SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.40 AM IST

പെരുവഴിയ ലൈഫ്

ലൈഫ് ഭവന പദ്ധതിയും സൗജന്യ ടോയ്‌ലെറ്റ് നിർമാണവും സമൂഹത്തിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ളതാണ്. അവർക്കുവേണ്ടി സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ പണം വ്യാജ പേരുകളിൽ തട്ടിയെടുത്ത വില്ലേജ് എക്സറ്റൻഷൻ ഒാഫീസർ റാണി ലക്ഷിയെ സസ്പെൻഡ് ചെയ്ത സംഭവം എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്നതാണ്. പുതിയ കാലത്തെ സർക്കാർ ഉദ്യോഗസ്ഥർ പൊതുവെ അഴിമതി രഹിതരാണെന്ന അനുമാനത്തിന് പോറലേൽപ്പിക്കുന്നതാണ് വി.ഇ.ഒ. സീതത്തോട്, തണ്ണിത്തോട്, അരുവാപ്പാലും ഗ്രാമ പഞ്ചായത്തുകളിലെ ലൈഫ് മിഷൻ നിർമാണ പദ്ധതിയിലെ പണമാണ് റാണി ലക്ഷ്മി തട്ടിയെടുത്തത്. ഇന്റേണൽ വിജിലൻസ് അന്വേഷണ ഒാഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണം വകുപ്പ് പ്രിൻസിപ്പൽ ഡയറക‌്ടർ ഡോ. ദിവ്യ എസ്. അയ്യരാണ് സസ്പെൻഷൻ നടപടിയെടുത്തത്. നേരത്തേ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

തണ്ണിത്തോട്, ചിറ്റാർ പൊലീസ് സ്റ്റേഷനുകളിലാണ് ഇവർക്കെതിരേ നിലവിൽ കേസുകളുള്ളത്.
ഫയലുകൾ പരിശോധിച്ചതിൽ ഗുരുതരമായ കൃത്യവിലോപവും സാമ്പത്തിക തിരിമറിയും ധനാപഹരണവും കണ്ടെത്തിയതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇന്റേണൽ വിജിലൻസ് ഓഫീസർ കൂടാതെ ദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. സമാനമായ തട്ടിപ്പുകൾ മറ്റ് ദേശസ്ഥാപനങ്ങളിലും നടന്നിട്ടുണ്ടോയെന്ന് പരിശോധന വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പദ്ധതികളിൽ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ അനായാസം തട്ടിപ്പ് നടത്താം എന്നാണ് റാണി ലക്ഷ്മിയുടെ നടപടികളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. വർഷങ്ങളായി ഇവർ നടത്തിയിരുന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നത്. അറുപത് ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ വ്യക്തമായിരുക്കുന്നത്. റിമാൻഡിൽ കഴിയുന്ന വി.ഇ.ഒയെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും.
തട്ടിപ്പിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നതിലേക്ക് പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
ക്രമക്കേടുകളിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് റാണി ലക്ഷ്മി ആഡംബര ജീവിതം നയിച്ചിരുന്നതായും പറയപ്പെടുന്നു. തട്ടിപ്പ് നടത്തിയ കാലയളവിൽ ഭർത്താവിന്റെ പേരിൽ ടോറസ് ലോറി അടക്കം വാങ്ങി നൽകിയത് അന്വേഷണസംഘം കണ്ടെത്തി.

♦ തട്ടിപ്പ് കൂടുതലും സീതത്തോട്ടിൽ


സീതത്തോട് പഞ്ചായത്തിൽ അൻപത്തിയൊന്ന് ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഗവി നിവാസികൾക്കു വേണ്ടി ഭൂമി വാങ്ങി സീതത്തോട്ടിൽ വീട് വയ്ക്കാൻ നടത്തിയ പദ്ധതിയിലാണ് റാണി ലക്ഷ്മിയുടെ തട്ടിപ്പ്. ഈ പദ്ധതി നേരത്തെ തന്നെ ഏറെ വിവാദമായതാണ്.
സീതത്തോട് പഞ്ചായത്തിൽ രണ്ടായിരത്തി ഇരുപത്തിനാല് ഡിസംബർ ആറുമുതലാണ് റാണി ലക്ഷ്മി വിഇഒയായി പ്രവർത്തിച്ചത്. പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ വിഹിതം നൽകുന്നതിൽ കാലതാമസം കണ്ടതിനേ തുടർന്ന് പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് അന്വേഷണം നടത്തി. പട്ടിക പരിശോധിച്ചപ്പോൾ വി.ഇ.ഒയുടെ മാതാവ്,ഭർത്താവ്,ഭർത്തൃ പിതാവ്,സുഹൃത്തുക്കൾ എന്നിവരുടെ പേരുകൾ കണ്ടെത്തി. ഇവരുടെ പേരിൽ പലതവണ പണാപഹരണം നടത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു.
തണ്ണിത്തോട്ടിൽ പ്രാഥമികമായി രണ്ടു ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടത്. ഗുണഭോക്തൃ ലിസ്റ്റിൽ ബന്ധുക്കളുടെ പേരുകൾ തിരുകിക്കയറ്റി ഇവരുടെ പേരിൽ വ്യാജരേഖകൾ ചമച്ചാണ് പണം തട്ടിയെടുത്തുവന്നത്. തട്ടിപ്പ് പിടിക്കപ്പെടുമെന്നായപ്പോൾ പണം തിരികെ അടച്ച് തലയൂരാൻ റാണി ലക്ഷ്മി ശ്രമം നടത്തി. തണ്ണിത്തോട് പഞ്ചായത്തിലെ ഗുണഭോക്താവായ സിനുമോന് ലഭിക്കേണ്ട പണം അടൂരിലെ മറ്റൊരു സിനുവിന്റെ അക്കൗണ്ടിലേക്കാണ് പോയത്.

 നടപടികൾ സുതാര്യമാകണം

ഒരു സീനിയർ വില്ലേജ് എക്സ്റ്റൻഷൻ ഒാഫീസർക്ക് അറുപതിനായിരത്തിലേറെ രൂപ ശമ്പളമുണ്ട്. മറ്റ് പ്രാരാബ്ദ്ധങ്ങളൊന്നുമില്ലെങ്കിൽ ഒരു കുടുംബത്തിന് കഴിയാൻ ഇത് വേണ്ടുവോളം കാണും. തട്ടിപ്പ് നടത്തിയ വി.ഇ.ഒ പാവങ്ങളുടെ കിടപ്പാടത്തിനുള്ള പണം തട്ടിയെടുത്തത് മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത്. പണത്തോടുള്ള ആർത്തി വഴിവിട്ട നീക്കങ്ങളിലേക്ക് അവരെ കൊണ്ടെത്തിച്ചു. ആധുനിക ഡിജിറ്റൽ യുഗത്തിലും ഇത്തരം തട്ടിപ്പുകാർ സസുഖം വാഴുന്നു എന്നത് നിയമത്തിന്റെ പരാജയമാണ്. പുതുയുഗത്തിലെ തട്ടിപ്പു തടയാൻ നിയമങ്ങൾ അപ്പാടെ പരിഷ്കരിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, സർക്കാർ ഒാഫീസുകളിൽ അഴിമതിയും ക്രമക്കേടും തടയാൻ പദ്ധതി നടത്തിപ്പിൽ സുതാര്യത ഏർപ്പെടുത്തേണ്ടതുണ്ട്. സത്യസന്ധരും അഴിമതിക്കെതിരെ പോരാടുന്നവരുമായ ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ നമ്മുടെയിടയിൽ ഉണ്ടായതുകൊണ്ടാണ് റാണി ലക്ഷ്മിയെപ്പോലുള്ള തട്ടിപ്പുകാരെ പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. അവർക്ക് പാരിതോഷികവും പ്രൊമോഷനും പ്രോത്സാഹനവും കൊടുക്കാൻ സർക്കാർ തയ്യാറകണം. സീതത്തോട്ടിൽ അഴിമതി സംശയം ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി അന്വേഷണം നടത്തുകയായിരുന്നു. അഴിമതി പുറത്തുകൊണ്ടുവരുന്നതിൽ സെക്രട്ടറയും വലിയ പങ്കുവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY