
കെ.പി. ഉണ്ണിക്കൃഷ്ണൻ എനിക്ക് ഉണ്ണിയേട്ടനായിരുന്നു. എനിക്കു മാത്രമല്ല;പലർക്കും അതുപോലെ തന്നെ. ഉണ്ണിയേട്ടനുമായുള്ള ഹൃദയബന്ധത്തെക്കുറിച്ച് രേഖപ്പെടുത്താൻ അക്ഷരങ്ങൾകൊണ്ടും വാക്കുകൾകൊണ്ടും സാദ്ധ്യമല്ല. അത്രയേറെ അപാരം! 1971-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒന്നിച്ചു വിജയിച്ച കാലം. ആദ്യമായി നടത്തിയ യാത്ര വിമാനത്തിലായിരുന്നു. എല്ലാം ഉണ്ണിയേട്ടൻ തരപ്പെടുത്തി. എം.പി മാർക്ക് താമസിക്കാനുള്ള വീട് കിട്ടുന്നതു വരെ അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ എന്നെയും താമസിപ്പിച്ചു. ഒരു കൊച്ചനുജനോടുള്ള സ്‌നേഹം- അതാണ് ഞാനിന്നും ഓർക്കുന്നത്.
ഉണ്ണിയേട്ടൻ വലിയൊരു പായ്ക്കറ്റ് എനിക്ക് നൽകി. പാർലമെന്റിൽ പോകുമ്പോൾ ധരിക്കേണ്ട ഖാദിയുടെ കോട്ടും പാന്റും അടങ്ങുന്നതായിരുന്നു അത്! അങ്ങനെ എന്തെല്ലാം. ഒരു പാർലമെന്റ് അംഗമെന്ന നിലയ്ക്ക് മാതൃകയായിരുന്നു, പ്രൗഢമായ അദ്ദേഹത്തിന്റെ പ്രഭാഷണം. ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യയ്ക്കു വേണ്ടി അയൽരാജ്യങ്ങളിൽ പ്രഭാഷണ സംഘത്തെ അയയ്ക്കാൻ ഇന്ദിരാജിയുടെ മുന്തിയ പരിഗണന ഉണ്ണിയേട്ടനു തന്നെ. ഓർക്കാനും ഓർമ്മിക്കാനും ആദരിക്കാനും ഏറെയുണ്ട്. ആ പ്രോജ്ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ഭക്ത്യാദരപൂർവം പ്രണമിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |