
ഡോ.എം.ലീലാവതി ടീച്ചർ നൂറിന്റെ നിറവിൽ
ശാസ്ത്രത്തിന്റെ രസക്കൂട്ടുകളിൽ നിന്ന് വഴിമാറി സാഹിത്യത്തിന് അക്ഷരങ്ങളുടെ പാൽപ്പായസ മധുരം സമ്മാനിച്ച ലീലാവതി ടീച്ചർ നൂറിന്റെ നിറവിലേക്ക്. 99ന്റെ പടിയിൽ നിന്ന് കുസൃതിച്ചിരിയോടെ നൂറിനെ വരവേൽക്കുമ്പോഴും ടീച്ചറിന്റെ വലംകൈയിലുണ്ട് അക്ഷയപാത്രം പോലൊരു പേന. ചിങ്ങമാസത്തിലെ ഭരണിയാണ് നാൾകൊണ്ട് പിറന്നാൾ. പക്ഷേ, 1927ൽ ജനിച്ച ടീച്ചർ ഇംഗ്‌ളീഷ് മാസപ്രകാരം സെപ്തംബർ 16നാണ് ബെർത്ത്ഡേ .
ചാരുകസേരയിൽ ചിരിയോടെ പ്രായത്തെ എഴുതി തോൽപ്പിക്കുന്ന മലയാളത്തിന്റെ തറവാട്ടമ്മയ്ക്ക് ഓരോ അക്ഷരവും ഗുരുവായൂർ ഉണ്ണിക്കണ്ണനുള്ള അർച്ചനയാണ്. വാത്സല്യവും ഇഷ്ടങ്ങളും പിണക്കങ്ങളുമെല്ലാം നിറഞ്ഞുതുളുമ്പുന്ന ഹൃദയത്തിൽനിന്ന് പെയ്യുന്ന ഓരോ വരിയും വരപ്രസാദം. ഗുരുവായൂരിനടുത്ത് കോട്ടപ്പടിയിൽ കഴുകമ്പള്ളി കുഞ്ചുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യ മാണ്ടലിന്റെയും മകളുടെ അക്ഷയപാത്രത്തിൽ അക്ഷരങ്ങൾക്കെന്തു പഞ്ഞം!. ഗുരുവായൂരമ്പല നടയിൽ തുടങ്ങിയ ജീവിതയാത്ര ഇന്നും സാഹിത്യത്തിന്റെ പ്രദക്ഷിണവഴിയിൽ. പുലർച്ചെ നാലുമണിയോടെ എഴുന്നേൽക്കുന്ന ശീലത്തിനു മാറ്റമില്ല. കുളിച്ചുകുറിതൊട്ട് പുസ്തകലോകത്തേക്ക്. എന്തെങ്കിലുമൊക്കെ കുറിച്ചുവയ്ക്കും. രാവിലെ മുതൽ എത്തുന്ന പ്രിയ ശിഷ്യർ അതൊക്കെ പുസ്തകമാക്കാനുള്ള തയ്യാറെടുപ്പിൽ. എന്താണ് എഴുതുന്നതെന്നു ചോദിച്ചാൽ ടീച്ചർക്ക് വഴങ്ങാത്തതായി ഒന്നുമില്ലെന്ന് അക്ഷരലോകം കാട്ടിത്തരുന്നു. ശാസ്ത്രവും തത്വവും ആത്മീയതയുമെല്ലാം ഈ ചിന്തകൾക്കും വിരലുകൾക്കും വഴങ്ങും.
സാഹിത്യത്തിലേക്ക് വഴിമാറി ഒഴുകിയത് 1946ൽ. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലും സാഹിത്യകാരനുമായിരുന്ന ഇംഗ്ലീഷ് പ്രൊഫസർ പി. ശങ്കരൻനമ്പ്യാരാണ് ശിഷ്യയെ കണ്ടെത്തിയത്. ഇന്റർമീഡിയറ്റ് സയൻസ് ഗ്രൂപ്പിന്റെ ക്ലാസിൽ ഇംഗ്ലീഷ് ലക്ചറർ അവധിയായിരുന്ന പീരിയഡിൽ എത്തിയ പ്രിൻസിപ്പലിന്റെ ചോദ്യങ്ങൾക്ക് ചുറുചുറുക്കോടെ ഉത്തരം നൽകിയ പെൺകുട്ടിയോട് മലയാളം ബി.എയ്ക്ക് ചേരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ, ഇന്റർമീഡിയറ്റിന് ഒന്നാംറാങ്ക് നേടിയ ലീലാവതി മഹാരാജാസിൽ കെമിസ്ട്രി ബി.എസിക്കാണ് ചേർന്നത്. എന്തേ, ഇങ്ങനൊരു തീരുമാനമെന്നു ചോദിച്ച ഗുരുവിനോട് രസതന്ത്രത്തോട് ഇഷ്ടമെന്നു ശിഷ്യ മറുപടി നൽകി. വേണ്ട, മലയാളം പഠിച്ചാൽ മതി എന്ന് അദ്ദേഹം സ്‌നേഹപൂർവം നിർബന്ധിച്ചു. ബി.എ പാസായാലുടൻ കോളേജ് അദ്ധ്യാപികയായി ജോലി ഉറപ്പാക്കാമെന്നും പറഞ്ഞതോടെ മനസില്ലാ മനസോടെ സമ്മതിച്ചു. ശിഷ്യ പ്രതീക്ഷ തെറ്റിച്ചില്ല. ഒന്നാം റാങ്കോടെ ബി.എ പാസായി. തൃശൂർ സെന്റ് മേരീസ് കോളേജിൽ അദ്ധ്യാപികയാകാൻ അദ്ദേഹം തന്നെ വഴിയൊരുക്കി. 1949ൽ കോളേജ് ലക്ചററായ ലീലാവതി, പിന്നീട് എം.എ ബിരുദം നേടി ഗവ. കോളേജിൽ അദ്ധ്യാപികയായി.
ഇഷ്ടമില്ലാത്ത ഒരു മേഖലയുമില്ല. മലയാളത്തിന്റെ കടവത്ത് നിന്നു വിശ്വസാഹിത്യത്തിന്റെ അനന്തസാഗരത്തിൽ എത്താൻ നിമിഷങ്ങൾ മതി. അറിവുകൾ കൊണ്ട് അകലങ്ങളെ ഇല്ലാതാക്കാനുള്ള ഇന്ദ്രജാലമാണ് വ്യത്യസ്തയാക്കുന്നത്. ടീച്ചർ ടി.വിക്കു മുന്നിൽ താത്പര്യത്തോടെ ഇരുന്നാൽ ഒരു കാര്യമുറപ്പിക്കാം. ടെന്നീസ് കളിയുണ്ട്. ടേബിൾ ടെന്നീസും ബാഡ്മിന്റനുമെല്ലാം കാഴ്ചകൾക്കു മാത്രമല്ല, കൈകൾക്കും വഴങ്ങും. സകല രാജ്യാന്തര താരങ്ങളെയും അറിയാം. പാലക്കാട് വിക്ടോറിയ കോളേജിൽ 1952 മുതൽ 64 വരെ അദ്ധ്യാപികയായിരിക്കെയാണ് ടെന്നീസ് കളിച്ചിരുന്നത്.കാഴ്ച മങ്ങിയതോടെ ഇപ്പോൾ എഴുത്തിൽ മാത്രമാണ് ശ്രദ്ധ.
1964 മുതൽ എറണാകുളം മഹാരാജാസിൽ 18 വർഷം അദ്ധ്യാപികയായി. 83ൽ തലശേരി ബ്രണ്ണൻ കോളേജിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ചു. ഫിസിക്‌സ് പ്രൊഫസറും ശാസ്ത്ര-സാഹിത്യകാരനുമായിരുന്ന പരേതനായ ഡോ. സി.പി.മേനോനാണ് ഭർത്താവ്. സാഹിത്യത്തിലും ടീച്ചറിന്റെ സഹയാത്രികനായിരുന്നു അദ്ദേഹം. വിനയൻ, ജയൻ എന്നിവരാണ് മക്കൾ.
നിർബന്ധങ്ങളില്ല,
പിണക്കങ്ങളും
ആഘോഷങ്ങളോ ഒന്നിനോടും നിർബന്ധമോ അന്നും ഇന്നും ടീച്ചറിനില്ല. അന്ന് ആശംസകളുമായി പലരും എത്തുമെങ്കിലും ടീച്ചറിന് താത്പര്യമില്ല. അനിഷ്ടം പ്രകടിപ്പിക്കുന്ന ശീലമില്ലെന്നു മാത്രം. ഓണം ഉൾപ്പെടെ ഒരാഘോഷവും പതിവില്ല.
ഭക്ഷണകാര്യത്തിലുമില്ല നിർബന്ധം.
ലഘുവായി സസ്യഭക്ഷണം. ഊണു കഴിഞ്ഞാൽ അൽപം മയക്കം. രാത്രി ഒൻപതരയോടെ ഉറങ്ങും. കേൾവിക്കുറവുണ്ടെങ്കിലും പ്രിയപ്പെട്ടവർ പറയുന്നതെല്ലാം പെട്ടെന്നു മനസിലാക്കാം.
98ാം വയസിൽ ഭാരതാലോകം എന്ന മഹാഭാരത പഠനഗ്രന്ഥമെഴുതിയ ടീച്ചറിൽ നിന്ന് വൈകാതെ ഒരു പുസ്തകവും കൂടി പ്രതീക്ഷിക്കാം.
ചില പ്രധാന കൃതികൾ
നിരൂപണം, കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും, നവരംഗം, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം (റഷ്യൻ സാഹിത്യകാരൻ മിഖായേൽ ഷോളോഖോവ് കൃതികളുടെ പഠനം), വർണരാജി, ജിയുടെ കാവ്യജീവിതം, മലയാള കവിതാ സാഹിത്യചരിത്രം, അമൃതമഗ്‌നതേ, കവിതാധ്വനി, സത്യം ശിവം സുന്ദരം, ശൃംഗാരചിത്രണം സി.വിയുടെ നോവലുകളിൽ, കാവ്യാരതി, മഹാകവി വള്ളത്തോൾ, ആദിരൂപങ്ങൾ സാഹിത്യത്തിൽ, ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങൾ, കവിതാരതി, കൊച്ചിയിലെ വൃക്ഷങ്ങൾ ഒരു പാരായണം, ഗോഡ് ഓഫ് സ്‌മോൾ തിംഗ്‌സ് ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, സി. രാധാകൃഷ്ണന്റെ ഒമ്പതു നോവലുകളുടെ പഠനം, സാഹിത്യനിരൂപണത്തിലെ ദിശാബോധം, അസുരവിത്ത് ഒരു പഠനം, അർത്ഥാന്തരങ്ങൾ, നമ്മുടെ പൈതൃകം, സ്ത്രീസ്വത്വാവിഷ്‌കാരം മലയാള സാഹിത്യത്തിൽ, ഭാരതസ്ത്രീകൾ വൈദികകാലം മുതലുള്ള സംസ്‌കൃത സാഹിത്യത്തിൽ, ഫെമിനിസം ചരിത്രപരമായ ഒരു അന്വേഷണം, അണയാത്ത ദീപം(മഹാത്മാഗാന്ധി). ഒട്ടേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
പ്രധാന പുരസ്‌കാരങ്ങൾ
സോവിയറ്റ് ലാന്റ് നെഹ്‌റു അവാർഡ്, കേരള സാഹിത്യഅക്കാഡമി അവാർഡ്, ഓടക്കുഴൽ അവാർഡ്, കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ്, പത്മപ്രഭാ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം, സി.വി. രാമൻപിള്ള അവാർഡ്, നാലപ്പാടൻ അവാർഡ്, എൻ.വി. പുരസ്‌കാരം, ലളിതാംബിക അന്തർജനം അവാർഡ്, ബഷീർ പുരസ്‌കാരം, ഭാരതീയ ഭാഷാ പരിഷത്ത് പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, ദേവീപ്രസാദം ട്രസ്റ്റ് അവാർഡ്, കൊച്ചി ദേവസ്വം ബോർഡ് പുരസ്‌കാരം, ഗുപ്തൻനായർ പുരസ്‌കാരം, വിലാസിനി അവാർഡ്, വയലാർ അവാർഡ്, പൂന്താനം അവാർഡ്, പത്മശ്രീ ബഹുമതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |