
ഒരിക്കൽ ധനികനായ ഒരു വ്യവസായി ഒരു കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് കപ്പൽ ഭയങ്കരമായ കൊടുങ്കാറ്റിൽ അകപ്പെട്ടു. രക്ഷപ്പെടാൻ സാദ്ധ്യത കുറവാണെന്ന് കപ്പിത്താൻ എല്ലാവരെയും അറിയിച്ചു. കപ്പലിലുള്ള എല്ലാവരും പ്രാർത്ഥിച്ചു തുടങ്ങി. ധനികനായ വ്യവസായി പ്രാർത്ഥിച്ചു. "ഭഗവാനെ, ഞാൻ രക്ഷപ്പെട്ടാൽ എൻ്റെ പഞ്ചനക്ഷത്ര ഹോട്ടൽ വിറ്റ് കിട്ടുന്ന തുകയുടെ 75 ശതമാനം അങ്ങേയ്ക്ക് സമർപ്പിക്കാം."
അത്ഭുതമെന്നു പറയട്ടെ കടൽ പെട്ടെന്ന് ശാന്തമായി. എല്ലാവരും സുരക്ഷിതമായി കരയ്ക്കെത്തി. എന്നാൽ വ്യവസായി വിഷമത്തിലായി, “അയ്യോ, എന്റെ ഹോട്ടൽ വിറ്റാൽ ഒരു കോടി രൂപയെങ്കിലും കിട്ടും. അതിൻ്റെ 75 ശതമാനം ഭഗവാന് കൊടുക്കണമല്ലോ. അത്രയും കൊടുക്കണോ? എന്തു ചെയ്യണം?" അതൊഴിവാക്കാനുള്ള മാർഗം അയാൾ ചിന്തിച്ചു തുടങ്ങി. അടുത്ത ദിവസം പത്രങ്ങളിൽ ഒരു പരസ്യം വന്നു. "ഒരു പഞ്ചനക്ഷത്ര ഹോട്ടൽ വിൽക്കാനുണ്ട്. വില 100 രൂപ മാത്രം."
ഹോട്ടൽ വാങ്ങാനായി ആളുകൾ തടിച്ചുകൂടി. അപ്പോൾ ധനികൻ തന്റെ വ്യവസ്ഥ അറിയിച്ചു. "ഹോട്ടലിനോടൊപ്പം എൻ്റെ പട്ടിക്കുട്ടിയെക്കൂടി വാങ്ങണം. പട്ടിക്കുട്ടിയുടെ വില 100 കോടി രൂപയാണ്." അവസാനം ഹോട്ടൽ വിറ്റപ്പോൾ അയാൾ ക്ഷേത്രത്തിൽ ചെന്നു 75 രൂപ ഭഗവാനു സമർപ്പിച്ചു. ഈ രീതിയിലാണ് പലരുടെയും മനോഭാവം. സ്വന്തം കാര്യം കാണാൻ ഈശ്വരനെപ്പോലും കളിപ്പിക്കാൻ നമ്മൾ തയ്യാറാണ്. ത്യാഗവും എളിമയുമൊക്കെ ജീവിതാദർശമായി കരുതിയിരുന്ന ഒരു സംസ്കാരം അടുത്ത കാലം വരെയും നമുക്കുണ്ടായിരുന്നു. എന്നാൽ ഇന്നാ കാഴ്‌ചപ്പാടിന് മാറ്റം വന്നിരിക്കുന്നു. കഴിയുന്നത്ര പണം സമ്പാദിക്കുക, സുഖഭോഗങ്ങളനുഭവിക്കുക എന്നതായിരിക്കുന്നു ജീവിതലക്ഷ്യം. ഏറ്റവും കുറച്ചു സമൂഹത്തിനു കൊടുത്തുകൊണ്ട് ഏറ്റവും കൂടുതൽ എടുക്കുക എന്നതാണ് ജീവിതവിജയമായി പലരും കാണുന്നത്.
വാസ്തവത്തിൽ വ്യക്തിയും സമൂഹവും തമ്മിൽ ഒരു താളലയം വേണം. സമൂഹത്തിൽ നിന്ന്, പ്രകൃതിയിൽ നിന്ന് എന്തെങ്കിലും എടുക്കുമ്പോൾ അതിനുപകരമായി എന്തെങ്കിലും തിരിച്ചുനൽകാനുള്ള ബാദ്ധ്യത നമുക്കുണ്ട്. സമൂഹത്തിൽനിന്ന് എടുക്കുന്നതിലധികം തിരികെ സമൂഹത്തിനു നല്കാൻ നമുക്കു കഴിഞ്ഞാൽ സമൂഹത്തിൽ ശാന്തിയും ഐക്യവും ഐശ്വര്യവും കളിയാടും. ഇന്ന് നമുക്ക് എവിടെയും എന്തിനോടും ഒരു ബിസിനസ് മനോഭാവമാണ്. ഈശ്വരനോടുള്ള ബന്ധംപോലും അത്തരത്തിലുള്ളതായിരിക്കുന്നു. പൂർണമായ സമർപ്പണമാണ് ഈശ്വരനോട് അല്ലെങ്കിൽ ഗുരുവിനോടു ഉണ്ടാകേണ്ടത്. എന്നാൽ അവിടെപ്പോലും നമ്മൾ കണക്കുകൂട്ടുകയാണ്. എങ്ങനെ ലാഭം കൊയ്യാമെന്നു ചിന്തിക്കുകയാണ്.
ഏതു രംഗത്തും അവനവന്റെ മാത്രം വളർച്ചയാണ് നാം ആഗ്രഹിക്കുന്നത്. അത്തരം വളർച്ച വിനാശകരമാണ്. ക്യാൻസർ സെല്ലുകൾ പരിധിയില്ലാതെയാണ് വളരുന്നത്. ഒടുവിൽ ആ വളർച്ച സ്വന്തം നിലനിൽപ്പ് തന്നെ ഇല്ലാതാക്കുന്നു. ഇതുപോലെ, സമൂഹനന്മയ്ക്ക് ഉതകാത്ത വളർച്ച ഒടുവിൽ തന്റെ തന്നെ നാശത്തിനു കാരണമാകും. വളരാനും വികസിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ മറ്റുള്ളവരുടെ വളർച്ചയ്ക്കുകൂടി സഹായിക്കുന്ന വിധമാകണം നമ്മുടെ വളർച്ച. വാസ്തവത്തിൽ നമ്മൾ ലോകത്തിന് എന്തു കൊടുക്കുന്നുവോ അത് നമ്മളിലേയ്ക്കുതന്നെ തിരിച്ചുവരും. ഒരു വിത്തിട്ടാൽ നൂറുമേനിയായി ഭൂമി അതു തിരിച്ചുനല്‌കുന്നു. നമ്മൾ എന്തു കൊടുക്കുന്നുവോ അതിൻ്റെ സുകൃതം നമ്മുടെ വർത്തമാന ജീവിതത്തെ മാത്രമല്ല, ഭാവിയെക്കൂടി ശോഭനമാക്കും. എടുക്കുന്നതിലധികം കൊടുക്കുന്നതിലാണ് ജീവിതത്തിന്റെ മൂല്യം കുടികൊള്ളുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |