SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

കൊല്ലം ആര് തൂക്കും ?

a

കേരളം കൊടും ചൂടിൽ വെന്തുരുകുമ്പോൾ രാഷ്ട്രീയ കേരളം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനച്ചൂടിൽ തിളച്ചു മറിയുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയുന്ന മേയ് 4 ന് ഇനി ചുരുക്കം ദിവസങ്ങൾ മാത്രമാണുള്ളത്. മൂന്നാഴ്ചയായി തുടരുന്ന കൂട്ടലും കിഴിക്കലുമായി മുന്നണികൾ കളം നിറയുമ്പോൾ കൊല്ലം ജില്ലയിലെ വിജയം ഇക്കുറി ആര് തൂക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 11 സീറ്റുകളുള്ള കൊല്ലത്ത് ഇടത്, വലത് മുന്നണികൾ പ്രതീക്ഷിക്കുന്നത് 8 സീറ്റുകൾ വരെയാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതു പക്ഷത്തിന് വ്യക്തമായ മുൻതൂക്കവും ഏറെ സ്വാധീനവുമുള്ള കൊല്ലം ജില്ലയിൽ കഴിഞ്ഞ നിരവധി തിരഞ്ഞെടുപ്പുകളിലായി എൽ.ഡി.എഫാണ് ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ 11 ൽ 9 സീറ്റും എൽ.ഡി.എഫ് നേടിയെങ്കിൽ 2016 ൽ മുഴുവൻ സീറ്റിലും എൽ.ഡി.എഫ് ആധിപത്യം പുലർത്തി. ഈ തിരഞ്ഞെടുപ്പിലും 6 മുതൽ 9 സീറ്റുകൾ വരെ നേടുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള സി.പി.എം. നേതൃയോഗത്തിന്റെ വിലയിരുത്തൽ. പാർട്ടി മത്സരിച്ച കൊട്ടാരക്കര, ഇരവിപുരം, സി.പി.ഐ മത്സരിച്ച പുനലൂർ, ചാത്തന്നൂർ, ചടയമംഗലം, കേരള കോൺഗ്രസ് - ബി മത്സരിച്ച പത്തനാപുരം എന്നിവിടങ്ങളിൽ വിജയം ഉറപ്പാണെങ്കിൽ കടുത്ത മത്സരം നടന്ന കുണ്ടറയിലും കുന്നത്തൂരിലും നേരിയ ലീഡിൽ ജയ സാദ്ധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. കുണ്ടറയിൽ സിറ്റിംഗ് എം.എൽ.എ കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനാണ് ജയസാദ്ധ്യതയെന്നും സി.പി.എം വിലയിരുത്തുന്നുണ്ട്. കൊല്ലത്ത് എസ്. ജയമോഹൻ നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചേക്കാം. കരുനാഗപ്പള്ളിയിലും ചവറയിലും നേരിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫിന് ജയസാദ്ധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്. ചവറയിൽ ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിനനുകൂലമായപ്പോൾ കരുനാഗപ്പള്ളിയിൽ എൽ.ഡി.എഫിനനുകൂലമായും കേന്ദ്രീകരിച്ചു. പത്തനാപുരത്ത് നിരവധി ഘടകങ്ങൾ എതിരാണെങ്കിലും കെ.ബി ഗണേശ്കുമാർ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചേക്കുമെന്നുമാണ് സി.പി.എം വിലയിരുത്തൽ.

യു.ഡി.എഫ് പ്രതീക്ഷ 7 സീറ്റ്

കുറഞ്ഞത് 7 സീറ്റിലെങ്കിലും കൊല്ലത്ത് വിജയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കഴിഞ്ഞ തവണ വിജയിച്ച കരുനാഗപ്പള്ളി, കുണ്ടറ എന്നിവയ്ക്ക് പുറമെ 2021 ൽ നേരിയ വോട്ടുകൾക്ക് തോറ്റ കൊല്ലം (2072 വോട്ട്), ചവറ (1096 വോട്ട്), കുന്നത്തൂർ (2890) എന്നിവിടങ്ങളിൽ ഇക്കുറി വിജയം ഉറപ്പാണ്. പത്തനാപുരത്തും കൊട്ടാരക്കരയിലും വിജയ സാദ്ധ്യത ഏറെയുണ്ട്. ഇരവിപുരത്തും ചടയമംഗലത്തും കടുത്ത മത്സരം കാഴ്ച വയ്ക്കാനായി. ചാത്തന്നൂരിൽ സ്വീകാര്യനായ സ്ഥാനാർത്ഥി ആയിരുന്നെങ്കിലും സംഘടനാ ദൗർബല്യം തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ. സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന് പ്രതീക്ഷിക്കുന്ന യു.ഡി.എഫിന് ഭരണത്തിലേറണമെങ്കിൽ കുറഞ്ഞത് 7-9 സീറ്റെങ്കിലും കൊല്ലത്തു നിന്ന് നേടേണ്ടതുണ്ട്. ഭരണ വിരുദ്ധ വികാരം, ശബരിമല സ്വർണ്ണക്കൊള്ള, തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം, വിലക്കയറ്റം ഇവയൊക്കെ തങ്ങൾക്കനുകൂലമായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

നാലിൽ മൂന്ന് ഉറപ്പെന്ന് സി.പി.ഐ

കൊല്ലത്ത് സി.പി.ഐ മത്സരിക്കുന്ന 4 സീറ്റിൽ മൂന്നിടത്തും വിജയം ഉറപ്പെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ. പുനലൂർ, ചടയമംഗലം, ചാത്തന്നൂർ എന്നിവിടങ്ങളാണ് സി.പി.ഐ ഉറപ്പായും ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കരുനാഗപ്പള്ളിയിൽ ഇക്കുറിയും വിജയ പ്രതീക്ഷയില്ല. ചടയമംഗലത്ത് ജെ. ചിഞ്ചുറാണി 6,000 വോട്ടിന്റെയും ചാത്തന്നൂരിൽ ആർ. രാജേന്ദ്രൻ 12,000 വോട്ടിന്റെയും ഭൂരിപക്ഷം നേടും. പുനലൂരിൽ
സി. അജയപ്രസാദ് 20, 000 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. സി.പി.എം വിഭാഗീയത നിലനിൽക്കുന്ന കരുനാഗപ്പള്ളിയിൽ സി.പി.ഐ സ്ഥാനാർത്ഥി എം.എസ് താരയ്ക്കു വേണ്ടി എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നാണ് സി.പി.ഐ വിലയിരുത്തൽ.

ചാത്തന്നൂരിൽ പ്രതീക്ഷയോടെ എൻ.ഡി.എ

സംസ്ഥാനത്ത് ബി.ജെ.പിക്ക് ജയസാദ്ധ്യത പ്രവചിക്കപ്പെടുന്ന കൊല്ലം ജില്ലയിലെ ഏക സീറ്റാണ് ചാത്തന്നൂർ. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി രണ്ടാം സ്ഥാനത്തെത്തുന്ന ബി.ബി. ഗോപകുമാർ ഇക്കുറി ഒന്നാമതെത്തുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി ഇവിടെ ജയിച്ചത് സി.പി.ഐയിലെ ജി.എസ് ജയലാൽ ആയിരുന്നു. എന്നാൽ ഇക്കുറി ടേം വ്യവസ്ഥ പ്രകാരം സി.പി.ഐ സ്ഥാനാർത്ഥിയായി ആർ. രാജേന്ദ്രനാണെത്തിയത്. പുതുമുഖമെന്ന നിലയിൽ ആർ. രാജേന്ദ്രന് ജയലാലിന്റെ അത്രയും സ്വീകാര്യത ലഭിക്കണമെന്നില്ല. ജയലാലിന് ലഭിച്ചിരുന്ന എൻ.എസ്.എസ് വോട്ടുകളിൽ ഇക്കുറി വിള്ളലുണ്ടാകാം. ജയലാലിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകളിൽ ഭിന്നതയുണ്ടായാൽ അത് ഗുണം ചെയ്യുക ബി.ജെ.പിക്കാകും. ബി.ജെ.പി സ്ഥാനാർത്ഥി ശക്തമായ മത്സരം കാഴ്ച വയ്ക്കുന്ന മറ്റൊരു മണ്ഡലം കരുനാഗപ്പള്ളിയാണ്. കോൺഗ്രസിലെ സിറ്റിംഗ് എം.എൽ.എ സി.ആർ മഹേഷിനാണ് ഇവിടെ ഇക്കുറിയും ജയസാദ്ധ്യതയെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥി വി.എസ് ജിതിൻ ദേവ് ശക്തമായ മത്സരമാണ് കാഴ്ച വച്ചത്. 2021 ൽ സി.ആർ മഹേഷിന് ലഭിച്ച 29,238 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഗണ്യമായ ഇടിവുണ്ടായേക്കാം. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ നിന്ന് 42,000 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്രയുമോ ഇതിലേറെയോ വോട്ടുകൾ ജിതിൻദേവ് പിടിച്ചാൽ മഹേഷിന്റെ ഭൂരിപക്ഷം ഗണ്യമായി ചുരുങ്ങും.

സി.പി.എം - ആർ.എസ്.പി ഡീൽ ആരോപണവും

കൊല്ലം നിയമസഭാ മണ്ഡലത്തിലെ യു. ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയ്ക്കെതിരെ ആർ.എസ്.പി പ്രവർത്തകർ സി.പി.എം നേതാക്കളുമായി ഡീലുണ്ടാക്കിയതായി ആരോപണം. നഗരത്തിലെ ഒരു റെസ്റ്റോറന്റിൽ ആർ.എസ്.പി കൊല്ലം സൗത്ത് ലോക്കൽ സെക്രട്ടറി സദു പള്ളിത്തോട്ടവും ഏഴ് പ്രവർത്തകരും സി.പി.എം നേതാക്കളുമായി ചർച്ച നടത്തിയതായാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ദിവസമാണ് ആർ.എസ്.പി - സി.പി.എം നേതാക്കൾ രഹസ്യ ചർച്ച നടത്തിയതത്രെ. എന്നാൽ ആരോപണങ്ങൾ സത്യവിരുദ്ധമെന്നാണ് സദു പള്ളിത്തോട്ടം പറയുന്നത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും അതല്ല, എൽ.ഡി.എഫ് തുടർ ഭരണം ഉണ്ടാകുമെന്നും ഇരു മുന്നണികളും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. യഥാർത്ഥ ഫലം അറിയുന്ന മേയ് 4 വരെ അവകാശ വാദങ്ങളും തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY