
''പൂർണ്ണമായ സംതൃപ്തി എന്നത് ജീവിതത്തിൽ സാദ്ധ്യമാണോ? എപ്പോഴും പൂർണ്ണസംതൃപ്തിയിൽ കഴിയുക സാധാരണ മനുഷ്യർക്ക് പ്രായോഗികമല്ല എന്ന സത്യം നമ്മൾ നിഷേധിക്കേണ്ട ആവശ്യമില്ല, കാരണം, മനസ് സ്വാഭാവികമായി മാറ്റവും വളർച്ചയും പുതിയ ലക്ഷ്യങ്ങളും ആഗ്രഹിക്കുന്നു. എന്നാൽ, 'എനിക്ക് ഒന്നും വേണമെന്നില്ല" എന്ന അവസ്ഥയല്ല സംതൃപ്തി. പകരം, 'എനിക്ക് ഇനിയും ആഗ്രഹങ്ങളുണ്ട്; പക്ഷേ ഇപ്പോൾ ലഭിച്ചിരിക്കുന്നതിലും ഞാൻ സന്തുഷ്ടനാണ്." എന്ന മനോഭാവമാണ് പ്രായോഗിക ജീവിതത്തിലെ യഥാർത്ഥ സംതൃപ്തി. ഉദാഹരണമായി, ഒരു വിദ്യാർത്ഥിക്ക് പരീക്ഷയിൽ 90% മാർക്ക് ലഭിച്ചെന്ന് വിചാരിക്കുക, നൂറുശതമാനം നേടണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ട് ഈ നേട്ടത്തെ വിലകുറച്ച് കാണേണ്ടതില്ല. 'അടുത്തതവണ നൂറുശതമാനം നേടാൻ ശ്രമിക്കും, പക്ഷേ ഇന്ന് നേടിയ വിജയത്തിൽ ഞാൻ സന്തോഷിക്കുന്നു" എന്ന് ചിന്തിക്കുന്നതാണ് ആരോഗ്യകരമായ സംതൃപ്തി. അതുപോലെ, ജീവിതത്തിൽ ആഗ്രഹമുണ്ടാകാം, ശ്രമിച്ച് നേടിയെടുക്കാം. അതിൽ സന്തോഷിക്കാം. അങ്ങനെ, വീണ്ടും മുന്നോട്ട് പോകാം. അതിനാൽ, സമാധാനവും സന്തോഷവും സംതൃപ്തിയും ചേരുന്നതാണ് ആന്തരിക ആനന്ദം!""പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും സംതൃപ്തിയുടെ ആന്തരിക ആനന്ദത്തെ അന്വേഷിക്കുന്ന ഭാവത്തിലായിരുന്നു.
''ആഗ്രഹവും സംതൃപ്തിയും തമ്മിൽ ബന്ധമുണ്ടോ? മനുഷ്യമനസിൽ ആഗ്രഹം, പ്രതീക്ഷയായി വളരുന്നു. അതിന്റെ ഫലം വിലയിരുത്തുന്നതിനാണ് സംതൃപ്തിയും അസംതൃപ്തിയും .
'എനിക്ക് ഇത് ലഭിക്കണം ഇങ്ങനെ സംഭവിക്കണം" എന്ന ചിന്തയാണ് ആഗ്രഹം. ഇത് ശക്തമാകുമ്പോൾ അതിനനുസരിച്ചുള്ള പ്രതീക്ഷയുണ്ടാകും. യഥാർത്ഥത്തിൽ സംഭവിക്കുന്നത് പ്രതീക്ഷിച്ചതുമായി ഒത്തുപോകാതിരിക്കുമ്പോൾ മനസ് സ്വയം ചോദിക്കുന്നു: 'എനിക്ക് പ്രതീക്ഷിച്ചതുപോലെ കിട്ടിയോ?" കിട്ടിയാൽ- സംതൃപ്തി, കിട്ടിയില്ലെങ്കിൽ- അസംതൃപ്തി. രണ്ടുപേർ ഒരേ പരീക്ഷയിൽ 80 മാർക്ക് നേടി. ഒന്നാമൻ പറഞ്ഞു: 'ഞാൻ 70 മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. 80കിട്ടി!" രണ്ടാമന് 90 കിട്ടുമെന്ന് ഉറപ്പായിരുന്നെങ്കിലും 80 മാത്രമേ കിട്ടിയുള്ളൂ. മാർക്ക് രണ്ടുപേർക്കും ഒരുപോലെയാണെങ്കിലും അനുഭവിച്ച സംതൃപ്തി വ്യത്യസ്തമാണ്. അതിനാൽ സംതൃപ്തിയെ നിർണ്ണയിക്കുന്നത് ഫലം മാത്രമല്ല; ഫലത്തെക്കുറിച്ചുള്ള മനസിന്റെ വിലയിരുത്തലാണ്.
എന്നാൽ, ആഗ്രഹങ്ങൾ ഉപേക്ഷിക്കണോ? അല്ല, ആഗ്രഹങ്ങളില്ലെങ്കിൽ ജീവിതത്തിൽ പുരോഗതിക്കുള്ള പ്രേരണ കുറയില്ലേ! അപ്പോൾ, പ്രശ്നം ആഗ്രഹത്തിലല്ല; ആഗ്രഹത്തോട് മനസ് എങ്ങനെ സമീപിക്കുന്നു എന്നതിലാണ്. 'കൂടുതൽ ലഭിക്കണമെന്ന ആഗ്രഹത്തോടൊപ്പം, ലഭിച്ചതിനെ വിലമതിക്കണം" എന്ന കഴിവാണ് വളർത്തേണ്ടത്. അതാണ് പുരോഗതിയെയും മനസമാധാനത്തെയും ഒരുമിച്ച് നിലനിറുത്തുന്ന വഴി. ആഗ്രഹം മാത്രമുണ്ടെങ്കിൽ അസംതൃപ്തി; സംതൃപ്തി മാത്രമുണ്ടെങ്കിൽ നിശ്ചലത- രണ്ടിനുമിടയിലെ സമതുലിതാവസ്ഥയാണ് നല്ല ജീവിതം!"" പ്രഭാഷകൻ നിറുത്തിയപ്പോൾ, മിക്കവരും സമതുലിതാവസ്ഥയെ ഹൃദയത്തിലേറ്റുകയായിരുന്നു!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |