SignIn
Kerala Kaumudi Online
Sunday, 13 September 2026 4.20 AM IST

ഹൃദയത്തിന്റെ ഭാഷ വീണ്ടെടുക്കുക

as

''മക്കളേ,
ഒരിക്കൽ ഒരു സ്ത്രീ താൻ എഴുതിയ കവിത ശാസ്ത്രജ്ഞനായ തന്റെ ഭർത്താവിനെ കാണിച്ചു. ഭാര്യയുടെ നിർബന്ധം കാരണം, അദ്ദേഹം കവിത വായിച്ചു. കവിത, ഒരു കുട്ടിയെ വർണിച്ചുകൊണ്ടുള്ളതാണ്. മുഖം ചന്ദ്രനെപ്പോലെയിരിക്കുന്നു, കണ്ണുകൾ താമരദളങ്ങൾ പോലെയാണ്. ഇങ്ങനെ ഓരോ വരിയിലും കുഞ്ഞിനെ വർണിച്ചിരിക്കുകയാണ്. കവിതയെക്കുറിച്ചുള്ള ഭർത്താവിന്റെ അഭിപ്രായം കേൾക്കാൻ ഭാര്യ കാതോർത്തു. ഭർത്താവ് പറഞ്ഞു, ''നീ എന്താണ് ഈ എഴുതിയിരിക്കുന്നത്? കോടിക്കണക്കിന് രൂപ ചെലവാക്കി ചന്ദ്രനിൽ മനുഷ്യൻ പോയിട്ടുള്ളതല്ലെ, അവിടെ എന്തിരിക്കുന്നു? കുറെ പാറക്കെട്ടുകൾ. വായു പോലുമില്ല. അങ്ങനെയുള്ള ചന്ദ്രനെ എടുത്ത് തലയിൽ വച്ചാൽ, പിടലി ഒടിയുമല്ലോ''- ഇങ്ങനെ ഓരോ കുത്തുവാക്കുകൾ പറഞ്ഞ്, അദ്ദേഹം ആ കവിതയെ വിമർശിച്ചു. -
അവസാനം സഹികെട്ട് ഭാര്യ പറഞ്ഞു, ''നിങ്ങൾക്ക് ഈ കവിത മനസിലാകുകയില്ല. അതിങ്ങു തന്നേയ്ക്കൂ''

ഭർത്താവ് ആ കവിതയെ കണ്ടത് ബുദ്ധിയിൽക്കൂടിയാണ്. അവിടെ ഹൃദയം ഉണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹത്തിനു കവിത ആസ്വദിക്കാൻ കഴിഞ്ഞില്ല. ഭാര്യയുടെ മാനസികഭാവത്തെ അനുമോദിക്കാനും കഴിഞ്ഞില്ല.

ഇത് ബുദ്ധിയുടെയും യുക്തിയുടെയും ലോകമാണ്. ഹൃദയത്തിന്റെ ഭാഷ മനുഷ്യൻ മറന്നിരിക്കുന്നു. പരസ്പരം സ്‌നേഹിക്കാനും വിശ്വസിക്കാനും ബഹുമാനിക്കാനും നമുക്ക് സാധിക്കുന്നത് ഹൃദയത്തിന്റെ ഭാഷയിലൂടെയാണ്. അത് കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും ഭാഷ കൂടിയാണ്. ആ ഹൃദയത്തിന്റെ ഭാഷയാണ് ഇന്ന് നമുക്ക് അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഒരു കുട്ടിക്ക് തന്റെ ചെറുപ്പത്തിൽ അമ്മയിൽ നിന്നും ലഭിക്കുന്ന സ്‌നേഹമാണ് അതിന് ലോകത്തിന്റെ സ്‌നേഹം സ്വീകരിക്കാനും തന്നിലുള്ള സ്‌നേഹത്തെ മറ്റുള്ളവർക്ക് നൽകാനും ശക്തി പകരുന്നത്. മാതാവിൽ നിന്നും കുഞ്ഞുങ്ങൾക്കു ലഭിക്കുന്ന സ്‌നേഹം നഷ്ടമായാൽ, അവർക്ക് ഹൃദയത്തിന്റെ ഭാഷ അന്യമാകും. അവർ വികലമായ വ്യക്തിത്വത്തിന് ഉടമകളാകും. ക്രമേണ വരും തലമുറകളെയും ഇതു ബാധിക്കും. അതു സമൂഹത്തിന്റെയും രാജ്യത്തിന്റെയും നാശത്തിനു കാരണമാകുകയും ചെയ്യും.
പഴയ കാലങ്ങളിൽ ഒരു വീട്ടിൽത്തന്നെ എട്ടോ പത്തോ കുട്ടികളുണ്ടാകും. ആ അന്തരീക്ഷത്തിൽ കുട്ടികൾ പരസ്പരം സ്‌നേഹിച്ചു വളരുന്നു. മിക്കവാറും കുടുംബങ്ങളിൽ മുത്തശിയും മുത്തച്ഛനുമുണ്ടാകും. അവരിൽനിന്നു കുട്ടികൾക്കു സ്‌നേഹം മാത്രമല്ല, സദാചാരത്തിന്റെ ബാലപാഠങ്ങളും ലഭിക്കും. അങ്ങനെ കുട്ടികളിൽ നല്ല ശീലങ്ങളും മുതിർന്നവരോടുള്ള സ്‌നേഹവും ബഹുമാനവും എല്ലാം വളർന്നുവരും. സമൂഹത്തിലും സ്‌നേഹവും ഐക്യവും മറ്റു മൂല്യങ്ങളും വളരാൻ അതു കാരണമാകുകയും ചെയ്യും. ആ സ്‌നേഹത്തെയും മൂല്യങ്ങളെയും നമ്മൾ പുനരുദ്ധരിക്കേണ്ടിയിരിക്കുന്നു. ബുദ്ധിയുടെ അമിത സ്വാധീനത്താൽ നമ്മൾ മറന്നു പോയ 'ഹൃദയത്തിന്റെ ഭാഷ'യെ നമ്മൾ വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMRITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION