SignIn
Kerala Kaumudi Online
Sunday, 05 July 2026 5.20 AM IST

ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ.....

dd

വയനാട്ടിൽ ഇപ്പോൾ മെഡിക്കൽ കോളേജിനെ ചൊല്ലിയാണ് തർക്കം.ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കേണ്ടത് വി.ഡി.സതീശന്റെ നേതൃത്വത്തിലുളള യു.ഡി.എഫ് സർക്കാരിന്റെ ആവശ്യമായി വന്നിരിക്കുന്നു. വയനാടുമായി ഏറെ ബന്ധമുളള വ്യക്തിയാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ. ജില്ലയിലെ ഓരോരുത്തരെയും പേരെടുത്ത് വിളിക്കാനുള്ള ബന്ധം അദ്ദേഹത്തിനുണ്ട്. വയനാട്ടിലെ ആരോഗ്യ രംഗത്ത് ഇപ്പോൾ നിലനിൽക്കുന്ന അനാരോഗ്യ പ്രശ്നങ്ങൾക്കും ചർച്ചകൾക്കും പരിഹാരം ഉണ്ടാക്കേണ്ടത് അദ്ദേഹത്തിന്റെ കൂടി ആവശ്യമായി വന്നിരിക്കുന്നു. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലൽ നിന്നുള്ള എം.എൽ.എമാർ യു.ഡി.എഫുകാരാണ്. കൽപ്പറ്റയിൽ നിന്നുളള ടി.സിദ്ദിഖ് കൃഷി വകുപ്പ് മന്ത്രിയുമാണ്. ഈ സാഹചര്യത്തിൽ വയനാട്ടിലെ പ്രശ്നങ്ങൾക്ക് പ്രത്യേകിച്ച്, ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾക്ക് യാതൊരു കോട്ടവും തട്ടാൻ പാടില്ല. വയനാട് എക്കാലത്തും ഒരു പിന്നാക്ക ജില്ല എന്ന നിലയിൽ തന്നെയാണ്. മാറി മാറി ഭരണം നടന്നിട്ടും അക്കാര്യത്തിൽ കാര്യമായ പുരോഗതി ഇന്നും കൈവരിച്ചിട്ടില്ലെന്നത് നേര്. എന്നും തലവേദന ആരോഗ്യ രംഗം തന്നെ. ഒരു കാലത്ത് ഇന്ത്യാ പോപ്പുലേഷൻ പ്രൊജക്ട് (ഐ.പി.പി) ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിനായി തലങ്ങും വിലങ്ങും കെട്ടിടങ്ങൾ പണിതു. അന്ന് പണിത കെട്ടിടങ്ങളാണ് ഇപ്പോഴും വയനാട്ടിൽ സബ് സെന്ററുകളായി തലയുയർത്തി നിൽക്കുന്നത്. ആരോഗ്യ രംഗത്ത് വിപ്ളവം സൃഷ്ടിക്കാൻ തന്നെ അന്ന് ശ്രമം നടന്നു. പിന്നെ എല്ലാം പാളി. വിലപ്പെട്ട ജീവനുകളുമായി ഇന്നും ബീക്കൺ ലൈറ്റുമിട്ട് സൈറൺ മുഴക്കി ചുരം താണ്ടി ചീറിപ്പോകുന്ന ആംബുലൻസുകളുടെ എണ്ണം വർദ്ധിച്ച് കൊണ്ടേയിരിക്കുന്നു. ചുരത്തിലെ അതിഭീകരമായ ഗതാഗതകുരുക്ക് കാരണം ജീവൻ പൊലിഞ്ഞവരുടെ എണ്ണം കുറച്ചൊന്നുമല്ല. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണ് മാനന്തവാടിയിൽ ഒരു മെഡിക്കൽ കോളേജ് ഇടത് മുന്നണി സർക്കാർ പ്രഖ്യാപിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു ആരോഗ്യ സ്ഥാപനത്തിന്റെ വളർച്ച താലൂക്ക് ആശുപത്രി,ജില്ലാ ആശുപത്രി,ഏറ്റവും ഒടുവിൽ മെഡിക്കൽ കോളേജ് എന്ന നിലയിലേക്കും. സത്യം പറയട്ടെ,ജനസംഖ്യ പതിന്മടങ്ങ് വർദ്ധിച്ചിട്ടും ആ പഴയ താലൂക്ക് ആശുപത്രിയുടെ നിലയിൽ നിന്ന് വലിയ പുരോഗതിയൊന്നും മെഡിക്കൽ കോളേജായി ഉയർത്തിയ ഈ സ്ഥാപനത്തിന് കൈവന്നിട്ടുമില്ല!.

പ്രളയം ഉണ്ടാക്കിയ മാറ്റം


1980 നവംബർ ഒന്നിനാണ് വയനാട് ജില്ലയ്‌ക്ക് അന്നത്തെ നായനാർ സർക്കാർ രൂപം നൽകുന്നത്. ഒരു ജില്ലാ ആസ്ഥാനത്തിന് വേണ്ടി അന്നും വയനാട്ടിൽ ഏറെ തർക്കം നടന്നു. മാനന്തവാടിക്കാരും കൽപ്പറ്റക്കാരും തമ്മിലുള്ള തർക്കം നീണ്ടു. കൽപ്പറ്റക്കടുത്ത കോട്ടപ്പടിയും ജില്ലാ ആസ്ഥാനമെന്ന പട്ടികയിൽ ഇടം പിടിച്ചു. ഒടുവിൽ ധാരണയായി. ജില്ലാ ആസ്ഥാനം കൽപ്പറ്റ തന്നെ. മാനന്തവാടി മേഖലയുള്ളവർക്ക് വിഷമം ഉണ്ടാകാതിരക്കാൻ വേണ്ടി അന്ന് താലൂക്ക് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തെ ജില്ലാ ആശുപത്രിയാക്കി ഉയർത്തി. ജില്ലാ മെഡിക്കൽ ഓഫീസും മാനന്തവാടിയിൽ തന്നെ അനുവദിച്ചു. ആർ.ഡി.ഒ ഓഫീസും മാനന്തവാടിക്കായി നൽകി. പ്രശ്നം അങ്ങനെ കെട്ടടങ്ങി. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ഇന്നത്തെ സിവിൽ സ്റ്റേഷൻ വരുന്നതിന് മുമ്പ് പുളിയാർമലയിലെ ജൈൻ ട്രസ്റ്റിന്റെ വകയായുള്ള കെട്ടിടത്തിലാണ് വർഷങ്ങളോളം സിവിൽ സ്റ്റേഷൻ പ്രവർത്തിച്ചത്. വയനാടിന്റെആരോഗ്യ രംഗത്തെ ശോചനീയവാസ്ഥ കണക്കിലെടുത്ത് ഉമ്മൻചാണ്ടി സർക്കാരാണ് വയനാട് ജില്ലയ്‌ക്ക് ഒരു മെഡിക്കൽ കോളേജ് പ്രഖ്യാപിക്കുന്നത്. ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് മനസ് അറിഞ്ഞ് കൊണ്ട് അമ്പതേക്കർ സ്ഥലം മടക്കിമലയിൽ സൗജന്യമായി നൽകി. മെഡിക്കൽ കോളേജിന്റെ തറക്കല്ലിടൽ ചടങ്ങ് മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി നിർവഹിക്കുകയും ചെയ്തു. തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ മെഡിക്കൽ കോളേജുമായി മുന്നോട്ടുപോയി. മടക്കിമലയിലെ സൗജന്യമായി ലഭിച്ച ഭൂമിയിൽ കോളേജിനായി റോഡ് നിർമ്മിക്കാനായി നാല് കോടി രൂപ അനുവദിച്ചു. പിന്നീടാണ് പ്രളയം വന്നത്. ഇതോടെ ഈ ഭൂമിയിൽ മെഡിക്കൽ കോളേജ് പറ്റില്ലെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. 2021ൽ ഒന്നാം പിണറായി സർക്കാർ മാനന്തവാടിയിലെ ജില്ലാആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിക്കൊണ്ട് പ്രഖ്യാപനം നടത്തി. ഇത് കണക്കിലെടുത്ത് എൽ.ഡി.എഫ് സർക്കാർ ഭൂമിക്കായി പരക്കം പാഞ്ഞു. പലയിടത്തും ഭൂമി കണ്ടെത്തി. പക്ഷേ പല കാരണങ്ങളാൽ ഒന്നും നടന്നില്ല. ഇതിനിടെ മേപ്പാടിയിൽ പ്രവർത്തിക്കുന്ന ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് വിലക്ക് വാങ്ങാനുള്ള നീക്കവും സർക്കാർ നടത്തി. അവിടെയും വീണു പാര. രണ്ടാം പിണറായി സർക്കാരാണ് മാനന്തവാടി അമ്പുകുത്തിയിലെ വനഭൂമി മെഡിക്കൽ കോളേജിനായി ഏറ്റെടുക്കാനുളള നീക്കം തുടങ്ങിയത്. നൂൽപ്പുഴയിൽ പകരം ഭൂമി റവന്യൂ വകുപ്പ് വനം വകുപ്പിന് നൽകുകയും ചെയ്തു.

#

മാനന്തവാടി അമ്പുകുത്തിയിലെ വനഭൂമി മെഡിക്കൽ കോളേജിനായി വിട്ടുകിട്ടാനുള്ള സാദ്ധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ അറിയിച്ചതോടെ പ്രശ്നം വീണ്ടും ചൂടുപിടിച്ചു. മെഡിക്കൽ കോളേജിന് കഴിഞ്ഞ സർക്കാർ കണ്ടെത്തിയത് റിസർവ്‌ ഫോറസ്റ്റ് ആണെന്നും ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്‌ പോയിട്ട് ഒരു ചെടി വെട്ടാൻപോലും അനുമതി ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗൗരവത്തോടെ ഇടപെട്ടില്ലെങ്കിൽ അടുത്തവർഷം മെഡിക്കൽകോളേജിന് അംഗീകാരം നഷ്ടമാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. എങ്കിലും മാനന്തവാടിയിൽ തന്നെ മെഡിക്കൽ കോളേജ് നിലനിറുത്തുന്നതിനാണ് കൂടുതൽ പരിഗണനയെന്നും അദ്ദേഹം പറയുന്നു. അമ്പുകുത്തിയിലെ 28 ഏക്കർ ഭൂമി വെസ്റ്റഡ് ഫോറസ്റ്റാണെന്നാണ് മുൻ മന്ത്രി ഒ.ആർ.കേളു പറയുന്നത്. ഈ ഭൂമി വിട്ട് കിട്ടുന്നതിന് അന്നത്തെ മന്ത്രി ഒ.ആർ.കേളു മുൻകൈയെടുത്ത് കളക്ടർ മുഖേന സർക്കാരിലേക്ക് അപേക്ഷ നൽകി. റവന്യൂ-വനംവകുപ്പ് സംയുക്ത സർവെ നടത്തി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് പോർട്ടലിൽ അപേക്ഷ നൽകി.

ഇതിനായി കാത്തിരിക്കുമ്പോഴാണ് നിയമസഭയിൽ കഴിഞ്ഞ ദിവസം മന്ത്രി കെ.മുരളീധരൻ ഈ ഭൂമി വിട്ട് കിട്ടാൻ സാദ്ധ്യതയില്ലെന്ന് അറിയിക്കുന്നത്. മാനന്തവാടിയിൽ നിന്ന് മെഡിക്കൽ കോളേജ് കൽപ്പറ്റയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമായുള്ള ഇടപെടലാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാർ നടത്തുന്നതെന്നാണ് എൽ.ഡി. എഫ് ആരോപിക്കുന്നത്. ഇതോടെ മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അവിടെയുള്ള ആക്ഷൻ കമ്മിറ്റി ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങി. മാനന്തവാടിയിൽ ആവശ്യമായ സ്ഥലം നൽകാൻ തയ്യാറാണെന്ന് മാനന്തവാടി നഗരസഭ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജിനായി വീണ്ടും തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രി കെ.മുരളീധരൻ വെള്ളിയാഴ്ച വയനാട്ടിലെത്തുന്നത്. പ്രാദേശിക വാദം ഇത്തരം വിഷയങ്ങളിൽ ഉണ്ടാകാൻ പാടില്ല. വയനാടിന്റെ ആരോഗ്യരംഗമാണ് പ്രധാനമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY