
നാളെ നബിദിനം. പ്രവാചകചരിതം സമൂഹത്തോട് വിളംബരം ചെയ്യുന്ന ദിവസം
'മീലാദ്' എന്ന അറബി വാക്കിന്റെ അർത്ഥം ജൻമദിനമെന്നാണ്. ഔന്നിത്യത്തിൽ എത്തിപ്പെട്ടവൻ (പ്രവാചകത്വം ലഭിച്ചവൻ), ദൂതൻ (സന്ദേശവാഹകൻ) എന്നിങ്ങനെ അർത്ഥം വരുന്ന അറബി വാക്കുകളിൽ നിന്നാണ് 'നബി' എന്ന പദം ഉത്ഭവിച്ചത്. മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ മുസ്ലിം വീടുകളും പള്ളികളും മതപാഠശാലകളും പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ട് മുഖരിതമാകും. പ്രവാചകചരിതം സമൂഹത്തോട് വിളംബരം ചെയ്യുന്ന ദിവസവും കൂടിയാണ് 'മീലാദ്'.
ഓരോ 'മീലാദും' സാമൂഹ്യ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾക്ക് വഴിവയ്ക്കാൻ ഉതകണം.
'മീലാദ്' ഒരു ദിവസത്തിന്റെ ആഘോഷമല്ല; ഒരു ജീവിതത്തിന്റെ ഓർമ്മപ്പെടുത്തലാണ്. മാനവചരിത്ര ഗതിയെ മാറ്റിമറിച്ച ഒരു മഹാദൗത്യത്തിന്റെ പുനർവായനയാണ്.
ഈ വർഷത്തെ 'മീലാദി'നെ നമുക്ക് മുൻധാരണകളില്ലാതെ തുറന്ന മനസോടെ സമീപിക്കാം.
പ്രവാചക സ്നേഹം പ്രയോഗവത്കരണത്തിലേക്ക് വഴിമാറിയാലേ നബിദിനാഘോഷം അർത്ഥപൂർണമാകൂ.
പ്രവാചകന്റെ ജനനം, മനുഷ്യകേന്ദ്രിതമായ ഒരു വിപ്ലവത്തിന്റെ തുടക്കമായിരുന്നു.
നബി വന്നത് 'മനുഷ്യനെ' യഥാർത്ഥ മനുഷ്യനാക്കാനാണ്. എല്ലാ വിവേചനങ്ങളെയും മറികടന്ന മാനവികതയുടെ മഹത്വമാണ് മുഹമ്മദ് നബി ഉദ്ഘോഷിച്ചത്. കഅബയുടെ വിശുദ്ധിയോളം ഹജ്ജിന്റെ പവിത്രതയോളം ഉന്നതമാണ് മനുഷ്യന്റെ ജീവനും സ്വത്തും അഭിമാനവുമെന്ന തന്റെ അവസാന പ്രസംഗത്തിലെ മുഹമ്മദ് നബിയുടെ പ്രഖ്യാപനം ഉന്നതമായ മാനവ സ്നേഹമാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്.
ഇസ്ലാമിലെ രണ്ട് സ്തംഭങ്ങളോടാണ് മനുഷ്യാവകാശത്തെ അദ്ദേഹം സമീകരിച്ചതെന്ന് ഓർക്കണം. അനാഥന്റെ കണ്ണീരിൽ നബി സമൂഹത്തിന്റെ പരാജയം കണ്ടു. പട്ടിണിയിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം കണ്ടു. സാമ്പത്തിക ഞെരുക്കങ്ങളിൽ സമൂഹത്തിന്റെ ബാദ്ധ്യത കണ്ടു. സ്ത്രീയുടെ മാന്യതയിൽ മനുഷ്യവംശത്തിന്റെ അടിത്തറ കണ്ടു. അടിമയുടെ മോചനത്തിൽ മാനവന്റെ സ്വാതന്ത്ര്യം കണ്ടു. അയൽവാസിയുടെ അവകാശത്തിൽ മതാതീത ധാർമ്മികത കണ്ടു.
പ്രവാചക ജന്മദിനം തട്ടിയുണർത്തുന്നത് ഓരോരുത്തരിലെയും മനുഷ്യനെയാണ്.
'നബിയോടുള്ള സ്നേഹം' പറയാൻ എളുപ്പമാണ്. എന്നാൽ പ്രവാചക ജീവിതം പഠിക്കലും പകർത്തലും കുറച്ച് അദ്ധ്വാനമുള്ള കാര്യമാണ്. പ്രവാചക സ്നേഹം പ്രവാചക ജീവിതത്തിന്റെ പ്രയോഗമാണ്. അതിൽ എത്രകണ്ട് വിജയിക്കാൻ മുസ്ലിം ജനവിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്?
നബി സത്യസന്ധനായിരുന്നു. ആ സത്യസന്ധതയുടെ പ്രതീകമാകാൻ നമുക്കായിട്ടുണ്ടോ?
നബി കാരുണ്യമായിരുന്നു. ആ കാരുണ്യം കുടുംബത്തോടും അയൽക്കാരോടും സഹപ്രവർത്തകരോടും ദുർബലരോടും കാണിക്കാൻ നമുക്ക് കഴിഞ്ഞോ? നബി വാഗ്ദാനങ്ങൾ പാലിച്ചവനായിരുന്നു. ആ വാക്ക് പാലിക്കൽ എത്രകണ്ടാണ് ജീവിതത്തിൽ നമുക്ക് പ്രായോഗികമാക്കാനായത്?
നബി അറിവിനെ പ്രോത്സാഹിപ്പിച്ചവനാണ്. ആ അറിവ് ഭാവി തലമുറയ്ക്ക് പകർന്ന് കൊടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? നബി നീതിക്കുവേണ്ടി നിലകൊണ്ടവനാണ്. ആ നീതി ചുറ്റും അധിവസിക്കുന്നവർക്ക് ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചിട്ടുണ്ടോ? വിയർപ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് നബി കൂലി കൊടുത്തവനാണ്. ആ വേതനം വീട്ടിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് യഥാസമയം ലഭ്യമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? അന്യന്റെ സമ്പത്ത് അന്യായമായി നബി ഒരിക്കലും വെട്ടിപ്പിടിക്കുകയോ സ്വന്തമാക്കുകയോ ചെയ്തവനല്ല. ആ ഋജുപാത പിന്തുടരാൻ എത്രകണ്ട് നമുക്ക് പറ്റിയിട്ടുണ്ട്? ധനത്തോട് ആർത്തി പാടില്ലെന്ന് നബി അരുൾ ചെയ്തവനാണ്. ആ കൽപ്പന ശിരസാവഹിക്കാൻ നമുക്ക് ഒത്തിട്ടുണ്ടോ?
ഭാര്യമാരെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്ന് നബി താക്കീത് ചെയ്തവനാണ്. ആ താക്കീത് നമ്മൾ എന്തുമാത്രമാണ് ചെവിക്കൊണ്ടത്? ഇവയ്ക്കെല്ലാമുള്ള മറുപടി ആത്മവിമർശന ബുദ്ധ്യാ നടത്തി സംസ്കൃതചിത്തരാകാൻ കഴിയണം. അല്ലെങ്കിൽ 'മീലാദ്' ആഘോഷം ജീവനില്ലാത്ത വികാരപ്രകടനം മാത്രമാകും!
പ്രവാചക സ്നേഹം
പ്രവാചകന് ലഭിച്ച ആദ്യ വെളിപാടു തന്നെ 'വായിക്കുക' എന്നതാണ്. അജ്ഞതയിൽ അഭിരമിക്കുന്ന സമൂഹത്തിന് മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കാനാവില്ലെന്ന് തിരുനബി ദീർഘദർശനം ചെയ്തു. പ്രവാചകനോടുള്ള ആദരം പുതുതലമുറയ്ക്ക് പഠിക്കാൻ അവസരങ്ങൾ നൽകിയാവട്ടെ. അറിവിനെ ഒരു വിഭാഗത്തിന്റെ സ്വകാര്യസ്വത്താക്കി പരിമിതപ്പെടുത്താതെ മനുഷ്യന്റെ മോചനത്തിനുള്ള ഉപകരണമാക്കിയ നബിയോടുള്ള ഇഷ്ടം പ്രക്ഷേപിക്കാൻ ജ്ഞാന സമ്പാദനമാണ് ഏറ്റവും നല്ല വഴി.
സമൂഹത്തിന്റെ സാംസ്കാരിക ഔന്നത്യം അളക്കാനുള്ള യോജ്യമായ മാനദണ്ഡം സ്ത്രീകളോടും ദുർബലരോടുമുള്ള പൊതു സമീപനമാണ്. പ്രവാചകൻ സ്ത്രീയെ കേവലം ഒരു ഉപഭോഗ വസ്തുവായല്ല കണ്ടത്. അവരുടെ മാന്യതയും വ്യക്തിത്വവും അവകാശവും അംഗീകരിച്ച് കൊടുത്തു. കച്ചവട വ്യാപാര രംഗത്ത് തിളങ്ങിയ ഖദീജ, യുദ്ധത്തിന് നേതൃത്വം നൽകിയ ആയിഷ, രാഷ്ട്രീയം നന്നായി കൈകാര്യം ചെയ്ത ഫാത്വിമ തുടങ്ങി പ്രവാചകന്റെ കാലത്തെ സ്ത്രീകൾ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ സജീവ സാന്നിദ്ധ്യം അടയാളപ്പെടുത്തിയവരാണ്. സ്ത്രീകളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച മുഹമ്മദ് നബി, അവരുടെ അഭിപ്രായത്തെ മുഖവിലയ്ക്കെടുത്തു. സ്ത്രീകളുടെ മാന്യത സംരക്ഷിക്കപ്പെടുന്നിടത്തേ പ്രവാചകസ്നേഹം യാഥാർത്ഥ്യമാകൂ.
അധികാരം ആധിപത്യമല്ല, ഉത്തരവാദിത്വമാണെന്ന നബിയുടെ സുചിന്തിത അഭിപ്രായം ജനാധിത്യത്തെ ബലപ്പെടുത്തുകയാണ് വേണ്ടത്. ഭരണീയരോട് വിനയാന്വിതരാവാനാണ് പ്രവാചകൻ പറഞ്ഞത്. നേതാവിന്റെ മഹത്വം അനുയായികളുടെ എണ്ണത്തിലല്ല, ദുർബലരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നിടത്താണെന്ന് ജീവിതത്തിൽ തെളിയിച്ച മനുഷ്യ പക്ഷപാതിയാണ് പ്രവാചകൻ. അഭിപ്രായ വ്യത്യാസങ്ങൾ ശത്രുതയായി നബിയുടെ അനുയായികൾ കാണരുത്. സംഘടനാ വ്യത്യാസങ്ങളെ സമൂഹത്തിന്റെ ഐക്യം തകർക്കാനുള്ള ഉപകരണവും ആക്കരുത്.
നല്ല മനുഷ്യരാവുക
പ്രവാചകന്റെ രാഷ്ട്രീയം മനുഷ്യനെ കൂട്ടിച്ചേർക്കുന്നതാണ്, മനുഷ്യനെ ഭിന്നിപ്പിക്കുന്നതല്ല.
നല്ല മുസ്‌ലിം എന്നാൽ ഇസ്ലാമിക ആരാധനാനുഷ്ഠാന മുറകൾ പ്രയോഗവൽക്കരിക്കുന്നവർ എന്നു മാത്രമാക്കി ചുരുക്കരുത്. അയൽക്കാരന് ഓർമ്മിക്കാൻ സുന്ദര അനുഭവങ്ങൾ പ്രദാനം ചെയ്യുന്നവരുമാകണം അവർ. ദരിദ്രന് ആശ്വാസം പകരുന്നവരാകണം. കുട്ടികളോട് കനിവുള്ളവരാകണം. ഇണകൾക്ക് പ്രിയപ്പെട്ടവരാകണം. ഏത് രാജ്യത്തായാലും മാതൃകാ പൗരന്മാരാകണം. സാമ്പത്തിക രംഗത്ത് അച്ചടക്കമുള്ളവരാകണം. നല്ല മനുഷ്യരാകലാവട്ടെ മുഹമ്മദ് നബിയുടെ ജൻമദിനാഘോഷത്തിന്റെ മർമ്മ പ്രധാനമായ ലക്ഷ്യം!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |