SignIn
Kerala Kaumudi Online
Thursday, 16 July 2026 10.11 AM IST

പദ്മഭൂഷൺ പ്രൊഫ. ടി.കെ.ഉമ്മന് സ്മരണാഞ്ജലി, ജ്ഞാനത്തിന്റെ നിറവ്

s

ഇന്നലെ അന്തരിച്ച പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ പ്രൊഫ. ടി.കെ. ഉമ്മൻ ഇന്നത്തെ ഒട്ടനവധി സാമൂഹ്യ ശാസ്ത്രജ്ഞർക്ക് മാതൃകയും പ്രചോദനവുമായ അപൂർവ വ്യക്തിത്വമാണ്. സാമൂഹ്യനീതി, ജനാധിപത്യം, ബഹുസ്വരത എന്നീ മേഖലകളിൽ ആഴമേറിയ പഠനങ്ങളും ചിന്തോദ്ദീപകമായ രചനകളും നടത്തി ലോകശ്രദ്ധ നേടിയ അദ്ദേഹം, ഒരു പണ്ഡിതന് ഉണ്ടായിരിക്കേണ്ട സൈദ്ധാന്തിക നിശിതതയും,​ ഒരു ഗുരുവിന് ഉണ്ടായിരിക്കേണ്ട ഹൃദയ വിശാലതയും ഒരുപോലെ ഉൾക്കൊണ്ടിരുന്നു. സൈദ്ധാന്തിക വിശകലനങ്ങൾക്കൊപ്പം വൈകാരികവും ബൗദ്ധികവുമായ തലങ്ങളിൽ ഒരു ജനതയ്ക്ക് ഉൾക്കാഴ്ചകൾ പകർന്നു നൽകിയ അദ്ദേഹം, ലോകമെങ്ങും ആദരിക്കപ്പെടുന്ന സാമൂഹ്യ ശാസ്ത്രജ്ഞരുടെ ഒന്നാം നിരയിൽ ഇടം നേടി


ബഹുസ്വരതാ

ദർശനം

ഭൂദാൻ-ഗ്രാംദാൻ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ അക്കാദമിക യാത്ര, കാലക്രമേണ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ബഹുവിധ മുഖങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മതം, ജാതി, ഭാഷ, ലിംഗം, വർഗം തുടങ്ങി വ്യത്യസ്ത സ്വത്വബോധങ്ങളെ ആധാരമാക്കി ഉയർന്നുവരുന്ന സാമൂഹ്യ പ്രസ്ഥാനങ്ങളെ അദ്ദേഹം സൂക്ഷ്മമായി അപഗ്രഥിച്ചു.

ഈ വിശകലനങ്ങളിൽ മനഃശാസ്ത്രം, ചരിത്രം, സാമൂഹ്യശാസ്ത്രം എന്നിവയിൽ നിന്നുള്ള അറിവുകൾ ഏകോപിപ്പിച്ചു കൊണ്ടുള്ള സവിശേഷ ഗവേഷണ രീതിശാസ്ത്രം - സോഷ്യൽ മൂവ്‌മെന്റ് പഠനകല (the craft of social movement studies),​ സ്വത്വബോധം , സാമൂഹ്യ സുരക്ഷ, തുല്യത, നൈതികത, സാമൂഹ്യനീതി എന്നീ ഉദാത്ത സങ്കല്പനങ്ങളുടെ അടിത്തറയിൽ ഉറപ്പിച്ചുകൊണ്ട് അദ്ദേഹം സാമൂഹ്യശാസ്ത്ര ഗവേഷണ സമൂഹത്തിന് വഴിയൊരുക്കി. ആ സംഭാവനകൾ സാമൂഹ്യശാസ്ത്ര വൈജ്ഞാനിക മേഖലയിൽ അദ്ദേഹത്തിന്റെ സ്ഥാനം ചിരസ്ഥായിയാക്കിയിട്ടുണ്ടെന്ന് നിസംശയം പറയാം.

ജനാധിപത്യ

പൗരത്വം

ദേശം- ദേശീയത (nation-nationality) എന്ന ദ്വന്ദ്വത്തെ അദ്ദേഹം ആഴത്തിൽ പഠിക്കുകയും തന്റെ ചിന്തകൾ സ്ഫടിക സ്പഷ്ടമായി അവതരിപ്പിക്കുകയും ചെയ്തു. പൗരത്വവും ദേശീയതയും ഒന്നല്ലെന്ന് (ഒന്ന് രാഷ്ട്രീയവും നിയമപരവുമായ അസ്തിത്വത്തിലെ അംഗത്വമാണ്; മറ്റേത്,​ സാംസ്‌കാരിക അസ്തിത്വത്തിന്റെ ആവിഷ്‌കാരവും)​അദ്ദേഹം പ്രഖ്യാപിക്കുകയും ഈ വ്യത്യാസം ഗ്രഹിക്കാൻ ചരിത്രബോധം അനിവാര്യമാണെന്ന് അസന്ദിഗ്ദ്ധമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ജനാധിപത്യ പൗരത്വത്തെക്കുറിച്ചും (democratic citizenship) പ്രൊഫ. ഉമ്മൻ ദൂരക്കാഴ്ചയുള്ള നിലപാടുകൾ സ്വീകരിച്ചിരുന്നു. ജാതി, ഗോത്രം തുടങ്ങിയ വർഗീകരണങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളും അടിച്ചമർത്തലുകളും തുടർന്നുകൊണ്ടുപോകുന്നത് ജനാധിപത്യ പൗരത്വത്തിന്റെ ആത്മാവിനെ ഹനിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന, ഉൾച്ചേർന്ന ജനാധിപത്യമായിരുന്നു (inclusive democracy) അദ്ദേഹം സ്വപ്നം കണ്ടത്.

ചിന്തകനും

ഗുരുവും

സ്വന്തം സ്വത്വബോധം സാമൂഹ്യ വിമർശനങ്ങളിൽ ഇടപെടുന്നുണ്ടോ എന്ന് വിമർശനാത്മകമായി പരിശോധിക്കുവാൻ ശിഷ്യരെ പ്രേരിപ്പിക്കുക എന്നതായിരുന്നു,​ ഒരു ഗുരു എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ആശയങ്ങളോടുള്ള യോജിപ്പും വിയോജിപ്പും ആരോഗ്യകരമായ വൈജ്ഞാനിക തർക്കങ്ങളും ഒരു ചിന്തകനെ മൂർച്ചയുള്ളവനാക്കുന്നുവെന്ന് ജീവിതംകൊണ്ട് അദ്ദേഹം ഉദാഹരിച്ചു. നയ രൂപീകരണത്തിൽ ശ്രദ്ധിക്കപ്പെടേണ്ട വിഷയങ്ങളിൽ നിർഭയമായ അഭിപ്രായ പ്രകടനത്തിൽ നിന്ന് അദ്ദേഹം ഒരിക്കലും പിന്തിരിഞ്ഞില്ല.

ഒരു സാമൂഹ്യ ശാസ്ത്രജ്ഞന് ഉണ്ടായിരിക്കേണ്ട സത്യസന്ധതയും സമൂഹത്തോടുള്ള അർപ്പണ ബോധവും ആ ജീവിതത്തിൽ ഉടനീളമുണ്ടായിരുന്നു. പ്രൊഫ. ഉമ്മനിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിന്റെ പാഠങ്ങൾ ഗ്രഹിക്കാൻ ഭാഗ്യം ലഭിച്ച ഒരാൾ എന്ന നിലയിൽ, ആ അദ്ധ്യാപന ബന്ധം ജ്ഞാനത്തിനും ജീവിത കാഴ്ചപ്പാടിനും ഒരുപോലെ ആഴം നൽകിയതായി ഞാൻ അനുഭവിക്കുന്നു. വരുംകാലങ്ങളിലും സാമൂഹ്യശാസ്ത്ര ചിന്തകളിൽ ഒരു സുപ്രധാന ഇടം പ്രൊഫ. ടി.കെ. ഉമ്മന് ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.ആ വേർപാടിൽ പ്രിയ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ഹൃദയംകൊണ്ട് ഞാൻ പങ്കുചേരുന്നു.


(പ്രൊഫ. ടി.കെ. ഉമ്മന്റെ ശിഷ്യയായ ലേഖിക,​ നരവംശ ശാസ്ത്രജ്ഞയും കണ്ണൂർ യൂണിവേഴ്സിറ്റി

പാലയാട് ക്യാമ്പസിലെ റിട്ട. പ്രൊഫസറുമാണ്)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY