SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.06 AM IST

മയ്യഴിയുടെ കഥാകാരന് ശതാഭിഷേകം

mukundan

മലയാള സാഹിത്യത്തിൽ ഒരു ദേശവും ഒരെഴുത്തുകാരനും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുമ്പോൾ, നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളാണ് മയ്യഴിയും എം.മുകുന്ദനും. മയ്യഴി എന്നൊരു ചെറിയ പട്ടണത്തെ തന്റെ അക്ഷരങ്ങൾ കൊണ്ട് ലോക സാഹിത്യത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ആ പ്രിയ എഴുത്തുകാരന് നാളെ ശതാഭിഷേകമാണ്. 84ാം ജന്മവാർഷിക ദിനം.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ജനിച്ചുവളർന്ന മുകുന്ദന് മയ്യഴി കേവലം ഒരു ജന്മനാട് മാത്രമല്ല, അദ്ദേഹത്തിന്റെ സർഗാത്മകതയുടെ ജീവരക്തമാണ്. ഫ്രഞ്ച് ഭരണത്തിൻ കീഴിലായിരുന്ന മാഹിയുടെ ചരിത്രവും സംസ്‌കാരവും അതിന്റെ തനതായ ജീവിതരീതികളും മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തത് മുകുന്ദനാണ്. ഫ്രഞ്ച് സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളും മലയാളത്തിന്റെ തനിമയും ഒരുപോലെ കലർന്ന മയ്യഴിയുടെ മണ്ണിലെ മനുഷ്യരുടെ സ്വപ്നങ്ങളും, മോഹഭംഗങ്ങളും പ്രണയവും, വിരഹവുമെല്ലാം അദ്ദേഹം നോവലുകളിലൂടെയും കഥകളിലൂടെയും വളരെ മനോഹരമായി വരച്ചുകാട്ടി.

'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ', 'ദൈവത്തിന്റെ വികൃതികൾ' എന്നീ രണ്ട് വിഖ്യാത നോവലുകൾ മയ്യഴിയുടെ ചരിത്രവും ആത്മാവും തൊട്ടറിഞ്ഞ് എഴുതപ്പെട്ടവയാണ്. മയ്യഴിപ്പുഴയിലെ വെള്ളിയാങ്കല്ലും അതുമായി പ്രചുര പ്രചാരം നേടിയ മിത്തുകളും മുകുന്ദന്റെ എഴുത്തിന് മന്ത്രസദൃശ്യമായ ഭംഗി നൽകി. മയ്യഴിയിൽ ജനിച്ച് മരിക്കുന്ന മനുഷ്യരുടെ ആത്മാക്കൾ തുമ്പികളായി അങ്ങകലെ വെള്ളിയാങ്കല്ലിലേക്ക് പറന്നു പോകുന്നു എന്നതലമുറകളായുള്ള ആ പഴയ വിശ്വാസം മുകുന്ദൻ തന്റെ വരികളിലൂടെ അവതരിപ്പിച്ചപ്പോൾ, അത് മലയാള സാഹിത്യത്തിലെ ഏറ്റവും മനോഹരമായ ഒരു രൂപകമായി മാറി.


മുകുന്ദൻ എന്ന എഴുത്തുകാരൻ മയ്യഴിയുടെ മണ്ണിൽ നിന്നും ചരിത്രത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് മലയാളത്തിൽ ആധുനികതയ്ക്ക് വലിയൊരു അടിത്തറയിട്ടു. പരമ്പരാഗതമായ കഥപറച്ചിൽ ശൈലികളിൽ നിന്ന് മാറി, മനുഷ്യന്റെ അസ്തിത്വപരമായ പ്രതിസന്ധികളെയും ഏകാന്തതയെയും ശൂന്യതയെയും അദ്ദേഹം തന്റെ കൃതികളിൽ ആവിഷ്‌കരിച്ചു. ഡൽഹി പോലുള്ള വലിയനഗരങ്ങളിലേക്ക് തന്റെ എഴുത്തിന്റെ തട്ടകം മാറ്റിയപ്പോഴും, 'ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ' പോലുള്ള കൃതികളിലൂടെ ആത്മീയമായ അന്വേഷണങ്ങൾ നടത്തിയപ്പോഴും, മുകുന്ദന്റെ ഉള്ളിലെ മയ്യഴി പ്രവാസി ജീവിതത്തിന്റെ വേദനയായി ഒപ്പമുണ്ടായിരുന്നു.

പിന്നീട് എഴുതിയ 'പ്രവാസം', 'നൃത്തം' തുടങ്ങിയ കൃതികളിലും ഈ നാടിന്റെ സ്പന്ദനങ്ങൾ വായനക്കാർക്ക് അനുഭവിക്കാൻ കഴിഞ്ഞു. കവിത തുളുമ്പുന്ന ഗദ്യമാണ് മുകുന്ദന്റേത്. വായനക്കാരനെ കഥാപരിസരത്തേക്ക് പെട്ടെന്ന് കൂട്ടിക്കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ ശൈലിക്ക് പ്രത്യേക കഴിവുണ്ട്. മലയാള സാഹിത്യത്തിന് നൽകിയ വലിയ സംഭാവനകളെ മാനിച്ച് ഫ്രഞ്ച് സിവിലിയൻ പരമോന്നത ബഹുമതിയായ ഷെവലിയർ പുരസ്‌കാരം, കേന്ദ്ര -കേരള സാഹിത്യ അക്കാഡമി അവാർഡുകൾ, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മലയാള രത്ന തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

എന്നാൽ അതിലുമൊക്കെ ഉപരിയായി മയ്യഴി എന്ന ദേശത്തെയും അവിടത്തെ മനുഷ്യരെയും അനശ്വരരാക്കാൻ കഴിഞ്ഞു എന്നതാണ് മുകുന്ദൻ എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ പുരസ്‌കാരം. മയ്യഴിയെമാറ്റി നിറുത്തി മുകുന്ദനെയോ, മുകുന്ദനെ മാറ്റിനിറുത്തി മയ്യഴിയെയോ സാഹിത്യ ലോകത്തിന് ഓർക്കാൻ കഴിയില്ല.

'മറ്റൊരു മയ്യഴി നോവൽ

മനസിൽ രൂപം കൊള്ളുന്നു'

ജന്മദിനാഘോഷവേളയിൽ, എം.മുകുന്ദൻ

കേരളകൗമുദിയുമായി സംസാരിക്കുന്നു

?മയ്യഴിയിലേയും മലബാറിലെതന്നെയും രാഷ്ട്രീയമായ പശ്ചാത്തലങ്ങളെ മുൻനിറുത്തിയുള്ള ഒരു നോവലിന്റെ പണിപ്പുരയിലേക്ക് കടന്നുവെന്നും എന്നാൽ രാഷ്ട്രീയ വിവാദങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ അത് വേണ്ടെന്നുവച്ചുവെന്നും പറഞ്ഞിട്ടുണ്ട്. എന്താ കാരണം.


110 പേജ് എഴുതിയ നോവൽ ഉപേക്ഷിക്കാൻ കഴിയില്ല. ആരെയും നോവിക്കാതെ അതെങ്ങനെ എഴുതി മുഴുവിപ്പിക്കാൻ കഴിയും എന്നാണ് ആലോചിക്കുന്നത്. എന്റെ ഒരു നോവൽ വായിച്ച് ആരെങ്കിലും രോഷം കൊണ്ടാൽ എനിക്കൊന്നുമില്ല. പക്ഷേ അവർ കരഞ്ഞാൽ അതെന്നെ വിഷമിപ്പിക്കും.


?എന്നും ഒരു ഇടതുപക്ഷക്കാരനാണെന്ന് സധൈര്യം പറയുന്ന ആളാണ് താങ്കൾ. ഇടതുപക്ഷത്തിന് വർത്തമാന കാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തെ, ജനാധിപത്യവാദിയായ ഒരു മാനവിക ഇടതുപക്ഷക്കാരൻ എന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നു

 മനുഷ്യസ്‌നേഹവും നൈതികതയും വാഴുന്ന മഹിതമായ ഒരാശയമാണ് എനിക്ക് ഇടതുപക്ഷം. അതിന്റെ കൂടെ ഞാനെന്നുമുണ്ടാകും.

?ദൈവത്തിന്റെ വികൃതികൾ എന്ന വിഖ്യാത നോവലിന്റെ ഒടുവിൽ മുട്ടിന് മുകളിൽ മുണ്ടുമാടിക്കെട്ടി, ഉറയ്ക്കാത്ത കാലുകളുമായി നടക്കുന്ന ചെറുപ്പക്കാരെക്കുറിച്ചല്ലാതെ പറയാൻ ഞാൻ ഇനിയും വരുമെന്ന് താങ്കൾ ഉറപ്പ് നൽകിയിട്ടുണ്ട്. എയ്ഞ്ചൽ മേരിയിൽ നിന്നും ഇനി ഈ നോവലിലേക്ക് ഇനിയെത്ര കാലം വായനക്കാർ കാത്തിരിക്കണം

മറ്റൊരു മയ്യഴി നോവൽ മനസിൽ രൂപം കൊള്ളുന്നുണ്ട്. അത് പുതിയ കാല മയ്യഴിയല്ല. നൂറ് നൂറ്റമ്പത് കൊല്ലം മുൻപുള്ള മയ്യഴിയെ കുറിച്ചുള്ള ഒരു നോവൽ. അത് എഴുതാൻ കഴിയുമോ എന്നറിയില്ല. ഉറപ്പില്ല. പ്രായമായി. ഊർജമില്ല.

?അങ്ങയുടെ പല കഥകളും ചലച്ചിത്രാവിഷ്‌കാരത്തിന് വിധേയമായിട്ടുണ്ട്. മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന ഇതിഹാസകൃതി നാടക ചലച്ചിത്രാവിഷ്‌കാരങ്ങൾക്ക് വേണ്ടി പല പ്രമുഖരും സമീപിച്ചെങ്കിലും, ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.ഭാവിയിൽ അത് പ്രതീക്ഷിക്കാമോ?

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഒരു നോവൽ ആയിട്ടാണ് ജനിച്ചത്. നോവലായിത്തന്നെ അത് എക്കാലവും നിലനിൽക്കട്ടെ. സിനിമയുടെ പ്രലോഭനങ്ങളുണ്ട്. ഞാൻ അതിനു വഴങ്ങില്ല. സിനിമയാക്കാൻ വേണ്ടി ഇപ്പോഴും പലരും എന്നെ സമീപിക്കുന്നുണ്ട്. അവരോടു ഞാൻ നന്ദി പറയുന്നു. പക്ഷേ സിനിമ വേണ്ട. സിനിമയാകുവാൻ വേണ്ടിയല്ല അത് ജന്മം കൊണ്ടത്. നോവലായി എണ്ണമറ്റ വായനക്കാരുടെ മനസിൽ ജീവിക്കാൻ വേണ്ടി മാത്രമാണ്.


?ഒരു വ്യക്തി എന്ന നിലയിലും, സാഹിത്യകാരൻ എന്ന നിലയിലും

ഡൽഹിയേയും മയ്യഴിയേയും എങ്ങനെ കാണുന്നു

മയ്യഴി എനിക്ക് ജനിക്കുവാനും മരിക്കുവാനുമുള്ള ഇടമാണ്. എഴുതുവാനുള്ള സ്ഥലം ഡൽഹിയാണ്. എന്നെ ഞാനാക്കിയ എന്റെ മികച്ച രചനകൾ എല്ലാം തന്നെ ഡൽഹിയിൽ ഇരുന്ന് എഴുതിയവയാണ്.


?ആധുനികതയ്ക്കും, ഉത്തരാധുനികതയ്ക്കും ശേഷം ഇപ്പോൾ

സത്യാനന്തരകാലമാണ്. സാഹിത്യത്തിന്റെ ഭാവിയെക്കുറിച്ച്

പുതിയ എഴുത്തുകാരോടും, വായനക്കാരോടും എന്താണ് പറയാനുള്ളത്.

പുതിയ എഴുത്തുകാരോട് പറയാനുള്ളത് ഇതാണ്- എഴുതാനുള്ളതെല്ലാം വേഗം എഴുതി തീർക്കുക. കാരണം നാളെ സാഹിത്യവും സാഹിത്യകാരന്മാരും ഉണ്ടാകുമെന്ന് ഒരുറപ്പുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY