SignIn
Kerala Kaumudi Online
Monday, 03 August 2026 8.23 PM IST

സഹതാരത്തെ ഒത്തുകളിക്ക് പ്രേരിപ്പിച്ചു; ഇന്ത്യൻ വംശജനായ ക്രിക്കറ്റ് താരത്തിന് കനത്ത ശിക്ഷ, എട്ട് വർഷത്തെ വിലക്ക്‌

akhilesh-reddy
യു.എസ്.എ ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡി

അബുദാബി: ഒത്തുകളി വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജനായ യുഎസ്എ ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് എട്ടുവർഷത്തെ വിലക്ക്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അഴിമതി വിരുദ്ധ ട്രൈബ്യൂണലാണ് 26കാരനായ താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്രയും കാലത്തെ വിലക്ക് ലഭിക്കുന്നതോടെ താരത്തിന്റെ ക്രിക്കറ്റ് കരിയർ അവസാനിക്കുമെന്നാണ് വിലയിരുത്തൽ.

2025ലെ അബുദാബി ടി-10 ടൂർണമെന്റുമായി ബന്ധപ്പെട്ട അഴിമതി പ്രവർത്തനങ്ങളിലാണ് താരം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് (ഇ.സി.ബി) വേണ്ടി ഐസിസിയാണ് ടൂർണമെന്റിന്റെ അഴിമതി വിരുദ്ധ ചുമതലകൾ നിർവഹിച്ചിരുന്നത്. 2025 നവംബർ 21-മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് അഖിലേഷിനെ എട്ടുവർഷത്തേക്ക് വിലക്കിയത്. അന്ന് താരത്തിന് താൽക്കാലിക വിലക്കാണ് ഏർപ്പെടുത്തിയിരുന്നത്.


മത്സരഫലങ്ങളെ സ്വാധീനിക്കാനോ ഒത്തുകളിക്കാനോ ശ്രമിക്കുകയോ അതിനായി ഗൂഢാലോചന നടത്തുകയോ ചെയ്യുക (ആർട്ടിക്കിൾ 2.1.1), മറ്റ് കളിക്കാരെ ഒത്തുകളിക്ക് പ്രേരിപ്പിക്കുകയോ അതിനായി സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യുക (ആർട്ടിക്കിൾ 2.1.4), അന്വേഷണ ഉദ്യോഗസ്ഥരുടെ വിവരശേഖരണത്തെ തടസപ്പെടുത്തുന്നതിനായി മൊബൈൽ ഫോണിലെ പ്രധാന സന്ദേശങ്ങളും ഡാറ്റയും നശിപ്പിക്കുക (ആർട്ടിക്കിൾ 2.4.7) തുടങ്ങിയ കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തിയത്.

2025 നവംബർ 19-ലെ മത്സരത്തിന് തൊട്ടുമുമ്പ് ഹോട്ടൽ മുറിയിൽ അഖിലേഷ് സഹതാരത്തെ സമീപിക്കുകയും, ടീം മാനേജ്‌മെന്റിന്റെ നിർദ്ദേശപ്രകാരം മത്സരത്തിൽ കൂടുതൽ റൺസ് വഴങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ ഒത്തുകളി വാഗ്ദാനം തള്ളിക്കളഞ്ഞ താരം ഉടൻതന്നെ ഐസിസിയുടെ ആന്റി കറപ്ഷൻ യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് താരത്തെ മത്സരത്തിലെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി.

മൂന്നാമത്തെ കുറ്റവുമായി ബന്ധപ്പെട്ട് സഹതാരവുമായി നടത്തിയ വാട്‌സ്‌ആപ്പ് സന്ദേശങ്ങളും കോൾ വിവരങ്ങളും അഖിലേഷ് ററെഡ്ഡി ഡിലീറ്റ് ചെയ്തതായി ട്രിബ്യൂണൽ കണ്ടെത്തി. അന്വേഷണം വഴിതിരിച്ചുവിടാൻ മനഃപൂർവം തെളിവുകൾ നശിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഹൈദരാബാദിൽ ജനിച്ച അഖിലേഷ് റെഡ്ഡി അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. യുഎസ്എ ദേശീയ ക്രിക്കറ്റ് ടീമിനായി നാല് ട്വന്റി-20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

English Summary

USA cricketer Akhilesh Reddy received an eight-year ban from the ICC Anti-Corruption Tribunal. The Indian-origin player was found guilty of violating anti-corruption codes, including match-fixing attempts, influencing players, and destroying evidence related to the 2025 Abu Dhabi T10 tournament. The ban is effective from November 21, 2025.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKHILESH REDDY, USA CRICKET, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360