SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

സിനിമയിലെ 'വിഹിത' വിവാദം

s

2025 ൽ റിലീസായത് 183 മലയാള സിനിമകളാണ്. ഇതിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയത് 15 സിനിമകൾ മാത്രം (എട്ടു സൂപ്പർ ഹിറ്റുകളും ഏഴ് ഹിറ്റുകളും). സിനിമാ വ്യവസായത്തിന് ആകെയുണ്ടായ നഷ്ടം 360 കോടി രൂപ. കണക്കുകൾ പുറത്തുവിട്ടത് നിർമ്മാതാക്കളുടെ സംഘടന തന്നെയാണ്. 2026ൽ സിനിമ പിടിച്ചു നിൽക്കുന്നത് 'സർവം മായ"യുടെ പച്ചപ്പിലാണ്. ഇതുവരെ ഇറങ്ങിയ മിക്ക സിനിമകളും ഫ്ലോപ്പാണ്. അതേസമയം, പ്രേക്ഷകർ നാളുകളായി കാത്തിരിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം 'പേട്രിയറ്റ് ", 'ദൃശ്യം- 3", 'ആട് - 3" തുടങ്ങിയ സിനിമകൾ വേനലവധി മുൻനിർത്തി റിലീസിന് ഒരുങ്ങുകയാണ്. അതിനിടയിലാണ് തിയറ്ററുകളുമായി ബന്ധപ്പെട്ട വിഹിത വിവാദം ഉടലെടുത്തിരിക്കുന്നത്.

പേട്രിയറ്റിന് 'ടോർപിഡോ"

18 വ​ർ​ഷ​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന വ​ൻ താ​ര​നി​ര​യു​ള്ള ബി​ഗ് ബ​ജ​റ്റ് ചി​ത്രമാണ് ‘പേ​ട്രി​യ​റ്റ്’​. മുതൽ മുടക്കിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും 125 കോടിയെന്ന് കണക്കാക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ആന്റോ ജോസഫിന്റെ നേതൃത്വത്തിലാണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചികിത്സാർത്ഥം മമ്മൂട്ടി ഇടവേളയെടുത്തതിനാൽ ചിത്രീകരണം നീണ്ടു പോയിരുന്നു. ഏപ്രിൽ 23ന് ലോക വ്യാപകമായി റിലീസിന് ഒരുക്കുമ്പോഴാണ് തിയറ്ററുകളുടെ സംഘടന ഉടക്കിയത്.

സിനിമയുടെ നിർമ്മാതാക്കൾ തി​യ​റ്റ​ർ വി​ഹി​ത​ത്തി​ൽ വ​ർ​ദ്ധ​ന ആ​വ​ശ്യ​പ്പെ​ട്ടതാണ് കാരണം. ഈ സാ​ഹ​ച​ര്യ​ത്തി​ൽ അവരുമായി ക​രാ​റി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് (ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് യു​ണൈ​റ്റ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഒ​ഫ് കേ​ര​ള) അം​ഗ​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേശം ന​ൽ​കിയിരിക്കുകയാണ്. പ്ര​ശ്ന പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ഫി​യോ​ക്കി​ന് കീ​ഴി​ലു​ള്ള 450ല​ധി​കം തി​യ​റ്റ​റു​ക​ൾ 'പാട്രിയറ്റ് " പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെന്നാണ് മുന്നറിയിപ്പ്.

മ​ല​യാ​ള സി​നി​മ​ക​ൾ തി​യ്യേ​റ്റ​റു​ക​ളി​ൽ എ​ത്തു​മ്പോ​ൾ ഉ​ട​മ​ക​ൾ ആ​ദ്യ ആ​ഴ്ച​യി​ൽ 60 ശ​ത​മാ​ന​വും ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ൽ 55 ശ​ത​മാ​ന​വും മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യി​ൽ 50 ശ​ത​മാ​ന​വും ക​ള​ക്ഷ​ൻ വി​ഹി​ത​മാ​ണ് നി​ർ​മ്മാ​താ​ക്ക​ൾ​ക്ക് ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, ‘പേ​ട്രി​യ​റ്റ്’ സി​നി​മ​യു​ടെ നി​ർ​മ്മാ​താ​ക്ക​ളാ​യ ആ​ന്റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി ആ​ദ്യ​ത്തെ ര​ണ്ട് ആ​ഴ്ച​ക​ളി​ലും 60 ശ​ത​മാ​നം വി​ഹി​തം വേ​ണ​മെ​ന്ന് ക​രാ​ർ വെ​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാണ് എ​തി​ർ​പ്പു​മാ​യി ഫി​യോ​ക് രം​ഗ​ത്തെ​ത്തിയത്. ആ​ദ്യ ര​ണ്ടാ​ഴ്ച​ക​ളി​ൽ 60 ശ​ത​മാ​നം വി​ഹി​തം ന​ൽ​കി സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ തി​യ​റ്റ​റു​ക​ൾ​ക്ക് വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്നാണ് ഫി​യോ​ക്കിന്റെ വാദം. ഇ​ൻ​ഡ​സ്ട്രി​യിലെ വ്യവസ്ഥകളിൽ വി​ട്ടു​വീ​ഴ്ച​ക്ക് ത​യ്യാ​റ​ല്ല. സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ളു​ടെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യ​മാ​ണെന്നും സംഘടന പറയുന്നു. ഏതായാലും സിനിമയുടെ റിലീസ് അടുക്കുന്നതോടെ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷ.

പ്രശ്നം പലതരം

സിനിമാ വ്യവസായം മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോകുന്നത്. സിനിമകൾ പരാജയപ്പെടാനുള്ള പ്രധാന കാരണം ഉള്ളടക്കത്തിന്റെ പോരായ്മ തന്നെയാണ്. പറയത്തക്ക താരങ്ങളില്ലാത്ത സിനിമകളും ഏറെ ചർച്ചയാകുകയും ഹിറ്റാവുകയും ചെയ്തിട്ടുണ്ട്. ഏറെ ഊതിപ്പെരുപ്പിച്ച മൾട്ടിസ്റ്റാർ ചിത്രങ്ങൾ എട്ടുനിലയിൽ പൊട്ടിയിട്ടുമുണ്ട്. അത് മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം കാണുന്ന പ്രതിഭാസമാണ്. അതിനാൽ ഉള്ളടക്കം തന്നെയാണ് നമ്പർ വൺ. പ്രൊമോഷൻ പരിപാടികളാണ് വിജയത്തിന്റെ ആണിക്കല്ലെന്ന് വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. 'വലതുവശത്തെ കള്ളൻ" സിനിമയുടെ പരാജയം പ്രചാരണത്തിന്റെ കുറവുകൊണ്ടാണെന്നും നായകരിൽ ഒരാളായ ബിജു മേനോൻ പ്രൊമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിന്നത് തിരിച്ചടിയായെന്നും നിർമ്മാതാവ് തുറന്നടിച്ചിരുന്നു. തികയാത്ത പണം കടംവാങ്ങി നിർമ്മിച്ച സിനിമയാണിത്. അതേസമയം വിജയചിത്രമായ 'സർവം മായ"യ്ക്ക് ട്രെയിലർ പോലും ഉണ്ടായിരുന്നില്ല. പ്രേക്ഷകർ അമിത പ്രതീക്ഷ വച്ചു പുലർത്തി കുറ്റം പറയരുതെന്നു കണക്കാക്കിയാകണം പ്രൊമോഷൻ പരിപാടികൾ കുറച്ചത്.

ഹിന്ദി സിനിമകൾ പാൻ ഇന്ത്യ റിലീസാണ്. നൂറു കണക്കിന് കേന്ദ്രങ്ങളിൽ റിലീസാകും. അതിനാൽ നിർമ്മാണത്തിന് ശതകോടികൾ പൊടിച്ചാലും ടിക്കറ്റ് ഇനത്തിൽ പത്തു ദിവസം കൊണ്ട് മുടക്കുമുതൽ പിരിഞ്ഞ് കിട്ടിയേക്കും. തെലുങ്ക്, തമിഴ് സിനിമകളുടെ കാര്യവും ഇത്തരത്തിലാണ്. വലിയ മേഖലയായതിനാൽ തിയ്യേറ്ററുകൾ ധാരാളമുണ്ട്. സിനിമ തിയ്യേറ്ററിൽത്തന്നെ പോയി കാണുന്ന സംസ്കാരവുമുണ്ട്. അതേസമയം കേരളമെന്ന 'ഠ" വട്ടത്തിൽ റിലീസ് കേന്ദ്രങ്ങൾ അധികമില്ല. അവിടെ ഒരുമാസമെങ്കിലും ഓടിയാലേ സിനിമയ്ക്ക് പ്രകടമായ ലാഭമുണ്ടാക്കാനാകൂ. നിർമ്മാണച്ചെലവ് കുതിച്ചുയർന്ന സിനിമകളാണെങ്കിൽ 50 ദിവസമെങ്കിലും ഓടേണ്ടിവരും. ദൗർഭാഗ്യവശാൽ സ്ഥിതി വ്യത്യസ്തമാണ്. മിക്ക സിനിമകളും ആദ്യ ആഴ്ച തന്നെ തകർന്നുവീഴുകയാണ്. പ്രതിഫലത്തിന്റെ കാര്യത്തിൽ പ്രമുഖ താരങ്ങൾ പുലർത്തുന്ന ആർത്തിയാണ് പ്രൊഡക്‌ഷൻ കോസ്റ്റ് കൂടാൻ പ്രധാന കാരണമായി നിർമ്മാതാക്കൾ പറയുന്നത്. അതിൽ സത്യമുണ്ടു താനും. നിർമ്മാണച്ചെലവിന്റെ 60% വരെ താരങ്ങളുടെ പ്രതിഫലമായി പോകുന്ന സ്ഥിതിയുണ്ട്. ഇതും സിനിമകൾ സാമ്പത്തികമായി പരാജയപ്പെടാൻ കാരണമാണ്. പല കരാർ വ്യവസ്ഥകളും കൊണ്ടുവന്നെങ്കിലും, ഒരു വിഭാഗം നിർമ്മാതാക്കൾ വളംവച്ചു കൊടുക്കുന്നതിനാൽ താരാധിപത്യം തുടരുകയും ചെയ്തുന്നു. പരസ്പരമുള്ള പാരവയ്പ്പും കുതികാൽവെട്ടുമാണ് സിനിമകൾ വീഴാനുള്ള മൂന്നാമതൊരു കാരണം.

സ്ഥിതി ഇതായിരിക്കേ സിനിമ നിലനിൽക്കണമെങ്കിൽ വിട്ടുവീഴ്ചകൾ എല്ലാ ഭാഗത്തും വേണം. അമിതലാഭത്തിനായി പടയോട്ടം നടത്തുന്നവർ സഹപ്രവർത്തകരുടെ അവസ്ഥ കൂടി ചിന്തിക്കണം. തിയ്യേറ്ററിൽ വീഴുന്ന മലയാള സിനിമകൾ പിടിച്ചു നിൽക്കുന്നത് ഒ.ടി.ടി, ഓവർസീസ് പ്രതീക്ഷയിലാണ്. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സിനിമകളുടെ ഗൾഫ് പ്രദർശനത്തിനു മേലാണ് കരിനിഴൽ വീഴുന്നത്. ഈ സാഹചര്യം സിനിമയിലുള്ളവർ തിരിച്ചറിയണം. അതിനാൽ അമിത നേട്ടം മുൻകൂർ നേടാനുള്ള 'പാട്രിയറ്റു"കാരുടെ നീക്കവും അതിന്റെ പേരിൽ സിനിമയ്ക്കു നേരെ തിരിച്ച തിയ്യേറ്ററുകാരുടെ മിസൈലുകളും പിൻവലിച്ച് രമ്യതയിലെത്തുകയാകും ഉചിതം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY