SignIn
Kerala Kaumudi Online
Sunday, 26 July 2026 7.32 PM IST

വിനോദ സഞ്ചാരികളെ കാത്ത് നിലമ്പൂർ; വേണം യാത്രാ മാർഗങ്ങൾ

s

കൃഷ്ണഗുഡിയിൽ ഒരുപ്രണയകാലത്ത് എന്ന സൂപ്പർഹിറ്റ് സിനിമ കണ്ടവരാരും കൃഷ്ണഗുഡിയെന്ന മഞ്ഞുപെയ്യുന്ന ഗ്രാമവും പച്ചപുതച്ച റെയിൽ പാതയും മറക്കില്ല. കൃഷ്ണഗുഡി സാങ്കൽപ്പിക ഗ്രാമമെങ്കിൽ റെയിൽപാത നിലമ്പൂർ -ഷൊർണ്ണൂർ റൂട്ടും സ്റ്റേഷൻ അങ്ങാടിപ്പുറവുമാണ്. പച്ചപ്പ് ആസ്വദിച്ച് കാടുംമേടും വയലും പുഴയും നീർച്ചാലുകളുമെല്ലാം മനംനിറയെ കണ്ടുമുള്ള ഈ റൂട്ടിലെ ട്രെയിൻ യാത്ര, വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുക. മൺസൂണിൽ ഈ കാഴ്ചകളുടെ മനോഹാരിത അതിന്റെ പാരമ്യത്തിലുമെത്തും. ഈ യാത്ര ചെന്നെത്തുന്നത് പച്ചപ്പിന്റെ അതിമനോഹര കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്ന നിലമ്പൂരിലാണ്. മൂന്നാറും ആലപ്പുഴയും വയനാടുമൊക്കെ വിനോദ സഞ്ചാരികൾക്ക് നൽകുന്ന അനുഭൂതി, ഒട്ടുംകുറവില്ലാതെ തന്നെ നൽകാൻ ശേഷിയുള്ള ഇടമാണ് നിലമ്പൂരും സമീപപ്രദേശങ്ങളും.

നയന മനോഹര കാഴ്ചകൾ മാത്രമല്ല, ഏഷ്യയിലെ ഏറ്റവും പ്രാക്തനഗോത്ര വിഭാഗമായ ചോലനായ്ക്കർ ഉൾപ്പെടെ ആദിവാസി വിഭാഗങ്ങൾ അധിവസിക്കുന്ന ഇടം കൂടിയാണ് നിലമ്പൂരെന്ന പ്രത്യേകത കൂടിയുണ്ട്. തേക്കിന്റെ സ്വന്തം നാടെന്ന പേരിലും നിലമ്പൂർ ഏറെ പ്രശസ്തമാണ്. തിരക്കുകളിൽ നിന്നെല്ലാം മാറി പ്രകൃതിയുടെ താളത്തിലലിഞ്ഞ്, സമാധാനത്തോടെ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് എന്തുകൊണ്ടും നിലമ്പൂർ മികച്ച ഇടമാണ്. ആഢ്യൻപാറ വെള്ളച്ചാട്ടം, നെടുങ്കയം വനമേഖല, ലോകത്ത് മനുഷ്യൻ നട്ടുവളർത്തിയതിൽ ഏറ്റവും പഴക്കം ചെന്ന കനോലി തേക്ക്‌ തോട്ടം,
ബ്രീട്ടീഷുകാർ നിർമ്മിച്ച ഡി.എഫ്.ഒ ബംഗ്ലാവ്, ഇവിടത്തെ മഹാഗണിത്തോട്ടം, സ്‌കൈ വാക്ക്, ചാലിയാർ വ്യൂപോയിന്റ്, കരിമ്പുഴ വന്യജീവിസങ്കേതം, നിലമ്പൂർ കോവിലകം, കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ, കോഴിപ്പാറ ഉൾപ്പെടെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ, കുരിശുമല കയറ്റം, പഴശ്ശി ഗുഹ, വാട്ടർ തീം പാർക്ക്, റിസോർട്ടുകൾ,​ ആമസോൺ വ്യൂപോയിന്റ് എന്നിങ്ങനെ ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രങ്ങൾ നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ടെങ്കിലും സർക്കാർ തലത്തിലടക്കം ഈ സാദ്ധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നത് സംശയമാണ്. റോഡ്, റെയിൽ കണക്ടിവിറ്റിയുടെ അപര്യാപ്തതകളാണ് നിലമ്പൂരിന്റെ ടൂറിസം മുന്നേറ്റത്തിന്റെ പ്രധാന വെല്ലുവിളി. മുൻഗണനയേകി പരിഹരിക്കേണ്ടതും ഇതുതന്നെയാണ്.

വേണം കൂടുതൽ ട്രെയിനുകൾ

നിലമ്പൂരിന്റെ ടൂറിസത്തിന് മുതൽക്കൂട്ട് കൂടിയാണ് നിലമ്പൂർ - ഷൊർണൂർ റെയിൽ പാത. ഈ പാതയിലൂടെയുള്ള യാത്രകളും നിലമ്പൂരിന്റെ കാഴ്ചകളും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ തടസ്സമായി നിൽക്കുന്നത് ദീർഘദൂര ട്രെയിനുകളുടെ കുറവാണ്. ദൂരെ നിന്ന് വരുന്നവർക്ക് ആകെയുള്ള ഒരുവണ്ടി രാജ്യറാണിയാണ്. അത് പുലർച്ചെ നിലമ്പൂരിൽ എത്തും. ഹോട്ടലുകളിലും മറ്റും ഉച്ചയോടെയാണ് ചെക്കിൻ ടൈം. രാവിലെ എത്തുന്ന സഞ്ചാരികൾ ഈ സമയം വരെ എന്തുചെയ്യും. ഇതിന് കൂടി സൗകര്യപ്രദമായ സമയത്ത് ദീർഘദൂര ട്രെയിൻ അനുവദിച്ചാൽ ടൂറിസം രംഗത്തിന് മുതൽക്കൂട്ടാവും. കുടുംബമായും മറ്റും വരുന്ന ടൂറിസ്റ്റുകളെ കൂടി മുന്നിൽകണ്ട് കൂടുതൽ എസി ചെയർകാറുകൾ ഉൾപ്പെടുത്തണമെന്ന് നിലമ്പൂർ മൈസൂർ റെയിൽവേ ആക്ഷൻ കൗൺസിൽ പ്രസിഡന്റും പാലക്കാട് റെയിൽവേ ഡിവിഷണൽ ഉപദേശക സമിതി മുൻ മെമ്പറുമായ ഡോ. ബിജു നൈനാൻ പറഞ്ഞു.
ദീർഘദൂര ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യത്തിന് മുന്നിലെ നിലവിലെ തടസ്സം പ്ലാറ്റ്‌ഫോമുകളുടെ നീളക്കുറവാണ്. നിലമ്പൂർ, വാണിയമ്പലം, അങ്ങാടിപ്പുറം സ്റ്റേഷനുകളിൽ 16 മുതൽ 18കോച്ചുകൾ വരെയുള്ള ട്രെയിനുകൾ നിറുത്താനാനാണ് സൗകര്യമുള്ളത്. 24 കോച്ചുകൾക്കുള്ള സൗകര്യമുള്ള പ്ലാറ്റ്‌ഫോമാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. റെയിൽവേയുടെ പുതിയ വർക്ക് പ്രോഗ്രാമിൽ ഈ പദ്ധതി ഉൾപ്പെടുത്താമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത് യാഥാർത്ഥ്യമായാൽ, വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനാവും. ഷൊർണൂരിൽ രണ്ട് മണിക്കൂറോളം വെറുതെ കിടക്കുന്ന വേണാട് നിലമ്പൂരിലേക്ക് നീട്ടുന്നതോടെ പകലിൽ തിരുവനന്തപുരത്ത് നിന്ന്‌ നേരിട്ട് ഒരു ട്രെയിൻ എന്നത് യാഥാർത്ഥ്യമാവും. നിലവിൽ രാജ്യറാണി അല്ലാതെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന മറ്റൊരു വണ്ടിയില്ല. വേണാടിൽ ഒരു വിസ്റ്റാഡം ടൂറിസ്റ്റ്‌ കോച്ച് കൂടി ഉൾപ്പെടുത്തുന്നതിലൂടെ വിനോദ സഞ്ചാരികൾക്ക് കാഴ്ചകൾ ആസ്വദിച്ച് സഞ്ചരിക്കാനാവും. ഈ നിർദ്ദേശം പാലക്കാട് ഡിവിഷനും ചെന്നൈ ആസ്ഥാനമായുള്ള സതേൺ റെയിൽവേ അധികൃതരും അംഗീകരിച്ചിട്ടുണ്ട്.


വേണം മികച്ച റോഡ്

നിലമ്പൂരിൽ റോഡ് സൗകര്യങ്ങൾ ഉണ്ടെങ്കിലും വേണ്ടത്ര വീതിയില്ല. ഒരു നാലുവരി റോഡ് അല്ലെങ്കിൽ ദേശീയപാത തന്നെ വരേണ്ടത് ടൂറിസം മുന്നേറ്റത്തിന് പ്രധാന ഘടകമാണ്. മലപ്പുറം - ബാംഗ്ലൂർ ദേശീയപാത പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരുന്നെങ്കിലും അത് നടപ്പായില്ല. വയനാട്ടിലേക്ക് ധാരാളം വിനോദ സഞ്ചാരികൾ വരുന്നുണ്ടെങ്കിലും വയനാട്ടിൽ നിന്ന് നിലമ്പൂരിലേക്ക്‌ നേരിട്ട് കണക്ടിവിറ്റിയില്ല എന്നത് തിരിച്ചടിയാണ്. വയനാട്ടിലേക്ക് താമരശ്ശേരി ചുരം വഴിയോ അല്ലെങ്കിൽ നാടുകാണി വഴിയോ പോവണം. താമരശ്ശേരി ചുരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നുണ്ട്. നാടുകാണി വയനാട്ടിലേക്കുള്ള എളുപ്പ വഴി ആണെങ്കിലും മറ്റൊരു സംസ്ഥാനത്തിന്റെ ടോളും ടാക്സും നൽകേണ്ടിവരും. മലപ്പുറം ജില്ലയിൽ നിന്ന് വയനാട്ടിലേക്ക്‌ നേരിട്ട് പ്രയാസരഹിതമായി എത്തിപ്പെടാൻ പറ്റുന്ന ഒരുപാതയില്ല എന്നത് വലിയൊരു പോരായ്മയാണ്. ഇതിന് പരിഹാരമായി മുണ്ടേരി -മേപ്പാടി ഹിൽ ഹൈവേ വിഭാവനം ചെയ്യപ്പെട്ടെങ്കിലും ഇത് നടപ്പായിട്ടില്ല. താമരശ്ശേരി ചുരത്തിന് ഏറ്റവും ഉത്തമമായ ബദലെന്ന് 2019 ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയ പാതയാണ് മുണ്ടേരി മേപ്പാടി. അത് വന്നിരുന്നെങ്കിൽ വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളിൽ നല്ലൊരു ശതമാനവും നിലമ്പൂരിൽ എത്തുമായിരുന്നു. വയനാടിനെയും നിലമ്പൂരിനേയും കോർത്തിണക്കിയുള്ള ടൂറിസം പാക്കേജുകൾ സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കുമെന്ന് തീർച്ച.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION