SignIn
Kerala Kaumudi Online
Saturday, 25 July 2026 1.47 AM IST

അവതാരമെടുക്കുന്ന ഈശ്വരശക്തി

k

''ധർമ്മാ വിരുദ്ധോ ഭൂതേഷു കാമോസ്മി ഭരതർഷഭ'' എന്ന് ഭഗവദ്ഗീതയിൽ പറയുന്നുണ്ട്. പുരുഷാർത്ഥങ്ങൾ (ധർമ്മാർത്ഥ കാമ മോക്ഷങ്ങൾ) എക്കാലവും ധർമ്മത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആ ധർമ്മത്തിന് വിപര്യയം സംഭവിക്കുമ്പോഴെല്ലാം ഈശ്വരശക്തി അവതാരമെടുക്കുന്നു. അർത്ഥകാമങ്ങൾ ധർമ്മത്തിന്റെ പിൻബലമുള്ളതാകണം എന്നത് പ്രകൃതി നിയമമാണ്. മുൻസൂചിപ്പിച്ച പ്രകാരം ധർമ്മ ഗ്ളാനിയെ നേരിടുന്നതിനായി അവതാരമെടുത്ത ഈശ്വരസ്വരൂപനായ ശ്രീരാമചന്ദ്രൻ ദേശകാലഭാഷാതീതമായി ലോകമെങ്ങും എക്കാലവും പ്രകീർത്തിക്കപ്പെടുന്നു.

പതിനാറാം നൂറ്റാണ്ടിൽ ഹിന്ദി സാഹിത്യത്തിൽ തുളസീദാസ് രചിച്ച 'രാമചരിതമാനസ'ത്തിൽ ശ്രീരാമചന്ദ്രനെ മഹാവിഷ്ണുവിന്റെ ദിവ്യാവതാരമായി പ്രകീർത്തിച്ചിട്ടുണ്ട്. ഒൻപതാം നൂറ്റാണ്ടിൽ വിഷ്ണുഭക്തനായ ചേരരാജാവ് കുലശേഖരപ്പെരുമാൾ, പത്ത് അദ്ധ്യായങ്ങളുള്ള 'പെരുമാൾ തിരുമൊഴി 'എന്ന ഭക്തികാവ്യത്തിൽ അവസാന മൂന്നു അദ്ധ്യായങ്ങളിൽ ശ്രീരാമനെയാണ് പ്രകീർത്തിക്കുന്നത്.

രാമായണത്തെ കാണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. 'കാണ്ഡം' എന്നാൽ കരിമ്പിൻതണ്ട് എന്നാണ്. അതായത് ആസ്വദിക്കുംതോറും ആസ്വാദനക്ഷമത ഉത്തരോത്തരം വർദ്ധിക്കുന്ന അനുഭൂതിപൂർണവും അന്വേഷണപരത വന്നുഭവിക്കുന്നതുമായ വിജ്ഞാനപ്രദീപകമായ 'രാമായണം' അദ്ധ്യാത്മജ്ഞാനികൾക്ക് എത്രതന്നെ ഹൃദിസ്ഥമാക്കിയാലും, എത്രതന്നെ മുങ്ങിത്തപ്പിയാലും മതിവരുന്ന ഒന്നല്ല.

കർമ്മപൂർണത, ആചരണം, ആദരണം, അഭിലഷണീയത,സഹനം, സഹാനുഭൂതി, ത്യാഗം എന്നിവപോലെതന്നെ വിശ്വാസരാഹിത്യം, അപവാദങ്ങൾ അനർഹമായ മോഹങ്ങൾ ആത്മസംഘർഷങ്ങൾ എന്നിങ്ങനെ ജീവിതാനുഭവങ്ങളുടെ ഉൾപ്പിരിവുകൾ രാമകഥയുടെ തനതുസൗന്ദര്യമാണ്. മനുഷ്യമനസ് രാമഭാവവും രാവണഭാവവും കലർന്നതാണ്. അതിൽ രാമചൈതന്യമായി സത്യ, ധർമ്മ, കർമ്മ സമ്പൂർണതകളെക്കൊണ്ട് രാവണരാക്ഷസീയതകളെ ഹനിക്കുന്നു.

ആലസ്യത്തിന്റെയും ആസുരികതയുടെയും ഉദാസീനതയുടെയും ഇരുട്ട് എന്നേക്കുമായി മാഞ്ഞു പോകുന്നു. ആദർശനിഷ്ഠയുടേയും ആത്മദർശന പരിപക്വതയുടേയും കർമ്മഗുണവൈഭവങ്ങളെ പ്രകീർത്തിക്കുന്ന രാമായണം ദേശ കാല പരിച്ഛിന്നമായ സന്ദേശമാണ് നൽകുന്നത്. ഏതർത്ഥത്തിലും 'രാമായണം' ഒരു പാഠപുസ്തകം തന്നെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY