോൾ, തീ ആയത് നന്നായെന്നും പകർച്ചവ്യാധികൾ പരക്കില്ലെന്നും മന്ത്രി പറഞ്ഞെന്ന് ആരെല്ലാമോ പറഞ്ഞുപരത്തി. പറഞ്ഞത് ശാസ്ത്രസത്യമാണെങ്കിലും സഖാക്കളടക്കം തെറ്റിദ്ധരിച്ചു. മുട്ടിപ്പായി പ്രാർത്ഥിച്ച് സഖാവും മന്ത്രിയുമായ വീണയ്ക്കെതിരെ ക്ഷുദ്രശക്തികൾ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ടെങ്കിലും ദൈവാധീനം കൊണ്ട് ഏൽക്കുന്നില്ല.

കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ എന്നാണ് എൽ.ഡി.എഫിന്റെ അനുഭവം.

ഇറങ്ങിപ്പോകാൻ വിരലിലെണ്ണാവുന്ന ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് 'കത്രിക'പ്പൂട്ടുമായി കോൺഗ്രസുകാരുടെ വരവ്. എൽ.ഡി.എഫ് വരും എല്ലാം ശരിയാകും എന്നു 10 വർഷംകൊണ്ട് തെളിയിച്ച സർക്കാരിനെ അട്ടിമറിക്കാൻ കത്രികയുമായി വന്നാൽ വെറുതേ വിടില്ലെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൽ.ഡി.എഫ് വീണ്ടും വരും,​ ഈ പേരുദോഷം മാറും.

പിന്നിൽ കുത്തക

മുതലാളിമാർ

പാവപ്പെട്ടവരുടെ അഭയകേന്ദ്രമായ സർക്കാർ ആശുപത്രികളെ തകർക്കാൻ സ്വകാര്യ ആശുപത്രി ഉടമകളുമായി ചേർന്ന് കോൺഗ്രസുകാർ കുറേക്കാലമായി ശ്രമിക്കുന്നു. ചെലവ് കുറഞ്ഞ ചികിത്സയാണ് സർക്കാർ ലക്ഷ്യം. അതിന് ആരും കടന്നുചെല്ലാത്ത വഴികളിലൂടെ ഡോക്ടർമാർ പോയെന്നിരിക്കും. മണിച്ചിത്രത്താഴ് സിനിമയിൽ ഡോ. സണ്ണി അങ്ങനെയായിരുന്നു. ഒരു കൈകൊണ്ട് വലിയൊരു കട്ടിൽ ഉയർത്തിയ തമിഴത്തി നാഗവല്ലിയെ ഡോ. സണ്ണി കൂളായാണ് കെട്ടുകെട്ടിച്ചത്.
ചെലവ് കുറയ്ക്കാൻ ഒരുപാട് പദ്ധതികൾ സർക്കാർ ആശുപത്രികൾ നടപ്പാക്കുന്നുണ്ട്. ബ്ലേഡ്, കത്രിക, കത്തി, ചവണ, ചുറ്റിക തുടങ്ങിയവ പലരുടെയും ശരീരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വൈകാതെ വിവിധ ഉപകരണങ്ങളുമായി കൂടുതൽ പേർ രംഗത്തുവന്നേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION