
'ഒരു നല്ല ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് എപ്പോഴെങ്കിലും സഗൗരവം ചിന്തിച്ചിട്ടുണ്ടോ? ജനാധിപത്യത്തിൽ, തങ്ങളുടെ കൂട്ടത്തിൽ നിന്നും ഭരണാധികാരിയായി, ഒരു നിശ്ചിതകാലത്തേക്ക്, ആരു വേണം എന്നു തീരുമാനിക്കാനുള്ള അവകാശവും, അധികാരവും ഉള്ള 'തിരുമേനിമാർ' ആ നാട്ടിലെ ജനങ്ങൾ തന്നെയാണെന്ന് ആർക്കാണ് അറിയാത്തത്! നല്ലൊരു ഭരണാധികാരിയെ കണ്ടുപിടിക്കണമെങ്കിൽ, നന്നായി ചിന്തിക്കാതെ കഴിയുമോ? ഉൾക്കണ്ണുകൊണ്ട് ഗുണദോഷങ്ങളറിയണം. ഓരോ സർക്കാരിനേയും, ജനങ്ങൾ വലിയ പ്രതീക്ഷകളോടെയാണ് വരവേൽക്കുന്നത്! നല്ല ഭരണാധികാരിഎങ്ങനെയാകണമെന്ന് ചാണക്യൻ തന്റെ 'അർത്ഥ ശാസ്ത്ര'ത്തിൽ വിവരിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ആശയം അനുസരിച്ച് രാജാവ് അല്ലെങ്കിൽ ഭരണാധികാരി പലവിധം ഗുണങ്ങളുള്ള വ്യക്തിത്വമായിരിക്കണം: ജനക്ഷേമത്തിന് മുൻഗണന നൽകണമെന്നതാണ് ചാണക്യന്റെ പ്രസിദ്ധമായ ആശയം: 'പ്രജകളുടെ സന്തോഷത്തിലാണ് നല്ല ഭരണാധികാരിയുടെ സന്തോഷം. അല്ലാതെ ഭരണാധികാരിയുടേയോ, കുടുംബത്തിന്റെയോ' ലാഭമല്ല, ജനങ്ങളുടെ നന്മയാണ് ഭരണത്തിന്റെ ലക്ഷ്യം. ഭരണാധികാരി നീതിപൂർവ്വം ഭരിക്കണം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം. താനും തോഴരും നിയമത്തിന് മുകളിലെന്ന പക്ഷപാതം കാണിക്കരുത്. അഴിമതിയും അനീതിയും കർശനമായി തടയണം. ഉത്തമനായ ഭരണാധികാരിക്ക് സ്വയം നിയന്ത്രണമുണ്ടാകണം. കോപം, അതിയായ ആസക്തി, ലോഭം, അഹങ്കാരം ഇവ ഭരണാധികാരിയെ നശിപ്പിക്കും. അതിനാൽ ആത്മനിയന്ത്രണം അനിവാര്യമാണ്.
അറിവും ഉപദേശവും സ്വീകരിക്കണം. പണ്ഡിതന്മാരുടെയും സെക്രട്ടറിമാരുടെയും അഭിപ്രായം കേൾക്കണം. ഒന്നും ഒറ്റയ്ക്ക് തീരുമാനമെടുക്കരുത്. പഠനവും നിരീക്ഷണവും തുടരണം. ജനങ്ങളുടെ പ്രശ്നങ്ങൾ ഭരണാധികാരി അറിയണം. ജനങ്ങളുടെ ജീവിതാവസ്ഥ മനസ്സിലാക്കണം, ദരിദ്രരുടെയും ദുർബലരുടെയും പ്രശ്നങ്ങൾ കേൾക്കണം. നേരിട്ട് വിവരം ശേഖരിക്കണം. രാജ്യസുരക്ഷ ഉറപ്പാക്കണം. ആഭ്യന്തരസമാധാനം, അതിർത്തിസുരക്ഷ, നിയമസംരക്ഷണം ഇവ ഭരണത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളാണ്. നികുതി നീതിപൂർവ്വം ഈടാക്കണം.
ചാണക്യൻ പറഞ്ഞ ഒരു ഉപമ അതിപ്രശസ്തമാണ്: 'തേനീച്ച പൂവിനെ നശിപ്പിക്കാതെ, തേൻ ശേഖരിക്കുന്നതുപോലെ ഭരണാധികാരി നികുതി ഈടാക്കണം.' അഥവാ ജനങ്ങളെ ചൂഷണം ചെയ്യാതെ നികുതി സംവിധാനം വേണം. ഇത് ഏറ്റവും പ്രധാന ആശയങ്ങളിൽ ഒന്നാണ്. ഇപ്പോൾ മുഖമേതെങ്കിലും കണ്ടോ?' ഇപ്രകാരം പറഞ്ഞുകൊണ്ട് പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ എല്ലാവരും ഒരു കൗതുക കാഴ്ച കാണുന്ന ഭാവത്തിലായിരുന്നു. വാത്സല്യപൂർവം പ്രഭാഷൻ ഇപ്രകാരം തുടർന്നു: 'ചാണക്യന്റെ ഭരണദർശനത്തിന്റെ സാരം എന്നത്, ഒരു നല്ല ഭരണാധികാരി കരുണയുള്ളവനും നീതിമാനും ദൂരദർശിയും കാർക്കശ്യം ആവശ്യമുള്ളിടത്ത് കർശനസ്വഭാവിയായും നിലകൊള്ളണം എന്നാണ്.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ നല്ല ഭരണത്തിന്റെ ലക്ഷ്യം അധികാരം നിലനിർത്തൽ മാത്രമല്ല; ജനങ്ങളുടെ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കലാണ്. ഇപ്പോൾ, ഉൾക്കണ്ണിൽ മുഖമേതെങ്കിലും തെളിഞ്ഞോ! ഇല്ലല്ലോ, അല്ലേ?,കുഴപ്പമില്ല, ഞാൻ ഇവിടെ നിരത്തിയ ചാണക്യസൂക്തങ്ങൾ അതിന്റെ എതിർദിശയിലൂടെ വായിച്ചുനോക്കൂ, അതായത്, ജനക്ഷേമത്തിനു പകരം സ്വന്തം ക്ഷേമം,നീതിക്കു പകരം അനീതി എന്ന നിലയിൽ: ഇപ്പഴോ, ഹോ, ഭയങ്കരം തന്നെ!,അല്ലേ, കുറേനാൾ നമ്മെ, ഭീഷണിയുടെ മുൾമുനയിൽ നിർത്തി പീഡിപ്പിച്ച കുറേ ക്രൂരമുഖങ്ങൾ തെളിയുന്നില്ലേ? പേടിക്കണ്ട, കേട്ടോ, എന്നന്നേക്കുമായി പടിയടച്ചാൽ മതി!' കൂട്ടച്ചിരിയിൽ പ്രഭാഷകനും കൂടിച്ചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |