SignIn
Kerala Kaumudi Online
Sunday, 06 September 2026 12.45 AM IST

കായിക മേഖലയുടെ പ്രതാപം വീണ്ടെടുക്കും

പരസ്പരം

..................................

ഒ.ജെ. ജനീഷ്,

സംസ്ഥാന സ്പോർട്സ്, യുവജനകാര്യ,

രജിസ്ട്രേഷൻ വകുപ്പ് മന്ത്രി​

.............................................................................

അഭിമുഖം തയ്യാറാക്കിയത്

ടി.കെ.സുനിൽ കുമാർ

ലീഡ്

സംസ്ഥാന സ്പോർട്സ് രംഗത്ത് അടിമുടി പരിഷ്കാരങ്ങൾ വേണമെന്നു തന്നെയാണ് തീരുമാനം. അത് എത്രയും വേഗം നടപ്പാക്കും. സ്പോർട്സുമായി ഒരു ബന്ധവുമില്ലാത്ത രാഷ്ട്രീയക്കാർക്കും മറ്റുള്ളവർക്കും ലാവണം നൽകാൻ വേണ്ടിയുള്ളതാകരുത് സ്പോർട്സ് അസോസിയേഷനുകളും കൗൺസിലുകളും.

.......................................

സംസ്ഥാനത്തിന്റെ സ്പോർട്സ് നയം സമഗ്രമായ മാറ്റത്തിന് ഒരുങ്ങുകയാണ്. നമ്മുടെ കായികമേഖലയുടെ പ്രതാപം വീണ്ടെടുക്കലാണ് ലക്ഷ്യം. കേരളത്തിലെ കായികരംഗത്ത് ക്രിക്കറ്റും ഫുട്ബാളും മാത്രം സ്പോർട്സ് എന്ന രീതിയിലേക്ക് മാറിയതോടെയാണ് ഒരുകാലത്ത് ആധിപത്യം പുലർത്തിയ അത്‌ലറ്റിക്സിൽ നാം പിന്നാക്കം പോയത്. മിടുക്കരായ പുതിയ താരങ്ങൾ ഉദയം ചെയ്യുന്നതും കുറഞ്ഞു. ദേശീയതലത്തിൽ അത്‌ലറ്റിക്സിൽ കേരളത്തിന്റെ സ്ഥാനം ഇപ്പോൾ 14-15ലാണ്.

ക്രിക്കറ്റിനും ഫുട്ബാളിനും സർക്കാർ എതിരല്ല. സംസ്ഥാനത്തിന് കൂടുതൽ മെഡലും അംഗീകാരവും നേടാനും താരങ്ങളെ സംഭാവന ചെയ്യാനും കഴിയുന്നത് അത്‌ലറ്റിക്സിനാണ്. ദേശീയമത്സരങ്ങളി​ൽ അണ്ടർ 14, 17, 19 എന്നീ മൂന്ന് തലങ്ങളുള്ളപ്പോൾ സംസ്ഥാന മത്സരങ്ങളി​ൽ അണ്ടർ 17, 19 മാത്രമേയുള്ളൂ. ഇവി​ടെ പത്തു വയസുകാരൻ 17കാരനുമായി​ മത്സരി​ക്കണം. പ്രാഥമി​കഘട്ടത്തി​ൽതന്നെ അവസരം നി​ഷേധി​ക്കപ്പെടുകയാണ്. ഈ പ്രശ്നങ്ങൾ പരി​ഹരി​ക്കാൻ വിദ്യാഭ്യാസ, കായി​ക വകുപ്പുകൾ സ്കൂൾ തലത്തി​ൽ ഏകോപി​ച്ച് പ്രവർത്തി​ക്കേണ്ടതുണ്ട്. ഒ.ജെ. ജനീഷ് 'കേരളകൗമുദി'യുമായി സംസാരിക്കുന്നു:

? സ്പോർട്സ് അസോസിയേഷനുകളിലെയും കൗൺസിലുകളിലെയും രാഷ്ട്രീയ അതിപ്രസരം കായികരംഗത്തെ ബാധിച്ചിട്ടുണ്ടോ

സ്പോർട്സ് കൗൺസിലിന്റെയും അസോസി​യേഷനുകളുടെയും പ്രവർത്തനം കായികരംഗത്തി​ന് ഗുണകരമായ നിലയിലല്ല. രാജ്യത്ത് ഇപ്പോൾ കേരളം മാത്രമാണ് സ്പോർട്സ് കൗൺസിൽ സംവിധാനത്തെ കൊണ്ടുനടക്കുന്നതെന്നാണ് തോന്നുന്നത്. മറ്റെല്ലായിടത്തും ഡയറക്ടറേറ്റ് ആയി മാറി. രണ്ടിന്റെയും തലപ്പത്ത് സ്പോർട്സ് ഡയറക്ടറും സെക്രട്ടറിയും ആണെങ്കിലും രണ്ടുവിഭാഗങ്ങളും വ്യത്യസ്ത ശൈലികളിലാണ് പ്രവർത്തനം. കാലാനുസൃതമായ മാറ്റം വേണം. കൗൺസിലിലെ രാഷ്ട്രീയ അതിപ്രസരം വലിയ പോരായ്മയാണ്. രാഷ്ട്രീയം തെറ്റല്ല. സ്പോർട്സിന്റെ എല്ലാ കാര്യങ്ങളും രാഷ്ട്രീയാടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്നതും നേതൃരംഗത്ത് മുഴുവൻ സ്പോർട്സുമായി ഒരു ബന്ധവുമില്ലാത്തവർ വരുന്നതും ദുര്യോഗമാണ്.

അധികാരത്തർക്കങ്ങൾ കോടതികൾ കയറുന്നതും പതിവാണ്. ഇവരുടെ സെലക്ഷൻ പ്രക്രിയകളിൽ പങ്കെടുക്കുന്ന കുട്ടികളാണ് വഴിയാധാരമാകുന്നത്. ഉദ്യോഗസ്ഥരിൽ അധികം പേർക്കും സ്പോർട്സിനേക്കാളുപരി അവരുടെ ആനുകൂല്യങ്ങളും അവധിയും സ്ഥലംമാറ്റവുമൊക്കെയാണ് പ്രധാനപ്പെട്ടത്. കായികതാരങ്ങളുടെയോ പഠിക്കുന്ന കുട്ടികളുടെയോ ഭാവിയെക്കുറിച്ചല്ല രണ്ട് വിഭാഗക്കാരുടെയും ചിന്തയെന്നാണ് മൂന്നുമാസം കൊണ്ട് ബോദ്ധ്യപ്പെട്ടത്. സ്പോർട്സ് രംഗത്ത് അടിമുടി പരിഷ്കാരങ്ങൾ വേണമെന്നു തന്നെയാണ് തീരുമാനം. അത് എത്രയും വേഗം നടപ്പാക്കും.

? സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് തടഞ്ഞതും അധികാരതർക്കങ്ങൾ മൂലമാണോ

സ്പോർട്സുമായി ഒരു ബന്ധവുമില്ലാത്ത രാഷ്ട്രീയക്കാർക്കും മറ്റുള്ളവർക്കും ലാവണം നൽകാൻ വേണ്ടിയുള്ളതാകരുത് സ്പോർട്സ് അസോസിയേഷനുകളും കൗൺസിലുകളും. കൗൺസിൽ ഇലക്ഷൻ പോലും നീതിപൂർവമല്ല. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് സംസ്ഥാന കൗൺസിൽ ഇലക്ഷൻ പാതിവഴിയിൽ തടഞ്ഞുവച്ചത്. സ്പോർട്സ് സ്കൂളുകൾ മോശമായ നിലയിലാണ്. കോച്ചുമാരുടെ ശമ്പളപ്രശ്നം, വിദ്യാർത്ഥികളുടെ താമസ, ഭക്ഷണ പ്രശ്നങ്ങൾ, കായികോപകരണങ്ങളുടെ അഭാവം തുടങ്ങിയ പരാതികളുടെ പ്രളയമാണ്. കേരളത്തിലെ 48 അസോസിയേഷനുകളുടെയും പ്രവർത്തനറിപ്പോർട്ട് ആവശ്യപ്പെട്ടിട്ട്, രണ്ടുതവണ സമയം നീട്ടിനൽകിയിട്ടും ഇതുവരെ വിരലിലെണ്ണാവുന്നവർ മാത്രമാണ് സമർപ്പിച്ചത്. ഇവയെല്ലാം കടലാസ് സംഘടനകളെന്നതിന് തെളിവാണ് ഒളിച്ചുകളി.

?പരിശീലന സൗകര്യങ്ങൾ വല്ലാതെ കുറയുന്ന സാഹചര്യമുണ്ട്.

 അത്‌ലറ്റിക് പ്രാക്ടീസിനുള്ള ഗ്രൗണ്ടുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം തന്നെ ഉദാഹരണം. നല്ല രീതിയിൽ അത്‌ലറ്റിക്സിന് പ്രാധാന്യം ലഭിച്ചിരുന്ന അവിടെ പരിശീലിപ്പിച്ചുവന്ന ഇനങ്ങൾ എട്ടിൽ നിന്ന് രണ്ടിലേക്ക് താണു. അവിടത്തെ സായ് സെന്ററിലും സമാനമാണ് അവസ്ഥ, സ്റ്റേഡിയം ഫുട്ബാളിന് വേണ്ടി കൈമാറ്റം ചെയ്തതോടെ അത്‌ലറ്റിക്സ് പരിശീലനം നാമമാത്രമായി. ഏറ്റെടുത്തവർ സ്റ്റേഡിയത്തിൽ വലിയ നിക്ഷേപം നടത്തിയി​ട്ടുണ്ട്. സർക്കാരിന് എല്ലാ സ്റ്റേഡിയങ്ങളും വലിയ തുക മുടക്കി നവീകരിക്കാനുമാവില്ല.

സ്റ്റേഡിയങ്ങൾ നവീകരിക്കുമ്പോൾ അത്‌ലറ്റിക്സിന് ഉൾപ്പെടെ ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റണമെന്നാണ് നിർദ്ദേശിക്കാനുള്ളത്. സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളുടെ പ്രവർത്തനവും ചട്ടപ്പടിയാണ്. ഈ ദുഃസ്ഥിതിയിൽ നിന്ന് നമ്മുടെ കായികരംഗത്തെ മാറ്റിയെടുക്കാനുള്ള പദ്ധതികൾക്ക് സ്പോർട്സ് വകുപ്പ് രൂപം നൽകുന്നുണ്ട്.

?കായി​കരംഗത്ത് സർക്കാരുകൾ പുതി​യ പദ്ധതി​കളൊന്നും ആവി​ഷ്കരി​ച്ചു കാണുന്നി​ല്ല

സ്പോർട്സ് രംഗത്ത് വേണ്ടത്ര പണം മുടക്കാനുള്ള സ്ഥിതിയിലല്ല സംസ്ഥാനം. അടിസ്ഥാന സൗകര്യങ്ങളുടെ നിക്ഷേപത്തിലും പിന്നാക്കം പോയി. കായികരംഗത്തും പിന്നിലായി. പരിഹാരമാർഗങ്ങൾക്ക് സൂത്രവിദ്യകളൊന്നുമില്ല. എളുപ്പമുള്ള കാര്യവുമല്ല. സ്പോർട്സ് രംഗത്ത് സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്പോർട്സ് സ്കൂളുകളും പദ്ധതി​കളും തുടങ്ങാൻ വരുന്നവർക്ക് പിന്തുണ നൽകും. സി.എസ്.ആർ ഫണ്ടുകളും സ്വകാര്യപങ്കാളികളെയും കണ്ടെത്തി സ്പോർട്സ് സ്കൂളുകളുടെ നിലവാരം ഉയർത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നല്ല പരിശീലകരെ കൊണ്ടുവരാനും താരങ്ങൾക്ക് മികച്ച പോഷകാഹാരം ഉറപ്പാക്കാനും ഉപകരണങ്ങൾ നൽകാനും മറ്റും ഫണ്ട് ഉപയോഗിക്കാനാണ് ശ്രമം. സ്പോർട്സിന് പ്രാധാന്യം കൊടുക്കുന്ന സ്കൂളുകൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും.

?സി​.ബി​.എസ്.ഇ സ്കൂൾ വി​ദ്യാർത്ഥി​കളെ സംസ്ഥാന കായി​കമേളയി​ൽ പങ്കെടുപ്പി​ക്കുന്നതി​ന് എന്താണ് തടസം

സംസ്ഥാനത്തി​ന്റെ കായി​ക ഭൂപടത്തി​ൽ സി.ബി.എസ്.ഇ സ്കൂളുകളെ ഒഴിവാക്കാനാവി​ല്ല. നല്ല കായി​കതാരങ്ങൾ അവി​ടെയുമുണ്ട്. സ്കൂളുകളി​ലെ അടി​സ്ഥാന സ്പോർട്സ് സൗകര്യങ്ങളും മെച്ചപ്പെട്ടതാണ്. സർക്കാർ സ്കൂളുകളിൽ മേളകൾക്ക് കൃത്യമായി സംവി​ധാനമുണ്ടെങ്കി​ലും മി​കച്ച പരിശീലനത്തി​ന്റെയും സൗകര്യങ്ങളുടെയും അഭാവം പ്രകടമാണ്. സി​.ബി.എസ്.ഇ സ്കൂളുകൾക്ക് ആ പരി​മി​തി​യി​ല്ല. സി​.ബി​.എസ്.ഇ കലാ- കായി​കമേളകൾക്ക് ഏകീകൃത സ്വഭാവമി​ല്ലാത്തതാണ് ഒരു പോരായ്മ. സ്കൂളുകൾ മൂന്നോ നാലോ സംഘടനകൾക്ക് കീഴി​ലാണ്. രണ്ടും ഏകീകരി​ക്കുക സങ്കീർണമായ കാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ഒ.ജെ. ജനീഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY