
ഏത് കാലവർഷത്തിനും മായ്ച്ചുകളയാനാവാത്ത ഓർമ്മകൾ കടൽ സൂക്ഷിക്കുന്നുണ്ട്. പുലർച്ചെ ഇന്ത്യയുടെ 11,098 കിലോമീറ്റർ നീളമുള്ള തീരപ്രദേശത്തുകൂടി നടന്നാൽ, ഒരുകാലത്ത് ലബാറിലേക്ക് സുഗന്ധവ്യഞ്ജന കപ്പലുകളെയും മന്നാർ ഉൾക്കടലിലേക്ക് മുത്തുവാരുന്നവരെയും കൊണ്ടെത്തിച്ച അതേ ഓളങ്ങളിൽ നിങ്ങൾക്ക് ആ ഓർമ്മകൾ കാണാനാകും: ഭാരതീയരുടെ ജീവിതത്തെയും കച്ചവടത്തെയും ആരാധനകളെയും സ്വപ്നങ്ങളെയും രൂപപ്പെടുത്തിയ എക്കാലത്തെയും അടങ്ങാത്ത ആദിമ താളമാണത്.
എന്നാൽ ഇതേ തീരത്തുകൂടി ഇന്ന് നടക്കുകയാണെങ്കിൽ, മറ്റെന്തോ ഒന്നുകൂടി ആ തിരമാലകൾ തീരത്തേക്ക് കൊണ്ടുവരുന്നത് കാണാം- ഷാമ്പൂ പാക്കറ്റുകളിൽ കുരുങ്ങിക്കിടക്കുന്ന കീറിയ മത്സ്യബന്ധന വല, ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് കുപ്പിമൂടിക്ക് മേൽ മൂക്കുരസുന്ന കടലാമക്കുഞ്ഞ്, മീനുകളേക്കാൾ കൂടുതൽ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞതുമായ ഒരു മീൻപിടിത്തക്കാരന്റെ പ്രഭാത ശേഖരം.
പവിഴവും മീൻപിടിത്തവും കൊണ്ട് സമ്പത്ത് അളന്നിരുന്ന പുരാതന ഭാരതത്തിനും ഇന്നത്തെ ഭാരതത്തിനും ഇടയിൽ എവിടെയോവച്ച്, മാലിന്യങ്ങളാൽ എഴുതപ്പെട്ട ഒരു സന്ദേശം സമുദ്രം നമുക്ക് നൽകിത്തുടങ്ങി. ഒടുവിൽ കഴിഞ്ഞ ദശാബ്ദത്തിൽ നമ്മൾ അതിന് മറുപടി പറയാൻ തുടങ്ങിയതിന്റെ കഥയാണിത്.
നമ്മുടെ ഭൂപടത്തിന്റെ അതിരിലെന്നപോലെ, നമ്മുടെ സങ്കൽപ്പങ്ങളുടെയും അതിരിലായിരുന്നു ഏറെക്കാലം തീരപ്രദേശങ്ങൾ. ജനങ്ങൾ സന്ദർശിക്കുകയും ആസ്വദിക്കുകയും ചുഴലിക്കാറ്റുകൾക്ക് ശേഷം ദുഃഖിക്കുകയും ചെയ്ത, ഒരു പൊതുസ്വത്തായി സംരക്ഷിക്കാൻ അപൂർവമായി മാത്രം പരിഗണിക്കപ്പെട്ട ഒരിടം. മുൻപ് സമുദ്ര പരിപാലനം എന്നത് ഭരണപരമായ ഉപവിഷയം മാത്രമായിരുന്നു: വിവിധ വകുപ്പുകളിലായി ചിതറിക്കിടന്നതും, ദൈനംദിന പരിപാലനത്തിനപ്പുറം ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയതുമായ ഒന്നായിരുന്നു അത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഭൂരിഭാഗവും പുഴകളിലൂടെയും ഓടകളിലൂടെയും കായലുകളിലേക്കും വിശാലമായ സമുദ്രത്തിലേയ്ക്കും ഒഴുകിയെത്തി. അവ പൂർണമായും നശിച്ചുപോകുന്നതിന് പകരം 'മൈക്രോപ്ലാസ്റ്റിക്' (അഞ്ച് മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക് കണികകൾ) ആയി മാറുകയായിരുന്നു. മത്സ്യങ്ങൾ ഇവയെ ആഹാരമാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയും, അവ നമ്മുടെ ഭക്ഷണമേശയിലെത്തുകയും ഒടുവിൽ ഭക്ഷ്യ ശൃംഖലയിലൂടെ മനുഷ്യശരീരത്തിലേക്ക് നിശബ്ദമായി പ്രവേശിക്കുകയും ചെയ്യുന്നുവെന്ന് ഇന്ന് നമുക്കറിയാം.
ഉപേക്ഷിക്കപ്പെട്ട വലകളിൽ കുടുങ്ങി കടൽജീവികൾ ചത്തൊടുങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. ലക്ഷക്കണക്കിന് തീരദേശ കുടുംബങ്ങളുടെ ഉപജീവനമാർഗമായ പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും മത്സ്യസമ്പത്തും നിശബ്ദവും അദൃശ്യവുമായ നാശത്തിന് ഇരയായിക്കൊണ്ടിരുന്നു. വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിലൊന്നായിരുന്നു ഇത്.
എന്നാൽ മാറിയത് വെറുമൊരു നയം മാത്രമല്ല. ശുചിത്വം എന്നത് മറ്റാരുടെയെങ്കിലും ഉത്തരവാദിത്വമായി കാണാൻ കഴിയില്ലെന്നും, 2014ൽ സ്വച്ഛ് ഭാരത് മിഷന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞതുപോലെ അത് ഒരു 'ജന ആന്ദോളൻ' (ജനകീയ പ്രസ്ഥാനം) ആകണമെന്നും. മോദി ഗവൺമെന്റ് ബോധപൂർവം എടുത്ത തീരുമാനമായിരുന്നു അത്.
ഇന്ത്യയ്ക്ക് അതിന്റെ നഗരങ്ങൾ ശുചീകരിക്കാൻ ജനങ്ങളെ അണിനിരത്താമെങ്കിൽ, സമുദ്രങ്ങളുടെ കാര്യത്തിലും എന്തുകൊണ്ട് അത് സാദ്ധ്യമാക്കിക്കൂടാ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് 2022ൽ 'സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ' എന്ന പേരിൽ ഉയർന്നുവന്നത്.
കേവലം ഒരു ദിവസത്തെ ഫോട്ടോ എടുപ്പ് പരിപാടിയായല്ല മറിച്ച് ശാസ്ത്രീയ അടിത്തറയുള്ള, ജനകീയ ശക്തിയാൽ നയിക്കപ്പെടുന്ന സുസ്ഥിര പ്രസ്ഥാനമായാണ് അത് രൂപകൽപ്പന ചെയ്തത്. 1986ൽ ആരംഭിച്ചതും ഇന്ന് നൂറിലധികം രാജ്യങ്ങളിലെ സന്നദ്ധപ്രവർത്തകരെ കൈയുറകളും സഞ്ചികളും ദൃഢനിശ്ചയവുമായി തീരങ്ങളിലെത്തിക്കുന്നതുമായ ആഗോള പരിപാടിയായ 'അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിന'വുമായി (സെപ്തംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ച) ഒത്തുപോകുന്ന തരത്തിലാണ് ഓരോ വർഷവും ഈ പ്രചാരണം നടക്കുന്നത്.
ആദ്യ വർഷത്തിൽ 'സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ' 75 ദിവസങ്ങളിലായി 75 കേന്ദ്രങ്ങളിലാണ് നടന്നത്. ഈ സെപ്തംബറിൽ 'സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ 5.0' ആരംഭിക്കുമ്പോൾ ഈ കൂട്ടായ്മ കൂടുതൽ ശക്തമായിട്ടുണ്ട്. ഒരു മന്ത്രാലയം മാത്രമല്ല, രാജ്യം മുഴുവൻ ഇതിനായി ഒന്നിക്കുന്നു.
പങ്കാളിത്തവും
പ്രവർത്തന രീതിയും
ഈ വർഷത്തെ പ്രചാരണത്തിന്റെ പ്രത്യേകത അതിന്റെ പങ്കാളിത്തം മാത്രമല്ല, പ്രവർത്തന രീതി കൂടിയാണ്. സെപ്തംബർ 12 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ നമ്മുടെ തീരപ്രദേശങ്ങൾ സമുദ്ര സംരക്ഷണത്തിന്റെ വലിയൊരു ഉത്സവത്തിന് വേദിയാകും. സെപ്തംബർ 19ലെ അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിൽ ഈ പ്രചാരണം ഏറ്റവും വലിയ ഒറ്റദിവസത്തെ ശുചീകരണത്തോടെ പൂർത്തിയാകും. ഇത് ജിയോടാഗ് ചെയ്ത് ഡിജിറ്റലായി ലോഗിൻ ചെയ്തിരിക്കുന്നതിനാൽ ശേഖരിക്കുന്ന ഓരോ ബാഗ് മാലിന്യവും ഡാറ്റയായി മാറും, കൃത്യമായ കണക്കുകൾ അളക്കാനും വരും വർഷങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുന്ന ഒരു റെക്കോർഡ്.
സാങ്കേതികവിദ്യ നിശബ്ദമായി ഈ പ്രസ്ഥാനത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്നു: സന്നദ്ധപ്രവർത്തകർ ഡിജിറ്റലായി രജിസ്റ്റർ ചെയ്യുന്നു, ശുചീകരണ കേന്ദ്രങ്ങൾ തത്സമയം മാപ്പിൽ അടയാളപ്പെടുത്തുകയും ജിയോടാഗ് ചെയ്യുകയും ചെയ്യുന്നു, കൂടാതെ കഠിനാദ്ധ്വാനത്തിലൂടെ വിയർപ്പൊഴുക്കിയ ആ പ്രഭാതത്തെ ഒരു ഉത്തരവാദിത്വമുള്ള പൗരന്റെ അംഗീകൃത പ്രവൃത്തിയായി മാറ്റുന്ന ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ പങ്കാളികൾക്ക് ലഭിക്കുകയും ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |