SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.06 AM IST

ബ്രിക്സ് ഡൽഹി ഉച്ചകോടി:   പുതു ശബ്ദമാകുമോ ഇന്ത്യ

dd

ലോക രാഷ്ട്രീയം നിർണായകമായൊരു വഴിത്തിരിവിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡൽഹി വേദിയാകുന്നത്. നാല് വളർന്നുവരുന്ന സമ്പദ്‌ വ്യവസ്ഥകളുടെ കൂട്ടായ്മയായി ആരംഭിച്ച ബ്രിക്സ് ഇന്ന് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദിഅറേബ്യ, യു.എ.ഇ, ഇന്തോനേഷ്യ തുടങ്ങിയ പതിനൊന്ന് രാജ്യങ്ങളുടെ കൂട്ടായ്മയാണ്. ലോക ജനസംഖ്യയുടെ പകുതിയോളം, ആഗോള വ്യാപാരത്തിന്റെ അഞ്ചിലൊന്ന്, ലോക സാമ്പത്തിക ഉത്പാദനത്തിന്റെ ഏകദേശം 30 ശതമാനം എന്നിവയെ പ്രതിനിധീകരിക്കുന്ന ബ്രിക്സിന് ആഗോള രാഷ്ട്രീയ​സാമ്പത്തിക ക്രമത്തെ സ്വാധീനിക്കാനുള്ള ശേഷി ഇന്നുണ്ട്.


'പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കുക' എന്നതാണ് ഇന്ത്യയുടെ അദ്ധ്യക്ഷപദവിയുടെ പ്രമേയം. എന്നാൽ, പ്രമേയങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും അപ്പുറം ബ്രിക്സിനെ പ്രായോഗിക സഹകരണത്തിന്റെ ശക്തമായ വേദിയാക്കി മാറ്റുക എന്നതാണ് ഉച്ചകോടിയുടെ യഥാർത്ഥ പരീക്ഷണം. അതോടൊപ്പം, മാറിവരുന്ന ആഗോള സാഹചര്യത്തിൽ ഇന്ത്യയുടെ ദേശീയവും തന്ത്രപരവുമായ താത്പര്യങ്ങൾ സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ഉച്ചകോടി അവസരമൊരുക്കുന്നു.


ബ്രിക്സിന്റെ രൂപീകരണത്തിന് പിന്നിലെ അടിസ്ഥാനചിന്ത പാശ്ചാത്യ ആധിപത്യമുള്ള ആഗോള സാമ്പത്തിക​ രാഷ്ട്രീയ സംവിധാനം പരിഷ്‌കരിക്കുക എന്നതായിരുന്നു. 2009​ലെ ആദ്യ ഉച്ചകോടി മുതൽ അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ വളർന്നുവരുന്ന സമ്പദ്‌ വ്യവസ്ഥകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യം അംഗരാജ്യങ്ങൾ ഉന്നയിച്ചു. ഇതിലൂടെ ബ്രിക്സ് ക്രമേണ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാനുള്ള ശ്രമമാണ് നടത്തിയത്.

വികസിത രാജ്യങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ദക്ഷിണ​ സഹകരണം ശക്തിപ്പെടുത്തുകയും വികസ്വര രാജ്യങ്ങൾക്ക് ആഗോള തീരുമാനമെടുക്കൽ സംവിധാനത്തിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കുകയും ചെയ്യുകയാണ് ഇതിന്റെ വലിയ ലക്ഷ്യം. ഇതിനകം ചില പ്രധാന നേട്ടങ്ങൾ ബ്രിക്സിന് അവകാശപ്പെടാനുണ്ട്. ന്യൂ ഡെവലപ്‌മെന്റ് ബാങ്കും, കണ്ടിൻജൻസി റിസർവ് ഫണ്ടും സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്നതിനുള്ള സംവിധാനമായി. പ്രാദേശിക കറൻസികളിലുള്ള വ്യാപാരം, ബദൽ പേയ്‌മെന്റ് സംവിധാനങ്ങൾ, ബഹുമുഖത്വം എന്നിവയ്ക്ക് ബ്രിക്സ് വേദിയൊരുക്കി.


എങ്കിലും, ആഗോള ധനകാര്യ സംവിധാനത്തിൽ കൂടുതൽ സ്വാധീനം നേടുക, ശക്തമായ ബദൽ പേയ്‌മെന്റ് സംവിധാനം കെട്ടിപ്പടുക്കുക, കൂടുതൽ സ്വതന്ത്രമായ ബഹുമുഖ ലോകക്രമം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല.


ഡൽഹി ഉച്ചകോടിയുടെ ലക്ഷ്യം
ഈ പശ്ചാത്തലത്തിൽ ഡൽഹി ഉച്ചകോടി അഞ്ച് പ്രധാന മേഖലകളിൽ മുന്നേറ്റം ലക്ഷ്യമിടുന്നു. ആഗോള ദക്ഷിണത്തിന്റെ ശബ്ദം ശക്തമാക്കുക, ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിലും ബ്രെട്ടൺ വുഡ്സ് സ്ഥാപനങ്ങളിലുമടക്കം ആഗോള സ്ഥാപനങ്ങളുടെ പരിഷ്‌കാരം മുന്നോട്ടുവയ്ക്കുക, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, കൃത്രിമബുദ്ധി, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിലെ സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുക, പ്രാദേശിക കറൻസികളും പരസ്പരം ബന്ധിപ്പിക്കാവുന്ന ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളും ഉൾപ്പെടുത്തി കൂടുതൽ പ്രതിരോധശേഷിയുള്ള വ്യാപാര​പണമിടപാട് സംവിധാനം രൂപപ്പെടുത്തുക.

അതോടൊപ്പം ശുദ്ധ ഊർജം, ഊർജസുരക്ഷ, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലൂടെ വികസനവും കാലാവസ്ഥാ ഉത്തരവാദിത്വവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നീ പ്രധാന ലക്ഷ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.

വെല്ലുവിളി
ബ്രിക്സിന്റെ ശക്തി അതിന്റെ വലിപ്പമാണെങ്കിൽ, ദൗർബല്യം അതിലെ അംഗങ്ങളുടെ വ്യത്യസ്തമായ രാഷ്ട്രീയ​തന്ത്രപരമായ താത്പര്യങ്ങളാണ്. അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പലപ്പോഴും പൊതുസമ്മതത്തിലെത്തുന്നതിന് തടസമാകുന്നു. ഉച്ചകോടിക്ക് മുമ്പായി 2026 മേയ് 14-15 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒരു സംയുക്ത പ്രസ്താവന സംബന്ധിച്ച് സമവായത്തിലെത്താൻ കഴിഞ്ഞില്ല.

അതിനാൽ, ബ്രിക്സിനെ ഒരു ഏകീകൃത രാഷ്ട്രീയ സഖ്യമായി മാറ്റുന്നതിനേക്കാൾ, അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും പ്രായോഗിക സഹകരണം സാദ്ധ്യമാക്കുന്ന വേദിയായി നിലനിറുത്തുന്നതാണ് യാഥാർത്ഥ്യബോധമുള്ള സമീപനം. ഇതിനുപുറമെയാണ് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ബദൽ ധനകാര്യ​പണമിടപാട് സംവിധാനങ്ങളോടുള്ള ആശങ്ക പ്രകടിപ്പിക്കുന്നത്. ആഗോള സാമ്പത്തിക സംവിധാനത്തിൽ വലിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് പുതിയ തലങ്ങൾ സൃഷ്ടിക്കാനും സാദ്ധ്യതയുണ്ട്.


ഇന്ത്യയുടെ അവസരം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഡൽഹി ഉച്ചകോടി ഒരു ബഹുമുഖ നയതന്ത്ര അവസരമാണ്. പശ്ചിമേഷ്യയിലെ സംഘർഷം, ഇന്ത്യ​-ചൈന ബന്ധത്തിലെ പ്രശ്നങ്ങൾ, ഇന്ത്യ​-അമേരിക്ക ബന്ധത്തിലെ വെല്ലുവിളികൾ എന്നിവ നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ ശക്തികേന്ദ്രങ്ങളുമായി ഒരേസമയം ബന്ധം നിലനിറുത്താനുള്ള ഇന്ത്യയുടെ കഴിവ് പരീക്ഷിക്കപ്പെടുകയാണ്. അതിനാൽ, ഇന്ത്യയ്ക്ക് പ്രധാനമായും നാല് ലക്ഷ്യങ്ങളാണ് മുന്നിലുള്ളത്.


ഒന്നാമതായി, വികസിച്ച ബ്രിക്സിന് രാഷ്ട്രീയ ഐക്യം നിലനിറുത്താനാകുമെന്ന് തെളിയിക്കുന്ന പൊതുവായ നേതാക്കളുടെ പ്രഖ്യാപനം സാദ്ധ്യമാക്കണം.

രണ്ടാമതായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ, കൃഷി, ആരോഗ്യം, ഊർജസംഭരണം, ലോജിസ്റ്റിക്സ്, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രായോഗിക സഹകരണത്തിന് രാഷ്ട്രീയ പിന്തുണ ഉറപ്പാക്കണം.


മൂന്നാമതായി, ഗ്ലോബൽ സൗത്തിന്റെ താത്പര്യങ്ങൾക്കായി കൂടുതൽ ഏകോപിതമായ ശബ്ദം രൂപപ്പെടുത്തണം. ആഗോള സ്ഥാപനങ്ങളുടെ പരിഷ്‌കാരവും അന്താരാഷ്ട്ര സാമ്പത്തിക ഭരണക്രമത്തിലെ ജനാധിപത്യവത്കരണവും ഇതിന്റെ കേന്ദ്രബിന്ദുവാകണം.


നാല്, ഇന്ത്യയുടെ തന്ത്രപ്രധാന താത്പര്യങ്ങൾ മാറിയ ലോക സാഹചര്യത്തിൽ സംരക്ഷിക്കാൻ ബ്രിക്സിനെ ഉപയോഗിക്കുക.


പ്രഖ്യാപനങ്ങൾക്കപ്പുറം

പ്രവർത്തനം
ഡൽഹി ഉച്ചകോടിയുടെ വിജയം മനോഹരമായ പ്രഖ്യാപനങ്ങളിൽ അളക്കാനാവില്ല. ബ്രിക്സിന്റെ സാമ്പത്തിക ശക്തിയെ എത്രത്തോളം സ്ഥിരതയുള്ള സഹകരണത്തിലേക്കും പ്രായോഗിക പദ്ധതികളിലേക്കും മാറ്റാൻ കഴിഞ്ഞു എന്നതാണ് നിർണായകം. പാശ്ചാത്യ ആധിപത്യത്തിനെതിരായ ഒരു പ്രതിഷേധവേദി എന്ന നിലയിൽ മാത്രം ബ്രിക്സ് തുടരുകയാണെങ്കിൽ അതിന്റെ സാദ്ധ്യതകൾ പരിമിതപ്പെടും.

പകരം, വികസന ധനസഹായം, സാങ്കേതികവിദ്യ, വ്യാപാരം, പേയ്‌മെന്റ് സംവിധാനങ്ങൾ, കാലാവസ്ഥാ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ വിശ്വസനീയമായ ബദൽ സംവിധാനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പ്രായോഗിക കൂട്ടായ്മയായി ബ്രിക്സിനെ മാറ്റുകയാണ് മുന്നിലുള്ള ദൗത്യം.
അതിന് നേതൃത്വം നൽകാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ഡൽഹിയിൽ ലഭിച്ചിരിക്കുന്നത്. ലോകക്രമം കൂടുതൽ ബഹുധ്രുവമാകുന്ന ഈ ഘട്ടത്തിൽ, ബ്രിക്സിന്റെ ഐക്യവും ഗ്ലോബൽ സൗത്തിന്റെ ശബ്ദവും ഇന്ത്യയുടെ നയതന്ത്ര ശേഷിയും- ഈ മൂന്ന് ഘടകങ്ങളുടെ പരീക്ഷണവേദിയാകും ഡൽഹി ഉച്ചകോടി.

(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും കാര്യവട്ടം ക്യാമ്പസ് ഡയറക്ടറുമാണ് ലേഖകൻ. ഫോൺ: 9447145381)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY