SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

നടരാജ ഗുരുവിന്റെ 54-ാം സമാധി വാർഷികം ഇന്ന്, ശ്രീനാരായണ ദർശനത്തെ ജീവിതമാക്കിയ സച്ഛിഷ്യൻ

s

യുദ്ധവെറിയന്മാരായ ഭരണാധികാരികളുടെ ക്രൂരതകൾ കാരണം ലോകത്ത് മനുഷ്യവാസ കേന്ദ്രങ്ങളെല്ലാം ചോരപ്പുഴകളായി മാറിക്കൊണ്ടിരിക്കുന്നു. ഈ സന്ദിഗ്ദ്ധാവസ്ഥയിലാണ്

'ഒരുപീഡയെറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പ തരേണമേ" എന്നു പ്രാർത്ഥിക്കാൻ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ വത്സലശിഷ്യനായി, ഏകാത്മകതാബോധംവഴി ലോകസമാധാനം എന്ന ആശയവുമായി ലോകമാകെ സഞ്ചരിച്ച് മനുഷ്യ മനസിൽ ഏകാത്മകതാബോധം വളർത്താൻ ശ്രമിച്ച നടരാജഗുരുവിന്റെ സ്മരണ പുതുക്കുന്ന അവസരം കൂടി വന്നു ചേർന്നിരിക്കുന്നത്.

ഏകലോക സംസ്ഥാപനം മനുഷ്യമനസിൽ ആവിഷ്കരിക്കുക എന്നതായിരുന്നു നടരാജഗുരു ദൈനംദിന ജീവിതംകൊണ്ടും ദർശനാവിഷ്കാരംകൊണ്ടും സ്ഥാപനങ്ങളിലൂടെയും നിരന്തരം ചെയ്തുകൊണ്ടിരുന്നത്. ഇതെല്ലാം നാരായണ ഗുരുവിന്റെ സച്ഛിഷ്യൻ എന്ന നിലയിൽ കരണീയമായ ചുമതലകളായി അദ്ദേഹം കാണുകയും ചെയ്തു. ഈ ലോകം ഒന്നാണ്, മനുഷ്യരാശി ഒന്നാണ് എന്ന തന്റെ ഗുരുവിന്റെ ദർശനത്തെ പിൻപറ്റി ഏകലോക മാനവികത മനുഷ്യരിൽ വളർത്തിയെടുക്കുന്നതിന് ആവശ്യമായ രൂപരേഖകൾ എന്ന നിലയിൽ റ്റുവേർഡ്സ് എ വൺ വേൾഡ് എക്കണോമിക്സ്, വേൾഡ് എഡ്യുക്കേഷൻ മാനിഫെസ്റ്റോ, മെമ്മോറാണ്ടം ഓൺ വേൾഡ് ഗവൺമെന്റ്, വേൾഡ് ലാ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ നടരാജഗുരു രചിച്ചു.

1970-ലും 1971-ലും കണ്ണൂരിലെ ഏഴിമല ഗുരുകുലത്തിൽ വച്ച് "ലോകസമാധാനം ഏകാത്മകതാ ബോധം വഴി" എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളന പരമ്പരകളുടെ ലക്ഷ്യം,​ ഏകത്വബോധം വഴി മാത്രമേ ശാശ്വത ലോകസമാധാനം കൈവരിക്കാനാവൂ എന്ന സത്യം ലോകരെ അറിയിക്കുകയായിരുന്നു. ഈ സമ്മേളനങ്ങളിൽ ലോകസർക്കാർ, ലോകപൗരത്വം, ലോകനിയമം, വിദ്യാഭ്യാസം, മതം, നൈതികത, സൗന്ദര്യശാസ്ത്രം, ശാസ്ത്രങ്ങളുടെ സമന്വയം, ധനതത്ത്വ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. 1972-ലും 73-ലും ബംഗളൂരുവിലെ സോമനഹള്ളി നാരായണ ഗുരുകുലത്തിൽ വച്ചും ഇത്തരം സമ്മേളനങ്ങൾ നടത്തി.

ശ്രീനാരായണ ഗുരുവിനുവേണ്ടി പൂർണമായി അർപ്പിക്കപ്പെട്ട ആ ജീവിതം ഗുരുവിന്റെ ആശയങ്ങൾ ലോകരെ അറിയിക്കാനായി ഗ്രന്ഥങ്ങൾ രചിക്കുന്നതും ലോകസഞ്ചാരം ചെയ്യുന്നതും തപസാക്കി. ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി താൻ തന്നെ സ്ഥാപിച്ച ഗുരുകുലങ്ങളെ അതിനുള്ള കേന്ദ്രങ്ങളാക്കി. നാരായണഗുരു തന്നെയാണ് തന്റെ വത്സലശിഷ്യനായ തമ്പിയെ (നടരാജഗുരു) ഉപരിപഠനത്തിനായി വിദേശത്തേക്ക് അയച്ചത്.

ഡോ. പല്പുവിന്റെ മകനായ നടരാജന് (നടരാജഗുരു) കുട്ടിക്കാലത്തുതന്നെ, വീട്ടിൽ വരുമായിരുന്ന നാരായണ ഗുരുവിനെ കാണുവാനും കേൾക്കുവാനും അവസരം ലഭിച്ചിരുന്നു. സ്കൂൾ- കോളേജ് പഠനകാലത്ത് താൻ പഠിക്കുന്ന ശാസ്ത്രത്തെ സംബന്ധിച്ച പല ചോദ്യങ്ങളും നടരാജനോട് ഗുരു
ചോദിച്ചിട്ടുണ്ട്. അതിനൊന്നും അന്ന് ഉത്തരം പറയാൻ നടരാജനു സാധിച്ചിരുന്നില്ല. പിൽക്കാലത്ത് ഗുരുവിന്റെ കൃതിയായ ദർശനമാലയ്ക്ക് വ്യാഖ്യാനമെഴുതിയത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയായാണ്!

നാരായണഗുരു മലയാളത്തിൽ എഴുതിയിട്ടുള്ള 'ആത്മോപദേശശതക"ത്തിലെ യോഗയുക്തിയെയും ശാസ്ത്രീയതയെയും വെളിവാക്കിക്കൊണ്ടും മറ്റ് ലോകചിന്തകരുടെ ചിന്തയോട് താരതമ്യം ചെയ്തുകൊണ്ടും ബൃഹത്തായൊരു വ്യാഖ്യാനം, 'വൺ ഹൺഡഡ് വേഴ്സസ് ഓഫ് സെൽഫ് ഇൻസ്ട്രക്ഷൻ" എന്ന പേരിൽ നടരാജഗുരു എഴുതിയിട്ടുണ്ട്. 'അനുകമ്പാദശക"ത്തിനും 'പിണ്ഡനന്ദി"ക്കും വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. ഗുരുവിന്റെ ഇരുപതോളം വരുന്ന കൃതികൾക്ക് ഇംഗ്ലീഷ് പരിഭാഷയും ചെയ്തിട്ടുണ്ട്.

കൂടാതെ നാരായണഗുരുവിന്റെ ദർശനത്തെയും പൗരസ്ത്യവും പാശ്ചാത്യവുമായ ചിന്തകളെയും താരതമ്യം ചെയ്ത് പഠനം നടത്തിയിട്ടുള്ള മറ്റു സ്വതന്ത്ര കൃതികളും ഗുരു രചിച്ചിട്ടുണ്ട്. ഭഗവദ്ഗീതക്കും ശങ്കരാചാര്യരുടെ സൗന്ദര്യലഹരിക്കും ബൃഹത്തായ വ്യാഖ്യാനഗ്രന്ഥങ്ങളും എഴുതി. മനുഷ്യരാശിക്ക് ശാന്തിയും ലോകത്തിന് സമാധാനവും നല്കുവാൻ സ്ഥാപിതമായ ഐക്യരാഷ്ടസഭയും,​ മനുഷ്യനന്മ ലക്ഷ്യംവച്ച് രൂപംകൊണ്ട മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ശാസ്ത്ര വിജ്ഞാനവുമെല്ലാം ആ ലക്ഷ്യം പ്രാപ്തമാക്കുന്നതിൽ തോറ്റിരിക്കുന്ന ഈ പ്രതിസന്ധിഘട്ടത്തിൽ, നാരായണഗുരുവിന്റെ ഏകാത്മകതാബോധം വഴി ആ ലക്ഷ്യം സാധിക്കുമെന്ന് നടരാജഗുരു ആത്മാർത്ഥമായി വിശ്വസിച്ചു.

അതിനുവേണ്ടി തന്റെ ഗുരുവിന്റെ ദർശനത്തെ പാശ്ചാത്യവും പൗരസ്ത്യവുമായ തത്ത്വചിന്തകളോടു ചേർത്തുവച്ച് വിലയിരുത്തി, ആധുനിക ശാസ്ത്രയുക്തിക്ക് ഇണങ്ങുന്ന ഒരു ചിന്താപദ്ധതിയായാണ് ഏകാത്മകതാബോധത്തെ മനുഷ്യരാശിയുടെയാകെ നന്മയ്ക്കായി അവതരിപ്പിച്ചിട്ടുള്ളത്. അതിന് ലോകത്തെ
വിടെയുമുള്ള സർവ മനുഷ്യരുടെയും നന്മ ഉറപ്പു വരുത്തുവാനുള്ള കരുത്തുണ്ട്. ഈ നന്മ ഉറപ്പു വരുത്തുവാൻ മനുഷ്യസ്നേഹികളായ ഏവരും ഒരുമയോടെ ഒത്തുചേർന്ന് പ്രവർത്തിക്കേണ്ട സന്ദർഭമാണിത്.

(ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യനാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY