SignIn
Kerala Kaumudi Online
Sunday, 06 September 2026 11.39 AM IST

സ്രാവിന്റെ ആക്രമണം, രക്തത്തിൽ മുങ്ങി 40കാരൻ; അതിസാഹസികമായി കൂട്ടുകാരനെ രക്ഷിച്ച് ബോട്ട് ക്യാപ്‌റ്റൻ

shark
പ്രതീകാത്മക ചിത്രം

വാഷിംഗ്‌ടൺ: സ്രാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുങ്ങൽ വിദഗ്‌ദ്ധനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച് ബോട്ട് ക്യാപ്‌റ്റൻ. ഫ്ലോറിഡയിലെ എമറാൾഡ് കോസ്റ്റിന് സമീപമാണ് സംഭവം. 40കാരനായ തന്റെ സുഹൃത്തിനെയാണ് ക്യാപ്‌റ്റൻ ജേക്കബ് ജോൺസൺ അതിസാഹസികമായി രക്ഷപ്പെടുത്തി ബോട്ടിലെത്തിച്ചത്.

കരയിൽനിന്ന് ഏകദേശം 30 മൈൽ അകലെയുള്ള ഭാഗത്ത് ഡൈവ് ചെയ്യുന്നതിനിടെയാണ് 40കാരനെ സ്രാവ് ആക്രമിച്ചത്. സഹായത്തിനായുള്ള നിലവിളി കേട്ട ജോൺസൺ ആദ്യം ചെറിയ പരിക്കായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ, ബോട്ടിന്റെ വശത്തേക്ക് നോക്കിയപ്പോഴാണ് രക്തത്തിൽ മുങ്ങിയ നിലയിൽ സുഹൃത്തിനെ കണ്ടത്. സ്രാവിന്റെ ആക്രമണത്തിൽ മുങ്ങൽ വിദഗ്‌ദ്ധന്റെ കൈത്തണ്ടകൾക്ക് സാരമായി പരിക്കേറ്റിരുന്നു. മാത്രമല്ല, സ്വയം ബോട്ടിലേക്ക് കയറാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ഇതോടെ സ്വന്തം സുരക്ഷപോലും പരിഗണിക്കാതെ ജോൺസൺ കടലിലേക്ക് ചാടി ഡൈവറെ രക്ഷപ്പെടുത്തി ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

ഉടൻതന്നെ ബോട്ടിലുണ്ടായിരുന്ന മറ്റ് മുങ്ങൽ വിദഗ്‌ദ്ധന്മാർ ചേർന്ന് രക്തസ്രാവം നിയന്ത്രിക്കാനുള്ള അടിന്തിര ചികിത്സ നൽകി. വിവരം ലഭിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ കോസ്റ്റ്‌ഗാർഡ് സംഘം ഇവരെ കരയിലെത്തിച്ചു. തുടർന്ന് അവിടെനിന്ന് എയർലിഫ്‌റ്റ് ചെയ്‌ത് പെൻസക്കോളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രാവിന്റെ ആക്രമണത്തിൽ 40കാരന്റെ കൈത്തണ്ടയിലെ ഒരു ധമനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മറ്റേ കൈത്തണ്ടയിൽ ഡസൻ കണക്കിന് തുന്നലുകൾ ആവശ്യമായി വന്നു. ഡൈവർ പൂർണമായി സുഖം പ്രാപിക്കുമെന്നാണ് ഡോക്‌ടർമാരുടെ പ്രതീക്ഷ.

'അപകട സാദ്ധ്യതയെക്കുറിച്ച് ചിന്തിക്കാൻപോലും സമയമുണ്ടായിരുന്നില്ല. ഞാൻ ഉടൻ ചാടുകയായിരുന്നു'- സംഭവത്തെക്കുറിച്ച് ജോൺസൺ പറഞ്ഞു. പരിക്കേറ്റയാൾ തന്റെ പേര് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം ഒരു ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും ബോട്ട് ക്യാപ്‌റ്റൻ അറിയിച്ചു. അപകടമുണ്ടായെങ്കിലും കടലിനോടുള്ള തങ്ങളുടെ ഇഷ്‌ടത്തിന് മാറ്റമില്ലെന്നും ഡൈവിംഗും സ്‌പിയർ ഫിഷിംഗും തുടരുമെന്നും സംഘാംഗങ്ങൾ വ്യക്തമാക്കി.

English Summary

A 40-year-old diver was seriously injured in a shark attack off Florida. Captain Jacob Johnson risked his life to rescue him, and the diver is expected to make a full recovery.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARK ATTACK, BOAT CAPTAIN RESCUED DIVER, INJURED BY SHARK ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360