SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

വാക്കിന്റെ അത്ഭുതശക്തി

a

ഒരു മഹാത്മാവ് മരണശയ്യയിൽ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ ചുറ്റും കൂടിനില്പുണ്ട്. അവരിലൊരാൾ പറഞ്ഞു, ഗുരോ, അങ്ങ് ഈ ശരീരം വെടിയുന്നതിനുമുമ്പ് എന്തെങ്കിലും ഉപദേശം നല്കി ഞങ്ങളെ അനുഗ്രഹിക്കണം. മഹാത്മാവ് എല്ലാവരോടുമായി ചോദിച്ചു എന്റെ വായിൽ നിങ്ങൾ പല്ലുകൾ കാണുന്നുണ്ടോ? വൃദ്ധനായ അദ്ദേഹത്തിന്റെ വായിൽ ഒരൊറ്റ പല്ലുപോലും ഇല്ലായിരുന്നു. ചുറ്റും കൂടിയിരുന്നവരുടെ മറുപടി സ്വാഭാവികമായും ഇങ്ങനെയായിരുന്നു. 'ഇല്ല'. മഹാത്മാവ് വീണ്ടും ചോദിച്ചു. 'നിങ്ങളുടെ വായിലോ?' നാവും പല്ലുകളുമുണ്ട്. അവർ പറഞ്ഞു. മഹാത്മാവ് തന്റെ അന്തിമോപദേശമായി പറയാനാരംഭിച്ചു, 'മനുഷ്യൻ ജനിക്കുമ്പോൾ അവനു നാവു മാത്രമേയുള്ളൂ. പല്ലുകൾ പിന്നീടു വരുന്നതാണ്. അവ നാവിനേക്കാൾ
എത്രയോ കടുപ്പവും കരുത്തുമുള്ളവയാണ്. പക്ഷേ, മനുഷ്യനു പ്രായമാകുന്നതനുസരിച്ച് കടുപ്പവും കരുത്തുമുള്ള പല്ലുകൾ കൊഴിഞ്ഞു പോകുന്നു.

മാർദ്ദവവും വഴക്കവുമുള്ള നാവാകട്ടെ മരണംവരെ യാതൊരു കുഴപ്പവുമില്ലാതെ അവശേഷിക്കുന്നു.' ക്ഷീണിതനായ മഹാത്മാവ് അല്പനേരത്തെ നിശ്ശബ്ദതയ്ക്കശേഷം വീണ്ടും തുടർന്നു, ഇതാണെന്റെ അവസാനത്തെ ഉപദേശം. മൃദുവായത്, വഴക്കമുള്ളത് നിലനിൽക്കുന്നു. അതിനാൽ സ്‌നേഹത്തോടെ പെരുമാറുക. മൃദുവായി സംസാരിക്കുക. ഇത്രയും പറഞ്ഞതും അദ്ദേഹത്തിന്റെ കണ്ണുകൾ അവസാനമായി അടഞ്ഞു. ഈശ്വരൻ മനുഷ്യനു നല്കിയിരിക്കുന്ന അപൂർവ്വമായ അനുഗ്രഹങ്ങളിലൊന്നാണ് സംസാരിക്കുവാനുള്ള കഴിവ്. എന്നാൽ ഈ കഴിവിനെ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അത് അനുഗ്രഹത്തിനുപകരം ശാപമായി മാറും.

നമ്മളെ ജീവിതത്തിൽ ഉയർത്താനും താഴ്ത്താനും തളർത്താനും നമ്മുടെ വാക്കുകൾക്കു സാധിക്കും. വാക്ക് അഗ്നിപോലെ നന്മയ്ക്കും തിന്മയ്ക്കും സൃഷ്ടിക്കും സംഹാരത്തിനും ഉപകരിക്കും. നല്ല രുചിയേറിയ പാൽപ്പായസം ആണെങ്കിലും ഒരു തുള്ളി വിഷം മതി വലിയ അപകടം സൃഷ്ടിക്കാൻ. അതുപോലെ തെറ്റായ ഒരു വാക്ക് മതി ദുരന്തങ്ങൾ സൃഷ്ടിക്കാൻ. ചിന്തിക്കാതെ സംസാരിക്കുക എന്ന ഒരു ദുർഗുണം, നൂറു നല്ല ഗുണങ്ങളെ നിഷ്പ്രഭമാക്കും. തെറ്റായ ഒരു വാക്കുകൊണ്ട് ഉറ്റസുഹൃത്തുപോലും ശത്രുവാകും. കൊല്ലാൻ വരെയുള്ള ദേഷ്യവും പകയും ഒരാളിലുണ്ടാക്കാൻ തെറ്റായ ഒരു വാക്കു മതിയാകും. അതേസമയം മധുരമായ വാക്കിന് ബദ്ധശത്രുവിനെപ്പോലും ആത്മസുഹൃത്താക്കി മാറ്റാനും കഴിയും.

ഒരു രാഷ്ട്രത്തലവന്റെ അശ്രദ്ധമായ വാക്ക് മതി ഒരു മഹായുദ്ധത്തിന് കാരണമാകാൻ. അതേസമയം ഉചിതമായ ഒരൊറ്റ വാക്കു കൊണ്ട് ഗൗരവമേറിയ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യാം. പൂക്കളിലെ തേൻ എത്ര വണ്ടുകളെയാണ് ആകർഷിക്കുന്നത്. അതുപോലെ നല്ല വാക്കിന് സകലരേയും ആകർഷിക്കാനുള്ള ശക്തിയുണ്ട്. മധുരമായി, ശക്തമായി സംസാരിക്കാൻ കഴിവുള്ളവൻ ലോകം കീഴടക്കുക തന്നെ ചെയ്യും.അതുകൊണ്ട് ഓരോ വാക്കിലും ശ്രദ്ധയും വിവേകവും കൊണ്ടുവരിക. ഒരു നീർച്ചാലിനെ അതിന്റെ തുടക്കത്തിൽ ഒരു കല്ലുകൊണ്ടു തടഞ്ഞു നിർത്താനോ അതിന്റെ ഗതി തിരിച്ചുവിടാനോ പ്രയാസമില്ല. എന്നാൽ ആ നീർച്ചാൽ വളർന്ന് ഒരു വലിയ നദിയായാൽ അതിനെ നിയന്ത്രിക്കാൻ പ്രയാസമാണ്. അതുപോലെ ചിന്ത വാക്കും, വാക്ക് പ്രവൃത്തിയുമായിക്കഴിഞ്ഞാൽ പിന്നീടതിനെ നിയന്ത്രിക്കുക പ്രയാസമാണ്. അതിനാൽ ചിന്ത വാക്ക് ആകുമ്പോൾ ശ്രദ്ധിക്കുക, വാക്ക് പ്രവൃത്തിയാകുമ്പോൾ അതിലേറെ ശ്രദ്ധിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY