SignIn
Kerala Kaumudi Online
Saturday, 11 July 2026 8.40 AM IST

ഈ മെഡിക്കൽ കോളേജ് ഗുരുതരാവസ്ഥയിൽ

medical-college

ആരോഗ്യ രംഗത്ത് കേരള മാതൃക പ്രശസ്തമാണെങ്കിലും ഇടുക്കി എക്കാലവും അതിനൊരു അപവാദമായിരുന്നു. മൂന്നാർ, മറയൂർ, തേക്കടി, പീരുമേട്, ചെറുതോണി തുടങ്ങി ജില്ലയുടെ വിവിധ മേഖലകളിലുള്ളവർ ഇപ്പോഴും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം, കോലഞ്ചേരി, തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളേജുകളെയാണ് ആശ്രയിക്കുന്നത്. 80 മുതൽ 180 വരെ കിലോമീറ്റർ താണ്ടിവേണം ഈ മെഡിക്കൽ കോളേജുകളിലെത്താൻ. റോഡപകടങ്ങളും പ്രകൃതി ദുരന്തങ്ങളുമടക്കം ഹൈറേഞ്ചിലുണ്ടായ അത്യാഹിതങ്ങളിൽ കൃത്യസമയത്തു വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ നിരവധിപ്പേരാണ് മരണത്തിനു കീഴടങ്ങിയത്. ഈ ദുഃഖത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയോടെയാണ് 2014ൽ ഇടുക്കി സർക്കാർ മെഡിക്കൽ കോളേജ് ആരംഭിച്ചത്. ആദ്യ ബാച്ചിന്റെ പഠനം ആരംഭിച്ചത് 2014 സെപ്തംബർ ഒന്നിനാണ്. 1976ൽ ഇടുക്കി ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമായതിനു ശേഷമുള്ള ജില്ലയിലെ ഏറ്റവും വലിയ വികസന സ്വപ്നമായിരുന്നു ഇത്. എന്നാൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നു പലവട്ടം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടിട്ടും മെഡിക്കൽ കോളേജ് അധികൃതരോ സംസ്ഥാന സർക്കാരോ അതിനു തയ്യാറായില്ല. ഇതോടെ, 2016ൽ മൂന്നാം ബാച്ചിലേക്കുള്ള പ്രവേശന അപേക്ഷയും മെഡിക്കൽ കോളേജിന്റെ അംഗീകാരവും മെഡിക്കൽ കൗൺസിൽ തള്ളിയിരുന്നു. എം.ബി.ബി.എസ് വിദ്യാർത്ഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്കു മാറ്റുകയും ചെയ്തു. പിന്നീടുള്ള രണ്ട് വർഷം കൂടി അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

വീണ്ടും അംഗീകാരം കിട്ടിയിട്ടും തഥൈവ

ജില്ലാ വികസന കമ്മിഷണറായിരുന്ന അർജ്ജുൻ പാണ്ഡ്യനെ മെഡിക്കൽ കോളേജ് നോഡൽ ഓഫീസറുടെ ചുമതലയേൽപ്പിക്കുന്നതോടെയാണ് ഇടുക്കി മെഡിക്കൽ കോളേജിന്റെ നഷ്ടപ്പെട്ട അംഗീകാരം തിരികെ ലഭിക്കുന്നത്. 2022ൽ വീണ്ടും പ്രവർത്തനമാരംഭിക്കുമ്പോൾ 100 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകിയത്. 2023ൽ വീണ്ടും 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി. ആദ്യ ബാച്ചിന് ക്ലാസ് കയറ്റം നൽകിയെങ്കിലും രണ്ടാം വർഷ വിദ്യാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല. ഇരുന്നു പഠിക്കാൻ ലക്ചർ ഹാൾ പോലുമില്ലാതെ വലയുകയാണ് ഇപ്പോഴും വിദ്യാർത്ഥികൾ. ആകെയുള്ളത് ഒരു പരീക്ഷാഹാൾ മാത്രമാണ്. അവിടെ 50 പേർക്കുള്ള സൗകര്യം മാത്രമാണുള്ളത്. 100 പേരാണ് ഒരേ സമയം ഇവിടെ പഠിക്കുന്നത്. വച്ചെഴുതാൻ മേശകൾ പോലുമില്ല. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പ്രത്യേകം ഹാൾ ഇല്ലാത്തതിനാൽ ഇതേ ഹാൾ തന്നെയാണ് അവർക്കും നൽകുന്നത്. ഒരേ സമയം വിവിധ വിഭാഗങ്ങൾക്ക് ക്ലാസെടുക്കേണ്ട സാഹചര്യം വന്നാൽ സൗകര്യമില്ല. ചിലപ്പോഴൊക്കെ കോളേജിന്റെ മുറ്റത്ത് ക്ലാസെടുക്കേണ്ട അവസ്ഥയും ഉണ്ടായെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആൺകുട്ടികൾക്കുള്ള ഹോസ്റ്റലിലാണ് പെൺകുട്ടികളെ പാർപ്പിച്ചിരിക്കുന്നത്. പാറേമാവിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സിലാണ് ആൺകുട്ടികൾ താമസിക്കുന്നത്. ഒരു മുറിയിൽ ആറു പേർ വരെയാണ് അവിടെ കഴിയുന്നത്.

വിദ്യാർത്ഥികളും സമരത്തിൽ

ഇതുവരെയും അടിസ്ഥാന സൗകര്യം പോലുമൊരുക്കാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പഠിപ്പുമുടക്കി സമരം ചെയ്തിരുന്നു. ആദ്യവർഷം ക്രമീകരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇതുവരെ അധികൃതർ സാദ്ധ്യമാക്കിയിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. മറ്റ് മെഡിക്കൽ കോളേജിലെ കുട്ടികൾ എല്ലാവിധ സൗകര്യങ്ങളോടും കൂടി പഠനം പൂർത്തിയാക്കുമ്പോൾ ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും അത്യാവശ്യമായ പ്രധാനപ്പെട്ട പല ലാബുകളും ഓപ്പറേഷൻ തിയേറ്ററുകൾ പോലും ലഭ്യമാക്കിയില്ല. മെഡിക്കൽ കോളേജിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാത്തതുമൂലം ദുരിതം അനുഭവിക്കുന്നതായും പല കുട്ടികൾക്കും വീണ് പരിക്കേറ്റതായും വിദ്യാർത്ഥികൾ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് കോളേജ് അധികൃതർ പറഞ്ഞെങ്കിലും വിശ്വാസയോഗ്യമല്ലെന്നും തുടർ സമരങ്ങൾ ഉണ്ടാകുമെന്നും വിദ്യാർഥികൾ പറഞ്ഞു.

പണിതിട്ടും പണിതിട്ടും തീരാതെ...

അധികാരികളുടെ പാഴ് വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ഗുരുതരാവസ്ഥയിലാണ് മെഡിക്കൽ കോളേജ്. പല വകുപ്പുകളിലും ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ല. എന്തിന് ആവശ്യത്തിന് കിടക്കകൾ പോലുമില്ല. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് നൽകേണ്ട പല മരുന്നുകളും മെഡിക്കൽ കോളേജിൽ ഇല്ല. ഇവ പുറത്ത് നിന്ന് വാങ്ങുകയേ നിവൃത്തിയുള്ളൂ. മെഡിക്കൽ കോളേജിൽ അത്യാവശ്യം വേണ്ട കാർഡിയോളജി വിഭാഗം അനുവദിച്ചിട്ടും ഇതുവരെ തുടങ്ങാൻ നടപടിയില്ല. ഐ.സി.യു ആംബുലൻസ് സൗകര്യമില്ല. മെഡിക്കൽ കോളേജിലെ ലാബുൾപ്പെടെയുള്ള പല വകുപ്പുകൾക്കുമെതിരെ പരാതിയുയർന്നിട്ടും ഒന്നിനും പരിഹാരമില്ല. നിലവിൽ ഒരു ഓപ്പറേഷൻ തിയേറ്റർ മാത്രമാണുള്ളത്. ആറോളം മോഡുലാർ തിയേറ്ററുകൾ അടങ്ങുന്ന കോംപ്ലക്സിന്റെ നിർമ്മാണം വർഷങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ്. ഓക്സിജൻ പൈപ്പുകൾ സ്ഥാപിച്ചതിലെ അപാകത പരിഹരിക്കാത്തതിനാൽ ഉപകരണങ്ങൾ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. ക്യാമ്പസിനുള്ളിലെ ഒരു കിലോമീറ്റർ റോഡ് പണിക്കായി 16.5 കോടി രൂപ അനുവദിച്ചിട്ടും നിർമ്മാണം തുടങ്ങിയിട്ടില്ല. കിറ്റ്‌കോയും കരാറുകാരനും തമ്മിലുള്ള തർക്കമാണ് വിദ്യാർത്ഥികളെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്. പുതിയ ബ്ലോക്കുകളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള 11 കെ.വി ലൈനിന്റെ പണികൾ ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മൂന്നു മാസത്തിലൊരിക്കൽ കൂടണമെന്നാണ് നിയമം. എന്നാൽ ഒരു വർഷത്തിലധികമായി കമ്മിറ്റി കൂടാറില്ല. കളക്ടർ ചെയർമാനായുള്ള കമ്മിറ്റിയാണ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കമ്മിറ്റി കൂടാത്തതിനാൽ അത്യാവശ്യ പ്രവർത്തനങ്ങൾ പോലും മുടങ്ങിക്കിടക്കുകയാണ്. വരവു ചെലവു കണക്കുകളും അവതരിപ്പിക്കുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY