
ഭാരതീയ നീതിന്യായ ചരിത്രത്തിൽ സുവർണ അദ്ധ്യായം കുറിച്ചുകൊണ്ട് സുപ്രീംകോടതിയുടെയും നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്തമായ പുതിയൊരു കാൽവയ്പ്പാണ് മൊബൈൽ ഇ- സേവ വാനുകൾ. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ പടിവാതിൽക്കൽ നീതി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ നീതി ലഭ്യമാക്കുന്ന ഈ സംവിധാനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമ്പോൾ, സാധാരണക്കാരുടെ ജീവിതത്തിലും രാജ്യത്തിന്റെ നീതിന്യായ ഘടനയിലും അത്ഭുതാവഹമായ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. കിലോമീറ്ററുകളോളം യാത്ര ചെയ്ത് കോടതികൾ കയറിയിറങ്ങേണ്ടിയിരുന്ന സാധാരണ മനുഷ്യർക്ക് ഇതൊരു വലിയ ആശ്വാസമായി മാറും.
പാരമ്പര്യമായി നിലനിന്നിരുന്ന സങ്കീർണവും ചെലവേറിയതുമായ കോടതി വ്യവസ്ഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ഡിജിറ്റൽ യുഗത്തിന്റെ അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് മൊബൈൽ ഇ- സേവ വാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 73 വാനുകളിൽ ആദ്യ ഘട്ടമായി 26 വാനുകൾ ഫ്ളാഗ് ഓഫ് ചെയ്തു.
ഗ്രാമീണർക്കും ആദിവാസി മേഖലകളിലുള്ളവർക്കും അർഹമായ നിയമസഹായങ്ങൾ ഉറപ്പാക്കുന്നതിൽ ഈ സംവിധാനം ഒരു നാഴികക്കല്ലായി മാറും. സഞ്ചരിക്കുന്ന കോടതിയായിട്ടാണ് ഇവ പ്രവർത്തിക്കുന്നത്. മൾട്ടി നെറ്റ്‌വർക്ക്, 4ജി, 5 ജി കണക്ടിവിറ്റി, എച്ച്.ഡി വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങൾ, സി.സി ടിവി ക്യാമറകൾ, പബ്ലിക് അഡ്രസ് സിസ്റ്റങ്ങൾ, വിശ്വസനീയമായ പവർ ബാക്ക്അപ്പ് സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. കോടതി നടപടികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നു.
കേസുകളുടെ നിലവിലെ അവസ്ഥ, അടുത്ത ഹിയറിംഗ് തീയതികൾ, ഉത്തരവുകൾ, വിധികളുടെ പകർപ്പുകൾ എന്നിവയെല്ലാം സാധാരണക്കാർക്ക് തങ്ങളുടെ ഗ്രാമങ്ങളിൽ വച്ചുതന്നെ മനസിലാക്കാം.
ഇ-ഫയലിംഗ്, ഡിജിറ്റൽ പേയ്‌മെന്റുകൾ, സൗജന്യ നിയമസഹായം എന്നിവയ്ക്കുള്ള സഹായങ്ങളും ഇതിലൂടെ ലഭ്യമാകും.
സാധാരണക്കാർ നേരിടുന്ന ചെറിയ കേസുകളും തർക്കങ്ങളും നീണ്ടുപോകാതെ പരിഹരിക്കുന്നതിന് മൊബൈൽ ലോക് അദാലത്തുകൾ ഈ വാനുകൾ വഴി നടത്താനാകും
വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ചെലാനുകൾ തീർപ്പാക്കൽ, വ്യവഹാരത്തിന് മുമ്പുള്ള പ്രശ്നപരിഹാരങ്ങൾ, വൈദ്യുതിയുമായും മറ്റ് അവശ്യ സേവനങ്ങളുമായും ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവയെല്ലാം ഇതിന്റെ സഹായത്തോടെ വേഗത്തിൽ പരിഹരിക്കപ്പെടും. നിയമപരമായി അനുവാദമുള്ള സന്ദർഭങ്ങളിൽ വിർച്വൽ ഹിയറിംഗുകൾ, മീഡിയേഷൻ സെഷനുകൾ, സാക്ഷി വിസ്താരങ്ങൾ എന്നിവ നടത്താനുള്ള സജ്ജീകരണങ്ങളും ഇതിലുണ്ട്.
കാലതാമസം കുറയും
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് കോടതികളിലേക്ക് യാത്ര ചെയ്യാനും അഭിഭാഷകരുടെ ഫീസ് നൽകാനും വരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. വിദൂര ഗ്രാമങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്കും കർഷകർക്കും തങ്ങളുടെ ജോലി നഷ്ടപ്പെടുത്താതെ തന്നെ തങ്ങളുടെ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും ആവശ്യമായ നിയമോപദേശങ്ങൾ തേടാനുമാകും. ഇതിലൂടെ അവരുടെ സമയവും പണവും ലാഭിക്കാം.
നീതി ലഭ്യമാകുന്നതിലെ കാലതാമസം വലിയ തോതിൽ കുറയ്ക്കാനാകും. പ്രാദേശിക തലത്തിലുള്ള ചെറിയ തർക്കങ്ങൾ വലിയ കേസുകളായി മാറുന്നതിന് മുൻപ് തന്നെ മൊബൈൽ ലോക് അദാലത്തുകൾ വഴി പരിഹരിക്കപ്പെടുന്നത് കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കും.
നിയമപരമായ അവകാശങ്ങളെക്കുറിച്ചും സർക്കാരിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ചും സാധാരണക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിലും ഈ വാനുകൾ വലിയ പങ്കുവഹിക്കും. പ്രാദേശിക ഭാഷകളിൽ തയ്യാറാക്കിയ ഓഡിയോവിഷ്വൽ ഉള്ളടക്കങ്ങളിലൂടെയുള്ള നിയമബോധവത്കരണ പരിപാടികൾ ഗ്രാമങ്ങളിൽ പ്രദർശിപ്പിക്കും. സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടുന്ന സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗങ്ങൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ യാതൊരു ഭയവും കൂടാതെ തുറന്നുപറയാനും നിയമപരമായ പരിഹാരം തേടാനും സഹായിക്കും.
'എല്ലാവർക്കും നീതി' എന്ന ഭരണഘടനയുടെ അടിസ്ഥാന ശിലയെ പ്രാവർത്തികമാക്കുന്നതിൽ ഈ മൊബൈൽ ഇ-സേവ വാനുകൾ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. സർക്കാരും നീതിന്യായ വിഭാഗവും കൈകോർത്ത് നടപ്പിലാക്കുന്ന ഈ ജനക്ഷേമ പദ്ധതി, ഭാരതത്തിലെ ഓരോ പൗരനും അഭിമാനത്തോടെ ജീവിക്കാനും നീതി ഉറപ്പാക്കാനുമുള്ള അവസരമാണ് ഒരുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |